Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടിയുടെ കടിഞ്ഞാൺ മാണി മകനിലേക്ക് കൈമാറിയതോടെ ജോസഫിനെ മുന്നിൽ നിർത്തി അട്ടിമറിക്കാൻ ഒരുക്കങ്ങൾ തകൃതി; മാണിയുടെ വിശ്വസ്തർ പോലും രഹസ്യമായി ജോസഫിനെ പിന്തുണച്ചതായി റിപ്പോർട്ട്; മാണിയേയും മകനേയും ഒഴിവാക്കി എല്ലാവരേയും കൂടെ കൂട്ടാൻ ചരട് വലിച്ച് ഉമ്മൻ ചാണ്ടിയും; അവസരം അനുകൂലമായിട്ടും തലവേദന ഏറ്റെടുക്കാൻ മടിച്ച് ജോസഫ്

പാർട്ടിയുടെ കടിഞ്ഞാൺ മാണി മകനിലേക്ക് കൈമാറിയതോടെ ജോസഫിനെ മുന്നിൽ നിർത്തി അട്ടിമറിക്കാൻ ഒരുക്കങ്ങൾ തകൃതി; മാണിയുടെ വിശ്വസ്തർ പോലും രഹസ്യമായി ജോസഫിനെ പിന്തുണച്ചതായി റിപ്പോർട്ട്; മാണിയേയും മകനേയും ഒഴിവാക്കി എല്ലാവരേയും കൂടെ കൂട്ടാൻ ചരട് വലിച്ച് ഉമ്മൻ ചാണ്ടിയും; അവസരം അനുകൂലമായിട്ടും തലവേദന ഏറ്റെടുക്കാൻ മടിച്ച് ജോസഫ്

ബി രഘുരാജ്‌

കോട്ടയം: കേരളാ കോൺഗ്രസിൽ ജോസ് കെ മാണി യുഗത്തിന്റെ തുടക്കം തിരിച്ചറിഞ്ഞതോടെ കളം മാറി പുതിയ പാർട്ടിയുണ്ടാക്കാനുറച്ച് മറു വിഭാഗം. ഇതിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി കൂടി സജീവമാകുമ്പോൾ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ പിളർപ്പിന് സാധ്യത ഏറുകയുമാണ്. മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും തുടങ്ങിയ കലാപ നീക്കത്തെ പിജെ ജോസഫിന്റെ നേതൃത്വത്തിലെ പുതിയ പാർട്ടിയായി വളർത്താനാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്. എന്നാൽ ഈ നീക്കത്തെ മനസ്സ് കൊണ്ട് പൂർണ്ണമായും ഏറ്റെടുക്കാൻ പിജെ ജോസഫ് തയ്യാറല്ല. ഇതോടെ കേരളാ കോൺഗ്രസിലെ പിളർപ്പിൽ അവ്യക്തതയും തുടരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചതിന് പിന്നിൽ ജോസ് കെ മാണിയുടെ തന്ത്രങ്ങളാണെന്ന് ഏവർക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കൂടിയാണ് പുതിയ രാഷ്ട്രീയ നീക്കം സജീവമാകുന്നത്.

കേരള കോൺഗ്രസും സിപിഎമ്മും ചേർന്ന് നാടകീയ രാഷ്ട്രീയ നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 22 അംഗ ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകൾ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികൾക്കൊപ്പം സി.പിഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസ് കുതിരവേലിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇടതുപക്ഷത്ത് സിപിഐ അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സണ്ണി പാമ്പാടിക്ക് പാർട്ടിയുടെ എട്ട് വോട്ട് മാത്രമാണ് കിട്ടിയത്. കോൺഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ചനടത്തി രേഖാമൂലം ധാരണയുണ്ടാക്കിയതിന് ശേഷമാണ് ജോഷി ഫിലിപ്പ് രാജിവെച്ചതെന്ന് കോൺഗ്രസ് പറയുന്നു. അതുകൊണ്ട് തന്നെ മാണിയുടെ മലക്കം മറിച്ചിലിനെ രാഷ്ട്രീയ ചതിയായി കോൺഗ്രസ് കരുതുന്നു. ഇത് ഏറെ ചൊടിപ്പിച്ചത് ഉമ്മൻ ചാണ്ടിയേയും.

മുൻധാരണകളെല്ലാം തെറ്റിച്ച് കോൺഗ്രസിനെ കൈവിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് എം അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. സിപിഎമ്മിന്റെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച രാവിലെ ചേർന്നാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അണിയറ നീക്കങ്ങൾക്കൊടുവിലാണ് ഇടത്തോട്ട് ചാഞ്ഞ് ഭരണം പിടിക്കാൻ മാണി വിഭാഗവും കരുക്കൾ നീക്കിയത്. ഇതിന് പിന്നിൽ ജോസ് കെ മാണിയായിരുന്നു. ലണ്ടനിൽ ഇരുന്ന് ജോസ് കെ മാണി ചരട് വലിച്ചു. യുഡിഎഫിലെ ധാരണ അനുസരിച്ച് കോൺഗ്രസിലെ സണ്ണി പാമ്പാടിക്ക് അനുകൂലമായി വോട്ടുചെയ്യണമെന്ന് വിപ്പ് നൽകുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ച കേരള കോൺഗ്രസ് അവസാന നിമിഷം അതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. സ്വയം നേതാവാകാനുള്ള ജോസ് കെ മാണിയുടെ കരുനീക്കമായിരുന്നു ഇതിനെല്ലാം പിന്നിൽ. ഈ നീക്കത്തെ മാണി തള്ളിപ്പറഞ്ഞില്ല. പകരം പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തെ എതിർക്കുന്നവർ ഒരുമിച്ചത്.

പിജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് ജോസഫാണ് ഇതിനെ ആദ്യം എതിർത്തത്. പിജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് പാർട്ടികളുടെ ലയനത്തോടെയാണ് മാണി ഗ്രൂപ്പിലെത്തിയത്. എന്നാൽ തോമസ് ഉണ്ണിയാടനെ പോലെ മാണിയുടെ വിശ്വസ്തനെന്ന പ്രതിച്ഛായ ഉള്ളവർ പോലും ജോസ് കെ മാണിയെ തള്ളി പറഞ്ഞു. സി.പി.എം ബാന്ധവത്തിന് ഇല്ലെന്നും കോൺഗ്രസാണ് മികച്ചതെന്നും നിലപാട് എടുത്തു. ഇതോടെയാണ് മാണി ഗ്രൂപ്പിലെ കലാപത്തിന് പുതു രൂപം വന്നത്. എംഎൽഎമാരുടെ യോഗം മാണി വളിച്ചപ്പോൾ ജോസഫും മോൻസും എത്തിയില്ല. സിഎഫ് തോമസിനെ നിർബന്ധിച്ചാണ് യോഗത്തിനെത്തിയത്. സിഎഫും ജോസ് കെ മാണിക്ക് എതിരാണെന്ന് വന്നു. ഇതിനൊപ്പം മാണിയുടെ വിശ്വസ്തരായ പലരും ജോസഫിനെ വിളിക്കുകയും കലാപത്തിന് നേതൃത്വം നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജോസഫ് മനസ്സ് തുറന്നിട്ടില്ല.

ആരോഗ്യ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാണ് ജോസഫ് മുമ്പ് മാണിയുമായി അടുത്തത്. സ്വന്തമായി പാർട്ടിയെ നയിക്കാനുള്ള താൽപ്പര്യക്കുറവ് മാത്രമായിരുന്നു ഇതിന് കാരണം. തൊടുപുഴ എംഎൽഎ ആയ ജോസഫിന് തന്റെ പരിമിതികളെ നന്നായി അറിയാം. അതുകൊണ്ട് തന്നെ യാത്രകൾ പതിവാക്കിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ജോസഫിന് താൽപ്പര്യമില്ല. തൊടുപുഴയിൽ മാത്രം സജീവമാകാനാണ് ആഗ്രഹം. ഇതുകൊണ്ട് കൂടിയാണ് ഏല്ലാവരും നിർബന്ധിച്ചിട്ടും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജോസഫ് താൽപ്പര്യക്കുറവ് കാട്ടുന്നത്. നിലവിൽ ആറ് എംഎൽഎമാരാണ് മാണി ഗ്രൂപ്പിനുള്ളത്. ജോസ് കെ മാണിയുടെ സി.പി.എം താൽപ്പര്യത്തോട് വിയോജിച്ച് പാർട്ടി വിട്ടാൽ പകുതിയലധികം പേർ ജോസഫിനൊപ്പം നിൽക്കുമെന്നാണ് സൂചന. എന്നിട്ടും ജോസഫ് മനസ്സ് തുറക്കുന്നില്ല. അതിനിടെ ഇടതുപക്ഷത്തോടൊപ്പമുള്ള ഫാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസും ജോസഫിനെ സമീപിച്ചിട്ടുണ്ട്. പുതിയ പാർട്ടിയുണ്ടാക്കിയാൽ ഫ്രാൻസിസ് ജോർജും കൂട്ടരും ജോസഫിനൊപ്പം ലയിക്കും.

ഇടതുമുന്നണിക്കൊപ്പമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ് മത്സരിച്ചത്. എന്നാൽ ഈ കൂട്ടത്തിൽ ആരും ജയിച്ചില്ല. എങ്ങനേയും ജോസഫിനൊപ്പം കൂടി യുഡിഎഫിലെത്താനാണ് ഫ്രാൻസിസ് ജോർജിന്റെ ശ്രമം. മാണി ഗ്രൂപ്പിനെ ജോസഫ് പിളർത്തിയാൽ അവരെ യുഡിഎഫ് രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഉമ്മൻ ചാണ്ടി തന്നെ ഈ സൂചന പല നേതാക്കൾക്കും നൽകിയിട്ടുണ്ട്. മാണിയും ജോസ് കെ മാണിയും ഒഴികെ ആരേയും സ്വീകരിക്കുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കോട്ടയത്തെ ചതിക്ക് ഇങ്ങനെ പ്രതികാരം വീട്ടാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. യുഡിഎഫിൽ മാണിയെ അടുപ്പിക്കില്ലെന്ന് തുറന്ന് പറഞ്ഞതും ഇതുകൊണ്ടാണ്. കോട്ടയത്തെ ക്രൈസ്തവ രാഷ്ട്രീയം എന്നും യുഡിഎഫിന് അനുകൂലമാണ്. മാണിക്കൊപ്പം നിന്നാൽ അടുത്ത തവണ ജയിക്കാനാകില്ലെന്ന് പല കേരളാ കോൺഗ്രസ് എംഎൽഎമാരും കരുതുന്നു. ഈ സാഹചര്യത്തിലാണ് മാണി കൈവിടാൻ ഇവർ തയ്യാറെടുക്കുന്നതും.

കോട്ടയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ ജോസ് കെ മാണിക്കും ഏതെങ്കിലും മുന്നണിയുടെ സഹായം അനിവാര്യമാണ്. കോട്ടയത്തെ കോൺഗ്രസുകാർ തന്നെ കാലുവാരുമെന്ന് ജോസ് കെ മാണി കണക്ക് കൂട്ടുന്നു. അതുകൊണ്ട് കൂടിയാണ് ജില്ലാ പഞ്ചായത്തിലെ സഹകരണത്തിലൂടെ ഇടതു പക്ഷത്തേക്ക് ചേക്കേറാൻ ജോസ് കെ മാണി കരുക്കൾ നീക്കുന്നത്. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിക്ക് അതാണ് നല്ലതെന്ന് മാണിയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ധാരണയെല്ലാം അട്ടിമറിച്ച് കോട്ടയത്ത് പരീക്ഷണത്തിന് മാണിയും ഒരുങ്ങിയത്. പാർട്ടി ഫോറത്തിലൊന്നും ചർച്ച ചെയ്യാതെ വിശ്വസ്തരെ കൊണ്ട് ഇത് നടപ്പാക്കുകയും ചെയ്തു. ഈ ഏകപക്ഷീയ നീക്കത്തെയാണ് പിജെ ജോസഫിന്റെ പാളയത്തിലുള്ളവർ എതിർത്തതത്.

കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം കോൺഗ്രസിനും ശേഷിക്കുന്ന രണ്ട വർഷം കേരള കോൺഗ്രസ് എമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. അതനുസരിച്ച് ജോഷി ഫിലിപ്പ് ആദ്യ ടേം പ്രസിഡന്റായി. എന്നാൽ അപ്രതീക്ഷിതമായി ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായതോടെ അദ്ദേഹം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഏപ്രിൽ മാസത്തിൽ രേഖാപ്രകാരം ധാരണയുണ്ടാക്കിയ ശേഷമായിരുന്നു രാജി. ജോഷി ഫിലിപ്പ് രാജിവെച്ചതോടെ ഒരു വർഷം കോൺഗ്രസിലെ തന്നെ സണ്ണി പാമ്പാടി പ്രസിഡന്റായി അതുകഴിഞ്ഞ് രണ്ട് വർഷം കേരള കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. ഇത് പൊളിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് മോൻസ് ജോസഫിനെ പോലുള്ളവർ പറയുന്നു. ജോസ് കെ മാണിയുടെ ഏകാധിപത്യ ശൈലിയുടെ തുടക്കമാണ് കോട്ടയത്ത് കണ്ടത്. അത് അനുവദിക്കില്ലെന്നാണ് മറുവിഭാഗത്തിന്റെ പക്ഷം.

അതുകൊണ്ട്തന്നെ യു.ഡി.എഫ് അനുകൂല നിലപാടുള്ള ജോസഫ് വിഭാഗം പാർട്ടിയിൽ പിടിമുറുക്കുന്നതിനിടയിൽ കേരള കോൺഗ്രസ് (എം) നിർണായക പാർലമെന്ററി പാർട്ടി യോഗം നാളെ ചേരുന്നത് അതി നിർണ്ണായകമാണ്. പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നീ എംഎ‍ൽഎ മാർ ഉയർത്തുന്ന യു.ഡി.എഫ് അനുകൂല നിലപാടിലേക്ക് മാണി പക്ഷത്തുള്ള ഭൂരിപക്ഷം എംഎ‍ൽഎമാർ എത്തിയതായും പിളർപ്പ് ആസന്നമാണെന്നുമാണ് പൊതു വിലയിരുത്തൽ. ഈ യോഗത്തിൽ ജോസഫ് എടുക്കുന്ന തീരുമാനമാകും നിർണ്ണായകം. കെ.എം. മാണി പാലായിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി വിളിച്ചുചേർത്ത എംഎ‍ൽഎ മാരുടെ യോഗം പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവർ ബഹിഷ്‌കരിച്ചിരുന്നു. ജോസഫ് വിഭാഗം മനഃപൂർവം വിട്ടുനിന്നതാണെന്നു മനസിലാക്കി യോഗം മാറ്റിവച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വീണ്ടും പാർലമെന്ററി പാർട്ടി യോഗം വിളിച്ചത്.

നിലവിലെ സാഹചര്യത്തിൽ പിളർപ്പ് ഒഴിവാക്കാനായിരിക്കും മാണിയുടെ ശ്രമം. ഇരുമുന്നണികളുമായി ബന്ധം വേണ്ടെന്ന ചരൽക്കുന്ന് പ്രമേയത്തിൽ ഉറച്ചുനിന്നുള്ള ന്യൂട്രൽ കളിക്കായിരിക്കും മാണി ശ്രമിക്കുക. കോട്ടയത്ത് ഒരാഴ്ച മുമ്പുവരെ മാണി കോൺഗ്രസിനെ അട്ടിമറിക്കുമെന്ന് സൂചന നൽകിയില്ല. കോൺഗ്രസിന്റെ നിയുക്ത പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി പാമ്പാടി അനുഗ്രഹം വാങ്ങാൻ പലായിലെ വസതിയിലെത്തിയപ്പോൾ മാണി അനുഗ്രഹിച്ചു. ഇതോടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്ക തീർന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പ് സ്ഥാനാർത്ഥി സഖറിയാസ് കുതിരവേലി സി.പി.എം പിന്തുണയോടെ കറുത്ത കുതിരയായി പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു. മാണിഗ്രൂപ്പിന്റെ യുഡിഎഫ് ബന്ധത്തകർച്ച ഇതോടെ പൂർണ്ണമായി. മാണിയോട് മൃദുസമീപനം പുലർത്തിയിരുന്ന ഉമ്മൻ ചാണ്ടി രാഷ്ട്രീയസദാചാരമില്ലായ്മയുടെ പ്രതീകമായാണ് മാണിയെ വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP