Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മക്കളുടെ ചെയ്തികൾ കുഴപ്പത്തിലാക്കുന്നു; ബിനാമി ഇടപാടുകൾ മുതൽ പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛൻ; ഹോമവും പൂജയും അടക്കമുള്ള വിവാദങ്ങൾ വേറെ; ലാവ്‌ലിനിൽ കുടുങ്ങി പിണറായി രാജിവച്ചാൽ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കുപ്പായമിട്ട് നടന്ന നേതാവിന് എങ്ങും തിരിച്ചടി; അണികൾക്കിടയിൽ കടുത്ത പ്രതിഷേധം; സെക്രട്ടറി സ്ഥാനം ഉടൻ ഒഴിയണമെന്ന വാദവും ശക്തം; കോടിയേരിയെ കൈവിട്ട് കേന്ദ്ര നേതൃത്വവും; പന്ത് പിണറായിയുടെ കോർട്ടിൽ

മക്കളുടെ ചെയ്തികൾ കുഴപ്പത്തിലാക്കുന്നു; ബിനാമി ഇടപാടുകൾ മുതൽ പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛൻ; ഹോമവും പൂജയും അടക്കമുള്ള വിവാദങ്ങൾ വേറെ; ലാവ്‌ലിനിൽ കുടുങ്ങി പിണറായി രാജിവച്ചാൽ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കുപ്പായമിട്ട് നടന്ന നേതാവിന് എങ്ങും തിരിച്ചടി; അണികൾക്കിടയിൽ കടുത്ത പ്രതിഷേധം; സെക്രട്ടറി സ്ഥാനം ഉടൻ ഒഴിയണമെന്ന വാദവും ശക്തം; കോടിയേരിയെ കൈവിട്ട് കേന്ദ്ര നേതൃത്വവും; പന്ത് പിണറായിയുടെ കോർട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൊലീസിനെ സമീപിക്കുന്നതിനു മുമ്പേ ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നൽകിയിരുന്നതായി റിപ്പോർട്ട് പുറത്തു വരുമ്പോൾ വെട്ടിലാകുന്നത് പാർട്ടി കേന്ദ്ര നേതൃത്വമാണ്. നേരത്തെ ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലും പരാതി കിട്ടിയത് കേന്ദ്ര നേതൃത്വത്തിനായിരുന്നു. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നൽകിയിരുന്നത്. വിഷയം പാർട്ടിയുടെ കേന്ദ്ര നേതൃത്വം ചർച്ച ചെയ്തിട്ടുണ്ട്. പാർട്ടിക്ക് തീർത്തും അവമതിപ്പായി സംഭവം മാറുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി പരിപാടികളിലും മറ്റും പങ്കെടുക്കുന്ന മക്കൾ അവകാശപ്പെടുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമാണ്. പാർട്ടി സെക്രട്ടറിയുടെ മക്കളെന്ന നിലയിലാണ് ഇവരുടെ പ്രവർത്തനമെന്ന് കേന്ദ്ര കമ്മറ്റിയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് വരെ ഇതിന് കാത്തു നിൽക്കരുതെന്നും ആവശ്യപ്പെടുന്നവരുണ്ട്. വൃന്ദാ കാരാട്ടും മറ്റും വിലയ പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രകാശ് കാരാട്ടും വിഷയം ചർച്ചയാക്കിയിട്ടുണ്ട്.

ജൂൺ പതിമൂന്നിനാണ് യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതിനും വളരെ മുമ്പുതന്നെ യുവതി സി പി എമ്മിന്റെ കേന്ദ്രനേതാക്കൾക്ക് പരാതി നൽകിയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നേതൃയോഗങ്ങൾക്കായി ഡൽഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ ഈ വിഷയം ചർച്ച ചെയ്തിരുന്നു. വ്യക്തിപരമായ വിഷയമായതിനാൽ അനൗപചാരിക ചർച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കേരളത്തിൽനിന്നുള്ള നേതാക്കൾ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നെന്നും സൂചനയുണ്ട്. പരാതി വ്യക്തിപരമായതിനാൽ പാർട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതാക്കൾ തുടക്കത്തിൽ സ്വീകരിച്ചത്. പാർട്ടി നേതാക്കൾ ആരും വിഷയത്തിൽ ഇടപെടരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കോടിയേരിയുമായി നിരന്തരമുണ്ടാകുന്ന വിവാദങ്ങൾ പാർട്ടിയെ അഴിമതിക്ക് കൂട്ടു നിൽക്കുന്ന സംവിധാനമായി വിലയിരുത്തും.

ശബരിമലയിൽ വലിയ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. അതുകൊണ്ട് തന്നെ കോടിയേരിയുടെ മക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങൾ പാർട്ടിക്ക് താങ്ങാനാവുന്നില്ല. ഈ സാഹചര്യത്തിൽ കോടിയേരി മാറണമെന്ന അഭിപ്രായാണ് സജീവമാകുന്നത്. കോടിയേരിയുടെ മക്കളുടെ ചെയ്തികൾ തുടർച്ചയായി പാർട്ടിയെ കുഴപ്പത്തിലാക്കുന്നുവെന്നാണ് വിലയിരുത്തൽ. ബിനാമി ഇടപാടുകൾ മുതൽ പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛനെന്നാണ് പാർട്ടി വൃത്തങ്ങൾ പോലും പറയുന്നത്. പാർട്ടി സെക്രട്ടറിക്കെതിരെ ഹോമവും പൂജയും അടക്കമുള്ള ആരോപണങ്ങളും ഉണ്ട്. ലാവ്‌ലിനിൽ കുടുങ്ങി പിണറായി രാജി വച്ചാൽ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കരുതി കുപ്പായമിട്ട് നടക്കുന്ന കോടിയേരിയെ ഒതുക്കാൻ ഈ തക്കം നോക്കുകായണ് പാർട്ടിയിലെ എതിർവിഭാഗം. കാലാവധി പൂർത്തിയാക്കാൻ കാത്തിരിക്കാതെ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന വാദം ശക്തമാക്കുകയാണ് അവർ.

നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്ന സാഹചര്യത്തിലും പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരി ബാലകൃഷ്ണനിൽനിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്നും എല്ലാം മകന്റെ വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എ്ന്നാൽ മക്കൾ വ്യക്തിപരമായ തെറ്റുകൾ തുടർന്നാൽ എന്തു ചെയ്യുമെന്നാണ് ഇപ്പോൾ ദേശീയ നേതൃത്വവും ചിന്തിക്കുന്നത്. ദുബായിൽ ഡാൻസ് ബാറിൽ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. ഇതിൽ കുട്ടിയുടെ ഡിഎൻഎ പരിശോധന അതിനിർണ്ണായകമാകും.

തൃശൂരിൽ തെരഞ്ഞെടുപ്പ് സമ്മേളനത്തിനു തൊട്ടുമുൻപ് മക്കൾക്കെതിരെയുണ്ടായ സാമ്പത്തിക തട്ടിപ്പ് കേസ് കഷ്ടപ്പെട്ട് ഒതുക്കിത്തീർത്ത കോടിയേരി പുതിയ പ്രശ്നത്തിൽ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുകയാണ്. പാർട്ടിയുടെ ചരിത്രത്തിലാധ്യമായി സംസ്ഥാന സെക്രട്ടറിയുടെ മക്കൾക്കെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പുകേസുണ്ടായപ്പോൾ കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിയ പരാതി കേരളാപാർട്ടിയെ ഭീതിയിലാക്കിയിരുന്നു. ദുബായി പൗരനുമായുള്ള ആ കേസ് പിന്നീട് എങ്ങനെയോ കോടിയേരിയും പാർട്ടിയും പറഞ്ഞൊതുക്കിയിരുന്നു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയിൽ പാർട്ടിയും മുന്നണിയും പ്രതിസന്ധിയിലാണ്. കണ്ണൂരടക്കം വിജയ സാധ്യത ഉറപ്പിച്ച മണ്ഡലങ്ങളിൽ പോലും ഇടതുപക്ഷത്തിനു ജയിക്കാനായില്ല. ആറിടത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നു. പാർട്ടിക്കുണ്ടായ തോൽവി മറികടക്കാൻ തിരുത്തൽ നടപടിയിലേക്ക് കടക്കുമ്പോഴാണ് പാർട്ടി സെക്രട്ടറി തന്നെ പ്രതിരോധത്തിലാകുന്നത്. ഇതും കോടിയേരിയെ വെട്ടിലാക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലായി സിപിഎം സംസ്ഥാന സമിതി യോഗം നടക്കുന്നുണ്ട്. ഇവിടേയും ഈ വിഷയം ചർച്ചയാകാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമാകും ഇനി നിർണ്ണായകം. സെക്രട്ടറി സ്ഥാനമൊഴിണമെന്ന ആവശ്യത്തോടെ പിണറായി അനുകൂലമായി പ്രതികരിച്ചാൽ കോടിയേരിക്ക് സ്ഥാനം പോലും നഷ്ടമാകും.

മക്കളുടെ പേരിൽ കോടിയേരി ബാലകൃഷ്ണൻ പ്രതിക്കൂട്ടിലാകുന്നത് ആദ്യമല്ല. ആൺമക്കളിൽ ഇളയവനായ ബിനീഷായിരുന്നു വിവാദങ്ങളിൽ മുമ്പൻ. രവി പിള്ളയുടെ സ്ഥാപനത്തിലെ ജോലിയും ബിനാമി ബന്ധങ്ങളുമെല്ലാം ചർച്ചയായിരുന്നു. ഗൾഫ് കേന്ദ്രീകരിച്ചുള്ള പ്രവാസി വ്യവസായികളുമായുള്ള ബന്ധങ്ങളുടെ പേരിൽ വാർത്തകൾ സൃഷ്ടിച്ചു. സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്ത് പല സിനിമകളുടെ നിർമ്മാണത്തിലും ബിനീഷ് സാന്നിധ്യമുറപ്പിച്ചതായി ആരോപണമുയർന്നിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പോലും ആരോപണമുയർത്തി. ഏതാനും സിനിമകളിൽ മുഖംകാണിച്ചതിന്റെ പേരിൽ താരങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ ലേബലിലും ചർച്ചയായി. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ മകന്റെ പേരിലുള്ള പല ക്രിമിനൽ കേസുകളും പിൻവലിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചിരുന്നു.

ദുബായിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് കോടിയേരിയുടെ മൂത്ത മകൻ ബിനോയിയെ വിവാദനായകനാക്കിയത്. ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ ഹസൻ അൽ മർസുഖിയാണ് ബിനോയിക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. കോടികളുടെ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങിയെന്നായിരുന്നു ആരോപണം. പണം തിരികെക്കിട്ടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മർസുഖി സിപിഎം. പോളിറ്റ് ബ്യൂറോയെ സമീപിച്ചു. ഇതോടെയാണ് വാർത്ത പുറത്തായത്. ബിനോയിയെ പിടികൂടാൻ മർസുഖി ഇന്റർപോളിന്റെ അടക്കം സഹായംതേടി. കോടിയേരിയെയും പാർട്ടിയെയും ഇടതുമുന്നണി സർക്കാരിനെയും ഒരുപോലെ കരിനിഴലിലാക്കിയ പ്രശ്നത്തിൽനിന്ന് ബിനോയിയെ രക്ഷപ്പെടുത്തിയത് മലയാളികളായ രണ്ടു വ്യവസായപ്രമുഖരുടെ ഇടപെടലാണെന്നു സംസാരമുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദങ്ങൾ. ൗ സാഹചര്യത്തിലാണ് പാർട്ടിക്കാർ ആരും കോടിയേരിയെ പ്രതിരോധിക്കാൻ എത്താത്തും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരെ യുവതി നൽകിയ പീഡന പരാതിയിൽ പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചതും ശ്രദ്ധേയമാണ്. തെറ്റ് ചെയ്തവർ അനുഭവിക്കുകയല്ലാതെ പാർട്ടിക്ക് ഇതിൽ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇത് തന്നെയാണ് മറ്റ് നേതാക്കളുടേയും മനസ്സ്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് കോടിയേരിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP