Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അട്ടിമറിക്കാൻ ശ്രമിച്ചത് സുധാകരൻ മതിയെന്ന ചെന്നിത്തല-ഉമ്മൻ ചാണ്ടി ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം; ഡൽഹിയിലെ താക്കോൽ സ്ഥാനത്തിൽ മാത്രം കണ്ണുള്ള കെസിക്കും കേരളത്തിലെ കസേരയിൽ താൽപ്പര്യമില്ല; സ്ഥാനമൊഴിയൽ കത്തിലെ കള്ളത്തരം അതിവേഗം പൊളിച്ച് ചെന്നിത്തല നടത്തിയത് ശക്തമായ സുധാകര പ്രതിരോധം; കോൺഗ്രസിൽ വീണ്ടും 'ഒരുമ'

അട്ടിമറിക്കാൻ ശ്രമിച്ചത് സുധാകരൻ മതിയെന്ന ചെന്നിത്തല-ഉമ്മൻ ചാണ്ടി ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം; ഡൽഹിയിലെ താക്കോൽ സ്ഥാനത്തിൽ മാത്രം കണ്ണുള്ള കെസിക്കും കേരളത്തിലെ കസേരയിൽ താൽപ്പര്യമില്ല; സ്ഥാനമൊഴിയൽ കത്തിലെ കള്ളത്തരം അതിവേഗം പൊളിച്ച് ചെന്നിത്തല നടത്തിയത് ശക്തമായ സുധാകര പ്രതിരോധം; കോൺഗ്രസിൽ വീണ്ടും 'ഒരുമ'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടേയെന്ന ചെന്നിത്തല-ഉമ്മൻ ചാണ്ടി ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ല. ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും കെപിസിസിയെ നയിക്കാനുള്ള കരുത്തും നേതൃപാടവവും സുധാകരനുണ്ടെന്നാണ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും നിലപാട്. പ്രതിപക്ഷ നേതാവ് വിഡി സതീശനോടുള്ള എതിർപ്പ് രമേശ് ചെന്നിത്തലയ്ക്ക് കെപിസിസി അധ്യക്ഷനോടില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് സുധാകരന് പ്രതിരോധം തീർക്കാൻ ചെന്നിത്തല നേരിട്ടെത്തിയത്. എംഎൽഎമാരുടെ പിന്തുണയിൽ സതീശനെ മാറ്റാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നും സൂചനയുണ്ട്. എന്നാൽ ഇതും ഉടനൊന്നും നടക്കില്ല. കരുതലോടെ മുമ്പോട്ടു പോകാനാണ് ചെന്നിത്തലയുടെ തീരുമാനം. ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പും നേതൃമാറ്റത്തിനായി രംഗത്ത് വരില്ല.

ഹൈക്കമാണ്ടിനൊപ്പം ചേർന്നു നിൽക്കുന്ന കെസി വേണുഗോപാലിന് കേരളത്തിൽ ഇപ്പോൾ സ്ഥാനങ്ങളോട് താൽപ്പര്യമില്ല. സുധാകരനെ പിന്തുണയ്ക്കാനാണ് കെസിയുടേയും നിലവിലെ തീരുമാനം. ഹൈക്കമാണ്ടിന് സ്ഥാനം ഒഴിയാൻ സന്നദ്ധമാണെന്ന കത്ത് സുധാകരൻ നൽകിയെന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ ഉറവിടം കണ്ടെത്താനും നേതൃത്വം ശ്രമിക്കും. കത്ത് നൽകിയെന്ന വാർത്ത പ്രചരിച്ചതിൽ സുധാകരൻ അസ്വസ്ഥനാണ്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതി യോഗം നീട്ടിവച്ചതും. സുധാകരനെ ഇനി കോൺഗ്രസ് നേതാക്കളാരും തള്ളി പറയില്ല. ആർഎസ്എസിനെ അനുകൂലിച്ച സുധാകരനെ ന്യായീകരിക്കുകയാണ് നേതാക്കൾ. ചെന്നിത്തല സുധാകരന് സംരക്ഷണ കവചംതീർത്ത് രംഗത്തെത്തി. ചെന്നിത്തല പ്രതികരിച്ചേതാടെ വി ഡി സതീശനും കഴിഞ്ഞ ദിവസത്തെ നിലപാട് മയപ്പെടുത്തി. സുധാകരൻ രാഹുലിന് കത്ത് നൽകിയെന്ന വാർത്തകളും ഇരുവരും നിക്ഷേധിച്ചു.

കെപിസിസിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സുധാകരന് തന്നെ കെപിസിസി അധ്യക്ഷ പദം കൊടുക്കാനായിരുന്നു തീരുമാനം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തീരുമാനം എടുത്തത്. അധ്യക്ഷനായി മത്സരിക്കാൻ ഒരുങ്ങിയ ശരത് ചന്ദ്ര പ്രസാദിനെ പിൻവലിപ്പിച്ചതും ചെന്നിത്തലയാണ്. പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷന് കൈമാറി. എന്നാൽ പുതിയ പ്രസിഡന്റിൽ തീരുമാനം ഉണ്ടായില്ല. ഇതിനിടെയാണ് വിവാദങ്ങളുണ്ടാക്കി സുധാകരനെ മാറ്റാൻ ചിലർ നീക്കം നടത്തിയത്. ഇത് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നെടുത്ത തീരുമാനത്തെ അട്ടിമറിക്കാനാണെന്ന വാദം സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന് പ്രതിരോധം തീർക്കാൻ ചെന്നിത്തല ഓടിയെത്തിയത്.

കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം മാറ്റിവെച്ചത് ആരോഗ്യപ്രശ്‌നങ്ങൾ കാരണം സുധാകരന് പങ്കെടുക്കാൻ കഴിയാത്തതുകൊണ്ടാണ് എന്നാണ് വിശദീകരണം. ഇതോടെ വിവാദ പ്രസ്താവനയിൽ പാർട്ടിയിലും മുന്നണിയിലും നിലനിൽക്കുന്ന പോര് രൂക്ഷമായതിനാലാണ് യോഗം മാറ്റാൻ കാരണമെന്ന വാദങ്ങളും പൊളിഞ്ഞു. അങ്ങനെ സമർത്ഥമായി തന്നെ കോൺഗ്രസിലെ എല്ലാ നേതാക്കളും ചേർന്ന് സുധാകരനെതിരായ നീക്കത്തിന് തടയിട്ടു. സുധാകരനെ മാറ്റാനാകില്ലെന്ന ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും മനസ്സാണ് ഇതിന് കാരണം. കെസി വേണുഗോപാലും ഡൽഹിക്ക് പുറത്തൊരു താൽപ്പര്യം ഇപ്പോൾ മുന്നിൽ കാണുന്നില്ല. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാവേശവും നഷ്ടമാകാതിരിക്കാൻ കൂടിയാണ് ഈ കരുതൽ.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അടിസ്ഥാനപരമായ നയം മതേതരത്വമാണ്. അതിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങൾ സുധാകരൻ പറഞ്ഞിട്ടില്ല. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രസംഗത്തിനിടയിൽ ഒരു വാചകത്തിലുണ്ടായ നാക്കു പിഴയാണ് വിവാദങ്ങൾക്കു വഴിവെച്ചത്. തന്റെ നാക്കു പിഴയാണെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. നാക്കു പിഴയാണ് എന്ന് വ്യക്തമാക്കിയതോടെ പിന്നെ വിവാദങ്ങൾക്ക് അർത്ഥമില്ല. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മതേതര നിലപാടിൽ കോൺഗ്രസ് വെള്ളം ചേർക്കുന്ന പ്രശ്‌നമില്ല. ആശയപരമായി ആരും തമ്മിൽ ഭിന്നതയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് എല്ലാ കോൺ?ഗ്രസ് പ്രവർത്തകരും പ്രവർത്തിക്കുന്നത്. മതേതര നിലപാടിൽ യുഡിഎഫ് ഉറച്ചു നിൽക്കും. അതിൽ ഒരു സംശയവും വേണ്ട. ഭിന്നിപ്പിന് ആരും ശ്രമിക്കേണ്ട. വിഷയത്തിൽ മുസ്ലിം ലീഗിന്റെ ആശങ്കകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് സുധാകരൻ രാജി സന്നദ്ധത അറിയിച്ചു എന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് തെറ്റാണ്. സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.

സിപിഎമ്മിന് ലഭിച്ച തുടർഭരണം കേരളത്തിന് ശാപമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഉപതിരെഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റമുണ്ടായി. അത് ജനങ്ങൾക്ക് നിലവിലെ സർക്കാരിനോടുള്ള മടുപ്പാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വിവാദങ്ങൾക്കു പകരം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള പോരാട്ടമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് പിന്നാലെ വിഡി സതീശനും സുധാകരനെ പിന്തുണച്ചെത്തി. മാധ്യമങ്ങളെ കടന്നാക്രമിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധതയറിയിച്ച് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന മാധ്യമ വാർത്ത പച്ചക്കള്ളമാണെന്ന് സതീശനും പറഞ്ഞു.

ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാർത്തയാണിത്. അങ്ങനെയൊരു കത്ത് നൽകിയിട്ടില്ല. കത്തിന്റെ ഉള്ളടക്കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ പരാമർശം നടത്തിയെന്ന നുണയും അടിച്ചുവിട്ടിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് സീതാറാം യെച്ചൂരിയോട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചെന്ന തെറ്റായ വാർത്ത ഡൽഹിയിൽ നിന്ന് വന്നു. തൊട്ടുപിന്നാലെ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് അധ്യക്ഷന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. കത്ത് എഴുതിയെന്നത് പച്ചക്കള്ളം. എഴുതപ്പൊടാത്ത കത്തിലെ ഉള്ളടക്കമെന്ന നിലയിൽ പറഞ്ഞത്, പ്രതിപക്ഷ നേതാവിന്റെ പിന്തുണ കെപിസിസി അധ്യക്ഷന് ലഭിക്കുന്നില്ലെന്നാണ്. ദിവസേന നാലും അഞ്ചും തവണ കെപിസിസി അധ്യക്ഷനുമായി സംസാരിക്കാറുണ്ട്-സതീശൻ പറഞ്ഞു.

രാവിലെ എഴുന്നേൽക്കുമ്പോൾ വാർത്തയൊന്നും കിട്ടിയില്ലെങ്കിൽ വേറെ പണിക്ക് പോകാൻ പറയണം. രൂക്ഷമായ വിലക്കയറ്റത്തിലും സർവകലാശാല വിഷയത്തിലും സ്വപ്നയുടെ വെളിപ്പെടുത്തലിലും പിൻവാതിൽ നിയമനത്തിലും പൊലീസ് അതിക്രമങ്ങളിലും പ്രതിക്കൂട്ടിലായ സിപിഎമ്മിനെയും സർക്കാരിനെയും രക്ഷിക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ മനഃപൂർവമായി തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണ്. മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഇത്തരം തെറ്റായ വാർത്തകൾ പടച്ചുവിട്ട് കോൺഗ്രസിനെ കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഇനി ഇത്തരം കള്ള വാർത്തകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കേണ്ടി വരും. കോൺഗ്രസ് നേതാക്കളൊന്നും മാധ്യമ പ്രവർത്തകരെ കുറിച്ച് മോശമായൊന്നും സംസാരിക്കാറില്ല. കള്ള വാർത്തകൾ കൊടുത്താൽ മാധ്യമങ്ങളുടെയും അത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെയും വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. അല്ലാതെ കോൺഗ്രസ് നേതാക്കളുടെ വിശ്വാസ്യതയൊന്നും പോകില്ല-സതീശനും കൂട്ടിച്ചേർത്തു.

പ്രസംഗത്തിനിടെ ഉണ്ടായ വിവാദ പരാമർശം നാക്കു പിഴയാണെന്ന് കെപിസിസി അധ്യക്ഷൻ വിശദീകരിച്ചിട്ടുണ്ട്. വിശദീകരണം സ്വീകാര്യമാണെന്ന് ദേശീയ- സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്ത് അഭിപ്രായ വ്യത്യാസമാണ് കോൺഗ്രസിലുള്ളത്? കേരളത്തിലെ കോൺഗ്രസിൽ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. എല്ലാവരും ഒരേ കാര്യങ്ങളാണ് പറയുന്നത്. ലീഗ് നേതൃത്വവുമായും സംസാരിച്ചിട്ടുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കാനുള്ള കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എല്ലാക്കാലങ്ങളിലും മതേതര നിലപാട് സ്വീകരിച്ചിട്ടുള്ള കോൺഗ്രസിലെ മുതിർന്ന നേതാവാണ് കെ. സുധാകരൻ-ഇതാണ് സതീശൻ നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP