Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെള്ളാപ്പള്ളിയുടെ ശക്തി കേന്ദ്രങ്ങളിൽ അതി ശക്തമായ അടിയൊഴുക്കുകൾ; ഇടുക്കിയിലെ മൂന്ന് സിറ്റിങ് സീറ്റുകളും ഇടതിന് ഭീഷണി; പത്തനംതിട്ടയിലും കോട്ടയത്തും ബിഡിജെഎസ് സ്ഥാനാർത്ഥികൾ മികച്ച വോട്ടുകൾ നേടും: മലബാറിലെ മുൻതൂക്കത്തിന്റെ ബലത്തിൽ ഭരണം പ്രതീക്ഷിച്ച്‌ സിപിഐ(എം)

വെള്ളാപ്പള്ളിയുടെ ശക്തി കേന്ദ്രങ്ങളിൽ അതി ശക്തമായ അടിയൊഴുക്കുകൾ; ഇടുക്കിയിലെ മൂന്ന് സിറ്റിങ് സീറ്റുകളും ഇടതിന് ഭീഷണി; പത്തനംതിട്ടയിലും കോട്ടയത്തും ബിഡിജെഎസ് സ്ഥാനാർത്ഥികൾ മികച്ച വോട്ടുകൾ നേടും: മലബാറിലെ മുൻതൂക്കത്തിന്റെ ബലത്തിൽ ഭരണം പ്രതീക്ഷിച്ച്‌ സിപിഐ(എം)

ബി രഘുരാജ്

തിരുവനന്തപുരം: ഇതൊരു നഗ്ന സത്യമാണ്. ബിജെപി - ബിഡിജെഎസ് സഖ്യം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയതിന്റെ ഇരട്ടിയിൽ അധികം വോട്ടുകൾ നേടും. വോട്ട് കച്ചവടം എന്ന പേരുദോഷവും മാറ്റാൻ ഉറച്ചുള്ള തെരഞ്ഞെടുപ്പിൽ തലവേദന ഉണ്ടാക്കുന്നത് മാറി മാറി ഭരിക്കുന്ന രണ്ട് മുന്നണികൾക്ക് തന്നെയാവും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേടിയ ഉന്നത വിജയം ആവർത്തിക്കാം എന്ന സിപിഎമ്മിന്റെ കണക്കുകൂട്ടലുകളെ ബിഡിജെഎസ് തകർക്കുമെന്നാണ് തിരുവിതാകൂറിൽ നിന്നുള്ള റിപ്പോർട്ടുകൽ നൽകുന്ന സൂചന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം നേടിയത് വെറും 6.15 ശതമാനം വോട്ടായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പ് ആയപ്പോഴേയ്ക്കും അത് 14 ശതമാനം ആയി ഉയർന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേട്ടം കൊയ്‌തെടുത്തെങ്കിലും ബിജെപി വോട്ട് 18 ശതമാനമായി ഉയർന്നു. അത് ഇക്കുറി ഇരുപത്തി ഒന്നിനും 25നും ഇടയിലേയ്ക്ക് ഉയരുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 25 ശതമാനം വോട്ട് നേടിയാൽ നാല്പതോളം മണ്ഡലത്തിലെ ജയപരാജയങ്ങൾ നിർണയിക്കാൻ സാധിക്കുമെന്ന വിലയിരുത്തൽ ഇടത് ബുദ്ധി കേന്ദ്രങ്ങൾ തന്നെ പറയുന്നു. അധികമായി ലഭിക്കുന്ന ഈ വോട്ടുകൾ ആരുടെ കീശയിൽ നിന്നു പോവും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ(എം), ബിഡിജെഎസിന്റെ ശക്തിയെ കുറച്ച് കാണുകയാണ് ഇപ്പോഴും. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഇല്ലായിരുന്നു എന്നതും വെള്ളാപ്പള്ളിയുടെ പിന്തുണ ബിജെപിക്ക് നൽകുക മാത്രമാണ് ചെയ്തതെന്നതുമാണ് അവഗണിക്കപ്പെടുന്നത്. വെള്ളാപ്പള്ളി പറഞ്ഞാൽ ഈഴവർ വോട്ട് ചെയ്യുമോ എന്ന് പരിഹസിച്ചിരുന്ന കാലം മാറുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ എസ്എൻഡിപി പ്രവർത്തകരിൽ സിംഹഭാഗവും ബിഡിജെഎസിന്റെ ഭാഗം ആയി കഴിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ആദ്യ കാലങ്ങളിൽ എതിർത്തു നിന്നിരുന്ന സിപിഎമ്മുകാർ പോലും ഇപ്പോൾ ദുർബലരായതായി ഈ മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മധ്യതിരുവിതാംകൂറിലെ ഈഴവ വോട്ടുകൾ നഷ്ടമായാൽ കാര്യമാക്കേണ്ടതില്ല എന്ന വാദമാണ് ചില ഇടത് കേന്ദ്രങ്ങൾ പറയുന്നത്. യുഡിഎഫ് കോട്ടയിൽ കുറച്ച് വോട്ട് പോയാൽ എന്ത് എന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്. എന്നാൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഇടത് സീറ്റുകൾക്ക് പോലും ഈ അവസ്ഥ ഭീഷണി ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം എം മണി മത്സരിക്കുന്ന ഉടുംമ്പുചോല, ഫ്രാൻസിസ് ജോർജ്ജ് മത്സരിക്കുന്ന ഇടുക്കി, ബിജിമോൾ മത്സരിക്കുന്ന പീരുമേട് എന്നിവിടങ്ങളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ നടത്തുന്ന മുന്നേറ്റം എൽഡിഎഫിന് തിരിച്ചടിയാകുമോ എന്ന ഭയം പ്രവർത്തകർക്കുണ്ട്. പത്തനംതിട്ടയിലെ റാന്നിയിൽ നാല് വട്ടം എംഎൽഎ ആയ രാജു എബ്രഹാം നേരിടുന്ന ഭീഷണിയും ചില്ലറയല്ല. ബിഡിജെഎസ് സ്ഥാനാർത്ഥി കെ പത്മകുമാർ ഇവിടെ വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

പൊതു രാഷ്ട്രീയ ചിത്രം ഇടതുപക്ഷത്തിന് അനുകൂലമാണ്. വലിയ വിജയം അവർ പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാൽ ബിജെപി-ബിജെഡിഎസ് വോട്ടുകൾ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിൽ ആർക്കും ഒരു പിടിത്തവുമില്ല. അതുകൊണ്ട് തന്നെ ഫലം പ്രവചിക്കാനാവാത്ത മണ്ഡലങ്ങളിൽ അടിയൊഴുക്ക് തന്നെയാകും വിജയിയെ നിശ്ചയിക്കുക. ഇത് സിപിഐ(എം) പോലും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെയാണ് അവസാന നിമിഷത്തിൽ കാര്യങ്ങൾ അനുകൂലമാക്കി ഭരണ തുടർച്ചയെന്ന ലക്ഷ്യം നേടാനാകുമെന്ന് കോൺഗ്രസ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ രണ്ട് സീറ്റിന്റെ പിന്തുണയുമായാണ് ഉമ്മൻ ചാണ്ടി അധികാരത്തിലെത്തിയത്. വി എസ് അച്യൂതാനന്ദന്റെ ഭരണ തുടർച്ചായ്ക്കായുള്ള വികാരം ശക്തമായിരുന്നപ്പോഴും 2011ൽ അടിയൊഴുക്കുകളാണ് കോൺഗ്രസിന് ഭാഗ്യമെത്തിച്ചത്. 2016ൽ ഇത്തരം പരോക്ഷ ഘടകങ്ങൾ ഏറെയാണ്. എസ്എൻഡിപി യൂണിയന്റെ രാഷ്ട്രീയ പ്രവേശം തന്നെയാണ് ഇതിൽ പ്രധാനം.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം തുടങ്ങിയതാണ് എസ്എൻഡിപി. എന്നാൽ അന്ന് രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം ഉണ്ടായില്ല. സമത്വമുന്നേറ്റ യാത്രയ്‌ക്കൊടുവിൽ ബിഡിജെഎസ് പിറന്നു. അങ്ങനെ എൻഡിഎയിൽ ഘടകകക്ഷിയായി. തദ്ദേശത്തിൽ എസ്എൻഡിപി മുന്നോട്ട് വച്ച സ്ഥാനാർത്ഥികളുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. ബിജെപിക്ക് ഈ കൂട്ടുകെട്ടിന്റെ ഫലം കിട്ടിയെന്നതും യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ ബിഡിജെഎസ് നർത്തിയത്. കുട്ടനാട് സുഭാഷ് വാസു, നാട്ടികയിൽ ടിവി ബാബു, തിരുവല്ലയിൽ അക്കീരൺ കാളിദാസ ഭട്ടതിരിപ്പാട്. ഇതിനൊപ്പം ബാക്കി സീറ്റുകളിലും കരുത്തരെ തന്നെ മത്സരിച്ചു. ഇതിൽ ബഹുഭൂരിപക്ഷവും എസ്എൻഡിയുടെ താലൂക് യൂണിയൻ പ്രസിഡന്റുമാർ. ഇതോടെ താഴെതട്ടിലെ എസ്എൻഡിപി യൂണിയൻ അനുഭാവികളുടെ വോട്ട് ഉറപ്പിക്കുകയാണ് ബിഡിജെസ്.

ബിജെപിക്ക് നിർണ്ണായക സ്വാധീനമുള്ള തിരുവനന്തപുരത്ത് ബിഡിജെഎസിന് കിട്ടിയത് കോവളവും വാമനപുരവും വർക്കലയുമാണ്. ഇതിൽ കോവളത്ത് താലൂക് യൂണിയൻ പ്രസിഡന്റ് ടിഎൻ സുരേഷ്, വർക്കലയിൽ എസ്എൻഡിപി ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ് ആർ എം, വാമനപുരത്ത് ആർവി നിഖിൽ. ഗ്ലോബൽ നായർ സമാജത്തിന്റെ നേതാവായിരുന്നു. ഒപ്പം സമത്വ മുന്നേറ്റ യാത്രയിലെ സജീവ സാന്നിധ്യവും. ഇതിൽ കോവളവും വർക്കലയുമാണ് ബിഡിജെഎസ് വാശിയോടെ നിറയുന്ന മണ്ഡലങ്ങൾ. ഇവിടെ ശക്തമായ ത്രികോണമൊരുക്കാൻ ടിഎൻ സുരേഷിനും അജിക്കും കഴിയുന്നുണ്ട്. ഇതിൽ കോവളത്ത് വിജയപ്രതീക്ഷ പോലും പങ്കുവയ്ക്കുന്നു. കോവളത്ത് ഈഴവ വോട്ടുകൾ പരമ്പരാഗതമായി സഹായിക്കുന്നത് ഇടതുപക്ഷത്തേയാണ്. വർക്കലയിലും ഇത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഈ രണ്ടിടത്തും ബിഡിജെഎസ് വോട്ടുകൾ ഇടതുപക്ഷത്തിന്റെ സാധ്യതകളെ സ്വാധീനിക്കും. ഇത് തന്നെയാണ് സംസ്ഥാനത്തെ പൊതു ചിത്രവും.

ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലാം ഇതു തന്നെയാണ് അവസ്ഥ. ബിഡിജെഎസ് വോട്ട് പിടിച്ചാൽ അത് കൂടുതൽ സ്വാധീനിക്കുക ഇടതുപക്ഷത്തെ തന്നെയാകും. ഇത് മനസ്സിലാക്കിയാണ് കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കി ഇടതുപക്ഷത്തെ തോൽപ്പിക്കാൻ മികച്ച സ്ഥാനാർത്ഥികളെ ബിഡിജെഎസ് പരീക്ഷിക്കുന്നത്. കുട്ടനാട്, ഇടുക്കി, കയ്പമംഗലം, കോവളം എന്നിവിടങ്ങളിൽ ജയപ്രതീക്ഷയുണ്ടെന്ന് ബിഡിജെഎസും പറയുന്നു. കൊല്ലം, ഇരവിപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ, കായംകുളം മണ്ഡലങ്ങളിലും ബിഡിജെഎസ് സാന്നിധ്യം ശക്തമാണ്. ഇതിൽ ഇരവിപുരത്തും കരുനാഗപ്പള്ളിയിലും കുന്നത്തൂരിലും കായംകുളത്തും ബിഡിജെഎസ് വോട്ടുകൾ കോൺഗ്രസ് മുന്നണിക്ക് തന്നെയാകും ഗുണം ചെയ്യുക. കൊല്ലത്ത് മുകേഷിനെതിരെ കോൺഗ്രസിന് മികച്ച സ്ഥാനാർത്ഥിയെ നിർത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പ്രവചനാതീതമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

ഏറ്റുമാനൂർ, ഇടുക്കി, ഉടുമ്പൻചോല, പൂഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിലും വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥികൾ നിർണ്ണായകമാണ്. ശക്തമായ ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ ശക്തമായ മത്സരമാണ് നടത്തുന്നത്. ഇടതുപക്ഷത്തിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന ഈഴവ വോട്ടുകൾ പൂഞ്ഞാറിൽ ബിഡിജെഎസ് സ്വന്തമാക്കുമെന്നാണ് സൂചന. ഇതോടെ ഇവിടെ ഫല പ്രവചനം അസാധ്യമാകും. പിസി ജോർജും ജോർജ് കുട്ടി അഗസ്തിയുമെല്ലാം പൂഞ്ഞാറിലെ വിജയം ബിഡിജെഎസ് നിശ്ചയിക്കുമെന്ന് സമ്മതിച്ചു കഴിഞ്ഞു. ഇടുക്കിയിലും തൊടുപുഴയിലും ഈഴവ വോട്ടുകൾ നിർണ്ണായകമാണ്. ഈ മേഖലയിൽ ഇടുപക്ഷത്തിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് ബിഡിജെഎസിന്റെ പ്രവർത്തനം. കൊടുങ്ങല്ലൂർ, കയ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂർ, ഷോർണൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലും ഇടത് പക്ഷത്തോടാണ് ഈഴവരുടെ ചായ് വ്. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ ശക്തമായ സ്വാധീനം ഇടത് സാധ്യതകളെ ബാധിക്കും. എന്നാൽ പറവൂരിൽ സ്ഥിതി മറിച്ചാണ്. ഇവിടെ കോൺഗ്രസിന്റെ വിഡി സതീഷനോടാണ് താൽപ്പര്യക്കുറവ്.

അതേ സമയം സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നത് വടക്കൻ മലബാറിലെ ഭരണവിരുദ്ധ വികാരമാണ്. പാലക്കാട് മുതൽ അങ്ങോട്ട് സിപിഎമ്മിന് അനുകൂലമാണ് സഹചര്യം. ബിജെപിയുടെ മുന്നേറ്റം മുസ്ലിം മേഖലകളിൽ സിപിഎമ്മാണ് അനുകൂലമായ അന്തരീക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏലീഗ് കോട്ടയായ മലപ്പുറത്ത് ഏഴ് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരങ്ങളാണ് സിപിഐ(എം) കാണിക്കുന്നത്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഇടത് തരംഗം വ്യക്തമാണ്. ബിഡിജെഎസിന് കാര്യമായ റോൾ ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഈ മുന്നേറ്റവും തിരുവനന്തപുരം, കൊല്ലം, ജില്ലകളിലെ വിജയവും ഭരണം നൽകുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം.

കോൺഗ്രസിന്റെ അവസ്ഥയും വ്യത്യസ്തമല്ല. നായർ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി മാറുന്നത് ക്ഷീണം ചെയ്യുക കോൺഗ്രസിനെയാണ്. ഇതാണ് തിരുവനന്തപുരത്ത് കോൺഗ്രസിന് തിരിച്ചടിയാകവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP