Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിലെ ഗവർണറെ പിൻവലിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു; പ്രധാനമന്ത്രി മോദിയെ പേടിച്ചു ആരിഫിനെ പിൻവലിക്കണമെന്ന് പറയാനും പിണറായിക്ക് വയ്യ; ലാവ്‌ലിൻ, സ്വർണക്കടത്ത് കേസുകൾ കുരുക്കി പൂട്ടുമോ എന്ന ആശങ്കയിൽ കേരള മുഖ്യമന്ത്രി;പ്രധാനമന്ത്രിയെ പേടിച്ചു നടക്കുന്ന ഇരട്ടച്ചങ്കനെ തുറന്നുകാട്ടാൻ കെ പി സി സി

തമിഴ്‌നാട്ടിലെ ഗവർണറെ പിൻവലിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു; പ്രധാനമന്ത്രി മോദിയെ പേടിച്ചു ആരിഫിനെ പിൻവലിക്കണമെന്ന് പറയാനും പിണറായിക്ക് വയ്യ; ലാവ്‌ലിൻ, സ്വർണക്കടത്ത് കേസുകൾ കുരുക്കി പൂട്ടുമോ എന്ന ആശങ്കയിൽ കേരള മുഖ്യമന്ത്രി;പ്രധാനമന്ത്രിയെ പേടിച്ചു നടക്കുന്ന ഇരട്ടച്ചങ്കനെ തുറന്നുകാട്ടാൻ കെ പി സി സി

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: തമിഴ്‌നാട് ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ ഡിഎംകെ കേന്ദ്രത്തിന് കത്തെഴുതിയിട്ടും കേരളത്തിലെ സി പി എമ്മിനും മുഖ്യമന്ത്രി പിണറായിക്കും അത്തരമൊരു ആവശ്യമുന്നയിക്കാൻ ധൈര്യമില്ലാത്തത് രാഷ്ടീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയാണ്. തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ പുറത്താക്കാൻ രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നൽകാനൊരുങ്ങുകയാണ് ഡിഎംകെ. ഇതിനു പിന്തുണ തേടി ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് ടി എൻ ബാലു വിവിധ പാർട്ടി നേതാക്കൾക്ക് കത്തയച്ചു. ഗവർണറെ പുറത്താക്കണമെന്ന സംയുക്ത നിവേദനത്തിൽ ഒപ്പിടുമെന്ന് തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ഗവർണർമാർ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് ഇടതുപക്ഷ പാർട്ടികളും വ്യക്തമാക്കിയെങ്കിലും നിവേദനത്തിൽ ഒപ്പിടുമോ എന്ന കാര്യം തമിഴ്‌നാട് ഘടകം സി പി എം വ്യക്തമാക്കിയിട്ടില്ല. അങ്ങനെ ഒരു നിവേദനത്തിൽ ഒപ്പിട്ടാൽ പ്രധാനമന്ത്രി മോദി പിണങ്ങുമെന്ന് പിണറായി ഭയപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. ഡിഎംകെ ഉന്നയിച്ച ആവശ്യത്തോട് സി പി എം നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല. സി പി എമ്മിന്റെ കേന്ദ്ര നേതൃത്വത്തിൽ നിർണായക സ്വാധീനമുള്ള പിണറായി വിജയൻ അത്തരമൊരു ആവശ്യത്തെ പിന്തുണക്കാനിടയില്ല. പ്രധാനമന്ത്രി മോദിയുടെ അപ്രീതിക്ക് ഇടയാക്കുന്ന ഒരു കാര്യവും പറയാനോ പ്രവർത്തിക്കാനോ കഴിഞ്ഞ ആറ് വർഷമായി പിണറായി ശ്രമിച്ചിട്ടില്ല.

ഇന്നലെ തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ ഗവർണർക്കെതിരെ നടത്തിയ യോഗത്തിൽ, സർക്കാരിനെതിരെ പ്രവർത്തിക്കുന്ന ഗവർണറെ തിരിച്ചു വിളിക്കണമെന്നൊരാവശ്യം ഉയർത്താനുള്ള ധൈര്യം പിണറായിക്കും കൂട്ടരും കാണിച്ചില്ല - സാങ്കേതികമായി ഗവർണറുടെ നിയമനാധികാരി രാഷ്ടപതി ആണെങ്കിലും പ്രധാനമന്ത്രിക്ക് താൽപര്യമുള്ള രാഷ്ടീയ നേതാക്കളെയാണ് ഗവർണറായി നിയമിക്കുന്നത് ..

തമിഴ്‌നാട് സർക്കാരിന്റെ മാതൃക പിന്തുടർന്ന് കേരള ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടാൻ പിണറായി എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല എന്ന ചോദ്യം സജീവ ചർച്ചയായിക്കഴിഞ്ഞു. ഇന്നലെ ഏ കെ ജി സെന്ററിൽ നടന്ന ജനകീയ കൺവെൻഷനിൽ ഗവർണറെ പിൻവലിക്കണമെന്ന ഒരു പ്രമേയം പോലും അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ചില്ല എന്നതു ശ്രദ്ധേയമാണ്.ബിജെപിയേയും പ്രധാനമന്ത്രി മോദിയെ എതിർക്കുന്നതിലും തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ കാണിക്കുന്ന തന്റെടത്തിന്റെ ഒരംശം പോലും പ്രകടിപ്പിക്കാൻ പിണറായിക്ക് ഇന്നു വരെ കഴിഞ്ഞിട്ടില്ല. ലാവ്‌ലിൻ ഉൾപ്പടെയുള്ള കേസുകളിൽ കുരുങ്ങി നിൽക്കുന്ന പിണറായി കഴിഞ്ഞ ആറ് വർഷത്തിനടയിൽ ഒരിക്കൽ പോലും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.

പാർട്ടി വേദികളിൽ പോലും പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ പോലും പിണറായി ധൈര്യം കാണിക്കാറില്ല. പ്രധാനമന്ത്രിയെ അലോസര പ്പെടുത്തുന്ന വാക്കുകളോ പ്രവർത്തിയോ പിണറായിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പ്രതിപക്ഷ പാർട്ടികളുടെ മുഖ്യമന്ത്രിമാരായ മമതാ ബാനർജി, എം.കെ സ്റ്റാലിൻ, ഭുപേഷ് ഭാഗൽ, നിതിഷ് കുമാർ തുടങ്ങിയവർ മോദിയോട് പല വിഷങ്ങളിലും നേരിട്ട് ഏറ്റുമുട്ടുമ്പോഴും പിണറായി അത്തരം സാഹസത്തിനൊന്നും തുനിയാതെ മോദിയുടെ വിനീത വിധേയനായി നിൽക്കുകയാണ് പതിവ്. കഴിഞ്ഞ ആഴ്ച ഹരിയാനയിൽ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം മറ്റ് പ്രതിപക്ഷ മുഖ്യമന്ത്രിമാർ ബഹിഷ്‌കരിച്ചപ്പോൾ, പിണറായി അനുസരണയുള്ള കുട്ടിയായി അവിടെ പങ്കെടുത്തു. മോദി പേടിയാണ് ഈ നാണം കെട്ട കീഴടങ്ങലിന് കാരണമെന്ന് എല്ലാവർക്കും അറിയാം.

ഗവർണറെ തിരിച്ചു വിളിക്കണമെന്ന് പറയാനുള്ള ധൈര്യമില്ലാത്തതിന് കാരണം അന്വേഷിച്ച് അധികം അലയേണ്ട കാര്യമില്ല -ആരിഫ് ഖാനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടാൽ ഇപ്പോൾ തണുത്തു കിടക്കുന്ന സ്വർണക്കടത്ത്, ലാവലിൻ, മകളുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളൊക്കെ പൊങ്ങി വരുമെന്ന് പിണറായിക്കറിയാം. സി പി എമ്മിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഗവർണർ വിഷയത്തിൽ പ്രകടിപ്പിച്ച ആർജ്ജവും ധൈര്യവും പിണറായിക്കില്ല. മോദിക്കെതിരെ മിണ്ടാൻ ത്രാണിയില്ലാത്ത പിണറായി ഗവർണർക്കെതിരെ എന്ത് പോരാട്ടമാണ് നടത്തുന്നതെന്ന ചോദ്യമാണ് കേരളത്തിലെ കോൺഗ്രസ് വക്താക്കൾ ഉയർത്തുന്നത്.

മോദിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന പിണറായിയുടെ ഗവർണക്കെതിരെയുള്ള പടയൊരുക്കം വെറും ബഡായി മാത്രമാണെന്ന് അവർ ആക്ഷേപിക്കുന്നു.
പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ ഗവർണർ സർക്കാരിനെ ശ്വാസം മുട്ടിക്കുന്നു എന്ന് വിലപിക്കുന്നതല്ലാതെ അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്ന് പറയാൻ സി പി എം കേന്ദ്ര നേതൃത്വത്തിന് പോലും ധൈര്യമില്ല. പാർട്ടിയുടെ ഉന്നതാധികാര സമിതികളിൽ ആരും തന്നെ പിണറായി ക്കെതിരെ പറയാൻ ധൈര്യമില്ലാത്തവരാണ്. പിണറായിയുടെ മോദിപ്പേടി കെ പി സി സി സജീവ ചർച്ചയാക്കാനൊരുങ്ങുകയാണ്.

ഗവർണർക്കെതിരെ സമരപരമ്പര നടത്താൻ എൽ ഡി എഫ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന ആവശ്യം എന്തു കൊണ്ട് ഉന്നയിക്കുന്നില്ല എന്ന കാര്യമാണ് കോൺഗ്രസ് ചർച്ചാ വിഷയമാക്കുന്നത്. ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പിണറായിയും ഗവർണറും നടത്തുന്ന ഒത്തുകളി മാത്രമാണ് ഈ കോലാഹലങ്ങളെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം .

ഗവർണർക്കെതിരെ മുഴുവൻ വീടുകളിലും പ്രചാരണം നടത്താൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 10 വരെ ജില്ലാ തലങ്ങളിൽ 3000 പേരെ പങ്കെടുപ്പിച്ച് കൺവെൻഷൻ നടത്തും. 10 മുതൽ പതിനാല് വരെ കേരളത്തിലെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടക്കും. 10 മുതൽ 12 വരെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ നടത്താനാണ് തീരുമാനം. 15 ന് ഒരുലക്ഷം പേർ പങ്കെടുക്കുന്ന രാജ്ഭവൻ ഉപരോധവും നടത്തുന്നുണ്ട്. എന്നാൽ ലഘുലേഖകളിൽ ഗവർണറെ പിൻവലിക്കണമെന്ന ആവശ്യമുണ്ടോ എന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP