Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹസന്റേയും ചെന്നിത്തലയുടേയും 'ജനശ്രീ കൂട്ടുകൃഷി' പൊളിക്കാൻ ഉറച്ച് എ ഗ്രൂപ്പ്; അവിശുദ്ധ സഖ്യത്തിന് പണികൊടുക്കാൻ കെ. മുരളീധരനും വിഡി സതീശനു പിന്തുണ നൽകും; കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന പാതി സമ്മതത്തിലേക്ക് മുൻ മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് പരാജയമെന്ന തിരിച്ചറിവിൽ ആന്റണിയും: കെപിസിസിയെ നയിക്കാൻ ഉമ്മൻ ചാണ്ടി എത്തിയേക്കും

ഹസന്റേയും ചെന്നിത്തലയുടേയും 'ജനശ്രീ കൂട്ടുകൃഷി' പൊളിക്കാൻ ഉറച്ച് എ ഗ്രൂപ്പ്; അവിശുദ്ധ സഖ്യത്തിന് പണികൊടുക്കാൻ കെ. മുരളീധരനും വിഡി സതീശനു പിന്തുണ നൽകും; കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന പാതി സമ്മതത്തിലേക്ക് മുൻ മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് പരാജയമെന്ന തിരിച്ചറിവിൽ ആന്റണിയും: കെപിസിസിയെ നയിക്കാൻ ഉമ്മൻ ചാണ്ടി എത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'നിയമസഭയിൽ അടിയന്തര പ്രമേയമായി പലതും ഉയർത്തിക്കൊണ്ടു വരും. ഒടുവിൽ വാക്കൗട്ടിന് മുമ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഴകൊഴമ്പൻ പ്രസംഗത്തോടെ എല്ലാം തീരും'. മികച്ച പാർലമെന്റേറിയനായ ഒരു കോൺഗ്രസ് എംഎൽഎയുടെ പരാതിയാണിത്. പിണറായി സർക്കാരിനെതിരെ ക്രിയാത്മകമായ പ്രതിപക്ഷമായി മാറാൻ കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസ് എംഎൽഎയെ പ്രതികാരാഗ്‌നിയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടും വീറോടെ പൊരുതാൻ കോൺഗ്രസ് നിയമസഭയിൽ കഴിഞ്ഞില്ല. ഫലത്തിൽ വിൻസന്റിനെതിരായ ആരോപങ്ങളെ ശരിവയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവായ ചെന്നിത്തല സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.

ജനശ്രീയുടെ പോഷക സംഘടനയായി കേരളത്തിലെ കോൺഗ്രസിനെ മാറ്റുകയാണ് കെപിസിസി അധ്യക്ഷനായ എംഎം ഹസൻ. അങ്ങനെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം സമ്പൂർണ പരാജയമായി മാറിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയുള്ളത് രണ്ട് വർഷത്തിൽ താഴെ മാത്രമാണ്. തെറ്റുകൾ തിരുത്തിയില്ലെങ്കിൽ തകർന്നടിയുമെന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തൽ.

ഓഗസ്റ്റ് 15ന് കെപിസിസി അധ്യക്ഷൻ നടത്തിയ ഉപവാസത്തിന് പോലും ഉടയാത്ത ഖദർധാരികളെ അല്ലാതെ അണികളെ കിട്ടിയില്ല. ഇങ്ങനെ ഒരു സത്യഗ്രഹം നടത്തേണ്ട അവസ്ഥ ഇതിനു മുൻപ് ഒരു കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടില്ലെത്രേ. അതുകൊണ്ട് തന്നെ പൊളിച്ചെഴുത്തുണ്ടായില്ലെങ്കിൽ കോൺഗ്രസ് കേരളത്തിൽ കൂടുതൽ തളരും. ഈ സാഹചര്യത്തിൽ കെപിസിസിയെ നയിക്കാൻ ഉമ്മൻ ചാണ്ടി എത്തണമെന്നതാണ് പൊതു വികാരം. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല പൂർണ പരാജയമാണെന്ന വിലയിരുത്തൽ എകെ ആന്റണിക്കുമുണ്ട്. ഉമ്മൻ ചാണ്ടിയെ പിണക്കാതെ മുന്നോട്ട് പോകണമെന്നു തന്നെയാണ് ആന്റണിയുടേയും അഭിപ്രായം.

വി എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിയാകണം അടുത്ത പ്രസിഡന്റെന്ന പൊതു വികാരം ഉയർന്നിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അടുത്ത അഞ്ച് വർഷത്തേക്ക് പദവികൾക്കില്ലെന്ന് ഉമ്മൻ ചാണ്ടി നിലപാട് എടുത്തു. ഇതോടെയാണ് എ ഗ്രൂപ്പുകാരനായ ഹസൻ അധ്യക്ഷ പദവിയിലെത്തിയത്. എന്നാൽ പ്രസിഡന്റായ ഹസൻ ഉമ്മൻ ചാണ്ടിയെ മുഖവിലയ്ക്കെടുക്കാതെ നീങ്ങി. ആതിരപ്പിള്ളി പദ്ധതി പോലുള്ള വിഷയങ്ങളിൽ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞു. കോൺഗ്രസിനുള്ളിൽ ജനശ്രീ ഗ്രൂപ്പുണ്ടാക്കുകയും ചെയ്തു. ഈ കുറുമുന്നണി ചെന്നിത്തലയുമായി സഖ്യത്തിലായി. ഇതോടെ കെപിസിസി ഐ ഗ്രൂപ്പിന് വീണ്ടും സ്വന്തമായി. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി തന്നെ കെപിസിസിയെ നയിക്കണമെന്ന ആവശ്യം എ ഗ്രൂപ്പ് സജീവമാക്കുന്നത്.

ഇതിന് ഐ ഗ്രൂപ്പിലെ കെ മുരളീധരന്റേയും വിഡി സതീശന്റേയും പിന്തുണയുണ്ട്. ഏത് വിധേനയും ഉമ്മൻ ചാണ്ടിയെ സമ്മതിപ്പിക്കാനാണ് നീക്കം. ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വം ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ. എഐസിസിയുടെ പൂർണ അനുമതിയോടുകൂടി സംഘടിപ്പിക്കുന്ന പാർട്ടിയിലെ തിരഞ്ഞെടുപ്പു പോരാട്ടം തുടങ്ങാനിരിക്കെയാണ്. ഇതിനായി 42 പേജുള്ള മാർഗരേഖ റെഡിയായി. സംസ്ഥാനത്തെ മുഖ്യ വരണാധികാരിയെയും ജില്ലാ വരണാധികാരികളെയും പ്രഖ്യാപിച്ചുകഴിഞ്ഞു. സ്ഥാനാർത്ഥികളും വോട്ടർമാരും എന്നേ ഒരുങ്ങിനിൽപ്പാണ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ കോൺഗ്രസ് അംഗങ്ങളുടെ പട്ടിക തയ്യാറാക്കി. മൊത്തം 33 ലക്ഷം അംഗങ്ങളാണുള്ളത്. ഇവരിൽനിന്ന് മെംബർഷിപ്പ് വിഹിതമായി 1.60 കോടി രൂപ സമാഹരിച്ചു. വരണാധികാരി സുദർശൻ നാച്ചിയപ്പനും.

സംസ്ഥാനത്ത് പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടന്നിട്ട് ഏതാണ്ട് 25 വർഷമായിട്ടുണ്ടാവും. എ കെ ആന്റണിയും വയലാർ രവിയും തമ്മിൽ കെപിസിസി പ്രസിഡന്റ് പദവിയിലേക്കു നടന്ന തിരഞ്ഞെടുപ്പാണ് അവസാനമായി നടന്നത്. ലീഡർ കെ കരുണാകരന്റെ പിന്തുണയോടെ വയലാർ രവിയാണ് അന്നു വിജയിച്ചത്. ഈ മാതൃകയിലെ തിരഞ്ഞെടുപ്പിന് ഇത്തവണ സാധ്യതയില്ല. കെപിസിസി അധ്യക്ഷനെ സമാവയത്തിലൂടെ നിശ്ചയിക്കും. രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ സ്ഥാനത്ത് തുടരനാണ് ഹസൻ നീക്കം നടത്തുന്നത്. ഐ ഗ്രൂപ്പിൽ നിന്ന് കെ മുരളീധനോ വിഡി സതീശനോ അധ്യക്ഷനാവുന്നത് തടാൻ ചെന്നിത്തലയും ഹസനെ പിന്തുണയ്ക്കും. ഇത് മനസിലാക്കിയാണ് മുരളീധരനും സതീശനും ഉമ്മൻ ചാണ്ടിക്കൊപ്പം നീങ്ങുന്നത്. ഉമ്മൻ ചാണ്ടി അധ്യക്ഷനാവട്ടേയെന്നാണ് ഇരുവരുടേയും നിലപാട്. ഇങ്ങനെ സമ്മർദ്ദം മുറകുമ്പോൾ ഉമ്മൻ ചാണ്ടി പുനർ ചിന്തനത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ.

കോൺഗ്രസിൽ എന്നും സ്ഥാനമാനങ്ങൾ വീതംവയ്‌പ്പാണ്. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് കരുതുന്നവരുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഐയിലെ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായി. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയോടെ ഉമ്മൻ ചാണ്ടി നിയമസഭാ നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ ചെന്നിത്തല നേതാവായി. അങ്ങനെ ഐ ഗ്രൂപ്പിന് നിയമസഭാ കക്ഷി നേതൃസ്ഥാനം കിട്ടി. അതിനാൽ ഒഴിവു വന്ന കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് ഉമ്മൻ ചാണ്ടി അനുകൂലികൾ പറയുന്നു. അവർക്ക് മുമ്പിൽ ഉയർത്തിക്കാട്ടാനുള്ളത് ഉമ്മൻ ചാണ്ടിയുടെ പേര് തന്നെയാണ്.

ഉമ്മൻ ചാണ്ടിക്ക് കെപിസിസി അധ്യക്ഷനാവാൻ വേണ്ടിയാണ് സുധീരനെതിരെ എ ഗ്രൂപ്പ് കലാപമുണ്ടാക്കിയതെന്ന വാദം സജീവമായിരുന്നു. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷനായി എത്തുന്നത് ഉമ്മൻ ചാണ്ടിക്ക് ചീത്ത പേരുണ്ടാക്കും. പഴയ ആരോപണം ശരിയാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ഇതെല്ലാം ഉമ്മൻ ചാണ്ടിയെ അലോസരപ്പെടുത്തുന്നതാണ്. അതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി സ്വയം ഉയർത്തിക്കാട്ടുന്നില്ല. അങ്ങനെ വന്നാൽ പിന്നെ ആരെന്നതാണ് ഉയരുന്ന ചോദ്യം. എ ഗ്രൂപ്പിലെ രണ്ടാമനെ ഉയർത്തിക്കാട്ടണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ് അങ്ങനെ പല പേരുകാരുമുണ്ട്. ഇതിൽ തിരുവഞ്ചൂരിനാണ് കൂടുതൽ സാധ്യത. എന്നാൽ ഉമ്മൻ ചാണ്ടിയുമായി കൂടുതൽ അടുപ്പമുള്ള ബെന്നി ബെഹന്നാനും കെസി ജോസഫും ചരടുവലകളുമായി രംഗത്തുണ്ട്. ഇതിനിടെ ഉമ്മൻ ചാണ്ടിയുടെ മനസിൽ മുരളീധരനാണെന്ന സൂചനയുമുണ്ട്.

ഐ ഗ്രൂപ്പിനൊപ്പമാണ് കെ മുരളീധരൻ. നേരത്തെ മുരളി, കെപിസിസി അധ്യക്ഷനായിരുന്നു. അന്ന് കെപിസിസി നേതൃത്വം ഊർജ്ജ്വസലമായിരുന്നു. ഈ മികവ് ഉയർത്തിക്കാട്ടിയാകും മുരളിക്ക് വേണ്ടിയുള്ള ചരടു വലികൾ. എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് മുരളിയോട് താൽപ്പര്യക്കുറവുണ്ട്. വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ചില കോൺഗ്രസുകാർ ശ്രമിച്ചെന്ന് മുരളി ആരോപിച്ചിരുന്നു. ഇത് ചെന്നിത്തലയെ ലക്ഷ്യമിട്ടായിരുന്നു. ഇതിലെല്ലാം പ്രധാനം ആന്റണിയുടെ മനസ്സാണ്. ഇതോടെ പ്രതിപക്ഷനേതാവെന്ന നിലയിൽ പരാജയമാണെന്നു സമ്മതിച്ച് തീരുമാനമെടുക്കാൻ ചെന്നിത്തലയും നിർബന്ധിതമാകും. അതിനിടെ ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശം ഉന്നയിച്ചാൽ ആരും എതിർക്കില്ലെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP