Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശി തരൂർ ജനപിന്തുണയുള്ള നേതാവാണ്; തരൂരിനെ കോൺഗ്രസ് മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം; ഒരു ഗ്രൂപ്പിലും ഇല്ലെന്ന് പറയുന്ന മുരളീധരനും ഉയർത്തുന്നത് തരൂരിന്റെ അനിവാര്യത; ഇനി അറിയേണ്ടത് തരൂരിന്റെ പ്രതികരണം; മസ്‌കറ്റിലെ യോഗത്തിന് പിന്നാലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്‌സഭയിൽ പുതിയ നേതൃത്വം വരുമോ?

ശശി തരൂർ ജനപിന്തുണയുള്ള നേതാവാണ്; തരൂരിനെ കോൺഗ്രസ് മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം; ഒരു ഗ്രൂപ്പിലും ഇല്ലെന്ന് പറയുന്ന മുരളീധരനും ഉയർത്തുന്നത് തരൂരിന്റെ അനിവാര്യത; ഇനി അറിയേണ്ടത് തരൂരിന്റെ പ്രതികരണം; മസ്‌കറ്റിലെ യോഗത്തിന് പിന്നാലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്‌സഭയിൽ പുതിയ നേതൃത്വം വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കെ മുരളീധരൻ എം പി രംഗത്ത് എത്തുമ്പോഴും ഉയരുന്നത് ശശി തരൂർ നേതൃത്വത്തിൽ എത്തേണ്ടതിന്റെ ആവശ്യകത. കേരളത്തിലെ പുതിയ നേതാക്കൾക്ക് സ്വീകാര്യത പോരെന്നും പുതിയ നേതൃത്വം വന്നശേഷം സമുദായ നേതാക്കളുമായുള്ള ബന്ധത്തിൽ അകലം വന്നതായും മുരളീധരൻ കുറ്റപ്പെടുത്തി. മുതിർന്ന നേതാക്കളടക്കം ഉന്നയിച്ച വിമർശനങ്ങളിലും തർക്കങ്ങളിലും പരിഹാരം കണ്ടെത്താതെ കോൺഗ്രസിന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ശശി തരൂരിനെ നേതൃത്വത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ് നീക്കം നടത്തുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം നേതൃത്വത്തിൽ സജീവമല്ല. അതുകൊണ്ട് തരൂരിനെ നേതൃത്വം ഏൽപ്പിക്കാനാണ് നീക്കം. ഇതിനിടെയാണ് മുരളീധരനും തരൂരിനെ പിന്തുണയ്ക്കുന്നത്.

എയും ഐയും സഹകരിക്കുമെന്നും നേതൃത്വത്തിലേക്ക് ശശി തരൂർ വരുമെന്നും നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കും വിധമാണ് കഴിഞ്ഞ ദിവസം എ-ഐ ഗ്രൂപ്പുകളുടെ യോഗം ചേർന്നത്. ഈ നീക്കത്തെ തുടർന്ന് കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നുണ്ട്. കെസി വേണുഗോപാലും വിഡി സതീശനും നേതൃത്വം നൽകുന്ന ഹൈക്കമാണ്ട് ഗ്രൂപ്പിനെതിരെ ഒരുമിച്ച് നീങ്ങാനാണ് എ ഐ ഗ്രൂപ്പുകളുടെ തീരുമാനം. രമേശ് ചെന്നിത്തലയുടെ സഹകരണത്തിനൊപ്പം തരൂരും കൂടിയാകുമ്പോൾ എല്ലാ തെരഞ്ഞെടുപ്പ് സമവാക്യങ്ങളും അനുകൂലമാക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

ശശി തരൂർ ഇനി കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകും. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹ പ്രകാരം എ ഗ്രൂപ്പിന്റെ നേതൃത്വവും ശശി തരൂർ ഏറ്റെടുക്കുമെന്നാണ് സൂചന. ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ എ-ഐ ഗ്രൂപ്പുകളുടെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു. ഹൈക്കമാണ്ട് ഗ്രൂപ്പെന്ന് അറിയപ്പെടുന്ന കെസി വേണുഗോപാൽ-വിഡി സതീശൻ വിഭാഗത്തിനായിരുന്നു മേൽകൈ. ഇത് കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾക്ക് വഴി വയ്ക്കും. എ ഗ്രൂപ്പുമായി രമേശ് ചെന്നിത്തലയും സഹകരിക്കുമെന്നാണ് സൂചന. ബംഗ്ലൂരുവിൽ ചികിൽസയിലുള്ള ഉമ്മൻ ചാണ്ടി എ ഗ്രൂപ്പിലെ നേതാക്കൾക്കെല്ലാം തരൂരിനേയും ചെന്നിത്തലയേയും ഉൾക്കൊള്ളണമെന്ന നിർദ്ദേശം നൽകി കഴിഞ്ഞു. ഇതിനോട് കോൺഗ്രസ് ഹൈക്കമാണ്ട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

''കെ കരുണാകരുടെയും ഉമ്മൻ ചാണ്ടിയെയും പോലെ സ്വീകാര്യതയുള്ള നേതാക്കളുടെ കുറവ് പാർട്ടിയിലുണ്ട്. പുതിയ സംസ്ഥാന നേതൃത്വം വന്നശേഷം സമുദായ നേതാക്കളുമായുള്ള ബന്ധത്തിലും അകലം വന്നു. ഭൂരിപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രശ്‌നം പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. ശശി തരൂർ ജനപിന്തുണയുള്ള നേതാവാണ്. തരൂരിനെ കോൺഗ്രസ് മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം. ഈ സമയത്ത് ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നത് ശരിയല്ല. പ്രശ്‌നങ്ങളുണ്ടെങ്കിൽ ആർക്കും ഹൈക്കമാന്റിനെ സമീപിക്കാം. പക്ഷേ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം ചേർന്നു. അത് വേണ്ടിയിരുന്നില്ല. താനൊരു ഫ്രാക്ഷനും ഒപ്പമല്ല. ഗ്രൂപ്പ് മറന്ന് ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് എല്ലാവരും ഓർമ്മിക്കണം. മണ്ഡലം പുനഃസംഘടനയിലെങ്കിലും വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നോക്കണം-ഇതാണ് മുരളീധരന്റെ വിശദീകരണം.

ഹൈക്കമാന്റിനെ ആർക്കും സമീപിക്കാം. പുനഃസംഘടനകൾ എല്ലാകാലത്തും ഇങ്ങനെ തന്നെയായിരുന്നു. അത് ഒരു കീഴ് വഴക്കമാണ്. അതിനൊരു മാറ്റമുണ്ടായത് വയലാർ രവി കെപിസിസി പ്രസിഡന്റും എകെ ആന്റണി പാർലമെന്ററി പാർട്ടി ലീഡറും ആയിരുന്നപ്പോഴാണ്. അന്ന് കെ.കരുണാകരമായി കൂടിയാലോചന നടത്തിയാണ് തീരുമാനങ്ങൾ എടുക്കാറുണ്ടായിരുന്നത്. ഇത് കേരളത്തിൽ തന്നെ തീർക്കാവുന്ന വിഷയമാണ്. എല്ലാ കാര്യത്തിനും ഹൈക്കമാൻഡിനെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല. പാർട്ടിയെ ജയിപ്പിക്കാൻ ജനങ്ങൾ തയ്യാറാണ്. സിറ്റിങ് എംപിമാരോട് മത്സരിക്കണമെന്നാണ് പാർട്ടി നിർദ്ദേശിച്ചിട്ടുള്ളത്. അതിനാൽ തന്നെ പാർലമെന്റിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയം വലിയ തലവേദന ഇല്ല. സ്വയം മാറി നിൽക്കുന്നവരുടെ കാര്യത്തിൽ മാത്രം ആലോചന നടത്തിയാൽ മതി. ഫ്രാക്ഷൻ യോഗം ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല. യോഗം ചേർന്നതൊക്കെ സീനിയർ നേതാക്കളാണ്. അവരെ ഉപദേശിക്കാൻ താനില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും വീണ്ടും മത്സരിക്കാൻ താൻ തയ്യാറാണ്. എന്നാൽ പുതുമുഖങ്ങൾ വന്നാൽ താൻ മാറിനിൽക്കാനും തയ്യാറാണ്. എന്ത് വേണമെന്ന് പാർട്ടി തീരുമാനിക്കണം-മുരളീധരൻ പറഞ്ഞു.

കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാക്കൾ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എ ഗ്രൂപ്പ് വിട്ട ശേഷം കെസി ജോസഫും ബെന്നി ബെഹന്നാനും എംഎം ഹസനുമാണ് എ ഗ്രൂപ്പിലെ പ്രധാനികൾ. എന്നാൽ ഇവർക്കാർക്കും അണികളെ പ്രചോദിപ്പിക്കാനോ ഗ്രൂപ്പിനെ സജീവമാക്കാനോ കഴിയുന്നില്ല. ഐ ഗ്രൂപ്പ് നേതൃത്വം രമേശ് ചെന്നിത്തലയ്ക്കാണെങ്കിലും പഴയ ഗ്രൂപ്പ് നേതാക്കളായ കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പമാണ് അണികൾ. ഈ സാഹചര്യത്തിൽ പുതിയ സമാവാക്യങ്ങൾ കോൺഗ്രസിൽ രൂപപ്പെടുകയാണ്. പിണറായി സർക്കാരിനെ താഴെ ഇറക്കി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ശശി തരൂർ എന്ന ഫോർമുലയാണ് എ ഗ്രൂപ്പിന്റെ മനസ്സിൽ. എ ഗ്രൂപ്പിൽ മലബാറിലെ പ്രമുഖനായ എകെ രാഘവനാണ് ഈ നീക്കത്തിന് പിന്നിൽ. രാഘവനും തരൂരും തമ്മിലുള്ള അടുപ്പമാണ് തരൂരിനെ എ ഗ്രൂപ്പുമായി അടുപ്പിക്കുന്നത്.

തരൂരിനേയും ചെന്നിത്തലയേയും ഒരു പ്ലാറ്റ് ഫോമിൽ നിർത്തി കോൺഗ്രസിന് പുതിയ കരുത്ത് നൽകാനാണ് എ ഗ്രൂപ്പിന്റെ ശ്രമം. തരൂരിന് കീഴിൽ നിൽക്കാൻ ചെന്നിത്തല തയ്യാറാകുമോ എന്നതാണ് നിർണ്ണായകം. അതിന് ചെന്നിത്തല തയ്യാറായാൽ കോൺഗ്രസിൽ പുതിയ സമവാക്യം രൂപപ്പെടും. മനസ്സു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനും വി എം സുധീരനുമെല്ലാം ഈ നീക്കത്തിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. എങ്ങനേയും അധികാരത്തിൽ തിരിച്ചെത്താനും ലോക്സഭയിൽ പരമാവധി സീറ്റുകളിൽ ജയിക്കാനും കൂടി വേണ്ടിയാണ് ഇത്. ഒത്തൊരുമയിലൂടെ കോൺഗ്രസ് ഹൈക്കമാണ്ടിൽ സമ്മർദ്ദം ശക്തമാക്കി അർഹതപ്പെട്ടത് നേടാനാണ് നീക്കം. വിദേശത്തുള്ള തരൂർ തിരിച്ചെത്തിയാൽ പുതിയ കൂട്ടായ്മയിൽ വ്യക്തത വരും.

സി ദിവാകരന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന് വിമർശനം എ ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. പ്രസ്താവനകൾക്കപ്പുറം വിഷയം ചർച്ചയാക്കിയില്ലെന്ന് എ ഗ്രൂപ്പ്. വെളിപ്പെടുത്തലുകളിൽ ഉത്തരവാദപ്പെട്ടവർ പോലും പ്രതികരിച്ചില്ല. രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് പകരം ലാഘവത്തോടെ തള്ളി. ആരോപണം ഗൗരവമായി പാർട്ടി കണക്കിലെടുക്കണമായിരുന്നുവെന്ന് കെ.സി. ജോസഫ് വിമർശനം ഉന്നയിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ വ്യാജ ആരോപണത്തെ ചർച്ചയാക്കി വീ്ണ്ടും കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് തിരിച്ചു വരണമെന്നതാണ് എ ഗ്രൂപ്പിന്റെ നിലപാട്. തരൂരിനേയും ചെന്നിത്തലയേയും മുന്നിൽ നിർത്തി ഈ പ്രചരണ തന്ത്രം പുറത്തെടുക്കാനാണ് എ ഗ്രൂപ്പിലെ പൊതു തീരുമാനം.

കോൺഗ്രസിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകളുടെ സംയുക്തയോഗം ചേർന്നിരുന്നു. മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം നടന്നത്. ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് പുനഃസംഘടന, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്, പാർട്ടിയിൽ വി.ഡി.സതീശനും കെ.സുധാകരനും ഏകാധിപത്യപരമായി പെരുമാറുന്നതായുള്ള ആരോപണം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. പ്രശ്‌നങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചു. പാർട്ടി പിടിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും അനുയായികളുടെയും നീക്കമെന്ന് യോഗത്തിൽ വിമർശനമുണ്ടായി.

മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാൻ സതീശൻ തയാറാകുന്നില്ല. പാർട്ടി പുനഃസംഘടനാ ചർച്ച വിജയിക്കാത്തതിന്റെ കാരണം സതീശനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ച ഗ്രൂപ്പ് നേതൃത്വം പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP