Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പുതുപ്പള്ളിയിൽ ഒന്നും സംഭവിക്കില്ല; ആഞ്ഞുപിടിച്ചാൽ മാണിയെ വീഴ്‌ത്താം; ശാലു മേനോന്റെ വീട്ടിൽ പോയി കരിക്കു കുടിച്ചെങ്കിലും തിരുവഞ്ചൂർ ജയിക്കും; കടുത്തുരുത്തിയും കാഞ്ഞിരപ്പള്ളിയും യുഡിഎഫിന്; പൂഞ്ഞാറിൽ പി സി ജോർജ്; ഇടതിനു പ്രതീക്ഷ ഏറ്റുമാനൂരും വൈക്കത്തും ചങ്ങനാശേരിയിലും: അഡ്വ. ജയശങ്കർ കോട്ടയം ജില്ലയെ വിലയിരുത്തുന്നു

പുതുപ്പള്ളിയിൽ ഒന്നും സംഭവിക്കില്ല; ആഞ്ഞുപിടിച്ചാൽ മാണിയെ വീഴ്‌ത്താം; ശാലു മേനോന്റെ വീട്ടിൽ പോയി കരിക്കു കുടിച്ചെങ്കിലും തിരുവഞ്ചൂർ ജയിക്കും; കടുത്തുരുത്തിയും കാഞ്ഞിരപ്പള്ളിയും യുഡിഎഫിന്; പൂഞ്ഞാറിൽ പി സി ജോർജ്; ഇടതിനു പ്രതീക്ഷ ഏറ്റുമാനൂരും വൈക്കത്തും ചങ്ങനാശേരിയിലും: അഡ്വ. ജയശങ്കർ കോട്ടയം ജില്ലയെ വിലയിരുത്തുന്നു

കോട്ടയം ഒരു യുഡിഎഫ് അനുകൂല ജില്ലയാണ്. 10 മണ്ഡലങ്ങളാണ് ആദ്യം കോട്ടയത്തുണ്ടായിരുന്നത്. എന്നാൽ മണ്ഡല പുനർവിഭജനത്തിന് ശേഷം വാഴൂർ ഇല്ലാതെയായി. ഇപ്പോൾ ഉള്ളത് 9 മണ്ഡലങ്ങളാണ്. പുനർവിഭജനത്തിന് ശേഷം വാഴൂർ കാഞ്ഞിരപ്പള്ളിയാക്കി മാറ്റി. പഴയ കാഞ്ഞിരപ്പള്ളിയുടെ ഗണ്യമായ ഭാഗങ്ങൾ പൂഞ്ഞാറിലേക്ക് പോയി. പഴയ പൂഞ്ഞാറിന്റെ ഗണ്യമായ ഭാഗങ്ങൾ പാലായിലേക്കും പോയി. അങ്ങനെ പുനർവിഭജനം ഉണ്ടായപ്പോൾ ഐക്യമുന്നണിക്കാണ് ഇത് ക്ഷീണമായത്.

വാഴൂർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ഒന്നായപ്പോൾ ഒരു സീറ്റ് കുറഞ്ഞു. കുറഞ്ഞ സീറ്റ് യുഡിഎഫിന്റേതാണ്. കേരള കോൺഗ്രസിനു പ്രാമുഖ്യമുള്ള ജില്ലയാണ് കോട്ടയം എന്നാണ് സങ്കൽപ്പവും യാഥാർത്ഥ്യവും. മാണി ഗ്രൂപ്പിന് സ്വാധീനമുള്ള മേഖലയാണിത്. പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും കോട്ടയത്തും പുതുപ്പള്ളിയിലും ഭാഗികമായും വൈക്കത്ത് കുറഞ്ഞ അളവിലും കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പുണ്ട്. മാണി ഗ്രൂപ്പിന്റെ കൊത്തളമാണ് കോട്ടയം ജില്ല. സീറ്റുകൾ പലതും ഇവിടെ കുത്തക സീറ്റുകളാണ്.

Stories you may Like

സ്ഥാനാർത്ഥികൾ പലരും നിൽക്കുക- ജയിക്കുക എന്ന സമീപനമാണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണം പറഞ്ഞാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ എം മാണി, സിഎഫ് തോമസ്, ഒരു തവണ തോറ്റു എങ്കിലും പൂഞ്ഞാർ രോമാഞ്ചം പി സി ജോർജ്ജ് തുടങ്ങിയവരുടെ സ്ഥാനാർത്ഥിത്വം നോക്കിയാൽ മനസിലാക്കാൻ സാധിക്കും. സ്ഥാനാർത്ഥികളും മണ്ഡലങ്ങളും ഫിക്‌സഡാണ് എന്നുള്ളതും ഇവിടത്തെ പ്രത്യേകതയാണ്.

മുസ്ലിം വോട്ടർമാർ കുറഞ്ഞ ജില്ല കൂടിയാണു കോട്ടയം. ബിജെപി ഇവിടെ ഒരു പ്രബല ശക്തിയല്ല. ചില പോക്കറ്റുകളിൽ മാത്രം കാണുന്ന ഒരു പാർട്ടിയാണ് ബിജെപി ഇതുവരെ ഇവിടെ. സാധാരണയായി ബിജെപിക്ക് വോട്ടു ചെയ്യാറുള്ളത് ഇവിടത്തെ നായന്മാരാണ്. എന്നിരുന്നാൽത്തന്നെ, അത് കേരളാ കോൺഗ്രസിനോ മാർക്‌സിസ്റ്റ് പാർട്ടിക്കോ മാറ്റി കുത്താൻ യാതൊരു വിഷമവും വിചാരിക്കാത്തവരാണ് കോട്ടയത്തെ പ്രബുദ്ധരായ നായർ വോട്ടർമാർ എന്നുപറയാം. നായർ സർവ്വീസ് സൊസൈറ്റിയുടെ ഹെഡ് ക്വാർട്ടേഴ്‌സ് ഇരിക്കുന്ന ചങ്ങനാശ്ശേരിയും, വിവിധ ക്രൈസ്തവ സഭകളുടെ കേന്ദ്രവും, 'മ' പ്രസിദ്ധീകരണങ്ങളുടെ തലസ്ഥാനമായ കോട്ടയവും, റബറിന്റെ തലസ്ഥാനമായ കാഞ്ഞിരപ്പള്ളിയുമൊക്കെ ഈ ജില്ലയിലാണ്. വിവിധ കത്തോലിക്കാ സഭകളിൽ സുറിയാനി കത്തോലിക്കാ സഭയ്ക്കാണ് ഏറ്റവും കൂടുതൽ ജനപങ്കാളിത്തവും രാഷ്ട്രീയ സ്വാധീനവുമുള്ളത്. ബാക്കി ക്രിസ്ത്യൻ സഭകൾക്കും നായർ സർവ്വീസ് സൊസൈറ്റിക്കും അത്യാവശ്യം വോട്ടു ബാങ്കുണ്ട്. ഒപ്പം പുലയ മഹാസഭയ്ക്ക് വരെ വോട്ടു ബാങ്കുള്ള സ്ഥലമാണ് കോട്ടയം ജില്ല. ഇതൊക്കെയാണ് ഇവിടുത്തെ സാമുദായിക പശ്ചാത്തലം.

ഉമ്മൻ ചാണ്ടിയുടെ ജൈത്രയാത്ര തുടരാൻ പുതുപ്പള്ളി

1970 മുതൽ ഇവിടെ നിന്നു ജയിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ജൈത്രയാത്ര ഇനിയും തുടരുമെന്നുറപ്പാണ്. കഴിഞ്ഞ തവണ അദ്ദേഹത്തിന് കിട്ടിയ ഭൂരിപക്ഷം 33,255 ആയിരുന്നു. തിരുവിതാംകൂർ ഭാഗത്തെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നു പറയാം. ഇത്തവണയും അദ്ദേഹം ജയിക്കും. ജെയ്ക് സി തോമസ് എന്ന പാവം ചെറുപ്പക്കാരനെയാണ് എൽഡിഎഫ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ആൾ എന്ന ഖ്യാതി കല്യാണം ആലോചിക്കുമ്പോൾ പറയാമെന്നല്ലാതെ ഇവിടെ ഉമ്മൻ ചാണ്ടിക്കെതിരെ അട്ടിമറികൾക്കൊന്നും സാധ്യതയില്ല. ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായ ഇപ്പോൾ മോശമായിരിക്കാമെങ്കിലും പുതുപ്പള്ളിക്കാർക്ക് കുഞ്ഞൂഞ്ഞിനെ വിട്ട് ഒരു കളിയുമില്ല. ഇവിടെ ബിജെപി സ്ഥാനാർത്ഥി ജോർജ് കുര്യനാണ്. ബിജെപിക്ക് കുറച്ചു വോട്ടുള്ള സ്ഥലമാണ് പുതുപ്പള്ളി. പക്ഷേ ആ വോട്ടുകൾ സാധാരണ ഉമ്മൻ ചാണ്ടി സാർ കാശു കൊടുത്തു മേടിക്കുകയോ ബിജെപിക്കാർ സംഭാവന കൊടുക്കുകയോ ആണ് പതിവ്. ഇത്തവണ ഇതിൽ എത്ര വോട്ടുകൾ തിരിച്ചു പിടിക്കും എന്നാണ് നോക്കാനുള്ളത്. ബിജെപി വോട്ടുകൾ ബിജെപിക്ക് തന്നെ കിട്ടുകയാണെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയും. എന്നാലും വൻ ഭൂരിപക്ഷത്തോടെ ഉമ്മൻ ചാണ്ടി ജയിക്കും. ഭരണ വിരുദ്ധവികാരമോ, സരിതവിരുദ്ധവികാരമോ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെയുണ്ടാവില്ല.

പാലായിൽ അട്ടിമറിക്കും നേരിയ സാധ്യത

പാലായിൽ മാണിസാർ 14-ാം തവണയാണ് മത്സരിക്കുന്നത്. അദ്ദേഹത്തിന് പ്രായത്തിന്റെയും അനാരോഗ്യത്തിന്റെയും വിഷമതകളുണ്ട്. മാത്രമല്ല, ഇപ്പോൾ പഴയ പാലായല്ല ഇത്. പൂഞ്ഞാറിന്റെ പല ഭാഗങ്ങളും കൂടി വന്നിരിക്കുന്നു. കഴിഞ്ഞ തവണയും ഇത്തവണയും മാണി സി കാപ്പൻ ആണ് മാണിയുടെ എതിരാളി. ഇത്തവണ വളരെ ശക്തമായി മാണി സി കാപ്പൻ നിൽക്കുകയാണെങ്കിൽ മാണി സാറിനെ തോൽപ്പിക്കാൻ സാധിക്കും. മാണി സി കാപ്പൻ നാട്ടുകാരനാണ്, പ്രമാണിയാണ്, ചെറിയാൻ കാപ്പന്റെ മകനാണ്. ബിജെപിക്കും വോട്ടുള്ള മണ്ഡലമാണ് പാലാ. ബിജെപി പ്രസിഡന്റ് എൻ ഹരിയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. മാണി സാറിനു സാധാരണ ലഭിക്കുന്ന നായർ വോട്ടുകൾ ബിജെപിക്കാരൻ അടിച്ചു മാറ്റുകയോ, മാണി സി കാപ്പൻ കഴിഞ്ഞ തവണത്തേക്കാൾ പെർഫോമൻസ് നടത്തുകയോ ചെയ്താൽ ബാർ കോഴയിലെ ജനവികാരവും, അതോടൊപ്പം പി സി വിരുദ്ധ വികാരവും വന്നാൽ മാണി സാർ ചിലപ്പോൾ തോറ്റു പോകാം. പക്ഷേ ഇത് കണക്കു മാത്രമാണ് സാധ്യതയില്ല. പക്ഷേ പി സി ജോർജ്ജ് ഇടതുമുന്നണിയിൽ ഉണ്ടായിരുന്നെങ്കിൽ മാണി ചിലപ്പോൾ തോറ്റു പോകാനുള്ള സാദ്ധ്യതകൾ ഉണ്ടായേനെ. ഇടതുമുന്നണിക്കാർക്ക് ബുദ്ധി കടുകട്ടിയായതുകൊണ്ട് പി സി ജോർജ്ജിനെ വെറുപ്പിച്ചു. പി സി അനുയായികൾ പാലായിൽ മാണിയെ തോൽപ്പിക്കാനായി കാപ്പനു വോട്ടു ചെയ്താലും മാണി പരാജയപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ സാധാരണഗതിയിൽ നോക്കിക്കഴിഞ്ഞാൽ മാണി തന്നെയാണ് ജയിക്കാൻ സാധ്യത. എന്നാൽ അത് പുതുപ്പള്ളിയിലെ പോലെയല്ല. അവിടെ ഉമ്മൻ ചാണ്ടിക്ക് പരാജയ സാദ്ധ്യതകൾ ഒട്ടുമില്ല. എന്നാൽ ഇവിടെ എല്ലാ സാധ്യതകളും ഒരു പോലെ വന്നാൽ ചിലപ്പോൾ മാണിയെ എതിർ സ്ഥാനാർത്ഥിക്ക് തോൽപ്പിക്കാൻ സാധിക്കും.

കടുത്തുരുത്തിയിൽ മോൻസ് തന്നെ

ടുത്തുരുത്തിയെക്കുറിച്ചു യാതൊരു ചർച്ചയ്ക്കും പ്രസക്തിയില്ല. ഇവിടെ വളരെ ജനകീയനായ മോൻസ് ജോസഫ് ആണ് സ്ഥാനാർത്ഥി. അദ്ദേഹം വളരെ സൗമ്യനാണ്, എല്ലാവർക്കും പ്രിയങ്കരനാണ്. സരിതയും മോൻസും കൂടിയുള്ള ഫ്‌ളക്‌സുകളും മറ്റും പല സ്ഥലങ്ങളിലും ഇടതുപക്ഷം വയ്ക്കാൻ സാധ്യതയുണ്ട്. എന്നാലും ഇദ്ദേഹം തന്നെ ഇവിടെ ജയിക്കും. പാലായേക്കാൾ വലിയ യുഡിഎഫ് മണ്ഡലമാണ് കടുത്തുരുത്തി. അതിനാൽ അവിടെ ഒരു അട്ടിമറിക്കും സാധ്യതയില്ല. അതുപോലെ അട്ടിമറിക്കു സാധിക്കാത്ത ഒരു സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് ഇവിടെ നിർത്തിയിട്ടുള്ളത് സ്‌കറിയ തോമസ്. കേരള കോൺഗ്രസ് 'സഖാ' എന്ന സ്‌കറിയ തോമസ് വിഭാഗത്തിന്റെ പരമോന്നത നേതാവും ഏക പ്രതിനിധിയുമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം എതിരാളിയുടെ വിജയം ഉറപ്പിക്കുന്ന ഒന്നായതുകൊണ്ടും കടുത്തുരുത്തിയിൽ ആര് ജയിക്കും എന്ന ചർച്ചയ്ക്ക് പ്രസക്തിയില്ല. ഇവിടെ എംഎൽഎ ഉണ്ടാകുകയാണെങ്കിൽ അത് മോൻസ് ജോസഫ് ആയിരിക്കും. കുറച്ചു നായർ വോട്ടുകൾ ഇവിടെയുണ്ട്. അത് കിട്ടിയാൽ കിട്ടി എന്ന അവസ്ഥ മാത്രമാണ് ഇവിടെ ബിജെപിയുടെ കാര്യം. ഇവിടെ ബിജെപി സ്ഥാനാർത്ഥിയല്ല എൻഡിഎ സ്ഥാനാർത്ഥിയാണുള്ളത്. കേരളാ കോൺഗ്രസിന്റെ സ്റ്റീഫൻ ചാഴിക്കാടൻ ആണ് എവിടെ എൻഡിഎ സ്ഥാനാർത്ഥി. സ്‌കറിയ തോമസും സ്റ്റീഫൻ ചാഴികാടനും ക്‌നാനായ വിഭാഗത്തിൽപ്പെട്ടവരാണ്. ക്‌നാനായ വിഭാഗത്തിന് വോട്ടുള്ള മണ്ഡലമാണ് കടുത്തുരുത്തി. ക്‌നാനായക്കാർ സമുദായ അംഗത്തിന് വേണ്ടി വോട്ടു ചെയ്യാൻ മടിയില്ലാത്തവരാണ്. എന്നാലും ഇവിടെ മോൻസിക്കാണ് ജയം എന്നുറപ്പുണ്ട്.

കാഞ്ഞിരപ്പള്ളി: നായർ വോട്ടുകൾ ബിജെപി ഭിന്നിപ്പിച്ചാൽ മാത്രം എൽഡിഎഫിനു നേരിയ സാധ്യത

ഴയ വാഴൂർ ആണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി ഏരിയ. നായർ വോട്ടുകൾ അധികമുള്ള സ്ഥലമാണ്. നാരായണ കുറുപ്പിന്റെ മകൻ ഡോ. ജയരാജ് ആണ് അവിടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി. അദ്ദേഹം അവിടുത്തെ വലിയൊരു താപ്പാനയാണ്. പ്രമാണിയാണ്, തറവാടിയാണ്, ചെവിയിൽ രോമമുള്ള നായരാണ്. അഡ്വ വി ബി ബിനുവാണ് ഇവിടെ സിപിഐ സ്ഥാനാർത്ഥി. നല്ല എതിരാളിയാണ് ബിനു എങ്കിലും ഒരു ഫലപ്രാപ്തിക്കു വകയില്ല. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മനോജാണ്. നായർ വോട്ടുകൾ നല്ലരീതിയിൽ ബിജെപി ഭിന്നിപ്പിക്കുകയാണെങ്കിൽ മാത്രമേ എൽഡിഎഫിനു ജയസാധ്യത ഇവിടെ ഉണ്ടാകുകയുള്ളൂ.

കോട്ടയത്തു തിരുവഞ്ചൂർ മറിയണമെങ്കിൽ നായർ വോട്ടുകൾ ബിജെപിക്കു വീഴണം

കോട്ടയത്തു കഴിഞ്ഞ തവണ വലിയ മത്സരമായിരുന്നു വാസവനും തിരുവഞ്ചൂരും തമ്മിൽ. അവസാനം എൻഎസ്എസിന്റെ പരസ്യ പിന്തുണയോട് കൂടി 710 വോട്ടിനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇവിടെ വിജയിച്ചത്. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ അദ്ദേഹത്തിന്റെ വായിൽ നിന്ന് നുരയും പതയും വന്നു. കോട്ടയം ഒരു ഇടതുപക്ഷ സ്വാഭാവമുള്ള മണ്ഡലമാണ്. അടൂർ എംഎൽഎ ആയ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയംകാരനാണ്. മുമ്പു ഇവിടെ മത്സരിച്ചപ്പോൾ തോറ്റ ചരിത്രവും തിരുവഞ്ചൂരിനുണ്ട്. കോട്ടയം ഒരു ഹിന്ദു വിഭാഗ മണ്ഡലം എന്നുതന്നെ പറയാം. ഈഴവർ കൂടുതലുള്ള മണ്ഡലമാണ് കോട്ടയം. ഇവിടെ ക്രിസ്ത്യാനികൾ വലിയ പ്രമാണിമാർ ആയതുകൊണ്ട് ഈഴവർക്ക് ഇവിടെ ഒരു ദൃശ്യത ഇല്ല. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ കൂടുതൽ ജയിക്കാറുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല വികാരം ഉണ്ടായപ്പോഴും കോട്ടയത്തു ജനിച്ചു വളർന്ന, കോട്ടയത്തെ പ്രവർത്തന മേഖലയാക്കിയ തിരുവഞ്ചൂരിനെതിരെ ചെറിയ വ്യത്യാസത്തിലാണ് വാസവൻ ഇവിടെ തോറ്റത്. ഈഴവ പ്രാമുഖ്യമുള്ള രണ്ടു പഞ്ചായത്ത് ഏറ്റുമാനൂർക്ക് മാറ്റിയതും തിരുവഞ്ചൂർ രാധാകൃഷ്ണന് ഗുണമായി.

തിരുവഞ്ചൂർ അഞ്ചു കൊല്ലമായി കോട്ടയത്ത് നിറഞ്ഞു നിൽക്കുകയാണ്. ശാലു മേനോന്റെ വീട്ടിൽ കരിക്ക് കുടിക്കാൻ പോയതും, പത്രസമ്മേളനങ്ങളിൽ രണ്ടുമൂന്നു തവണ നാക്കുളുക്കിയതും ഒഴിച്ചാൽ അധികം വിവാദമില്ലാത്ത ആളാണ് തിരുവഞ്ചൂർ. സാമന്യം കാര്യക്ഷമമായി ഭരിച്ച മന്ത്രിയുമാണ്. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ടി പി വധം. വളരെ മാതൃകാപരമായി പൊലീസിനെക്കൊണ്ട് അന്വേഷിപ്പിച്ചതും, യഥാർത്ഥ പ്രതികളെ കണ്ടെത്തി അവരെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്. ഒപ്പം തിരുവഞ്ചൂർ കോട്ടയത്ത് ജനിച്ചു വളർന്ന ആളാണ്. പിന്നെ ഇത്തവണ എതിരാളി വാസവൻ അല്ല അഡ്വ. റെജി സക്കറിയ എന്ന ചെറുപ്പക്കാരനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. തരക്കേടില്ലാത്ത പൊതുപ്രവർത്തകനും മുൻപ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു തോറ്റ ആളുമാണ് റെജി. പക്ഷെ ജയസാധ്യത വിദൂരമാണ്. എം എസ് കരുണാകരൻ നായരാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ഇദ്ദേഹം ബിഎംഎസ് നേതാവും കോട്ടയം ബാർ അസോസിയേഷനിലെ നല്ലൊരു വക്കീലുമാണ്. അതിലുപരി ശക്തനായ സ്ഥാനാർത്ഥിയുമാണ്. നല്ല രീതിയിൽ നായർ വോട്ടുകൾ പിടിച്ചാൽ മാത്രമേ തിരുവഞ്ചൂരിന്റെ കാര്യം കഷ്ടത്തിലാവുകയുള്ളൂ.

ഏറ്റുമാനൂരിൽ നേരിയ മുൻതൂക്കം കുറുപ്പിന്

ഴയ കോട്ടയത്തിന്റെ വിട്ടുപോയ സ്ഥലങ്ങൾ ഏറ്റുമാനൂരാണുള്ളത്. അങ്ങനെ വന്നപ്പോൾ ഏറ്റുമാനൂരിന്റെ യുഡിഎഫ് സ്വഭാവം മായുകയും, രണ്ടു മുന്നണികൾക്കും തുല്യമായ പ്രാധാന്യം ലഭിക്കുകയും ചെയ്തു. കോട്ടയത്ത് ഒരാൾ ജയിക്കണമെങ്കിൽ അയാൾ വൃത്തിയുള്ള ആളായിരിക്കണം. വേഷവിധാനത്തിലും ശ്രദ്ധയുള്ള ആളാവണം. ചീത്തയും തെറിയും വിളിക്കുന്നയാളാവരുത്. പി സി ജോർജ് പൂഞ്ഞാറിൽ ആയതുകൊണ്ട് മാത്രമാണ് ഇവിടെ രക്ഷപെട്ടത് എന്നുവേണമെങ്കിൽ പറയാം. കോട്ടയം രാഷ്ട്രീയത്തിന് ഒരു സഭ്യതയുണ്ട്. വൈക്കം വിശ്വൻ ഇവിടെ ജയിച്ചിട്ടുണ്ടെങ്കിലും അന്നത് ഇടതുപക്ഷ തംരഗത്തിലാണ്. അദ്ദേഹത്തിന് ഇരു നിറമാണ്. ഒപ്പം ആളൊരു ഹാർഡാണെന്നു തോന്നും. കോൺഗ്രസ് സ്വഭാവമുള്ള എന്നാൽ ഇടതുപക്ഷത്തിന് ജയം ഉണ്ടാവുന്ന മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ. കഴിഞ്ഞ തവണ ജയിച്ചത് സുരേഷ് കുറുപ്പാണ്. 2801 വോട്ടുകൾ ഭൂരിപക്ഷം ഉണ്ടായിരുന്നു അന്ന് കുറുപ്പിന്.

സുരേഷ് കുറുപ്പാണ് ഇക്കുറി ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. കുറുപ്പിന് ഇവിടെ നല്ലൊരു ആരാധനാ വൃന്ദമുണ്ട്. ഒപ്പം ജനകീയനായ എംപിയായിരുന്നുവെന്ന പ്രത്യേകതയും. ഭൂരിപക്ഷം ഹിന്ദു സമുദായ വോട്ടുകളിൽ സാമുദായികമായി നായർ, രാഷ്ട്രീയമായി ഈഴവ വോട്ടുകളും കുറുപ്പിനാണ് കിട്ടാൻ സാധ്യത. ഒപ്പം കുറച്ചു ക്രിസ്ത്യൻ വോട്ടുകളും സുരേഷ് കുറുപ്പ് പിടിക്കും.

എതിർ സ്ഥാനാർത്ഥി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ തോമസ്‌ ചാഴിക്കാടനാണ്. ക്‌നാനായ സമുദായക്കാരനാണ് എന്നതിനാൽ അത്തരത്തിൽ വരുന്ന വോട്ടുകൾ സാമുദായികാടിസ്ഥാനത്തിൽ തോമസിനു ലഭിക്കും. സമുദായത്തിൽ നിന്നും വേറെ അധികം സ്ഥാനാർത്ഥികൾ ഇല്ലാത്തതുകൊണ്ട് വോട്ടുകൾ കിട്ടാനുള്ള സാധ്യതകളുമുണ്ട്. ഏറ്റുമാനൂർ ബിജെപി സ്ഥാനാർത്ഥി ബിഡിജെഎസ് ആയതും കുറുപ്പിന് സൗകര്യമായി. എ ജി തങ്കപ്പൻ ആണ് എവിടെ എൻഡിഎ സ്ഥാനാർത്ഥി. ഈഴവ വോട്ടുകൾ ലക്ഷ്യമാക്കി മത്സരിക്കുന്നു. എന്നാലും ഇപ്പോൾ നേരിയ മുൻതൂക്കം സുരേഷ് കുറുപ്പിനാണ് എന്ന് പറയാം. പക്ഷേ എൻഡിഎ സ്ഥാനാർത്ഥി പിടിക്കുന്ന വോട്ടുകളിൽ ചിലപ്പോൾ അത് മാറാനും സാധ്യതയുണ്ട്.

ചങ്ങനാശേരിയിൽ സി എഫിനെ പരാജയപ്പെടുത്താൻ സ്വന്തം പാർട്ടിക്കാരും

ർച്ച് ബിഷപ്പിന്റെ അരമനയും, എൻഎസ്എസിന്റെ ഹെഡ് ക്വാർട്ടേഴ്‌സും ഇരിക്കുന്ന സ്ഥലമാണ് ചങ്ങനാശ്ശേരി. ഇവിടെ യുഡിഎഫ് മിക്കവാറും ജയിക്കുന്ന മണ്ഡലവുമാണ്. പക്ഷേ ഒരു പ്രതികൂല രാഷ്ട്രീയ അന്തരീക്ഷവും ഇവിടെ ഇപ്പോഴുണ്ട്. സ്ഥലം എംഎൽഎ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ സി എഫ് തോമസ് തന്നെ വീണ്ടും സ്ഥാനാർത്ഥിയായി. ജനാധിപത്യ കോൺഗ്രസിലുള്ള ഡോ. കെ സി ജോസഫ് സ്ഥാനാർത്ഥിയായി. കുട്ടനാട്ടുകാരൻ ആണെങ്കിലും ചങ്ങനാശ്ശേരിയിൽ വേരുകളുള്ള ശക്തനായ മെത്രാനും സമുന്നതനായ നേതാവുമാണ് ഇദ്ദേഹം. സി എഫ് തോമസിന്റെ പരാജയം ആഗ്രഹിക്കുന്നവർ ഇടതു മുന്നണിയിലും, ബിജെപിയിലും മാത്രമല്ല ഇദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലും ഗ്രൂപ്പിലുമുണ്ട്. ചെറിയ ഭൂരിപക്ഷമാണ് ഇവിടെ കഴിഞ്ഞ തവണ ലഭിച്ചത്. ഇനി ഒരു അങ്കത്തിനു ബാല്യമുണ്ട് എന്നാണ് പറയുന്നത്. പക്ഷേ ജയസാധ്യത കുറവാണ്. ബിജെപി ശ്രദ്ധകേന്ദ്രീകരിക്കുന്ന മണ്ഡലം കൂടിയാണ് ചങ്ങനാശേരി. ഏറ്റുമാനൂർ രാധാകൃഷ്ണനാണ് ഇവിടെ ഇവരുടെ സ്ഥാനാർത്ഥി. ജയ സാധ്യതകൾ ഇല്ല എന്നാലും പെരുന്നയിലെ നായന്മാർ ഒന്നും സുകുമാരൻ നായർ പറയുന്നത് പോലെ വോട്ടു ചെയ്യുന്നവരല്ല. അതിനാൽ കുറച്ചു വോട്ടുകൾ പിടിക്കും. പക്ഷേ ജയ സാധ്യതയില്ല.

വൈക്കം സിപിഐ കുത്തക തന്നെ

ജില്ലയിലെ സംവരണ സീറ്റാണ് വൈക്കം. വൈക്കത്തെപ്പറ്റി പറഞ്ഞാൽ കടുത്തുരുത്തിയിൽ മോൻസിയുടെ വിജയം പോലെ ഉറപ്പാണ് ഇവിടെ സിപിഐ സ്ഥാനാർത്ഥിയായി ഇക്കുറി ആദ്യമായി മത്സരിക്കാൻ ഇറങ്ങുന്ന ആശയുടെ വിജയം. സിപിഐയുടെ കുത്തക സീറ്റാണ് വൈക്കം. എന്നാൽ ബിഡിജെഎസിനു വേണ്ടി നീലകണ്ഠൻ മാസ്റ്റർ ഇവിടെ സ്ഥാനാർത്ഥിയാകുന്നു എന്നതാണ് പ്രേത്യകത. പുലയ സമുദായത്തിനു പ്രാമുഖ്യമുള്ള മണ്ഡലം കൂടിയായതുകൊണ്ട് കെപിഎംഎസ് ആയ നീലകണ്ഠൻ മാസ്റ്റർ ഇവിടെ കുറച്ചു വോട്ടുകൾ പിടിക്കും. യുഡിഎഫ് സ്ഥാനാർത്ഥി സനീഷ് കുമാറാണ്. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തു പോയാലും അത്ഭുതപ്പെടാനില്ല.

പൂഞ്ഞാറിൽ സാധ്യത പി സിക്ക്

നാധിപത്യ കേരളം ഉറ്റുനോക്കുന്ന മണ്ഡലം മലമ്പുഴയോ, പുതിയ ധർമ്മടമോ ഒന്നുമല്ല അത് പൂഞ്ഞാർ ആണ്. കാരണം ഇടതു വലതു മുന്നണികളിൽ ഇല്ലാത്ത പി സി ജോർജ് സ്വന്തം കാലിൽ നിന്ന് ഇവിടെ മത്സരിക്കുന്നു. എതിർ സ്ഥാനാർത്ഥികൾ ചില്ലറക്കാരല്ല. പി സി ജോസഫ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥി മാണി ഗ്രൂപ്പിൽ നിന്നും ജോർജുകുട്ടി അഗസ്തി. അദ്ദേഹം കാഞ്ഞിരപ്പള്ളി മെത്രാന്റെ വിശ്വസ്തനാണ്. പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ ഈ സീറ്റ് മാണി ഗ്രൂപ്പിൽ മോഹിച്ചിരുന്നു എങ്കിലും ആരെയും മാണി സാർ ഇത് തൊടിക്കാതെ കാഞ്ഞിരപള്ളി മെത്രാനു കൊടുത്തു. അങ്ങനെ ഇവിടെ ജോർജുകുട്ടി അഗസ്തി സ്ഥാനാർത്ഥിയായി. ഈഴവർ ബഹുഭൂരിപക്ഷമുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ബിഡിജെഎസിനും വളരെ പ്രതീക്ഷകൾ ഉണ്ട്. എം ആർ ഉല്ലാസ് ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. ഒപ്പം പി സി ജോർജും. ചതുഷ്‌കോണ മത്സരം എന്നുതന്നെ പറയാം. അവസാന വോട്ടുവരെ എണ്ണികഴിഞ്ഞാലേ ആരാണ് വിജയി എന്നു പറയാൻ കഴിയു എന്നതാണ് പൂഞ്ഞാറിലെ സ്ഥിതി. ഇപ്പോഴത്തെ അവസ്ഥ വച്ച് പി സി ജോർജും ജോർജുകുട്ടി അഗസ്തിയും തമ്മിലാണ് മത്സരം. എന്നാൽ ഇവിടെ ഈഴവ വോട്ടുകൾ ഗണ്യമായി കിട്ടാറുള്ളത് പി സിക്കാണ്. ഈഴവ മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണം പി സിക്ക് അനുകൂലമാണ്. ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥാ വിശേഷമാണ് പൂഞ്ഞാറിലുള്ളത്.

പൂഞ്ഞാറിൽ പി സിക്കാണ് ഇപ്പോഴും സാധ്യതാ. കേരളാ കോൺഗ്രസിന്റെ കോട്ട കോട്ടയത്ത് ദുർബലപ്പെടാൻ സാദ്ധ്യതകൾ ഉള്ള തിരഞ്ഞെടുപ്പാണിത്. ചങ്ങനാശ്ശേരി അടക്കമുള്ള മണ്ഡലങ്ങൾ ഇവരുടെ കയ്യിൽ നിന്ന് പോവകാനും സാദ്ധ്യതകൾ ഏറെയാണ് ഇക്കുറി എന്നാണ് ഇപ്പോൾ ഉള്ള അവസ്ഥ നോക്കിയാൽ മനസിലാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP