Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അണികളെ തെരുവിലിറക്കിയിട്ട് ഇരുട്ടിന്റെ മറവിൽ സ്തുതി പാടാൻ പോകുന്നവർ മുനാഫിഖിന്റെ പണിയാണ് എടുക്കുന്നുവെന്ന വിമർശനം നേതൃത്വത്തിന് കൊണ്ടു; ഇനി കുഞ്ഞാലിക്കുട്ടിക്കെതിരെ മിണ്ടുന്നവരെ എല്ലാം പടിയടച്ച് പുറത്താക്കും; ഹംസയെ പുറത്താക്കുമ്പോൾ ചർച്ചയാകുന്നത് ലീഗിലെ കുഞ്ഞാപ്പയുടെ അപ്രമാദിത്വം; ഇത് കെ എം ഷാജി അടക്കമുള്ളവർക്കുള്ള താക്കീത്

അണികളെ തെരുവിലിറക്കിയിട്ട് ഇരുട്ടിന്റെ മറവിൽ സ്തുതി പാടാൻ പോകുന്നവർ മുനാഫിഖിന്റെ പണിയാണ് എടുക്കുന്നുവെന്ന വിമർശനം നേതൃത്വത്തിന് കൊണ്ടു; ഇനി കുഞ്ഞാലിക്കുട്ടിക്കെതിരെ മിണ്ടുന്നവരെ എല്ലാം പടിയടച്ച് പുറത്താക്കും; ഹംസയെ പുറത്താക്കുമ്പോൾ ചർച്ചയാകുന്നത് ലീഗിലെ കുഞ്ഞാപ്പയുടെ അപ്രമാദിത്വം; ഇത് കെ എം ഷാജി അടക്കമുള്ളവർക്കുള്ള താക്കീത്

എം എ എ റഹ്‌മാൻ

കോഴിക്കോട്: മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന്റെ തുടർച്ചയായി കെ എസ് ഹംസയെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയതോടെ ഹംസയുടെ അടുത്ത നീക്കമെന്തെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ലീഗിലെ കുഞ്ഞാലിക്കുട്ടി വിമതരെ അംഗീകരിക്കില്ലെന്ന സന്ദേശമാണ് നടപടിയിലൂടെ ലീഗ് നേതൃത്വം നൽകുന്നത്. മുസ്ലിം ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വന്നിട്ടും അധികാര കേന്ദ്രം കുഞ്ഞാലിക്കുട്ടി തന്നെയാണെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. കെ എം ഷാജി അടക്കമുള്ളവരുടെ പ്രവർത്തനവും പാർട്ടി നിരീക്ഷിക്കും. ഏത് സമയത്ത് വേണമെങ്കിലും നടപടിയും ഉണ്ടാകും.

മാധ്യമങ്ങളെ പേടിച്ച് ലീഗ് നേതൃയോഗം കൊച്ചിയിൽ നടത്തിയതും ചർച്ചയായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയും പ്രവർത്തകസമിതി അംഗവുമായിരുന്നു കെ എസ് ഹംസ. സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ഹംസക്കെതിരെ നടപടിയെടുത്തത്. ഇത് തീർത്തും സാങ്കേതികമായ കാര്യമാണെന്ന് ലീഗിന്റെ രാഷ്ട്രീയം പഠിച്ചവർക്ക് അറിയാം. ഉന്നത നേതൃത്വവും രണ്ടാം നിരക്കാരും തമ്മിൽ ലീഗിൽ എന്നുമുണ്ടായിരുന്നു ശീതസമരങ്ങൾ. പലപ്പോഴും അതെല്ലാം വള്ളിപുള്ളിവിടാതെ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുകയും ചെയ്തിരുന്നു. പലപ്പോഴും മറ്റേതൊരു പാർട്ടിയെക്കാളും വാർത്തകൾ ചോരുന്നതിന് പിന്നിലും പാർട്ടിക്കുള്ളിലെ ഗ്രൂപ്പു കളികളുടെ ആധിക്യമാണെന്നത് നേതൃത്വത്തിനും അറിയാം.

പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും കെ എസ് ഹംസയെ മാറ്റിയെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. അതായത് പാർട്ടിയുടെ പരമോന്നത നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരായുണ്ടായ പരസ്യ വിമർശനത്തെ നേതൃത്വം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ കെ എസ് ഹംസയെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയതിന് ലീഗ് നേതൃത്വം നൽകുന്ന വിശദീകരണം വേറൊരു രീതിയിലാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് എതിർപ്പുകളില്ലാതെ സാദിഖലിയെ അധ്യക്ഷനാക്കിയത് കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ട് തന്നെ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയെ പൂർണ്ണമായും പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ വിമത സ്വരം ഉയർത്തുന്നവരെ എല്ലാം പുറത്താക്കാനാണ് സാധ്യത.

ചന്ദ്രിക ഫണ്ടിൽ കെ എം ഷാജിയും സംശയം ഉന്നയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമർശിച്ച് കെ എം ഷാജി രംഗത്തു വന്നിരുന്നു. ചില പാർട്ടി നേതാക്കൾക്ക് പിണറായി വിജയനെ കാണുമ്പോൾ മുട്ടിടിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. അണികളെ തെരുവിലിറക്കിയിട്ട് ഇരുട്ടിന്റെ മറവിൽ സ്തുതി പാടാൻ പോകുന്ന ഇക്കൂട്ടർ മുനാഫിഖിന്റെ (ഒറ്റുകാരൻ) പണിയാണ് എടുക്കുന്നതെന്നും ഷാജി പറഞ്ഞിരുന്നു. ബഹ്റൈനിൽ കെഎംഎസിസി പരിപാടിയിൽ പങ്കെടുത്ത് ഷാജി നടത്തിയ പ്രസംഗം വൈറലായിരുന്നു. ഇത്തരം ഇടപെടലുകൾ വച്ചു പൊറുപ്പിക്കില്ലെന്ന് ഷാജിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ പ്രവർത്തകസമിതി യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നതിനെ തുടർന്ന് കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത പ്രകടിപ്പിച്ചുവെന്ന രീതിയിൽ പുറത്തുവന്ന വാർത്തകളെ ഹംസയും അദ്ദേഹത്തെ രഹസ്യമായി പിന്തുണക്കുന്നവരും ഏറ്റവും വലിയ തമാശയായാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടിയുടെ രാജി വാർത്ത സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം തള്ളിയെന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ഒരാൾ രാജി സന്നദ്ധത അറിയിക്കുന്നു, മറ്റൊരാൾ അത് തള്ളുന്നു എന്നും ലീഗിന്റെ രാഷ്ട്രീയം ആ രീതിയിലാണല്ലോ പരിണമിക്കാറ്.

രണ്ടാം പിണറായി സർക്കാർ അധികാരമേറിയത്് മുതൽ സി പി എമ്മിനെതിരേ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന അഭിപ്രായം കൂടുതൽ ശക്തമായിരിക്കയാണ്. പിണറായിയുടെ രണ്ട് സർക്കാരുകളോടും നാളിതുവരെ ഏറ്റവും മൃദുവായ സമീപനമാണ് ലീഗ് നേതൃത്വത്തിൽനിന്ന് പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയിൽനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. കെ ടി ജലീലുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് വിഷയത്തിലും സ്വപ്നയുടെ വെളിപ്പെടുത്തലിലുമൊന്നും കുഞ്ഞാലിക്കുട്ടിയും ഔദ്യോഗിക വിഭാഗവും ഒരക്ഷരം ഇതുവരെയും മിണ്ടിയിട്ടില്ല.

നേതൃത്വത്തിന്റെ ഇത്തരം നിലപാടുകളെ പൊതുജനമധ്യത്തിൽ വിശദീകരിക്കാൻ പ്രാദേശിക നേതൃത്വവും അണികളും എന്നും വിയർക്കുന്ന സ്ഥിതിയാണ്. നേതൃത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ ഉയരുന്നു കടുത്ത അഭിപ്രായ ഭിന്നതകളുടെ ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ വിലയിരുത്താൻ. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടുന്ന മിക്ക കാര്യങ്ങളും ലീഗിനുള്ളിൽ പൊട്ടിത്തെറികളിലാണ് മിക്കപ്പോഴും കലാശിക്കാറ്. യു ഡി എഫിന് ഭരണം നഷ്ടപ്പെട്ട കാലത്ത് നടത്തിയ പിരിവും ആ കോടികൾ ഏതുവഴിക്കു പോയിയെന്നതും ഇന്നും പാർട്ടിക്കുള്ളിൽ കെട്ടടങ്ങാത്ത വിവാദമാണ്.

ഈ സാഹചര്യത്തിൽ പ്രവർത്തകസമിതി യോഗത്തിൽ ചർച്ചയുണ്ടായതും അത് പൊട്ടിത്തെറിയിലേക്കു എത്തിയതുമെല്ലാം സ്വാഭാവികം മാത്രം. എൽ ഡി ഫിനെതിരേ ആഞ്ഞടിക്കാൻ കിട്ടുന്ന ഒരു അവസരവും നേതൃത്വം ഉപയോഗപ്പെടുത്തുന്നില്ലെന്നതും പാർട്ടി ഉന്നതാധികാര സമിതികളിലും യോഗങ്ങളിലും വിമർശിക്കപ്പെട്ടിരുന്നു. പത്രത്തിനായി പിരിക്കുന്ന പണം എങ്ങോട്ടു പോകുന്നുവെന്നതായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന ചോദ്യം. പത്രത്തിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വം ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം.

സമുദായത്തിന്റെ ഫണ്ട് ധൂർത്തടിക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നു പലപ്പോഴും നേതാക്കൾ നേതൃത്വത്തെ അറിയിച്ചുകൊണ്ടിരിക്കുന്നതാണ്. എന്നാൽ ഈ വിഷയങ്ങളിലൊന്നും നാളിതുവരെ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. ചന്ദ്രികയുടെ വരവുചെലവു കണക്കുകൾ പാർട്ടി ഉന്നതാധികാര സമിതി കൃത്യമായി പരിശോധിക്കണം. ഹാദിയഫണ്ട് ശേഖരണം വലിയ വിജയമായി നേതാക്കൾ പറയുമ്പോഴും പല കമ്മിറ്റികളും ക്വാട്ട തികച്ചില്ലെന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയ കമ്മിറ്റികൾക്കെതിരേയും നേതാക്കൾക്കെതിരേയും രൂക്ഷമായ ഭാഷയിൽതന്നെ വിമർശനം ഉയർന്നിരുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും വിമർശനങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുന്ന സ്ഥിതിയാണ് എന്നും സംഭവിക്കാറ്. അതേസമയം, പാർട്ടി പത്രത്തിനായുള്ള ഫണ്ട് പിരിവ് വലിയ വിജയമായിരുന്നുവെന്നും ചന്ദ്രികയുടെ കടബാധ്യതകൾ തീർക്കാൻ ഫണ്ട് വിനിയോഗിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മാധ്യമങ്ങളോട് പ്രതികരിച്ചത് ഈ വിഷയങ്ങളിലെല്ലാം നേതാക്കൾക്കും അണികൾക്കുമുള്ള രോഷം തണുപ്പിക്കാനുള്ള അടവിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിഷയം കത്തിനിൽക്കുമ്പോഴും വളരെ കരുതലോടെ പ്രതികരിക്കാമെന്ന നിലപാടിലാണ് ഹംസയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. തന്നെ പുറത്താക്കിയ പാർട്ടി നടപടിയോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന കെ സ് ഹംസയുടെ പ്രതികരണത്തിൽ ഈ ജാഗ്രത കാണാവുന്നതാണ്. പരസ്യമായ പ്രതികരണത്തിനില്ലെന്ന് ഹംസ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയിലെ ലീഗ് നേതൃയോഗത്തിൽ നേതാക്കൾക്കെതിരേ രൂക്ഷവിമർശനം ഉയരുമെന്ന് കാലേക്കൂട്ടി കണ്ടായിരുന്നു യോഗം മലപ്പുറത്തുനിന്നു കൊച്ചിയിലേക്കു മാറ്റിയത്.

പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ വീണ്ടെടുപ്പായിരുന്നു അജൻഡകളിൽ പ്രധാനമെന്നു പറയുമ്പോഴും പാർട്ടിയിലെ നേതാക്കൾക്കും പ്രവർത്തകർക്കുമുള്ളിലെ മുറുമുറുപ്പുകളും അഭിപ്രായ ഭിന്നതകളും തന്നെയാണ് കൊച്ചിയിൽ ചർച്ചചെയ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP