Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസ് കെ മാണിയുടെ തമാശ കേട്ട് പൊട്ടി ചിരിക്കുന്ന പിജെ ജോസഫ്; വാ പൊത്തി ആസ്വദിക്കുന്ന ഇടതുപക്ഷത്തെ ഫ്രാൻസിസ് ജോർജ്; എല്ലാത്തിനും സാക്ഷിയായി എൻഡിഎക്കാരൻ പിസി തോമസും; കത്തോലിക്കാക്കാരായ കേരളാ കോൺഗ്രസുകാരിൽ ചിത്രത്തിൽ ഇല്ലാത്തത് പിസി ജോർജ് മാത്രം; പിളരും തോറും വളരുന്ന കേരളാ കോൺഗ്രസിന് പാലായിലെ തോൽവി പുതിയ പാഠമോ? ദുബായിൽ പിജെയും ജോസും തോളിൽ കൈയിടുമ്പോൾ മൂക്കത്ത് വിരൽ വച്ച് പാലായിൽ കൂകി തളർന്നവർ; കേരളാ കോൺഗ്രസ് രാഷ്ട്രീയം ഇനി എങ്ങോട്ട്?

ജോസ് കെ മാണിയുടെ തമാശ കേട്ട് പൊട്ടി ചിരിക്കുന്ന പിജെ ജോസഫ്; വാ പൊത്തി ആസ്വദിക്കുന്ന ഇടതുപക്ഷത്തെ ഫ്രാൻസിസ് ജോർജ്; എല്ലാത്തിനും സാക്ഷിയായി എൻഡിഎക്കാരൻ പിസി തോമസും; കത്തോലിക്കാക്കാരായ കേരളാ കോൺഗ്രസുകാരിൽ ചിത്രത്തിൽ ഇല്ലാത്തത് പിസി ജോർജ് മാത്രം; പിളരും തോറും വളരുന്ന കേരളാ കോൺഗ്രസിന് പാലായിലെ തോൽവി പുതിയ പാഠമോ? ദുബായിൽ പിജെയും ജോസും തോളിൽ കൈയിടുമ്പോൾ മൂക്കത്ത് വിരൽ വച്ച് പാലായിൽ കൂകി തളർന്നവർ; കേരളാ കോൺഗ്രസ് രാഷ്ട്രീയം ഇനി എങ്ങോട്ട്?

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കേരളാ കോൺഗ്രസുകാർ ലയനത്തിനുള്ള പുറപ്പാടിലാണോ? പാലായിൽ തമ്മിൽ അടിച്ചവർ ദുബായിലെത്തിയപ്പോൾ കളിചിരിയിലായി. എല്ലാവരും പരസ്പരം അംഗീകരിച്ചു. പാലായിൽ നഷ്ടം ജോസ് ടോമിന് മാത്രവും. കേരളാ കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനത്തിന് വേണ്ടി പോരടിക്കുന്ന പിജെ ജോസഫും ജോസ് കെ മാണിയും എല്ലാ വേദനയും മറന്ന് ഒന്നിച്ചു. കേരളത്തിലെ രാഷ്ട്രീയവും ഈ ചിത്രങ്ങൾ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ്. പിളരും തോറും വളരുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്നതായിരുന്നു മാണിയുടെ മുദ്രാവാക്യം. എന്നാൽ മാണിയുടെ മരണത്തിന് ശേഷം പാലായിൽ ഇത് വില പോയില്ല. ജോസ് ടോമിന്റെ തോൽവിക്ക് കാരണം തമ്മിലടിയാണെന്ന് കോൺഗ്രസ് പോലും തുറന്നു സമ്മതിച്ചു.

പതിറ്റാണ്ടുകളുടെ ആധിപത്യത്തിന് ശേഷം കേരള കോൺഗ്രസിന്റെ കൈയിൽ നിന്നും പാല സീറ്റ് നഷ്ടപ്പെട്ടത് സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്. പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള രാഷ്ട്രീയ പോരാണ് യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കിയത് എന്നാണ് വിലയിരുത്തലുകളിൽ പ്രധാനം. എന്നാൽ പാലായിൽ ചെല്ലുമ്പോൾ പരസ്പരം കടിച്ചു കീറുന്ന പിജെ ജോസഫും ജോസ് കെ മാണിയും കേരളം വിട്ടാൽ പിന്നെ എങ്ങനെയാണ്. സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഒരു ചിത്രം. കോട്ടയത്തെ കോൺഗ്രസ് നേതൃത്വം പോലും അത്ഭുതത്തോടെ കാണുകയാണ് ഈ ചിത്രത്തെ. എങ്ങനെ ഇത് സംഭവിച്ചുവെന്ന് ആർക്കും ഒരു പിടിയുമില്ല. പിളരും തോറും വളരും എന്ന ആശയം മാറ്റി എല്ലാവരും ഒരുമിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

പാലായിലെ തോൽവിക്കും ശത്രുതയ്ക്കും ശേഷം പി ജെ ജോസഫ്, ജോസ് കെ മാണി എന്നിവർ ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതാക്കൾ ഒരുമിച്ചാണ് ദുബായിലെത്തിയത്. കത്തോലിക്കാ കോൺഗ്രസ് ആഗോള സമ്മേളനത്തിൽ പങ്കെടുക്കാൻ ഇരുവരും ഒരു വിമാനത്തിൽ ആണ് ദുബായിയിൽ എത്തിയത്. പി ജെ ജോസഫും ജോസ് കെ മാണിയും ഒരുമിച്ച വേദി പങ്കിടുകയും ചെയ്തു. പാലായിലെ ജോസ് ടോമിന്റെ പ്രചരണത്തിൽ പോലും കാണാത്ത ഐക്യം. ഇതോടെ ജോസ് ടോമിന്റെ തോൽവിക്ക് പിന്നിലെ യാഥാർത്ഥ കാരണക്കാരനെ അന്വേഷിക്കുകയാണ് യുഡിഎഫ് അണികൾ. ജോസ് കെ മാണിയേയും പിജെ ജോസഫിനേയും കൂടാതെ കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസ്, കേരള കോൺഗ്രസ് എംപി തോമസ് ചാഴിക്കാടൻ, ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതാവ് ഫ്രാൻസിസ് ജോർജും ചിത്രത്തിലുണ്ട്.

കഴിഞ്ഞയാഴ്ച വരെ പരസ്പരം ശത്രുക്കളായിരുന്ന നേതാക്കളാണ് കേരളാ കോൺഗ്രസിലെ ജോസ് കെ മാണിയും പിജെ ജോസഫും. കേരള കോൺഗ്രസിൽ ഉടക്കി ഇടതുപക്ഷത്തേക്ക് ചാഞ്ഞ ഫ്രാൻസിസ് ജോർജ്ജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് കേരളാ കോൺഗ്രസുമായി ശത്രുതയിലുമാണ്. തമ്മിൽ കടിച്ച് കീറുന്ന മുന്ന് നേതാക്കൾക്കൊപ്പം കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസും ചിത്രത്തിലുണ്ട്. കത്തോലിക്ക കോൺഗ്രസിന്റെ 101ാം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിനാണ് നേതാക്കൾ ദുബായിലെത്തിയത്. യുഡിഎഫ് നേതാക്കൾക്ക് ദുബായിലെ യുഡിഎഫ് കമ്മിറ്റി വിമാനത്താവളത്തിൽ വെച്ച് നൽകിയ സ്വീകരണത്തിനിടെയാണ് ഫോട്ടോ പകർത്തിയത്. ഇതിനൊപ്പം സമ്മേളന വേദിയിലെ ചിത്രങ്ങളും വൈറലാകുകയാണ്. അങ്ങനെ കത്തോലിക്കാ കോൺഗ്രസിന്റെ സമ്മേളനവും ചർച്ചയാവുകയാണ്.

ജോസ് ടോമിന്റെ പ്രചരണത്തിന് പിജെ ജോസഫ് എത്തിയപ്പോള് വേദിയിൽ നിന്നും കൂകി വിളി എത്തിയിരുന്നു. ഇതിനൊപ്പം ജോസഫിനെ കളിയാക്കി ജോസ് കെ മാണിയുടെ നിയന്ത്രണത്തിലുള്ള പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ ലേഖനവും എത്തി. ഇതോടെ ജോസ് കെ മാണിയും ജോസഫും അടുക്കാനാവാത്ത വിധം അകന്നെന്ന വിലയിരുത്തലെത്തി. പാലായിൽ തോൽവിക്ക് കാരണം ജോസഫെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. ജോസ് കെ മാണിയെന്നായിരുന്നു പിജെ ജോസഫിന്റെ കുറ്റപ്പെടുത്തൽ. ഇതെല്ലാം അതിവേഗം മറന്ന് തോളിൽ കൈയിടുന്ന പിജെ ജോസഫിന്റേയും ജോസ് കെ മാണിയുടേയും ചിത്രം കണ്ട് മൂക്കിൽ വിരൽ വയ്ക്കുന്നത് പാലായിലെ പൊതു യോഗത്തിൽ കൂകിയവരാണെന്നതാണ് വസ്തുത.

കേരള കോൺഗ്രസുകാർ ഒരുമിച്ച് ഒറ്റപാർട്ടിയാകാനുള്ള ശ്രമം തുടരുമെന്ന് കേരള കോൺഗ്രസ് തോമസ് വിഭാഗം ചെയർമാൻ പി സി തോമസ് നേരത്തെ അറിയിച്ചിരുന്നു. ദുബായിൽ രണ്ടു ദിവസമായി നടക്കുന്ന പരിപാടിയിൽ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പരിപാടിയിൽ വിവിധ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന കേരള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ടെന്നും കേരളത്തിൽ പിസി തോമസ് പറഞ്ഞിരുന്നു. ഇതാണോ ദുബായിൽ നടക്കുന്നതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. 2018-ഓഗസ്ററ് ഒന്നിന് പി.ടി ചാക്കോയുടെ ചരമ വാർഷികം ആചരിക്കാൻ കോട്ടയത്ത് ചേർന്ന പരിപാടിയിൽ കെഎം മാണി, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ എന്നിവർ പങ്കെടുക്കുകയും ലയനത്തിന് അനുകൂല തീരുമാനം സ്വീകരിക്കുകയും ചെയ്തിരുന്നു. തീരുമാനത്തിന് മുൻകൈ എടുക്കാൻ പി.സി തോമസിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഇതെല്ലാം വീണ്ടും ചർച്ചയാക്കുന്നതാണ് പുതിയ ചിത്രങ്ങൾ.

1960 കളുടെ ആദ്യ പാദത്തിൽ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോൺഗ്രസ് പിറവികൊണ്ടത്. പി സി ചാക്കോയുടെ പീച്ചി വിവാദത്തിൽ തുടങ്ങി രാജിയിലും മരണത്തിലുമെത്തിയ സംഭവവികാസങ്ങളാണ് കോൺഗ്രസിൽ നിന്ന് കെ എം ജോർജിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസെന്ന പാർട്ടിയുടെ പിറവിയിലേക്ക് നയിച്ചത്. രാഷ്ട്രീയ കേരളത്തെ ത്രസിപ്പിച്ച് കോട്ടയത്തെ തിരുനക്കര മൈതാനിയിൽ വെച്ച് മന്നത്ത് പത്മനാഭൻ പതാക ഉയർത്തിയതുമുതൽ പിളർപ്പിലൂടെ വളരുന്ന ചരിത്രമാണ് കേരള കോൺഗ്രസിനുള്ളത്. 1964 മുതൽ ഇന്നോളമുള്ള കേരള കോൺഗ്രസിന്റെ ചരിത്രം പിളർപ്പുകളുടെ കൂടിയാണ്. 1977 ആദ്യം പുറത്തുപോയത് ആർ ബാലകൃഷ്ണ പിള്ള. കേരള കോൺഗ്രസ് ബി രൂപീകരിച്ചു. 1979ൽ രണ്ടാം പിളർപ്പ്. പി ജെ ജോസഫുമായി തെറ്റി പിരിഞ്ഞ കെ എം മാണി കേരള കോൺഗ്രസ് എം രൂപീകരിച്ചു. മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി. 1982 മൂന്ന് വിഭാഗങ്ങളും യുഡിഎഫിന്റെ ഭാഗമായി. 1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 14 എംഎൽഎമാരുമായി യുഡിഎഫിൽ

1987 അസ്വാരസ്യങ്ങൾക്ക് ഒടുവിൽ മൂന്നാം പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും യുഡിഎഫിൽ. 1993 മാണിയുമായി തെറ്റിപിരിഞ്ഞ ടി എം ജേക്കബ് പുതിയ പാർട്ടിയുണ്ടാക്കി. നാലാം പിളർപ്പിൽ ജേക്കബ് ഗ്രൂപ്പ് പിറന്നു. 1996 അഞ്ചാമത്തെ പിളർപ്പ്. ഇക്കുറി കേരള കോൺഗ്രസ് ബി പിളർന്നു. ജോസഫ് എം പുതുശ്ശേരി പുറത്തെത്തി, പിന്നീട് മാണി ഗ്രൂപ്പിന്റെ ഭാഗമായി. 2001 മാണിയുമായി തെറ്റിപിരിഞ്ഞ് പി സി തോമസ് പുതിയ പാർട്ടിയുണ്ടാക്കി. ഐ എഫ് ഡി പി 2004 ൽ എൻ ഡി എക്കൊപ്പം കൂടി, ഇതാണ് ആറാമത്തെ പിളർപ്പ്. 2004 എൻ ഡി എ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി തോമസ് മാണിയുടെ മകൻ ജോസ് കെ മാണിയെ തോൽപിച്ചു. 2003 അടുത്ത പിളർപ്പ് ജോസഫ് ഗ്രൂപ്പിലായിരുന്നു. ഏഴാമത്തെ പിളർപ്പിൽ പി സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു.

2005 പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ച് ഇടതുമുന്നണിയിൽ എത്തി. 2007 കെ എം മാണി - ബാലകൃഷ്ണ പിള്ള- പി സി ജോർജ് ലയനശ്രമം. പക്ഷേ വിജയിച്ചില്ല. 2009 പി സി ജോർജിന്റെ കേരള കോൺഗ്രസ് സെക്യുലർ മാണിക്കൊപ്പം എത്തി. 2010 ജോസഫ് - മാണി ലയനം. എൽഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിന്റെ ഭാഗമായി. 2010 ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു. 2015 വീണ്ടും പിളർന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങി പി സി ജോർജ് വിട്ടുപോയി, സെക്യുലർ പുനരുജ്ജീവിപ്പിച്ചു. അങ്ങനെ എട്ടാമത്തെ പിളർപ്പ്. 2016 ഒമ്പതാമതും പിളർന്നു. മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി. 2016 കേരള കോൺഗ്രസും പിളർന്നു. പി സി തോമസ് എൻഡിഎയിൽ, സുരേന്ദ്രൻ പിള്ള യുഡിഎഫിലും.

ജോസഫും ജോസ് കെ മാണിയും തമ്മിലെ ഭിന്നതയും മറ്റൊരു പിളർപ്പിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് ദുബായിലെ വൈറൽ ചിത്രങ്ങൾ പിളർപ്പ് ആഗ്രഹിക്കുന്നവർക്ക് മേൽ രസം കൊല്ലിയായെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP