Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്വാറം തികയാത്തതിന് പിന്നിൽ എ ഗ്രൂപ്പിലെ ത്രിമൂർത്തികൾ; ജില്ലാ പഞ്ചായത്തിൽ ജോസ് കെ മാണിക്കൊപ്പം ആറിൽ അഞ്ചു പേരുണ്ടായിട്ടും അട്ടിമറിക്ക് കുട പിടിച്ചത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും കെസി ജോസഫും; ലക്ഷ്യം മാണിയോടുള്ള പഴയ പകതീർക്കൽ; 2010ലെ ലയന സമയത്ത് ജോസഫിനെ എതിർത്തവർ പിജെയെ പിന്തുണയ്ക്കുന്നു എന്നതും വൈരുദ്ധ്യം: കോട്ടയത്ത് കോൺഗ്രസും കേരളാ കോൺഗ്രസും വീണ്ടും ഉടക്കിലേക്ക്; ജില്ലാ പഞ്ചായത്തിൽ സർവ്വത്ര അനിശ്ചിതത്വം

ക്വാറം തികയാത്തതിന് പിന്നിൽ എ ഗ്രൂപ്പിലെ ത്രിമൂർത്തികൾ; ജില്ലാ പഞ്ചായത്തിൽ ജോസ് കെ മാണിക്കൊപ്പം ആറിൽ അഞ്ചു പേരുണ്ടായിട്ടും അട്ടിമറിക്ക് കുട പിടിച്ചത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും കെസി ജോസഫും; ലക്ഷ്യം മാണിയോടുള്ള പഴയ പകതീർക്കൽ; 2010ലെ ലയന സമയത്ത് ജോസഫിനെ എതിർത്തവർ പിജെയെ പിന്തുണയ്ക്കുന്നു എന്നതും വൈരുദ്ധ്യം: കോട്ടയത്ത് കോൺഗ്രസും കേരളാ കോൺഗ്രസും വീണ്ടും ഉടക്കിലേക്ക്; ജില്ലാ പഞ്ചായത്തിൽ സർവ്വത്ര അനിശ്ചിതത്വം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്തെ ജില്ലാ പഞ്ചായത്ത് ഭരണത്തെ അനിശ്ചിതത്വത്തിലാക്കുന്നത് കോൺഗ്രസിലെ എ വിഭാഗം. ജോസ് കെ മാണി പക്ഷത്തെ തളർത്തനാണ് കോൺഗ്രസിലെ പഴയ ആന്റണി ഗ്രൂപ്പിന്റെ തീരുമാനം. കോട്ടയം രാഷ്ട്രീയത്തിൽ കെ എം മാണിയെ ഒതുക്കാൻ പലപ്പോഴും എ വിഭാഗം ശ്രമിച്ചിരുന്നു. കോട്ടയത്ത് കോൺഗ്രസിന് മുൻതൂക്കം നേടാനായിരുന്നു ഇത്. എന്നാൽ കെ എം മാണിയുടെ ഇടപെടലുകൾ മൂലം ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് (എം)നെ ഒതുക്കാൻ പി ജെ ജോസഫുമായി കോൺഗ്രസിലെ ആന്റണി വിഭാഗം കൈകോർക്കുന്നത്. ഇന്നത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ കളിച്ചത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ സി ജോസഫും ചേർന്നായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റെ തോമസ് ചാഴിക്കാടനെ തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് കോൺഗ്രസ് പുതിയ തന്ത്രവുമായി എത്തുകയാണ്. ഇതോട് മാണി ഗ്രൂപ്പ് പ്രവർത്തകർ ഒന്നടങ്കം കോൺഗ്രസിനെതിരെ തിരിയുകയാണ്. 2010 ലെ മാണിയുമായുള്ള ലയന സമയത്ത് പി ജെ ജോസഫിനെ എതിർത്തവർ ഇന്ന് പിജെയെ പിന്തുണയ്ക്കുന്നു എന്നതാണ് വൈരുദ്ധ്യം. കെ എം മാണിയുടെ മരണ ശേഷമുണ്ടായ പിളർപ്പിൽ നിയമപമരമായും സംഘടനാപരമായും ഏറെ മുന്നിൽ നിൽക്കുന്ന ജോസ് കെ മാണി പക്ഷത്തെ അണികൾക്കിടയിലോ, സംഘടനയിലോ നേരിടാനാവില്ല എന്ന ബോധ്യത്തിൽ നിന്നുയർന്ന പദ്ധതിയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇന്നു നടന്നത്.

കേരളാ കോൺഗ്രസിന്റെ ഒരംഗത്തെയെങ്കിലും ജോസ് കെ മാണി വിഭാഗത്തിൽ നിന്നും അടർത്തിയെടുത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടപ്പ് നടത്താതിരിക്കുകയും കേരളാ കോൺഗ്രസ് (എം) ന്റെ ശക്തികേന്ദ്രത്തിൽ ജോസ് കെ മാണി വിഭാഗത്തെ ഒന്ന് കൊച്ചാക്കുകയും ചെയ്യുക എന്ന പദ്ധതി രൂപപ്പെട്ടത് തന്നെ കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്കിടയിലായിരുന്നു. കോട്ടയത്ത് ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ട് അംഗങ്ങളുണ്ട്. കേരളാ കോൺഗ്രസിന് ആറും. മുൻ ധാരണ അനുസരിച്ചാണ് ഇപ്പോൾ പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകുന്നത്. എന്നാൽ കേരളാ കോൺഗ്രിലെ അഞ്ചു പേരും ഒന്നിച്ചു നിന്നിട്ടും കോൺഗ്രസ് ജോസ് കെ മാണിയെ തള്ളി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കേരളാ കോൺഗ്രസിലെ കൂടുതൽ നേതാക്കളെ അടർത്തിയെടുത്ത് ജോസഫിന് നൽകി കേരളാ കോൺഗ്രസിനെ കോട്ടയത്ത് തകർക്കുകയാണ് ലക്ഷ്യം.

പാലായിൽ കഴിഞ്ഞ 53 വർഷമായിട്ടും കോൺഗ്രസ് എന്നും കെ എം മാണിക്കും കേരളാ കോൺഗ്രസിനും എതിരായിരുന്നു. പാലായിൽ നിന്നുള്ള കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളൊക്കെ എക്കാലവും മാണി വിരുദ്ധരായിരുന്നു. കഴിഞ്ഞ പ്രാവശ്യം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം പിടിച്ചെടുത്തത് കോൺഗ്രസിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. അതിശക്തമായ ഭാഷയിലായിരുന്നു അന്നവർ കെ എം മാണിയെ വിമർശിച്ചത്. ഇനി മുതൽ മാണി സാറല്ല വെറും മാണിയാണ് എന്നായിരുന്നു തിരുവഞ്ചൂിരിന്റെ പ്രസ്താവന. ജോസഫിനെ കൊണ്ട് കോട്ടയം ലോകസഭാ സീറ്റിന് വേണ്ടി വഴക്കുണ്ടാക്കിച്ചതും കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നു.

കെഎം മാണിയുടെ അന്ത്യകാലത്ത് അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾക്കൊപ്പം ജോസഫും ആശുപത്രിയിലെ ഡോക്ടർമാരും നിരന്തര ബന്ധത്തിലായിരുന്നു. മാണിയുടെ മരണശേഷം കേരളാ കോൺഗ്രസ് (എം) നെ ജോസഫിന്റെ നിയന്ത്രണത്തിലാക്കി യുഡിഎഫിൽ കോൺഗ്രസിന്റെ ഒരു ബി ടീമായി നിലനിർത്തി മദ്ധ്യതിരുവിതാംകൂറിൽ 20ൽ പരം മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയായ കേരളാ കോൺഗ്രസ് (എം)നെ ദുർബലപ്പെടുത്തുക എന്നതാണ് കോൺഗ്രസ് തന്ത്രം. കേരളാ കോൺഗ്രസിലെ അധികാര തർക്കത്തിൽ ആദ്യഘട്ടത്തിൽ ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും തുല്യശക്തികളാണെന്നായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ആദ്യ കണക്കുകൂട്ടൽ.

ജോസ് കെ മാണിക്കൊപ്പം നൽക്കുന്നെന്ന പ്രതീതി ജനിപ്പിച്ചു പിന്നീട് സിഎഫ് തോമസിനെ ജോസഫിനൊപ്പമാക്കണമെന്നും നിർണ്ണായക നിമിഷത്തിൽ സിഎഫിനെ ഇറക്കി ജോസ് കെ മാണി വിഭാഗത്തെ നിർവീര്യമാക്കുകയായിരുന്നു കോൺഗ്രസ് - പിജെ ജോസഫ് രഹസ്യ തീരുമാനം. എന്നാൽ ജൂൺ 16ന് കോട്ടയത്ത് നടന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആകെയുള്ള 352 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 312പേർപങ്കെടുക്കുകയും, ജോസ് കെ മാണിയെ ചെയർമാനാക്കുകയും ചെയ്തു. 450 അംഗങ്ങളാണ് സംസ്ഥാന കമ്മിറ്റിയിലുള്ളതെന്ന് ജോയി എബ്രഹാം പോലും പറയുന്നുണ്ടെങ്കിലും 2018 ഏപ്രിലിൽ പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയിൽ352 പേർ മാത്രമാണ് പങ്കെടുത്തത്.

നാളെ ക്വാറം തികഞ്ഞില്ലെങ്കിലും പ്രസിഡന്റ്

ക്വാറം തികയാത്തതിനാൽ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചു. കോൺഗ്രസും കേരള കോൺഗ്രസിലെ ജോസ് കെ മാണിവിഭാഗവും വിട്ടുന്നതോടെയാണ് ക്വാറം തികയാതെ വന്നത്. മാറ്റിവെച്ച തിരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ 11ന് തെരഞ്ഞെടുപ്പ് നടത്തുമെന്നും ക്വാറം തികയണമെന്ന് നിർബന്ധമില്ലെന്നും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ പി കെ സുധീർ ബാബു അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിൽ സമവായം ഉണ്ടാകാത്തതിനാലാണ് ഇന്ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കേരളാ കോൺഗ്രസിന് അവകാശപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും സ്ഥാനാർത്ഥികളെ നിർത്തിയതോടെയാണ് യുഡിഎഫിൽ പ്രതിസന്ധി രൂപപ്പെട്ടത്.

യുഡിഎഫിലെ മുൻ ധാരണ പ്രകാരം കേരള കോൺഗ്രസിന് പ്രസിഡന്റ് പദവി കൈമാറാനായി നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസിൽ നിന്നുള്ള സണ്ണി പാമ്പാടി നേരത്തെ രാജി സമർപ്പിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് അംഗങ്ങൾ ഇല്ലാത്തതിനാൽ ജോസ് കെ മാണി വിഭാഗം പ്രസിഡന്റ് പദവിയിലേക്ക് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ നിർദ്ദേശിച്ചു. എന്നാൽ ജോസ് പക്ഷത്ത് പിളർപ്പുണ്ടാക്കി അജിത് മുതിരമലയെ ജോസഫ് വിഭാഗം പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചതോടെ ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇരുവിഭാഗങ്ങളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് എന്തുനിലപാടെടുക്കുമെന്നതിലായിരുന്നു ഏവരുടേയും ശ്രദ്ധ.

ജോസ് കെ മാണി പക്ഷത്തെയോ ജോസഫ് പക്ഷത്തെയോ പിന്തുണയ്ക്കാതെയുള്ള വിട്ടുനിൽക്കൽ നയം സ്വീകരിച്ച കോൺഗ്രസ് പ്രശ്‌നത്തിന് ഉടൻ പരിഹാരം വേണമെന്ന കർശന നിർദ്ദേശം കേരള കോൺഗ്രസിന് നൽകിയിട്ടുണ്ട്. ഇല്ലാത്ത പക്ഷം കോൺഗ്രസ് സ്ഥാനാർത്ഥിയെ വീണ്ടും മത്സരിപ്പിക്കുമെന്നാണ് സൂചന. 22 അംഗ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന് 14 അംഗങ്ങളാണ് ഉള്ളത്. (കോൺഗ്രസ് -8, കേരള കോൺഗ്രസ് 6). ഇടതുപക്ഷത്തിന് എട്ടും അംഗങ്ങളുണ്ട്. നാളെ ക്വാറം തികഞ്ഞില്ലെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ഇടതു പക്ഷത്തിന് പോലും ജയിക്കാൻ സാധ്യത ഒരുക്കും വിധമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾ.

അധികാരം ചെയർമാനല്ല.. സംസ്ഥാന സമിതിക്ക്

കേരളാ കോൺഗ്രസിൽ പാർട്ടി ചെയർമാനാണ് എല്ലാ അധികാരങ്ങളും എന്ന് പ്രചരിപ്പിക്കുന്നതും പൂർണമായും തെറ്റാണ്. സത്യത്തിൽ യാതൊരു അധികാരങ്ങളുമില്ലാത്ത പാർട്ടി നേതാവാണ് കേരളാ കോൺഗ്രസ് (എം) ചെയർമാൻ. കേരളാ കോൺഗ്രസ് പാർട്ടിയുടെ അധികാരങ്ങളൊക്കെ സംസ്ഥാന കമ്മിറ്റിക്കാണ്. അങ്ങനെയാണ് പാർട്ടി ഭരണഘടന. പാർട്ടി ചെയർമാനും വർക്കിങ് ചെയർമാനും തിരഞ്ഞെടുക്കപ്പെട്ട മറ്റു സംസ്ഥാന ഭാരവാഹികളും ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കേണ്ടത്.

പാർട്ടി ഭരണഘടനയുടെ 16-ാം വകുപ്പ് 1-ാം വകുപ്പ് പ്രകാരം പാർട്ടിയുടെ ഏത് ഭരണ കേന്ദ്രവും നേതാവും സംസ്ഥാന കമ്മിറ്റിക്ക് വിധേയമായിട്ടാണ് പ്രവർത്തിക്കേണ്ടത്. 8-ാം ഉപവകുപ്പ് പ്രകാരം സംസ്ഥാന കമ്മിറ്റിയാണ് പാർട്ടിയുടെ പരമാധികാര സമിതി. പക്ഷെ, മാണിയെ ചോദ്യം ചെയ്ത് ആരും മുന്നോട്ട് വന്നില്ല. സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുക്കുന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിക്കാണ് നിലവിൽ പാർലമെന്റ് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള അധികാരമെന്നും മറ്റ് തിരഞ്ഞെടുപ്പുകളിൽ താഴെ തട്ടിലുള്ള കമ്മിറ്റികളിലേയ്ക്ക് സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി ആ അധികാരം നൽകാനാകുമെന്നും 16-ാം വകുപ്പിലെ 10-ാം ഉപവകുപ്പ് വ്യക്തമാക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കെ എം മാണിചെയർമാനായിരുന്നപ്പോൾ സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിയാണ് ആ അധികാരങ്ങൾ ജില്ലാ കമ്മിറ്റികൾക്കും ജില്ലാ പ്രസിഡന്റിനും നൽകിയത്. നിലവിൽ കേന്ദ്ര കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലും പി ജെ ജോസഫ്തന്നെ തൊടുപുഴ കോടതിയിൽ ഫയൽ ചെയ്ത പാർട്ടി ഭരണഘടനയ്ക്ക്24 പേജുകളും 32 വകുപ്പുകളുമാണുള്ളത്. അതിലാണെങ്കിൽ ചെയർമാന്റെ അധികാരങ്ങൾ വ്യക്തമാക്കുന്നില്ല മറ്റ് കമ്മികളുടെ അധികാരങ്ങൾ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ഭരണഘടനാ പ്രകാരം വിപ്പു നൽകേണ്ടത് പാർട്ടി ജില്ലാ പ്രസിഡന്റ് തന്നെയാണ്.

കോൺഗ്രസിന്റെ ലക്ഷ്യം മാണിയുടെ പാർട്ടിയെ തകർക്കൽ

ഇക്കാര്യങ്ങളൊക്കെ തെളിവുകൾ സഹിതം കോൺഗ്രസ് നേതൃത്വത്തെ ധരിപ്പിച്ച് ജില്ലയിലെ കോൺഗ്രസ് നേതൃത്വം പിജെ ജോസഫിനെ പരോക്ഷമായി പിന്തുണച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നത് കെ എം മാണി പടുത്തുയർത്തിയ പാർട്ടിയെ ഇല്ലാതാക്കാനാണെന്നാണഅ ജോസ് കെ മാണി വിഭാഗം കരുതുന്നുത്.

വരാനിരിക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിൽ സംഭവിക്കാനിരിക്കുന്നിതന്റെ ഒരു റിഹഴ്സൽ തന്നെയാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇന്നു കോട്ടയത്ത്നടന്നത്. പാലാ ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും മാണിഗ്രൂപ്പ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന രഹസ്യധാരണയിലാണ് കോൺഗ്രസ്. അങ്ങനെ പിന്നീട് പാലാ സീറ്റ് സ്വന്തമാക്കുക. ദേശീയതലത്തിൽ കോൺഗ്രസ് ഒന്നുമല്ലാതാകുകയും ലോകസഭയിൽ പ്രതിപക്ഷമെന്ന പദവിക്ക് പോലും അർഹതയില്ലാതിരിക്കുകയും 2020 മാർച്ചോടെ രാജ്യസഭയിലും ബിജെപി ഭൂരിപക്ഷം ഉറപ്പിക്കും എന്നു വ്യക്തമായ സാഹചര്യത്തിൽ രാജ്യസഭാംഗമായ ജോസ് കെ മാണി ആ പദവി രാജിവച്ച് പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് സൂചന.

2019 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിലും 2010ലെ തിരഞ്ഞെടുപ്പിൽ പാലായിൽ എന്തായാലും ജോസ് കെ മാണി തന്നെ മത്സരിക്കും എന്നുവരുമ്പോൾ അന്നും രാജ്യസഭാ മെമ്പർസ്ഥാനം രാജി വയ്ക്കേണ്ടിവരും. ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി മത്സരിച്ചാലും പിന്തുണയ്ക്കും എന്ന പി ജെ ജോസഫിന്റെ തീരുമാനവും എങ്ങനെയെങ്കിലും പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരിക്കരുതെന്ന താല്പര്യത്തിനു പുറത്താണ്. ജോസ് കെ മാണിയാണ് സ്ഥാനാർത്ഥിയെങ്കിൽ ഇനിയങ്ങോട്ട് പാലാ നിയോജനകമണ്ഡലം മാണി കുടുംബത്തിനു സ്വന്തമാകുമെന്നും കോൺഗ്രസ് കരുതുന്നു. കെഎം മാണി സഹതാപവോട്ട് ജോസ് കെ മാണിയുടെ ജനകീയ നേതാവ് ലോകസഭാംഗം എന്ന നിലയിലുള്ള പ്രവർത്തനങ്ങളും ഏറെ സഹായകമാകും. അതുകൊണ്ട് തന്നെയാണ് ജോസ് കെ മാണിക്കു പരമാവധി തലവേദന ഉണ്ടാക്കാനുള്ള ഏത് നീക്കത്തെയും കോൺഗ്രസ് പിന്തുണയ്ക്കുന്നത്.

ജോസഫിന് പിന്തുണയ്ക്കുന്നത് പാലാ പിടിക്കാൻ

ജോസഫ് തൊടുപുഴ കോടതിയിൽ നൽകിയ കേസിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളിലെ 309 പേരും ജോസ് കെ മാണി പക്ഷത്താണെന്നുള്ള അറിവും, പാർട്ടി ഭരണഘടനയിലെ സംസ്ഥാന കമ്മിറ്റിയുടെ പരമാധികാരവും കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു.

ജോസ് കെ മാണിയുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിൽ കാരുണ്യ ചികിത്സാപദ്ധതിവിഷയത്തിൽ നടത്തിയ കളക്റ്റ്രേറ്റ് ധർണയും കോൺഗ്രസ് നേതൃത്വത്തെ അസ്വസ്തരാക്കുന്നു. 14 കേന്ദ്രങ്ങളിലും വളരെ മികച്ച നിലയിൽ ജോസ് കെ മാണി ധർണ സംഘടിപ്പിച്ചതും ജോസ് കെ മാണിയുടെ നേതൃത്വതിൽ കേരളാ കോൺഗ്രസ് കൂടുതൽ ശക്തമാകും എന്ന മുന്നറിയിപ്പാണ് കോൺഗ്രസ് നേതൃത്വത്തിന് നൽകുന്നത്. കോൺഗ്രസ് ദുർബലമാകുമ്പോൾ കേരളാ കോൺഗ്രസ് കൂടുതൽ ശക്തമാകുന്നത് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. ഇതിനിടെ കഴിഞ്ഞ 13ന് തിരുവനന്തപുരത്ത് കന്റോൺമെന്റ് ഹൗസിൽ പി ജെ ജോസഫ്, ജോർജ് ജോസഫും കോൺഗ്രസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയതും വിവാദമായിരിക്കുന്നു. കെ എം മാണിയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാൻ എല്ലാ സഹകരണവും കോൺഗ്രസ് ആ മീറ്റിംഗിൽ വാഗ്ദാനം ചെയ്തെന്നും അതിന്റെ ഭാഗമാണ് കോട്ടയത്തെ സംഭവവികാസങ്ങളെന്നും ഒരു വിഭാഗം പറയുന്നു.

ഇതിനിടെ കോട്ടയം ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളുടെ മണ്ഡലങ്ങളിൽ ചാഴിക്കാടന് പതിനായിരക്കണക്കിന് വോട്ട് കുറഞ്ഞതും കോൺഗ്രസ് - കേരളാ കോൺഗ്രസ് വൈരാഗ്യത്തിന് തെളിവാണ്. തിരുവഞ്ചൂർ കോട്ടയം മണ്ഡലത്ിൽ 19063 വോട്ടുകളാണ് കുറഞ്ഞത്. 2016 ൽ തിരുവഞ്ചൂരിന് 73894 വോട്ടുകൾ ലഭിച്ചെങ്കിൽ 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ചാഴിക്കാടന് ലഭിച്ചത് 54831 വോട്ടുമാത്രം. ചോർന്നത്19063 യുഡിഎഫ് വോട്ടുകൾ. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ നഷ്ടമായത് 7786 വോട്ടുകൾ. 2016 ൽ ഉമ്മൻ ചാണ്ടിക്ക് 71597 വോട്ടു കിട്ടിയെങ്കിൽ 2019ൽ ചാഴിക്കാടന് ലഭിച്ചത് 63811 വോട്ടുകൾ മാത്രം. ചോർന്നത് 7786 വോട്ടുകൾ. മോൻസിന്റെ കടുത്തുരുത്തിയിലും ചോർന്നു 7916 വോട്ട്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ തകർക്കാൻ പിജെ ജോസഫും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നാണ് കോട്ടയംകാരും പാലാക്കാരും പറയുന്നത്.

എന്തായാലും കോട്ടയം ജില്ലയിൽ കോൺഗ്രസ് കേരളാ കോൺഗ്രസ് ബന്ധങ്ങളിൽ ശക്തമായ വിള്ളൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ ബഹുഭൂരിപഭവും തങ്ങൾക്കൊപ്പമാണെന്നറിയാവുന്ന ജില്ലാ കോൺഗ്രസ് നേതൃത്വം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നത് കോൺഗ്രസിന്റെ പരോക്ഷപിന്തുണ പിജി ജോസഫിനാണെന്ന സന്ദേശം നൽകുന്നത്. എക്കാലവും കോൺഗ്രസ് വിരുദ്ധ മനോഭാവം പുലർത്തുന്ന മാണി അനുയായികളായ കേരളാകോൺഗ്രസ് പ്രവർത്തകരിൽ കൂടുതൽ കോൺഗ്രസ് വിരോധം സൃഷ്ടിക്കാനെ കോൺഗ്രസിന്റെ ഈ തീരുമാനത്തിനാവു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP