Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് കെ മാണിയോട് മധുര പ്രതികാരം ചെയ്യാൻ മാണി സി കാപ്പനെ ഇറക്കാൻ ആസൂത്രണം നടത്തി കോൺഗ്രസ്; കുട്ടനാട്ടിന്റെ കാര്യത്തിൽ ജോസഫുമായി ഇടയേണ്ടി വരുമെന്നതൊഴിച്ചാൽ എൻസിപിയെ യുഡിഎഫിൽ എത്തിച്ചാൽ നേട്ടമാകുമെന്ന് വിലയിരുത്തൽ; കേരളാ കോൺഗ്രസ് പോയതിന് പകരം എൻസിപിയെ കൊണ്ടു വരാൻ കോൺഗ്രസിന് കഴിയുമോ?

ജോസ് കെ മാണിയോട് മധുര പ്രതികാരം ചെയ്യാൻ മാണി സി കാപ്പനെ ഇറക്കാൻ ആസൂത്രണം നടത്തി കോൺഗ്രസ്; കുട്ടനാട്ടിന്റെ കാര്യത്തിൽ ജോസഫുമായി ഇടയേണ്ടി വരുമെന്നതൊഴിച്ചാൽ എൻസിപിയെ യുഡിഎഫിൽ എത്തിച്ചാൽ നേട്ടമാകുമെന്ന് വിലയിരുത്തൽ; കേരളാ കോൺഗ്രസ് പോയതിന് പകരം എൻസിപിയെ കൊണ്ടു വരാൻ കോൺഗ്രസിന് കഴിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എങ്ങനേയും ജോസ് കെ മാണിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാണ് കോൺഗ്രസ് നീക്കം. കെ എം മാണിയോടെ കേരളാ കോൺഗ്രസിന് പ്രസക്തി നഷ്ടമായെന്ന് വരുത്താനാണ് ഇത്. ഈ സാഹചര്യത്തിലാണ് എന്തുവില കൊടുത്തും എൻസിപിയെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം.

കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് ഈ നീക്കം നടത്തുന്നത്. ജോസ് കെ മാണിയോടുള്ള വിരോധമാണ് ഇതിന് കാരണം. പാലായിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. മാണിയുടെ മരണത്തിന് ശേഷം ഇടതുപക്ഷത്തിന് വേണ്ടി സീറ്റ് പിടിച്ചെടുത്ത മാണി സി കാപ്പൻ പാലായിൽ യുഡിഎഫിന് വേണ്ടി സീറ്റ് പിടിച്ചെടുക്കാൻ എത്തിയാൽ അത് മറ്റൊരു രാഷ്ട്രീയ പരീക്ഷണ തന്ത്രവുമാകും.

പാലാ സീറ്റ് എൽ.ഡി.എഫ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയാൽ മാണി സി കാപ്പൻ യു.ഡി.എഫിലേക്കെന്ന് സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. കോൺഗ്രസ് നേതൃത്വവുമായി മാണി സി കാപ്പൻ അനൗദ്യോഗിക ചർച്ചകൾ നടത്തി. എൻ.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പൻ യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചു. ജോസ് കെ. മാണി വിഭാഗത്തിനും എൻ.സി.പിക്കും പാല വൈകാരിക വിഷയമാണ്. എൽ.ഡി.എഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നൽകിയാൽ എൻ.സി.പി. ഒന്നാകെയോ പാർട്ടിയെ പിളർത്തിയോ യു.ഡി.എഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കം.

കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വവുമായി മാണി സി. കാപ്പൻ സംസാരിച്ചു. സംസ്ഥാന നേതാക്കളുമായി ഫോണിലൂടെയും ചർച്ചകൾ നടത്തി. മാണി സി. കാപ്പൻ വരുന്നതിനോട് യു.ഡി.എഫിന് എതിർപ്പില്ല. ജോസ് കെ. മാണിക്കു വേണ്ടി സിപിഎം. മാണി സി കാപ്പനെ തഴയുന്നത് കാപ്പന് അനുകൂലമാകുമെന്ന് യു.ഡി.എഫ്. വിലയിരുത്തുന്നു. എൻ.സി.പിയുടെ രണ്ട് എംഎ‍ൽഎമാരിൽ എകെ ശശീന്ദ്രൻ യു.ഡി.എഫ്. ബന്ധത്തിന് തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ പാലയെ ചൊല്ലി എൻ.സി.പിയിൽ പിളർപ്പിന്റെ സാഹചര്യം ഉണ്ടാകും. ശശീന്ദ്രൻ ഇടതുപക്ഷത്ത് തുടരും. കുട്ടനാട് സീറ്റും മാണി സി കാപ്പൻ ചോദിക്കും. തോമസ് ചാണ്ടിയുടെ സിറ്റിങ് സീറ്റായിരുന്നു കുട്ടനാട്.

എൻ.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മാണി സി. കാപ്പൻ കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. നിയമസഭ സീറ്റുകളിൽ പിന്നീട് ധാരണയുണ്ടാക്കാമെന്ന തന്ത്രപരമായ നിലപാട് എൽഡിഎഫ് സ്വീകരിച്ചാലും കാപ്പൻ വഴങ്ങാൻ ഇടയില്ല. പാലായും കുട്ടനാടും കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗം നോട്ടിമിടുന്ന സീറ്റുകളാണ്. മാണി സി കാപ്പൻ എത്തിയാൽ ജോസഫിന്റെ ഈ മോഹം പൊലിയും. ഈ സാഹചര്യത്തിൽ യുഡിഎഫിനുള്ളിൽ അതൃപ്തിയുണ്ടാകാൻ സാധ്യത ഏറെയാണ്. എന്നാൽ ജോസ് കെ മാണിയ്‌ക്കെതിരായ വികാരം ഉയർത്തി ജോസഫിനെ അനുനയിപ്പിക്കാനാണ് നീക്കം. പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ.മാണി മത്സരിച്ചാൽ എതിർ സ്ഥാനാർത്ഥിയായി മാണി സി. കാപ്പനെ മത്സരിപ്പിക്കാമെന്നാണ് കോൺഗ്രസിലെ ആലോചന.

പാലാ സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുകൊടുക്കില്ലെന്ന നിലപാട് എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാറിനെയും അറിയിച്ചെന്ന് മാണി സി.കാപ്പൻ പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുമായി സംസാരിക്കാമെന്നു ശരദ് പവാർ ഉറപ്പു നൽകിയതായും കാപ്പൻ പറഞ്ഞു. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്കു പോകുന്നതിനുള്ള ബദൽ നീക്കമായി എൻസിപിയെ യുഡിഎഫിൽ എത്തിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. എൻസിപിക്ക് വിജയസാധ്യതയുള്ള സീറ്റുകൾ കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിവ്.

രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരും. പാലാ സീറ്റ് സംബന്ധിച്ച് യാതൊരു പ്രശ്നവുമില്ലെന്ന് ജോസ് കെ മാണിയും പറയുന്നു. കേരള കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കാത്തിടത്തോളം സമയം മറ്റ് പ്രശ്നങ്ങളില്ല. നിലപാട് പ്രഖ്യാപിച്ച ശേഷമെ മറ്റ് ചർച്ചകൾക്ക് പ്രസക്തിയുള്ളൂ. പാലാ സീറ്റും കേരള കോൺഗ്രസും തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. പാർട്ടി നിലപാട് എടുത്ത ശേഷവും സീറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ അഭിപ്രായം തുറന്ന് പറയും. വെള്ളിയാഴ്ചക്കകം മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിനൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. ആ സീറ്റുകളിൽ പാലയാണ് കേന്ദ്രബിന്ദു. പാല നഷ്ടമാക്കിയാൽ ആത്മാവ് നഷ്ടമായ കേരളകോൺഗ്രസാകുമതെന്ന് ജോസ് മാത്രമല്ല, അദ്ദേഹത്തിനൊപ്പമുള്ള നേതാക്കൾക്കും അറിയാം. ജോസിന് പാല നഷ്ടമായാൽ പരോക്ഷമായെങ്കിലും അതിന്റെ ഗുണം തങ്ങൾക്ക് ലഭിക്കുമെന്ന കണക്കുകൂട്ടൽ പി.ജെ. ജോസഫ് വിഭാഗത്തിനുമുണ്ട്. ഇക്കാര്യം സിപിഎമ്മിനും അറിയാം. അതിനാൽ, പാലയടക്കം ആറുസീറ്റെങ്കിലും ജോസിന് നൽകാനാണ് സിപിഎമ്മിന്റെയും ശ്രമം. ഈ ബോദ്ധ്യം മാണി സി. കാപ്പനുള്ളതുകൊണ്ടാണ് പാല കൈവിടില്ലെന്ന് പ്രഖ്യാപിച്ചത്. ആര്, എത്രത്തോളം തുണയ്ക്കുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിലാണ് കാപ്പൻ.

എൻ.സി.പി.ക്ക് രാജ്യസഭാസീറ്റ് നൽകി കാപ്പനെ അനുനയിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം. എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും ഉൾപ്പടെയുള്ള നേതാക്കൾക്ക് ഇതിനോട് കടുത്ത എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പാല തന്റെ ചങ്കാണ് എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മാണി സി കാപ്പൻ. കഴിഞ്ഞ ഒരു മാസമായി കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് എൻ.സി.പി നേതാക്കളുമായി നടത്തിയ ചർച്ചയാണ് മാണി സി കാപ്പനെ യുഡിഎഫിലേക്ക് അടുപ്പിക്കുന്നത്.

പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി.കാപ്പൻ വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. ജയിച്ച സീറ്റ് വീട്ടുനൽകേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇപ്പോൾ കെ.എം.മാണിയല്ല എംഎൽഎ. അതുകൊണ്ട്, വൈകാരിക ബന്ധം പറഞ്ഞ് വരേണ്ട. മാണിക്ക് പാലാ ഭാര്യയാണെങ്കിൽ എനിക്ക് ചങ്കാണ്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന നിബന്ധന അംഗീകരിക്കില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP