Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കണ്ണൂരിന് നാല് തൃശൂരിനും ആലപ്പുഴയ്ക്കും മൂന്ന്; ഒന്നും കിട്ടാതെ എറണാകുളവും കോട്ടയവും ഇടുക്കിയും വയനാടും; പ്രാദേശിക സന്തുലനാവസ്ഥയ്ക്ക് പരമാവധി ശ്രമിച്ചിട്ടും മധ്യ തിരുവിതാംകൂറിന് നിരാശ; കൂടുതൽ നിരാശ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മിനി കാബിനറ്റ് ആയിരുന്ന കോട്ടയത്തിന്

കണ്ണൂരിന് നാല് തൃശൂരിനും ആലപ്പുഴയ്ക്കും മൂന്ന്; ഒന്നും കിട്ടാതെ എറണാകുളവും കോട്ടയവും ഇടുക്കിയും വയനാടും; പ്രാദേശിക സന്തുലനാവസ്ഥയ്ക്ക് പരമാവധി ശ്രമിച്ചിട്ടും മധ്യ തിരുവിതാംകൂറിന് നിരാശ; കൂടുതൽ നിരാശ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മിനി കാബിനറ്റ് ആയിരുന്ന കോട്ടയത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മലപ്പുറത്ത നിന്നുണ്ടായിരുന്നത് അഞ്ചു പേർ. കോട്ടയത്ത് നിന്ന് മൂന്നു പേർ. എല്ലാത്തിനുമുപരി പ്രധാനവകുപ്പുകളെല്ലാം ഈ രണ്ട് ജില്ലയിൽ നിന്നുള്ള എംഎൽഎമാരിലേക്ക് ചുരുങ്ങി. സർക്കാരിന് കേട്ട ഏറ്റവും വലിയ പഴിയായിരുന്നു മന്ത്രിസഭയിലെ ഈ സാമൂഹിക സന്തുലിതാവസ്ഥയുടെ തകർച്ച. അതുകൊണ്ട് തന്നെ പരമാവധി കരുതൽ സിപിഐ(എം) എടുക്കാൻ ശ്രമിച്ചു. മതസാമുദായിക സമവാക്യങ്ങൾ കൃത്യമായി തന്നെ പാലിക്കപ്പെട്ടു. ആർക്കും പരിഭവം ഉണ്ടാകാതെ മന്ത്രിസഭാ അംഗങ്ങളെ നിശ്ചയിക്കുമ്പോഴും കണ്ണൂരിന്റെ അപ്രമാധിത്വം വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നാലു പേർ കണ്ണൂരിൽ നിന്ന് ജയിച്ച് ഭരണ തലപ്പത്തെത്തി. പിണറായി വിജയൻ ആഭ്യന്തരം കൈയാളുമ്പോൾ ഇപി ജയരാജൻ വ്യവസായവും കെ കെ ഷൈലജ ടീച്ചർ ആരോഗ്യവും കടന്നപ്പള്ളി രാമചന്ദ്രൻ തുറമുഖവും ഭരിക്കും. എല്ലാം കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട വകുപ്പുകൾ.

കോട്ടയത്തിനും എറണാകുളത്തിനും ഇടുക്കിക്കും വയനാടിനും മന്ത്രിമാരില്ല. ഇതിൽ ഇടുക്കിയിൽ നിന്നുള്ള എംഎം മണി ചീഫ് വിപ്പാകുന്നു. അതിനാൽ ഇടുക്കിക്ക് എംഎൽഎമാരിൽ നിന്ന് ഫലത്തിൽ കാബിനെറ്റ് പദവിയുണ്ട്. വയനാടിൽ നിന്ന് ശശീന്ദ്രനും എറണാകുളത്ത് നിന്ന് എം സ്വരാജും കോട്ടയത്ത് നിന്ന് സുരേഷ് കുറുപ്പും മന്ത്രിയാകുമെന്നാണ് കുരുതിയത്. എന്നാൽ പല കാരണങ്ങളാൽ ഇവരെല്ലാം ഒഴിവായി. സുരേഷ് കുറുപ്പിനെ സ്പീക്കറാക്കാനുള്ള നീക്കവും അവസാന റൗണ്ടിൽ തള്ളിപോയി. മന്ത്രിയാകാൻ കൽപ്പറ്റയിൽ നിന്ന് ജയിച്ച ശശീന്ദ്രന് വലിയ താൽപ്പര്യവുമില്ലായിരുന്നു. കൽപ്പറ്റയിൽ നിലയുറപ്പിച്ച് മണ്ഡലത്തെ ഇടതുപക്ഷത്തേക്ക് കൂടുതൽ അടുപ്പിക്കാനായിരുന്നു ശശീന്ദ്രന് താൽപ്പര്യം. സിപിഐ(എം) ജില്ലാ സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഈ നിലപാടോടെ വയനാടിന് മന്ത്രിസഭയിൽ പ്രതിനിധിയില്ലാതെയായി. വയനാടിന്റെ ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രി നേരിട്ട് പരിഹരിക്കുമെന്നാണ് സിപിഐ(എം) ജില്ലാ നേതൃത്വം പ്രതികരിക്കുന്നതും.

കണ്ണൂരിൽ പതിനൊന്നിൽ എട്ട് സീറ്റും ഇടതുപക്ഷത്തിനായിരുന്നു. സിപിഐ(എം) കോട്ടയിൽ ഇത് പ്രതീക്ഷിച്ചതുമാണ്. എന്നാൽ തൃശൂരിൽ സിപിഐ(എം) നേടിയത് അപ്രതീക്ഷിത മുന്നേറ്റമാണ്. കോൺഗ്രസ് കോട്ടകൾ പോലും ഇടത് പടയോട്ടത്തിൽ തകർന്നു വീണു. 12ൽ 13ഉം ഇടതുപക്ഷത്തായി. അതുകൊണ്ട് തന്നെ മതിയായ പ്രാധാന്യം തൃശൂരിനും ഇടതുപക്ഷം നൽകുന്നു. പ്രതീക്ഷിച്ചതു പോലെ സിപിഎമ്മിൽ നിന്ന് കുന്നംകുളത്ത് ജയിച്ച എസി മൊയ്തീൻ മന്ത്രിയായി. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ മൊയ്തീൻ നടത്തിയ പ്രവർത്തനമാണ് തൃശൂരിനെ ഇടത് പക്ഷത്തേക്ക് എത്തിച്ചത്. അതിനുള്ള അംഗീകാരമാണ് മന്ത്രിസ്ഥാനം. സിപിഐയിൽ നിന്ന് വി എസ് സുനിൽകുമാർ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി മന്ത്രിസഭയിലെത്തുന്നു. കോൺഗ്രസ് കോട്ടയായ തൃശൂരിൽ പത്മജാ വേണുഗോപാലിനെതിരെ മികച്ച ജയം നേടിയതിനുള്ള അംഗീകാരം. എന്നാൽ പുതുക്കാട്ടെ എംഎൽഎ സി രവീന്ദ്രനാഥിന് അപ്രതീക്ഷിത അംഗീകരാമാണ് നൽകുന്നത്. വിദ്യാഭ്യാസം വകുപ്പ് രവീന്ദ്രനാഥിന് നൽകുമ്പോൾ അംഗീകരിക്കപ്പെടുന്നത് തൃശൂരാണ്.

കൊല്ലത്ത് പത്തിൽ പത്തും സിപിഐ(എം) നേടി. മന്ത്രിയായെത്തുന്നത് മേഴ്‌സികുട്ടിയമ്മയും കെ രാജുവും. അതായത് രണ്ട് മന്ത്രിമാർ കൊല്ലത്തിനുണ്ട്. യുഡിഎഫ് മന്ത്രിസഭയിൽ ഷിബു ബേബി ജോൺ മാത്രമായിരുന്നു കൊല്ലത്തിന്റെ പ്രതിനിധി. ആലപ്പുഴയിൽ 9ൽ എട്ടും ഇടതിനായിരുന്നു. മൂന്ന് മന്ത്രിമാർ ആലപ്പുഴയ്ക്കുമുണ്ട്. തോമസ് ഐസക്കും പി തിലോത്തമനും പിന്നെ ജി സുധാകരനും. തോമസ് ഐസക്കിന് ധനകാര്യവും ജി സുധാകരനും പൊതുമരാമത്തും ലഭിക്കുമെന്നതിനാൽ കണ്ണൂർ കഴിഞ്ഞാൽ അടിസ്ഥാന സൗകര്യവികസനത്തിന് വേഗം നൽകാൻ പോന്ന കരുത്തുള്ള മന്ത്രിമാർ ആലപ്പുഴയ്ക്കുണ്ട്. എൻസിപിയുടെ എകെ ശശീന്ദ്രൻ മന്ത്രിയാതിനാൽ കോഴിക്കോടിന് രണ്ട് പേരുടെ പ്രാതിനിധ്യമുണ്ട്. സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ ടിപി രാമകൃഷ്ണൻ മന്ത്രിസഭയിൽ അംഗമാകുന്നു. ശശീന്ദ്രന് ഗതാഗതം കിട്ടിയത് കോഴിക്കോടിന് ഏറെ പ്രതീക്ഷ നൽകുന്നുമുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട
ജില്ലകളിൽ ഓരോ മന്ത്രിമാരുണ്ട്. പ്രതീക്ഷിച്ചതു പോലെ മലപ്പുറത്തിന്റെ പ്രതിനിധിയായി കെടി ജലീൽ മന്ത്രിയാകുന്നു. സിപിഎമ്മിന്റെ പി ശ്രീരാമകൃഷ്ണനെ സ്പീക്കറായും സിപിഐ(എം) നിർദ്ദേശിച്ചിണ്ട്. തിരുവനന്തപുരത്ത് കടകംപള്ളിയും പാലക്കാട് എകെ ബാലനും പ്രതീക്ഷിച്ചതു പോലെ മന്ത്രിമാരായി. തിരുവനന്തപരത്തെ ചിറയിൻകീഴിൽ നിന്ന് ജയിച്ച സിപിഐ പ്രതിനിധി വി ശശിയെ ഡെപ്യൂട്ടി സ്പീക്കറുമാക്കുന്നു. പത്തനംതിട്ടയുടെ പ്രതിനിധിയായി മാത്യു ടി തോമസ് എത്തുന്നത് ജലസേചനവുമായണ്. പമ്പയാർ നേരിടുന്ന ഭീഷണിയുൾപ്പെടെയുള്ളവ മറികടക്കാൻ മാത്യു ടി തോമസിലൂടെ കഴിയുമെന്നാണ് പത്തനംതിട്ടക്കാരുടെ പ്രതീക്ഷ. കാസർഗോഡിന് കരുത്തായി സിപിഐയുടെ ഇ ചന്ദ്രശേഖരൻ എത്തുന്നു.

ഇവിടെ കോട്ടയവും എറണാകുളവുമാണ് അവഗണിക്കപ്പെടുന്നത്. എന്നാൽ മതിയായ വികസനം നടന്നു കഴിഞ്ഞ കോട്ടയത്തേയും എറണാകുളത്തേയും പുതിയ നേട്ടത്തിലെത്തിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തുമെന്നാണ് ഇടതുമുന്നണി നൽകുന്ന സൂചന. പത്തൊമ്പത് അംഗ മന്ത്രിസഭയുടെ കടിഞ്ഞാൺ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകും. പിണറായി മന്ത്രിസഭയിൽ 13 പേരും പുതുമുഖങ്ങളാണ്. സിപിഎമ്മിൽ തോമസ് ഐസക്കും ജി സുധാകരനും എ കെ ബാലനും മുമ്പും മന്ത്രിമാരായിരുന്നു. കടന്നപ്പള്ളി രാമചന്ദ്രനും വി എസ് അച്യുതാനന്ദന്റെ കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയിലും അംഗമായിരുന്നു. ജനതാദളിന്റെ മന്ത്രി മാത്യു ടി തോമസും വി എസ് മന്ത്രിസഭയിലെ അംഗം.

മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിസ്ഥാനത്തേക്ക് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച് ജയിച്ചെത്തുന്നത് പത്ത് പേരാണ്.ഇതിൽ ഏഴ് പേരും പുതുമുഖങ്ങൾ. സിപിഐ(എം) അക്കൗണ്ടിൽ മന്ത്രിയാകുന്ന സ്വതന്ത്രനായ കെടി ജലീലിനും മന്ത്രികസേരയിൽ ആദ്യ ഊഴം. നാല് മന്ത്രിമാരേയും പുതുമുഖങ്ങളെ നിശ്ചയിച്ച് സിപിഐയും വ്യത്യസ്തമായി. എൻസിപിയിൽ നിന്ന് ശശീന്ദ്രനും ആദ്യമായാണ് മന്ത്രിസഭയുടെ ഭാഗമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP