Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിയുടെ തീരുമാനം കുഴപ്പത്തിലാക്കിയത് ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും; എൽഡിഎഫിൽ കൂലിയില്ലാതെ അടുക്കളപ്പണി ചെയ്ത് മടുത്ത ജനാധിപത്യ കേരള കോൺഗ്രസിന് നഷ്ടമായത് ജോസഫിനൊപ്പം യുഡിഎഫിലേക്ക് ചേക്കേറാനുള്ള അവസരം; മാണി എൽഡിഎഫിൽ ചേർന്നാൽ അപ്പോൾ തന്നെ ജോസഫിനൊപ്പം ലയിക്കാനുള്ള പ്രഖ്യാപനം എഴുതി കാത്തിരുന്നത് വെറുതെയായി

മാണിയുടെ തീരുമാനം കുഴപ്പത്തിലാക്കിയത് ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും; എൽഡിഎഫിൽ കൂലിയില്ലാതെ അടുക്കളപ്പണി ചെയ്ത് മടുത്ത ജനാധിപത്യ കേരള കോൺഗ്രസിന് നഷ്ടമായത് ജോസഫിനൊപ്പം യുഡിഎഫിലേക്ക് ചേക്കേറാനുള്ള അവസരം; മാണി എൽഡിഎഫിൽ ചേർന്നാൽ അപ്പോൾ തന്നെ ജോസഫിനൊപ്പം ലയിക്കാനുള്ള പ്രഖ്യാപനം എഴുതി കാത്തിരുന്നത് വെറുതെയായി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ മാണിയുടെ കുടുംബവാഴ്ചയും ഏകാധിപത്യവുമാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ആന്റണി രാജു ഉൾപ്പെടെയുള്ള ജോസഫ് വിഭാഗം നേതാക്കൾ പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകാൻ മാണി വിസമ്മതിച്ചതോടെയാണ് പാർട്ടി പിളർന്നത്.എൽഡിഎഫിൽ ചേക്കാറാൻ ഫ്രാൻസിസ് ജോർജിനൊപ്പം, ഡോ.കെ.സി.ജോസഫും, ആന്റണി രാജുവുമുണ്ടായിരുന്നു.

സ്വന്തം രാഷ്ട്രീയ പ്രസ്ഥാനമായ ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടതുപാളയത്തിലേക്ക് ചേക്കേറിയ ഫ്രാൻസിസ് ജോർജ് യുഡിഎഫിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു.മാണിയും മകനും ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു ഫ്രാൻസിസ് ജോർജിന്റെ പരാതി. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാണി കോൺഗ്രസിന് വിരുദ്ധമായ സമീപനം സ്വീകരിച്ചപ്പോഴും ഫ്രാൻസിസ് ജോർജ് വിമാർശനവുമായി രംഗത്തെത്തി. പാർട്ടിയിൽ നിന്ന് പി.ജെ..ജോസഫും മറ്റും പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എൽഡിഎഫിന്റെ തണുപ്പൻ സമീപനം

ഇടതുമുന്നണിയുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ജനാധിപത്യ കേരള കോൺഗ്രസിന് ഒരു സീറ്റിലും വിജയിക്കാനായില്ല. തെരഞ്ഞെടുപ്പു സമയത്ത് ചേർത്തുനിർത്തിയെങ്കിലും അവരെ മുന്നണിയുടെ ഭാഗമാക്കാൻ എൽ.ഡി.എഫ്. തയാറായിട്ടില്ല. ഇതിൽ അവരുടെ അമർഷം തുടരുകയായിരുന്നു. ഇതിനിടയിലാണ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള നീക്കം ശക്തമായത്. എന്നാൽ, മാണി എൽ.ഡി.എഫിന്റെ ഭാഗമാകുമ്പോൾ ആ ചേരിയിൽ നിൽക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലായിരുന്നു ജനാധിപത്യ കേരളാ കോൺഗ്രസ്.

ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്നതിൽ യു.ഡി.എഫ്. നേതൃത്വത്തിന് എതിർപ്പുമില്ലായിരുന്നു. എന്നാൽ പി.ജെ. ജോസഫിനെക്കൂടി കൂട്ടണമെന്ന വികാരം അവർ പങ്കുവച്ചു. മാണി ഗ്രൂപ്പ് ഇടതുമുന്നണിയിലേക്കു പോകുകയാണെങ്കിൽ ജോസഫും മോൻസ് ജോസഫും തങ്ങൾക്കൊപ്പം യു.ഡി.എഫിലേക്കു വരുമെന്നാണ് ഫ്രാൻസിസ് ജോർജ് പ്രതീക്ഷിച്ചത്. ഇടതുമുന്നണിയുമായി ചേർന്നു നിൽക്കുന്ന പാർട്ടി യു.ഡി.എഫിലേക്ക് വരുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് അതിന്റെ നേതാവ് പറഞ്ഞതായി ഫ്രാൻസിസ് ജോർജിന്റെ പേരു പറയാതെ യു.ഡി.എഫ്. സെക്രട്ടറി ജോണി നെല്ലൂർ വ്യക്തമാക്കിയിരുന്നു. ഇതോടെ സംഭവം നിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജും രംഗത്തെത്തെത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ, യു.ഡി.എഫ്. നടത്തിയ രാപ്പകൽ സമരത്തിൽ പങ്കെടുക്കവേയാണ് ഫ്രാൻസിസ് ജോർജിന്റെ പേരു പരാമർശിക്കാതെ തന്നോട് ഇടതുമുന്നണിവിടുന്ന കാര്യം ആലോചനയിലാണെന്ന് പറഞ്ഞതായി ജോണി നെല്ലൂർ പ്രസംഗിച്ചത്. പി.ജെ. ജോസഫ് സമരപ്പന്തലിൽ എത്തിയത് ചർച്ചാവിഷയമായ പശ്ചാത്തലത്തിലാണ് ജോണി നെല്ലൂർ പരോക്ഷമായി ഇക്കാര്യം പറയുന്നത്. രാവിലെ പള്ളിയിൽ പോയപ്പോൾ ഇടുക്കിയിൽ മുമ്പ് ജനപ്രതിനിധിയും ഇപ്പോൾ പുതിയ പാർട്ടി രൂപീകരിച്ച് ഇടതുപക്ഷത്ത് നിൽക്കുന്ന നേതാവിനെ കാണാനിടയായി. പി.ജെ. ജോസഫ് എടുത്തപോലെ നിലപാട് സ്വീകരിക്കരുതോ എന്ന ചോദ്യത്തിന് തങ്ങളും ഇക്കാര്യം ആലോചിച്ചുവരികയാണെന്ന് അദ്ദേഹം മറുപടി നൽകിയെന്നാണ് ജോണി നെല്ലൂർ പ്രസംഗത്തിൽ പറഞ്ഞത്. മാത്രമല്ല പിണറായി വിജയന്റെ വാക്കുകേട്ട് ഇടതുമുന്നണിക്കൊപ്പം നിൽക്കാൻ എടുത്ത തീരുമാനം തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞതായി ജോണി നെല്ലൂർ പറഞ്ഞു.

ഇത് ചാനലുകൾ വാർത്തയാക്കുകയും കോൺഗ്രസുകാർ സാമൂഹിക മാധ്യമങ്ങളിൽ ഇടുകയും ചെയ്തതോടെ രൂക്ഷമായ ചർച്ചയ്ക്കിടയാക്കി. വിമർശിച്ചും അനുകൂലിച്ചും പ്രതികരണങ്ങൾ വന്നതോടെ നിഷേധക്കുറിപ്പുമായി ഫ്രാൻസിസ് ജോർജും രംഗത്തെത്തി. ജോണി നെല്ലൂരിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ പള്ളിയിൽ വച്ച് കണ്ടെങ്കിലും പൊതുവിഷയങ്ങൾ മാത്രമാണ് സംസാരിച്ചത്. ഇടതുമുന്നണിയിൽ പാർട്ടിക്ക് അതൃപ്തിയില്ല. അതിനാൽത്തന്നെ മറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ലെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ഫ്രാൻസിസ് ജോർജിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു

സുരക്ഷിത മണ്ഡലമെന്ന വിലയിരുത്തലിൽ ഇടുക്കി തെരഞ്ഞടുത്ത മുൻ എം. പി കൂടിയായ ഫ്രാൻസിസ് ജോർജിന്റെ കണക്കുകൂട്ടലുകൾ അപ്പാടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിഴച്ചു. കേരള കോൺഗ്രസി(എം) ലെ റോഷി അഗസ്റ്റിൻ 9428 വോട്ടുകൾക്കാണ് ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തിയത്.

ഫ്രാൻസിസ് ജോർജിന്റെ പാർട്ടിക്ക് എൽ. ഡി. എഫ് നൽകിയ മറ്റ് മൂന്നു സീറ്റുകളിലും ദയനീയ പരാജയം നേരിടേണ്ടിവന്നു. പൂഞ്ഞാറിൽ അഡ്വ. പി. സി ജോസഫും തിരുവനന്തപുരത്ത് ആന്റണി രാജുവും ചങ്ങനാശേരിയിൽ ഡോ. കെ. സി ജോസഫും പരാജയത്തിന്റെ കയ്പറിഞ്ഞു. ചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറിൽ എല്ലാ മുന്നണികളേയും പിന്തള്ളി പി. സി ജോർജ് 26611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇവിടെ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പി. സി ജോസഫിനു 22270 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. തിരുവനന്തപുരത്ത് ആന്റണി രാജു 10905 വോട്ടുകൾക്കാണ് യു. ഡി. എഫിലെ വി. എസ് ശിവകുമാറിനോട് പരാജയപ്പെട്ടത്. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ സി. എഫ് തോമസിനോട് 1849 വോട്ടുകൾക്കാണ് കെ. സി ജോസഫ് പരാജയപ്പെട്ടത്.

സമ്പൂർണ പരാജയത്തോടെ ജനാധിപത്യ കേരള കോൺഗ്രസിന്റെ ഭാവി ഇരുളടഞ്ഞ നിലയിലായി കേരള കോൺഗ്രസിലെ ജോസഫ് വിഭാഗത്തോട് അടുപ്പം പുലർത്തിയിരുന്ന നേതാക്കളാണ് മാണി ഗ്രൂപ്പിൽ കലാപക്കൊടിയുയർത്തി പാർട്ടി വിട്ടത്. എന്നാൽ മാണി ഗ്രൂപ്പിനൊപ്പം നിന്നാൽ വ്യക്തിഗതമായ രാഷ്ട്രീയ വളർച്ച ഉണ്ടാവില്ലെന്ന നിഗമനത്തിലാണ് ഇവർ രാജിവച്ച് പുറത്തുപോയതെന്ന് ആരോപണമുയർന്നു. ഫ്രാൻസീസ് ജോർജിന്റെ പരാജയമാണ് പാർട്ടിയെ ഏറെ ഉലച്ചത്. ഇടുക്കിയിലെ മുൻ എം. പിയായ അദ്ദേഹത്തിന് ജനകീയ പ്രതിച്ഛായയുണ്ടായിരുന്നിട്ടും തിരിച്ചടി നേരിടേണ്ടി വന്നു.

കേരളാ കോൺഗ്രസിൽ നിന്ന് ഒരു പുതിയ നേതാവ് ഉയരുകയാണ് എന്ന പ്രതീക്ഷ ഉയർത്തിയാണ് ഫ്രാൻസിസ് ജോർജ് പുതിയ പാർട്ടി രൂപീകരിച്ചത്. ഒരേ സമയം കെ.എം. മാണിയെയും പി.ജെ. ജോസഫിനെയും വെല്ലുവിളിച്ച് പുതിയൊരു കേരളാ കോൺഗ്രസിനു രൂപംകൊടുത്തു കൊണ്ട് മാണിക്കും ജോസഫിനുമപ്പുറത്തേക്ക് കേരളാ കോൺഗ്രസിനെ വളർത്താൻ. 1964ൽ പാർട്ടി നയം കൊണ്ടപ്പോൾ ഉണ്ടായിരുന്ന കാഴ്ചപ്പാടും സംസ്‌കാരവും വീണ്ടെടുക്കാൻ, ഇറങ്ങിപ്പുറപ്പട്ടെ ഫ്രാൻസിസ് ജോർജിന് പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചു. ഇപ്പോൾ മാണി വീണ്ടും യുഡിഎഫിലേക്ക് ചാഞ്ഞതോടെ ജോസഫിനൊപ്പം പഴയ വീട്ടിൽ പുനഃ പ്രവേശനം നേടാൻ സ്വപ്‌നം കണ്ടവർക്ക് അത് വൻ തിരിച്ചടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP