Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചവറയിൽ ഷിബുവിന് മുൻതൂക്കം; കുണ്ടറയിൽ പോരാട്ടം കടുപ്പിച്ച് ഉണ്ണിത്താൻ; മുകേഷിന് കടുത്ത വെല്ലുവിളിയുമായി സൂരജ് രവി; പത്തനാപുരത്ത് പാട്ടുംപാടി ജയിക്കാൻ ഗണേശ്; കോവൂരും ഐയിഷാ പോറ്റിയും കടക്കും; കോട്ടകൾ കാത്ത് സിപിഐയും; കൊല്ലത്തെ അഡ്വ. ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

ചവറയിൽ ഷിബുവിന് മുൻതൂക്കം; കുണ്ടറയിൽ പോരാട്ടം കടുപ്പിച്ച് ഉണ്ണിത്താൻ; മുകേഷിന് കടുത്ത വെല്ലുവിളിയുമായി സൂരജ് രവി; പത്തനാപുരത്ത് പാട്ടുംപാടി ജയിക്കാൻ ഗണേശ്; കോവൂരും ഐയിഷാ പോറ്റിയും കടക്കും; കോട്ടകൾ കാത്ത് സിപിഐയും; കൊല്ലത്തെ അഡ്വ. ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

കൊല്ലം ജില്ലയെക്കുറിച്ച് പറഞ്ഞു കഴിഞ്ഞാൽ കണ്ണൂരിനെക്കാളും, കോഴിക്കോടിനേക്കാളും ഇടതുപക്ഷത്തിന് ഏറ്റവും കൂടുതൽ മേൽകൈ ഉള്ള ഒരു ജില്ലയാണ്. 11 അസംബ്ലി മണ്ഡലങ്ങളാണ് ഇപ്പോൾ കൊല്ലത്തുള്ളത്.

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എവിടെ എൽഡിഎഫിനു ലഭിച്ചത്. കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ഇവിടെ നല്ല വിജയമാണ് നേടിയത്. അതേസമയം കഴിഞ്ഞ രണ്ടു പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ കൊല്ലത്ത് ജയിച്ചത് എൽഡിഎഫ് ആണ്.

കൊല്ലത്തിന്റെ ഭാഗങ്ങൾ ഉൾകൊള്ളുന്ന മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസാണ് ജയിച്ചത്. ഇടതുപക്ഷ വളക്കൂറുള്ള കൊല്ലത്തും മാവേലിക്കരയിലും പാർലമെന്റിലേക്ക് പ്രേമചന്ദ്രനും, കൊടിക്കുന്നിൽ സുരേഷും ജയിച്ചു കയറി. 2001 നു ശേഷം കൊല്ലം ജില്ലയിൽ നിന്നും ഒരു കോൺഗ്രസ്സുകാരനും ജയിച്ചിട്ടില്ല. പക്ഷെ കോൺഗ്രസ് ഘടകകക്ഷികൾ ജയിച്ചിട്ടുണ്ട്. നല്ല സ്ഥാനാർത്ഥികളെ കോൺഗ്രസ് നിർത്തുന്നില്ല എന്നാണ് അതിനു കാരണം.

പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയായതുകൊണ്ട് മാത്രമാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ജയിച്ചത്. കൊല്ലത്തെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പിൽ മുൻപ് എൽഡിഎഫിന്റെ ഒപ്പംമുണ്ടായിരുന്ന നാലു മണ്ഡലങ്ങളിൽ മത്സരിച്ചു മൂന്നു മണ്ഡലങ്ങളിൽ ജയിക്കുന്ന ആർഎസ്‌പി ഇക്കുറി യുഡിഎഫിനൊപ്പം ആണെന്നുള്ളതാണ്.

കുന്നത്തൂർ കോവൂരിനൊപ്പം

ജില്ലയിലെ ഏക സംവരണ സീറ്റാണ് കുന്നത്തൂർ. കഴിഞ്ഞ തവണ ആർഎസ്‌പിയുടെ കോവൂർ കുഞ്ഞുമോൻ ആയിരുന്നു ഇവിടെ ജയിച്ചത്. ഇത്തവണ കുഞ്ഞുമോൻ ആർഎസ്‌പിയിൽ നിന്ന് രാജി വെക്കുകയും വിമത ആർഎസ്‌പി ഉണ്ടാകുകയും ചെയ്തു. ഇദ്ദേഹം തന്നെ ഉണ്ടാക്കിയ ആർഎസ്‌പി ലെനിനിസ്റ്റിന്റെ ആളാണ് ഇദ്ദേഹം. ആർഎസ്‌പി 'യു' ഗ്രൂപ്പിൽ മത്സരിക്കുന്ന അദ്ദേഹം ഇത്തവണ അതുകൊണ്ട് എൽഡിഎഫിന്റെ സ്ഥാനാർത്ഥിയാണ്. ഇദ്ദേഹത്തിന്റെ തന്നെ അടുത്ത ബന്ധുകൂടിയായ ഉല്ലാസ് കോവൂരാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഒരു കുടുംബത്തിൽ നിന്ന് രണ്ടുപേർ മത്സരിക്കുന്ന മണ്ഡലവും അതിനാൽ കുന്നത്തൂരാണ്. എവിടെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തഴവ സഹദേവൻ ആണ്. ഇദ്ദേഹം ഹിന്ദു ഐക്യവേദിയുടെയും ബീഡിജെഎസിന്റെയും ആളാണ്. നായാടി മുത്താണ് നമ്പൂതിരി വരെയുള്ള ഐക്യം സംഘടിപ്പിക്കുന്നതിന്റ പ്രമുഖ നേതാവാണ് തഴവ സഹദേവൻ.

ഇടതുപക്ഷത്തിന് വളരെ സ്വാധീനമുള്ള മണ്ഡലമാണ് കുന്നത്തൂർ അതുകൊണ്ടാണ് കോവൂർ കുഞ്ഞുമോൻ ആർഎസ്‌പി വിട്ട് വീണ്ടും എൽഡിഎഫിലേക്ക് പോയത് അല്ലാതെ ഇദ്ദേഹം പറയുന്നത് പോലെ ദാർശനികമായ കാര്യങ്ങൾ കൊണ്ടല്ല. കുഞ്ഞുമോനറിയാം ഇവിടെ ഷിബുവിന്റെ പാർട്ടിയുടെ ആളായി മത്സരിച്ചാൽ രക്ഷയില്ല എന്ന് അതുകൊണ്ടാണ് ആർഎസ്‌പി ലൈനിനിസ്റ്റ് എന്ന ആർഎസ്‌പി 'യു' എന്ന പാർട്ടിയുണ്ടാക്കിയത്. ഉല്ലാസ്, ഷിബു അസീസ് ആർഎസ്‌പിയുടെ ആളാണ്, ദൃശ്യ മാദ്ധ്യമ പ്രവർത്തകനുമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആ പണിയിലേക്ക് തന്നെ ഉല്ലാസിനു തിരിച്ചു പോകാം കാരണം ഇവിടെ കുഞ്ഞുമോൻ തന്നെ ജയിക്കാനാണ് സാധ്യത. എൻഡിഎ സ്ഥാനാർത്ഥി തഴവ സഹദേവൻ കുറെ വോട്ടുകൾ പിടിച്ചു ജാമ്യ സംഖ്യ തിരിച്ചു പിടിക്കുമെന്നല്ലാതെ രണ്ടാം സ്ഥാനം കിട്ടുകയില്ല.

ഇരവിപുരത്ത് കടുത്ത മത്സരം

ഇരവിപുരത്ത് എഎ അസീസാണ് ആർഎസ്‌പിയുടെ യുഡിഎഫ് സ്ഥാനാർത്ഥി. ഇരവിപുരത്ത് പലതവണ ജയിച്ചിട്ടുള്ള അസീസിനെതിരായി ഇവിടെ മത്സരിക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥിയും കൊലക്കേസ് പ്രതിയുമായ എം നൗഷാദാണ്. കൊല്ലം ജില്ലയിലെ ഒരു മുസ്ലിം സംവരണ മണ്ഡലമാണിത്. നൗഷാദ് ജയിക്കാനാണ് സാധ്യത എന്നാൽ നൗഷാദ് ഒരു കൊലക്കേസ് പ്രതിയാണ് എന്ന നമ്പർ വച്ചിട്ടാണ് ഇവിടെ യുഡിഎഫ് പ്രചാരണം. എന്തുമാത്രം ഫലം കിട്ടും എന്നുള്ളതു വോട്ട് എണ്ണിക്കഴിഞ്ഞാലെ മനസ്സിലാകൂ. അക്കാവിള സതീഷാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. ബാക്കി രണ്ടുപേരും മുസ്ലിം സമുദായത്തിൽപ്പെട്ട സ്ഥാനാർത്ഥികളായതിനാൽ മുസ്ലിം സമുദായത്തിൽ അല്ലാത്ത കുറെ വോട്ടുകൾ ഇയാൾക്കു കിട്ടാൻ ഇവിടെ സാധ്യതയുണ്ട്.

ചവറയിൽ ഷിബു തേരോട്ടം തുടരും

ചവറ ബേബി ജോണിന്റെ സ്വന്തം മണ്ഡലമായിരുന്നു. പിന്നീട് ബേബി ജോണിന്റെ കാലശേഷം മകനായ ഷിബു ബേബി ജോൺ 2001 ൽ ഇവിടെ രാമകൃഷ്ണ പിള്ളയോട് മത്സരിച്ചു ജയിച്ചു. 2006 ൽ പ്രേമചന്ദ്രനെതിരെ ഇവിടെ  തോറ്റു. 2011 ൽ ഷിബു ജയിച്ചു. 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഷിബുവിന്റെ ശക്തമായ പിന്തുണയോടെ പ്രേമചന്ദ്രൻ ജയിച്ചു. ചവറയിൽ 24000 ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷം പ്രേമചന്ദ്രന് അന്ന് ചവറയിൽ കിട്ടി. എന്നാൽ കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസും ആർഎസ്‌പിയുമൊക്കെ പിന്നിൽ പോയി.

ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിഎംപിയുടെ എൻ വിജയൻ പിള്ളയാണ്. ആദ്യം സിഎംപി ഇരവിപുരമാണ് ചോദിച്ചത്. പക്ഷേ അത് സിപിഐ(എം) തന്നെ സ്വന്തമാകുകയും ചോദിക്കാനും പറയാനുമില്ലാത്ത സിഎംപിക്കു ചവറ കൊടുക്കുകയുമാണ് ചെയ്തത്. ഐസ് ലൻഡിൽ പാമ്പുകൾ ഇല്ല എന്ന് പറഞ്ഞപോലെ സിംഗപ്പൂരിൽ കാക്കകൾ ഇല്ല എന്ന് പറഞ്ഞത് പോലെ ചവറയിൽ സിഎംപിയുമില്ല. അരവിന്ദാക്ഷൻ ഗ്രൂപ്പ് തീരെയുമില്ല. അതുകൊണ്ടു സിപിഐ(എം) തന്നെ സ്‌പോൺസർ ചെയ്തു കൊടുത്ത സ്ഥാനാർത്ഥിയാണ് പേരിൽ തന്നെ ചവറയുള്ള ചവറ വിജയൻ പിള്ള. പഴയ ആർഎസ്‌പിക്കാരനായിരുന്നു വിജയൻ പിള്ള. ഷിബുവിനെപ്പോലെ തന്നെ പൊതു പ്രവർത്തനം കൊണ്ട് ധാരാളം പണമുണ്ടാക്കിയ ആളുമാണ് വിജയൻ പിള്ള.

ഇടയ്ക്ക് അദ്ദേഹം കോൺഗ്രസിൽ പോയി അവസാനം അദ്ദേഹം ഒരു മാർക്‌സിസ്റ്റ് മച്ചാനായി മാറി. പിണറായി വിജയന്റെ നവകേരളാ മാർച്ച് ചവറയിൽ വന്നപ്പോൾ ഖദർ ഉടുത്ത പിള്ള കമ്യൂണിസ്റ്റായി ഹാരാർപ്പണം നടത്തി എന്നതാണ് ചരിത്രം. അങ്ങനെ പിണറായി പൂത്തുലഞ്ഞു. അപ്പോഴാണ് സിഎംപിക്കാർ സീറ്റുമായി വരുന്നത് അപ്പോൾ പിണറായി സീറ്റും കൊടുത്തു. കൂടെയൊരു സ്ഥാനാർത്ഥിയേയും കൊടുത്തു. അങ്ങനെ ചവറ വിജയൻ പിള്ള ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന വിജയൻ പിള്ളയുടെ ചിരകാലാഭിലാഷം സാധിച്ചുവെങ്കിലും ഇവിടെ ഷിബുവേ ജയിക്കൂ. എം സുനിൽ ആണ് ബിജെപി സ്ഥാനാർത്ഥി. ബിജെപിക്ക് അധികം വോട്ടില്ലാത്ത സ്ഥലമാണ് കൊല്ലം ജില്ലയും ചവറയും

കൊല്ലത്ത് മുകേഷിന് കനത്ത വെല്ലുവിളി

അഞ്ചു വർഷം എക്സൈസ് മന്ത്രിയായിട്ടും അഞ്ചു പൈസ പോലും കൈക്കൂലി വാങ്ങിക്കാത്ത പി കെ ഗുരുദാസനാണ് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും കൊല്ലത്തു നിന്ന് ജയിച്ചത്. ബുദ്ധി കട്ട പിടിച്ചിരിക്കുന്ന അതി ബുദ്ധിമാന്മാരായ സിപിഐ(എം)കാർ ഇക്കുറി അവർക്ക് മാത്രം അറിയാവുന്ന ചില കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. അങ്ങനെ ഗുരുദാസന്റെ പേര് വെട്ടി അവിടെ മൂന്നാംനിര സിനിമാനടൻ മുകേഷിന് പാർട്ടി സീറ്റു കൊടുത്തു. മുകേഷിന് പാർട്ടിയുമായിട്ടുള ബന്ധം അദ്ദേഹത്തിന്റെ അച്ഛനും നാടകക്കാരനുമായ ഒ. മാധവൻ പണ്ട് സിപിഐകാരനും പഞ്ചായത്ത് പ്രസിഡന്റും ഒപ്പം കെപിഎസിയുടെ 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ നടനുമായിരുന്നു എന്ന കാരണത്തിലാണ്.

അങ്ങനെ മുകേഷിനെ പിണറായി സഖാവ് ഏറ്റെടുത്തു. കമ്യൂണിസ്റ്റുകാരുടെ നാടക ട്രൂപ്പായ കെപിഎസിയെ അട്ടിമറിച്ചു കാളിദാസ കലാകേന്ദ്രം തുടങ്ങിയ ഒ.മാധവന്റെ മകനാണ് നടൻ മുകേഷ്. മുകേഷാണ് ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥി. മുൻപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രാകുളം ചെഗുവേര എന്നറിയപ്പെടുന്ന ബേബി സഖാവിന് വോട്ടു പിടിക്കാൻ മുകേഷ് ഇറങ്ങിയിരുന്നു. അങ്ങനെ വോട്ടു പിടിച്ചതിന്റെ ഫലമായി ബേബി സഖാവ് ഇവിടെ തോൽക്കുകയും പ്രേമചന്ദ്രൻ ജയിക്കുകയും ചെയ്തു എന്നാണ് ചരിത്രം. ബേബിയുടെ പരാജയത്തിൽ ചെറുതല്ലാത്ത പങ്കു വഹിച്ച മുകേഷ് സഖാവിനെ വേണ്ടവിധത്തിൽ ആദരിക്കേണ്ടത് ആവശ്യമല്ലേയെന്ന് മനസിലാക്കിയ പിണറായി വിജയൻ കൊല്ലം സീറ്റ് മുകേഷിനു പതിച്ചു കൊടുക്കുകയും ചെയ്തു.

കൊല്ലം അത്ര വലിയ ഇടതുപക്ഷ കോട്ടയൊന്നുമല്ല. ഗുരുദാസനായിരുന്നെങ്കിൽ ഈസിയായി ജയിക്കാവുന്ന മണ്ഡലമാണ് കൊല്ലം. മുകേഷ് നിന്നപ്പോൾ കോൺഗ്രസ് ഒരു ഏഴാംകൂലി സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ സൂരജ് രവി എന്ന നല്ലൊരു സ്ഥാനാർത്ഥിയെ കൊണ്ടുവന്നു അവതരിപ്പിച്ചു. സൂരജ് രവി, അന്തരിച്ച തോപ്പിൽ രവിയുടെ മകനും, വി എം സുധീരന്റെ ശിഷ്യനുമാണ്. നല്ല പ്രചാരണം ഇവിടെ സൂരജ് നടത്തികൊണ്ടിരിക്കുകയാണ്. ആരു ജയിക്കും ആരു തോൽക്കും എന്ന് പറയാൻ സാധിക്കില്ല. പക്ഷേ മാർക്‌സിസ്റ്റുകാർക്ക് പറ്റാവുന്നതിൽ ഏറ്റവും വലിയ അബദ്ധമാണ് ഇവിടെ ഗുരുദാസനെ മാറ്റിയത്. ഒപ്പം കോൺഗ്രസിനു കിട്ടാവുന്നതിൽ ഏറ്റവും വലിയ നല്ലൊരു സ്ഥാനാർത്ഥിയാണ് സൂരജ്. ശേഷം വെള്ളിത്തിരയിൽ.

പ്രഫ. ശശികുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. ജെഎസ്എസ് രാജൻ ബാബു വിഭാഗത്തിന്റെ സ്ഥാനാർത്ഥിയാണ് അദ്ദേഹം. കൊല്ലത്ത് കുറച്ചു വോട്ടുകൾ പിടിക്കാൻ പ്രൊഫസർക്കും സാധിക്കും.

കുണ്ടറയിൽ ഉണ്ണിത്താൻ ജയിച്ചാലും അത്ഭുതപ്പെടാനില്ല

കുണ്ടറയെക്കുറിച്ചു പറയുമ്പോൾ ആദ്യം ഓർമ വരുന്നത് വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരമാണ്. കുണ്ടറയിൽ ജനിച്ചയാളാണ് മറിയം അലക്സാണ്ടർ ബേബി. അദ്ദേഹത്തെ ചിലർ പ്രാക്കുളം ചെഗുവേര എന്നും, കുണ്ടറ ഷാവേസ് എന്നും വിളിക്കും. അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായപ്പോൾ കേരളത്തെ വിദ്യാഭ്യാസ പരിഷ്‌ക്കാരം കൊണ്ട് പുഷ്‌ക്കലമാക്കിയതിനാൽ അദ്ദേഹം രണ്ടാം മുണ്ടശ്ശേരി എന്ന തൂലികാ നാമത്തിലും അറിയപ്പെടുന്നു.

കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ മത്സരിച്ച ഏക പോളിറ്റ് ബ്യുറോ അംഗം അദ്ദേഹമായിരുന്നു. കൊല്ലം ഒരു ഇടതുപക്ഷ മണ്ഡലമായിരുന്നു എന്നാൽ പ്രേമചന്ദ്രൻ അന്നു ജയിക്കുകയും ബേബിയുടെ മണ്ഡലമായ കുണ്ടറയിലും, ബേബിയുടെ വീടിരിക്കുന്ന പ്രാക്കുളം പഞ്ചായത്തിലും അദ്ദേഹം വോട്ട് ചെയ്ത ബൂത്തിലും പ്രേമചന്ദ്രൻ ലീഡ് ചെയ്തു. അങ്ങനെ വേലുത്തമ്പി ആത്മഹത്യ ചെയ്തതു പോലെ ബേബി അന്ന് ഒരു രാജി കത്തെഴുതി പാർട്ടി ഓഫീസിൽ കൊടുത്തു. പക്ഷേ അദ്ദേഹത്തേക്കാൾ ബുദ്ധിയുള്ള പാർട്ടിയിലെ സഖാക്കൾ അദ്ദേഹത്തിന്റെ രാജി തള്ളിക്കളയുകയും നിയമസഭയിൽ പോയി ഒപ്പിടുവാനും ആവശ്യപെട്ടു. അങ്ങനെയാണ് ബേബി സഖാവിന്റെ ഫ്‌ളാഷ് ബാക്ക്. ഇത്തവണ ബേബി സഖാവ് കുണ്ടറയിൽ മത്സരിക്കുന്നില്ല അദ്ദേഹം രാജ്യസഭയിലേക്കാണ് പോകുന്നത് എന്നു കേട്ടിരുന്നു. എന്നാൽ അവിടെയും പിണറായി സഖാവ് ഒരു ഗുലാൻ ഇട്ടു വെട്ടി. സോമപ്രസാദ് എന്ന കൊല്ലംകാരനെ രാജ്യസഭയിലേക്കയച്ചു. ഇപ്പോൾ ബേബി ഒറ്റക്കാലിൽ നിൽക്കുകയാണ് പിബി മെമ്പർ എന്ന പദവിയിൽ.

ഇത്തവണ കുണ്ടറയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എ മേഴ്സിക്കുട്ടിയമ്മയാണ്. ഇവിടെ രണ്ടു തവണ ഇവിടെത്തന്നെ നിന്ന് ജയിച്ചതാണ്. വി എസ് ഗ്രൂപ്പുകാരിയുമാണ്. മേഴ്സിക്കുട്ടിയമ്മ ഇവിടെ ജയിക്കേണ്ടതാണ്. പുനർവിഭാജത്തിനുശേഷം ഇവിടെ നായർ വോട്ടുകൾ കൂടുതലായി വന്നു. ഇവിടുത്തെ നായന്മാർ ജാതി നോക്കുന്നവരാണ് അവിടെയാണ് രാജ് മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്നിരിക്കുന്നത്. ഉണ്ണിത്താൻ ഒരു വാഗ്മിയും സകല അടവും പഠിച്ചവനുമാണ്. ഉണ്ണിത്താൻ ആദ്യമായാണ് കൊല്ലം ജില്ലയിൽ മത്സരിക്കുന്നത്. ഉണ്ണിത്താൻ ജയിക്കുമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഉണ്ണിത്താൻ ജയിച്ചാലും അത്ഭുതപ്പെടാനില്ല. പക്ഷേ കുണ്ടറയിൽ എൻഡിഎ സ്ഥാനാർത്ഥി കൂടുതൽ ഹിന്ദു വോട്ടുകൾ പിടിച്ചാൽ ഉണ്ണിത്താൻ താഴെപ്പോകുകയും ചെയ്യും.

കരുനാഗപ്പള്ളിയിൽ സിപിഐയ്ക്ക് കടുക്കും

കരുനാഗപ്പള്ളി സിപിഐയുടെ ഒരു ഉറച്ച മണ്ഡലമാണ്. 1980 ശേഷം സിപിഐ ഇവിടെ രണ്ടു പ്രാവശ്യം കുറഞ്ഞ വോട്ടിൽ തോറ്റു എന്നല്ലാതെ ഇപ്പോഴും സിപിഐയെ തുണച്ചുള്ള മണ്ഡലമാണ്. സഖാവ് സിഡി എന്ന് വിളിക്കുന്ന സി ദിവാകരനാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. എന്നാൽ സഖാവ് സിഡിയെ ഇവിടെ വേണ്ട എന്ന് കരുനാഗപ്പള്ളി ഏരിയക്കമ്മറ്റിയും കൊല്ലം ജില്ലാക്കമ്മറ്റിയും ഏക സ്വരത്തിൽ പറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജില്ല ഏറ്റെടുത്തു. ഇത്തവണ ഇവിടെ പാർട്ടി മത്സരിപ്പിക്കുന്നത് പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ ആർ രാമചന്ദ്രനാണ്. സാധാരണ ഇവിടെ സിപിഐ പാട്ടുംപാടി ജയിക്കേണ്ടതാണ്.

എന്നാൽ കൊല്ലത്തെപ്പോലെയുള്ള അവസ്ഥയാണ് ഇവിടെയും. കോൺഗ്രസ് സ്ഥാനാർത്ഥി സിആർ മഹേഷ് എന്ന യൂത്ത് കോൺഗ്രസുകാരനായ ചെറുപ്പക്കാരൻ നല്ല സ്ഥാനാർത്ഥിയാണ്. അതോടൊപ്പം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കെസി വേണുഗോപാലിന് ചെറിയ ഒരു ലീഡ് കിട്ടിയ സ്ഥലമാണ് കരുനാഗപ്പള്ളി. മണ്ഡലം ഇടതുപക്ഷ അനുകൂല മണ്ഡലമാണ് പക്ഷേ എതിർ സ്ഥാനാർത്ഥി ഉത്സാഹിയാണ് എന്നുള്ളത് ഇടതുപക്ഷത്തിന്റെ വിജയസാധ്യത കുറയ്ക്കുന്നു. ബീഡിജെഎസിന്റെ സ്ഥാനാർത്ഥിയാണ് ഇവിടെയുള്ളത്. വെള്ളാപ്പള്ളിയുടെ സ്വന്തം ആളായ സി സദാശിവൻ എന്നയാളാണ് ഇവിടെ മത്സരിക്കുന്നത്. എസ്എൻഡിപി വോട്ടുകൾ ഉള്ള സ്ഥലമാണിത്. എത്രത്തോളം കിട്ടുമെന്ന് ഇലക്ഷൻ കഴിഞ്ഞേ പറയാൻ പറ്റൂ.

ചാത്തന്നൂരിൽ ജയലാൽ

കേരളത്തിൽ ഓരോ തവണയും മാറി മാറി രണ്ടു മുന്നണികളേയും ജയിപ്പിക്കുന്നതു പോലെ ഇരു മുന്നണികളേയും തഴുകുകയും കൊള്ളുകയും ചെയ്യുന്ന സ്വാഭാവമുള്ള മണ്ഡലമാണ് ചാത്തന്നൂർ മണ്ഡലം. ചാത്തന്നൂരിൽ ജയിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്നാണ് സാധാരണ കാണാറുള്ളത്. എന്നാൽ കഴിഞ്ഞ തവണ തെറ്റി സിപിഐയുടെ ജിഎസ് ജയലാലാണ് ഇവിടെ ജയിച്ചത്. ബിന്ദു കൃഷ്ണയായിരുന്നു എതിർ സ്ഥാനാർത്ഥി .അന്ന് ബിന്ദു നിൽക്കട്ടെ ജയിക്കട്ടെ മന്ത്രിയാകട്ടെ എന്ന നിലയിലാണ് ഇവിടെ നിർത്തിയത്. പക്ഷേ ഇവിടെയുള്ള സകല കോൺഗ്രസുകാരും കൂടി ബിന്ദു കൃഷ്ണയെ കാലുവാരി തോൽപ്പിച്ചു. ഇത്തവണയും ജയലാൽ തന്നെയാണ് സ്ഥാനാർത്ഥി. ജനസ്വീകാര്യത യുള്ള എംഎൽഎയാണ് ജയലാൽ. അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് പുറ്റിങ്ങൽ വെടിക്കെട്ടപകടമുണ്ടായത്. അദ്ദേഹത്തിന് ഇക്കുറി എതിരാളിയായി നിൽക്കുന്നത് ശൂരനാട് രാജശേഖരനാണ്. ശൂരനാടിനെപ്പോലെയുള്ള എതിർസ്ഥാനാർത്ഥിയെ കിട്ടിയാൽ കേരളത്തിൽ ഏതു മണ്ഡലത്തിലും ജയിക്കാം.

പത്തനാപുരത്ത് ഗണേശൻ പാട്ടും പാടും ജയിക്കും

കെബി ഗണേശ് കുമാർ വീണ്ടും മത്സരിക്കുന്നു. 2001 മുതൽ ഗണേശ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് പത്തനാപുരം. ഗണേശ് ജയിക്കുന്നതിന് മുൻപ് പത്തനാപുരം ഒരു ഇടതു മണ്ഡലമായിരുന്നു. 2001 നു ശേഷം 2006 ൽ കൊല്ലം ജില്ലയിൽ ബാലകൃഷ്ണ പിള്ളയടക്കം എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികളും തോറ്റുപോയപ്പോൾ ഗണേശ് മാത്രമാണ് ആകെ ജയിച്ച യുഡിഎഫ് പ്രതിനിധി. പിന്നീട് 2011 ലും അദ്ദേഹം ജയിച്ചു മന്ത്രിയായി. എങ്കിലും കുടുംബ പ്രശനങ്ങൾ കൊണ്ട് രാജി വെക്കുകയായിരുന്നു. മൂന്നു തവണയും യുഡിഎഫ് സ്ഥാനാർത്ഥിയായി ഇവിടെ ജയിച്ച ഗണേശ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്നു. ഇവിടെ ഗണേശ് യുഡിഎഫ് ആയിട്ടോ, എൽഡിഎഫ് ആയിട്ടോ ആരുടെ പിന്തുണയിമില്ലാതെ നിന്നാലും ജയിക്കും കാരണം ഗണേശ് കുമാർ ബാലകൃഷ്ണ പിള്ളയുടെ മകനാണ്. ഗണേശ് ഒരു സിനിമാക്കാരൻ ആയതുകൊണ്ട് കോൺഗ്രസുകാർ ഇവിടെ ഒരു സിനിമാക്കാരനെത്തന്നെ ഇറക്കി. 'എച്ചുസ്മി അയാം പുഷ്‌കു' എന്ന് പറയുന്ന ജഗദീഷ് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.

ഇവർ രണ്ടു മുന്നണികളും സിനിമാക്കാരെ സ്ഥാനാർത്ഥിയാക്കിയപ്പോൾ പത്തനാപുരത്ത് മോഹൻലാലിനെയോ, സുരേഷ് ഗോപിയേയോ, ജയറാമിനെയോ കിട്ടാത്തതുകൊണ്ട് മലയാള സിനിമയിലെ വില്ലനും ധാരാളം ബലാത്സംഗ സീനുകളിൽ അഭിനയിച്ച ശരിശം മുഴുവനും ധാരാളം മസിലുള്ള ഭീമൻ രഘുവിനെ താമര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ പോവുകയാണ്. എന്തായാലും ഇത്തവണ ഒരുപാടു ജനശ്രദ്ധ ഈ മണ്ഡലം ഇതിനോടകം പിടിച്ചുപറ്റിയത്തിന്റെ കാരണവും ഇത് തന്നെയാണ്. കളർഫുൾ മണ്ഡലമായാലും പത്തനാപുരത്ത് ഇത്തവണയും കെബി ഗണേശ് കുമാർ പാട്ടുംപാടി ജയിക്കും എന്നുറപ്പാണ്.

കൊട്ടാരക്കരയിൽ ഐഷാ പോറ്റി തന്നെ

ബാലകൃഷ്ണ പിള്ളയുടെ കോട്ടയായിരുന്നു കൊട്ടാരക്കര. ആണായി പിറന്നവരാരും കൊട്ടാരക്കരയിൽ ബാലകൃഷ്ണ പിള്ളയെ തോൽപ്പിക്കാൻ വളർന്നിട്ടില്ല എന്നായിരുന്നു. പക്ഷേ പെണ്ണായി പിറന്ന ഐഷ പോറ്റി 2006 ൽ കന്നി മത്സരത്തിൽ ഇവിടെ തോൽപ്പിച്ചു. ഇക്കുറിയും ഐഷ പോറ്റിയാണ് ഇവിടെ സിപിഐ(എം) സ്ഥാനാർത്ഥി. ഹിരണ്യ കശിപുവിനു വരം കിട്ടിയത് പോലെ മഹാവിഷ്ണു നരസിംഹമായി അവതരിച്ചതു പോലെ ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ച ഐഷ പോറ്റി മൂന്നാം തവണയും ഇവിടെ ജയിക്കും. യൂത്ത് കോൺഗ്രസിന്റെ തിരുവനന്തപുരത്തു നിന്ന് ഇറക്കുമതി ചെയ്ത സവിൻ സത്യനാണു ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥി. പക്ഷെ ഐഷ പോറ്റി തന്നെയാണ് ജയിക്കാൻ സാധ്യത.

പുനലൂരും ചടയമംഗലവും സിപിഐയ്‌ക്കൊപ്പം തന്നെ

പുനലൂരും ചടയമംഗലവും സിപിഐ മണ്ഡലങ്ങൾ ആണ്. ഇവർ കാലാകാലങ്ങളായി ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും. ചടയമംഗലത്ത് 2001 ൽ പ്രയാർ ജയിച്ചതൊഴിച്ചാൽ വേറെ യുഡിഎഫ് സ്ഥാനാർത്ഥികളാരും ഇവിടെ ജയിച്ചിട്ടില്ല. പുനലൂരിലും ചടയമംഗലത്തും പഞ്ചായത്ത് ഇലക്ഷനിൽ ഇടതു കഴിവ് തെളിയിച്ച മണ്ഡലങ്ങളാണ്. ചടയമംഗലത്ത് മുല്ലക്കര രത്‌നാകരനും, പുനലൂരിൽ അഡ്വ. കെ രാജുവുമാണ് ഇത്തവണ സിപിഐ സ്ഥാനാർത്ഥികൾ.

യുഡിഎഫ് സ്ഥാനാർത്ഥികൾ യുവനേതാക്കളെ ഇവിടെ നിർത്തി മത്സരിപ്പിക്കാമായിരുന്നു എന്നാൽ ഏറ്റവും മോശം സ്ഥാനാർത്ഥികളയാണ് രണ്ടു സ്ഥലത്തും നിർത്തിയത്. ചടയമംഗലത്ത് പണ്ട് ബിഎ പരീക്ഷ കോപ്പി അടിച്ചു ജയിച്ച മഹാത്മാ എംഎം ഹസനും, പുനലൂരിൽ ഇരവിപുരത്ത് പല തവണ മത്സരിച്ചു തോറ്റ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യുനസ് കുഞ്ഞുമാണ് സ്ഥാനാർത്ഥികൾ. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ എല്ലാ മണ്ഡലങ്ങളിലും ബേബി താഴെ പോയപ്പോഴും ഈ രണ്ടു മണ്ഡലങ്ങളിലും എംഎ ബേബി ലീഡ് ചെയ്തീരുന്നു. അതിനാൽ ഈ രണ്ടു സ്ഥലങ്ങളിലും എൽഡിഎഫ് ജയിക്കും എന്നുറപ്പാണ്.

കൊല്ലത്തു ചവറ ഒഴിച്ച് എല്ലാ മണ്ഡലങ്ങളും എൽഡിഎഫിനു പ്രതീക്ഷിക്കാം. യുഡിഎഫിനു ചവറ അല്ലാതെ ഒരു അട്ടിമറി നടന്നാൽ കൊല്ലവും, ഉണ്ണിത്താന് ചെവിൽ പൂടയുള്ള നല്ല നായന്മാർ വോട്ടു ചെയതാൽ വേണമെങ്കിൽ കുണ്ടറയും പ്രതീക്ഷിക്കാം. പക്ഷേ ഉറപ്പിക്കാൻ വയ്യ.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP