Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202229Sunday

ഇരട്ടച്ചങ്കന്റെ ആദ്യഭരണത്തിൽ തന്നെ വിജിലൻസിനെ കൂട്ടിലാക്കി; വിവരാവകാശനിയമവും പ്രഹസനം; കിഫ്ബി അഴിമതിയെ തുറന്നുകാട്ടിയ സിഎജി റിപ്പോർട്ട് സഭയിൽ കീറിയെറിഞ്ഞു; ഇപ്പോൾ ലോകായുക്തയുടെ പല്ല് പറിക്കാനും ശ്രമം

ഇരട്ടച്ചങ്കന്റെ ആദ്യഭരണത്തിൽ തന്നെ വിജിലൻസിനെ കൂട്ടിലാക്കി; വിവരാവകാശനിയമവും പ്രഹസനം; കിഫ്ബി അഴിമതിയെ തുറന്നുകാട്ടിയ സിഎജി റിപ്പോർട്ട് സഭയിൽ കീറിയെറിഞ്ഞു; ഇപ്പോൾ ലോകായുക്തയുടെ പല്ല് പറിക്കാനും ശ്രമം

വിഷ്ണു.ജെ.ജെ.നായർ

തിരുവനന്തപുരം: 'പാർട്ടിക്കൊപ്പം നടക്കുന്ന പാവങ്ങളെ മാത്രമേ സഹദേവൻ എന്നും പാവങ്ങളായി കാണാറുള്ളു' എന്ന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിൽ കൈതേരി സഹദേവൻ പറയുന്നുണ്ട്. പാർട്ടി നേതാക്കൾ ചെയ്യുന്ന അഴിമതികളെയൊന്നും പാർട്ടി അഴിമതിയായി കാണാറില്ലെന്ന് പുതിയകാലത്തിൽ തിരുത്തിപറയാം. അഴിമതിയില്ലാത്ത നാട്ടിൽ ആന്റി കറപ്ഷൻ ഏജൻസികളുടെ ആവശ്യവുമില്ലല്ലോ. അതുകൊണ്ടുതന്നെ കഴിഞ്ഞ ആറര വർഷത്തെ പിണറായി ഭരണത്തിൽ അന്വേഷണ ഏജൻസികളേയും ജുഡീഷ്യൽ സ്ഥാപനങ്ങളേയും നിയന്ത്രിക്കാൻ പല തവണയായി സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഒടുവിൽ വന്ന ലോകായുക്ത ഓർഡിനൻസിനേയും കാണാൻ കഴിയുകയുള്ളു.

വിജിലൻസ്, വിവരാവകാശ നിയമം ഇപ്പോൾ ലോകായുക്തയും. ഭരണാധികാരികളുടെ അഴിമതിയോ ക്രമക്കേടോ കെടുകാര്യസ്ഥതയോ കാട്ടിയാൽ അവർക്കെതിരെ നിയമപരമായി നീങ്ങാൻ പൗരന് അവസരം നൽകുന്ന ഓരോ നിയമ സംവിധാനത്തിനു മേലും സംസ്ഥാന സർക്കാർ പിടിമുറുക്കുമ്പോൾ അഴിമതിക്കുള്ള ഓരോ വാതായനങ്ങളായി തുറക്കപ്പെടുകയാണ്. ചുരുക്കത്തിൽ അഴിമതിക്കാരെ സംരക്ഷിക്കാനും അതിനെതിരെ പോരാടുന്നവരെ നിരുൽസാഹപ്പെടുത്താനുമാണ് സർക്കാരിന്റെ ശ്രമം. ഒടുവിൽ ലോകായുക്തയ്ക്കു മേലും കൈവച്ചതോടെ, അഴിമതിക്കെതിരെ പോരാടുന്നവർക്ക് ഇനി കോടതി മാത്രം ശരണം.

മന്ത്രിമാർ അടക്കമുള്ള പ്രമുഖർക്കെതിരായ ലോകായുക്തയുടെ കണ്ടെത്തലുകൾ വിവാദമാകുന്നതോടെ അവർ ധാർമികത കണക്കിലെടുത്തു രാജിവയ്ക്കാനോ തിരുത്തൽ നടപടി സ്വീകരിക്കാനോ നിർബന്ധിതരാകും. ലോകായുക്തയുടെ പല്ല് പറിച്ച് അഴിമതിക്കാരായ മന്ത്രിമാരുടെ രാജി ഒഴിവാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നാണ് ഉയരുന്ന ആരോപണം.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി കെ.ടി.ജലീലിനെതിരെ ലോകായുക്തയുടെ വിധി വന്നപ്പോൾ ആരംഭിച്ച ശ്രമങ്ങളാണ് ഇപ്പോൾ നിയമഭേദഗതിയിൽ കലാശിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സൃഷ്ടിച്ച പരിമിതി വിവാദ നിയമങ്ങൾക്കും നിയമ ഭേഗദതികൾക്കുമായി സംസ്ഥാന സർക്കാർ തന്ത്രപരമായി ഉപയോഗിക്കുകയാണ്. ഇപ്പോൾ മന്ത്രി ആർ.ബിന്ദുവിന്റെ രാജി ഒഴിവാക്കാൻ വേണ്ടി ലോകായുക്തയെ മുൻകൂട്ടി ദുർബലമാക്കാൻ നോക്കുന്നുവെന്ന പേരുദോഷവും സിപിഎം കേൾക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട പരാതിയും ലോകായുക്തയുടെ പരിഗണനയിലുണ്ട്.

വിജിലൻസിൽ തുടങ്ങിയ കൂട്ടിലാക്കൽ

പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യം നിയന്ത്രിച്ചത് വിജിലൻസിനെയായിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വിജിലൻസ് കേസുകളിൽപെട്ട് മന്ത്രിമാർ വിവാദനായകന്മാരായത് ഒഴിവാക്കാനായിരുന്നു ആദ്യകുരുക്ക് പിണറായി വിജിലൻസിന്റെ കഴുത്തിൽ തന്നെയിട്ടത്. മന്ത്രിമാർക്കെതിരെയുള്ള പരാതികൾ വിജിലൻസിന് നേരിട്ട് സ്വീകരിക്കാൻ കഴിയില്ലെന്നും, ഒന്നുകിൽ അതിന് സർക്കാരിന്റെ അംഗീകാരം വേണം, അല്ലെങ്കിൽ കോടതി വഴി പരാതി നൽകണമെന്നായിരുന്നു വ്യവസ്ഥ. പൊതുജനങ്ങൾക്ക് പ്രാപ്യമല്ലാത്ത വ്യവസ്ഥകൾ ഓഡിനൻസായി ഇറക്കി വിജിലൻസ് തലവേദന ഒഴിവാക്കാൻ പിണറായി വിജയന്റെ ആദ്യ സർക്കാരിന് തന്നെ സാധിച്ചു.

തങ്ങളുടെ പിന്തുണയോടുകൂടി ഭരിച്ചതുകൊണ്ടാണ് യുപിഎ സർക്കാർ വിവരാവകാശനിയമം പാസാക്കിയതെന്ന് വീമ്പ് പറഞ്ഞിരുന്ന സിപിഎം തന്നെ കേരളത്തിൽ വിവരാവകാശ നിയമത്തിന്റെ ശവക്കുഴിയും തോണ്ടി. ക്രമക്കേടുകൾ പുറത്തുകൊണ്ടു വരാനുള്ള ഏറ്റവും വലിയ ആയുധമായ വിവരാവകാശ നിയമവും എല്ലാ സർക്കാർ വകുപ്പുകളിലും അട്ടിമറിക്കപ്പെടുകയാണ്. വിവരാവകാശത്തിന് മറുപടി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടികളൊന്നും സ്വീകരിക്കപ്പെടുന്നില്ല. വിവരാവകാശ കമ്മീഷൻ പോലും നോക്കുകുത്തിയായി മാറി.

സർക്കാരിന്റെ ക്രമക്കേടുകൾ അക്കമിട്ടു നിരത്തിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടുകൾ നിയമസഭയിൽ പ്രമേയം പാസാക്കിയാണ് ഒന്നാം പിണറായി സർക്കാർ അട്ടിമറിച്ചത്. സാധാരണ, ഇത്തരം കണ്ടെത്തലുകളിൽ വിജിലൻസ് അന്വേഷണമെങ്കിലും വരാറുള്ളതാണ്. പൊലീസ് സേനയിലെ ക്രമക്കേടുകളെക്കുറിച്ചും വെടിയുണ്ടകൾ കാണാതായതിനെക്കുറിച്ചുമുള്ള ഓഡിറ്റ് റിപ്പോർട്ട് ആകട്ടെ പൊലീസിനെക്കൊണ്ടു തന്നെ അന്വേഷിപ്പിച്ച് കെട്ടിപ്പൂട്ടി വച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമടക്കം സംസ്ഥാനത്ത് കയറിയിറങ്ങിയപ്പോൾ കേന്ദ്രഏജൻസികൾക്ക് മൂക്കുകയറിടാൻ സംസ്ഥാനസർക്കാർ ഒരു ശ്രമം നടത്തിയിരുന്നു. അതിന് വേണ്ടി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും ഒപ്പിടില്ലെന്ന ഗവർണറുടെ തീരുമാനവും രാഷ്ട്രീയതിരിച്ചടി നൽകുമെന്ന് ഭയന്ന് സർക്കാർ പിന്മാറുകയായിരുന്നു.

ഈ ശ്രേണിയിൽ ഒടുവിലായാണ് ലോകായുക്തയുടെ പല്ല് പറിക്കാനുള്ള ഓർഡിനൻസുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്. ലോകായുക്തയുടെ കണ്ടെത്തലുകൾ വേണമെങ്കിൽ സർക്കാരിന് തള്ളാനുള്ള അവകാശം നൽകുന്നതാണ് പുതിയ ഓർഡിനൻസ്.

കേരളത്തിൽ ലോകായുക്ത സ്ഥാപിച്ചതിൽ അഭിമാനിക്കുകയും കേന്ദ്രത്തിന്റെ ലോക്പാൽ നിയമത്തിനു പല്ലും നഖവും പോരെന്നു വിലയിരുത്തുകയും ചെയ്ത ഇടതുപക്ഷം തന്നെയാണ് ലോകായുക്തയുടെ ചിറകരിയാനും മുൻകൈ എടുത്തിരിക്കുന്നത്. ഇതിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ അതൃപ്തരാണ്. സുപ്രധാനമായ ഈ നിയമഭേദഗതി മുന്നണിതലത്തിൽ ആലോചിച്ചിട്ടില്ല. 1996 ലെ ഇ.കെ.നായനാർ സർക്കാർ കൊണ്ടുവന്ന നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയുടെ അന്തഃസത്തയ്ക്കു ചേരുന്നതല്ലെന്ന ന്യായീകരണമാണ് കോടിയേരി ബാലകൃഷ്ണൻ നടത്തിയത്.

കേന്ദ്രം പാസാക്കിയ ലോക്പാൽ ബിൽ അഴിമതിക്കെതിരെ കൂടുതൽ ഗർജ്ജിക്കുന്നതാകണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്. അധികാരത്തിലുള്ളവരുടെ ബന്ധുക്കൾക്കു നൽകുന്ന അനർഹമായ ആനുകൂല്യങ്ങൾ റദ്ദാക്കിയാൽ മാത്രം പോരാ, വഴിവിട്ട നടപടിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം, മന്ത്രി രാജിവയ്ക്കുകയും വേണം. സ്വകാര്യ ലാഭത്തിനായുള്ള അധികാര ദുർവിനിയോഗം മാത്രമല്ല, സ്വജനപക്ഷപാതവും സ്വാധീനം ഉപയോഗിക്കലും അഴിമതിയായി കണക്കാക്കണമെന്നാണ് ലോക്പാൽ ബില്ലിനെക്കുറിച്ചുള്ള രേഖയിൽ 2011 ഓഗസ്റ്റ് 25ന് പാർട്ടി വ്യക്തമാക്കിയത്. ലോക്പാൽ നിയമപ്രകാരം തമിഴ്‌നാട്ടിൽ ലോകായുക്ത രൂപീകരണം നീണ്ടുപോയപ്പോൾ അതിനെതിരെ കോടതിയിൽ പോയതും സിപിഎം തമിഴ്‌നാട് സെക്രട്ടറിയായിരുന്ന ജി. രാമകൃഷ്ണയായിരുന്നു.

ആ ഇടതുപക്ഷമല്ല കേരളത്തിലേത് എന്ന് ഒരിക്കൽ കൂടി അടിവരിയിട്ടാണ് പുതിയ ഓർഡിനൻസ് അണിയറയിൽ ഒരുങ്ങുന്നത്. അന്വേഷണ ഏജൻസികളുടെയും ജുഡിഷ്യൽ സ്ഥാപനങ്ങളുടെയും കൈകൾ കെട്ടിയിട്ട് അഴിമതിക്കാർക്ക് വേണ്ടി പച്ചപരവതാനി വിരിക്കാൻ സംസ്ഥാന സർക്കാർ തന്നെ മുന്നോട്ടുവരുമ്പോൾ ഉയരുന്ന ചോദ്യവും മറ്റൊന്നല്ല, മടിയിൽ കനമുള്ളതുകൊണ്ടാണോ മുഖ്യമന്ത്രി, വഴിയിൽ ഭയക്കുന്നത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP