Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രി ശൈലജക്കെതിരായ കോടതി പരാമർശത്തെ നിഷ്പ്രഭമാക്കിയ വിധിന്യായം; വേട്ടയാടുന്നു എന്ന കോടതിയുടെ കുറ്റപ്പെടുത്തൽ പിണറായിയെ കൂടുതൽ കരുത്തനാക്കും; ലാവലിൻ ഭയം ഒഴിഞ്ഞതോടെ ഇനി ഭരണത്തിന് വേഗം കൂടും; മുഖ്യമന്ത്രിപദം മോഹിച്ച കോടിയേരി ക്യാമ്പിൽ മൗനവും നിരാശയും: ആരെയും ഭയക്കാത്ത ചങ്കുറ്റമുള്ള മുഖ്യമന്ത്രി ആയിരിക്കുമോ ഇനി കേരളം കാണാൻ പോകുക?

മന്ത്രി ശൈലജക്കെതിരായ കോടതി പരാമർശത്തെ നിഷ്പ്രഭമാക്കിയ വിധിന്യായം; വേട്ടയാടുന്നു എന്ന കോടതിയുടെ കുറ്റപ്പെടുത്തൽ പിണറായിയെ കൂടുതൽ കരുത്തനാക്കും; ലാവലിൻ ഭയം ഒഴിഞ്ഞതോടെ ഇനി ഭരണത്തിന് വേഗം കൂടും; മുഖ്യമന്ത്രിപദം മോഹിച്ച കോടിയേരി ക്യാമ്പിൽ മൗനവും നിരാശയും: ആരെയും ഭയക്കാത്ത ചങ്കുറ്റമുള്ള മുഖ്യമന്ത്രി ആയിരിക്കുമോ ഇനി കേരളം കാണാൻ പോകുക?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ ഏറ്റവും അധികം ചർച്ചയായത് ലാവലിൻ കേസാണ്. വിഭാഗീയത ശക്തമായ സമയത്താണ് ലാവലിൻ കേസ് ഏറ്റവും അധികം മാധ്യമങ്ങളിൽ വാർത്തയായത്. ഊഹാപോഹങ്ങൾ പോലും ബ്രേക്കിങ് ന്യൂസായി മാറിയ കാലത്തിൽ വിഎസും പിണറായിയും നേർക്കുനേർ നിന്നു. ഒടുവിൽ ഇരുവരും അനുരഞ്ജനത്തിന്റെ പാതയിൽ എത്തിയ ശേഷമാണ് പിണറായിക്ക് അനുകൂലമായ ഹൈക്കോടതി വിധി ലാവലിൻ കേസിൽ ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതിയിൽ കൂടുതൽ നിയമപോരാട്ടം ഈകേസിൽ നടക്കാനിരിക്കുകയും ചെയ്യുന്നു. എങ്കിലും പിണറായി വിജയനെ കൂടുതൽ കരുത്തനാക്കുന്നതാണ് വിധിയെന്ന കാര്യത്തിൽ സംശയമില്ല.

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ കോടതി കടുത്ത ഭാഷയിൽ വിമർശനം നടത്തിയ ദിവസമാണ് ലാവലിൻ കേസിലെ വിധി സർക്കാറിന് രക്ഷയായും പ്രതിപക്ഷത്തിന് തിരിച്ചടിയായും മാറിയത്. ലാവലിൻ കേസിന്റെ വിധിയോടെ ശൈലജക്ക് എതിരായ കോടതി പരാമർശം നിഷ്പ്രഭമായി മാറുകയായിരുന്നു. ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമന കാര്യത്തിൽ കടുത്ത വിമർശനമാണ് ശൈലജക്കെതിരെ ഹൈക്കോടതി ഇന്ന് ഉന്നിയിച്ചത്. സിംഗിൾ ബെഞ്ച് മന്ത്രിക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മന്ത്രിക്കെതിരെ നിലപാട് സ്വീകരിച്ചത്.

ബാലാവകാശ കമ്മീഷനിൽ അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഹൈക്കോടതി പരാമർശിച്ചു. ക്രിമിനൽ കേസ് പ്രതികൾ എങ്ങനെ കമ്മീഷനിൽ വന്നു എന്നും ചോദിച്ച ഹൈക്കോടതി മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാവില്ലെന്നും പറഞ്ഞതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലായിരുന്നു. എന്നാൽ ലാവലിൻ കേസിന്റെ വിധിയോടെ മാധ്യമങ്ങളുടെയെല്ലാം ശ്രദ്ധ അങ്ങോട്ടേക്കായി മാറി. ഇതോടെ ചുരുക്കത്തിൽ ആരോഗ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ നിന്നും പാർട്ടിയും സർക്കാറും രക്ഷപെടുകയായിരുന്നു.

എസ്എൻസി ലാവ്ലിൻ കേസിൽ പിണറായി വിജയനെതിരെ കുറ്റം ചുമത്താനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അദ്ദേഹത്തെ രാഷ്ട്രീയമായി വേട്ടയാടുന്നു എന്നുകൂടി പറഞ്ഞതോടെ സർക്കാറിന് അനുകൂലമായാണ് കാര്യങ്ങൾ നീങ്ങിയത്. ലാവ്‌ലിനുമായി കരാറുണ്ടാക്കിയത് വൻ കരാറായി കണക്കാക്കാനാവില്ലെന്നും കരാറുണ്ടാക്കിയതിൽ ഉദ്യോഗസ്ഥർക്കാണ് ഉത്തരവാദിത്തമെന്നും കോടതി പറഞ്ഞിരിക്കുന്നത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്‌ലിൻ കേസ് തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ.വി. രാജഗോപാൽ, കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും വിധിയിലുണ്ട്. ലാവലിൻ കേസിൽ ഒന്നാം പ്രതിയായ മോഹനചന്ദ്രൻ, എഴാം പ്രതിയായ പിണറായി വിജയൻ, എട്ടാം പ്രതിയായ ഫ്രാൻസിസ് എന്നിവരെ കുറ്റിവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ പുതിയ വിധി വന്നത്.

കോടതി വിധി പുറത്തുവന്നതോടെ ഇടതുപക്ഷത്തിന് മൊത്തത്തിൽ ആശ്വാസമായി. ഹൈക്കോടതി വിധിയിൽ പാർട്ടി കേന്ദ്രങ്ങൾ ആഹ്ലാദത്തിലായി. മഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറെ സന്തോഷവാനായത്. പതിവിനു വിരുദ്ധമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ആഘോഷം അരങ്ങേറി. മധുരം വിതരണം ചെയ്താണ് പ്രവർത്തകരും ഉദ്യോഗസ്ഥരും സന്തോഷം പങ്കുവച്ചത്. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിക്കൊപ്പം സന്തോഷം പങ്കിടാൻ മന്ത്രിസഭാംഗങ്ങളും എത്തിയിരുന്നു. നേതാക്കളുടെ പ്രതികരണങ്ങളിലും ശരീരഭാഷയിലും വിജയഭാവം പ്രകടമായിരുന്നു.

അതേസമയം ഇടക്കാല മുഖ്യമന്ത്രിയെങ്കിലും ആകാമെന്ന് കരുതിയ കോടിയേരി ബാലകൃഷ്ണൻ ക്യാമ്പിൽ കോടതിവിധി നിരാശയാണ് ഉണ്ടാക്കിയത്. അടുത്തിടെ കോടിയേരിയുടെ വീട്ടിൽ പൂജകൾ അടക്കം നടന്നിരുന്നു. ഇത് മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടാണെന്ന് പോലും കിവതന്ദികൾ ഉണ്ടായിരുന്നു. കോടിയേരിയോട് അടുത്ത ചിലരും അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സാധ്യതകൾ പ്രതീക്ഷിച്ചിരിക്കയായിരുന്നു. എന്നാൽ, കിംവതന്ദികൾ ഉണ്ടാകുമ്പോഴും ഒരു ഘട്ടത്തിലും കോടിയേരി തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. പിണറായിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയനെ ലക്ഷ്യമിട്ടതിലൂടെ സിപിഎമ്മിനെ തന്നെയാണ് ലക്ഷ്യമിട്ടതെന്ന പ്രചരണമായിരുന്നു സി.പി.എം കേസിന്റെ തുടക്കം മുതൽ നടത്തിയത്. പാർട്ടി സംസ്്ഥാന സെക്രട്ടറി പദവിയിൽ തന്നെ ഏറെക്കാലം തുടർന്ന പിണറായി കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെടുംവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. 2013 നവംബർ അഞ്ചിന് പിണറായിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിലാണ് അതിനുശേഷം നടന്ന ആലപ്പുഴയിലെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നേതൃത്വം ഒഴിഞ്ഞ് ഭരണ നേതൃത്വത്തിലേക്ക് വരാൻ പിണറായി തീരുമാനിക്കുന്നതും അതിന് പാർട്ടി അനുമതി നൽകുന്നതും. ഇപ്പോൾ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറുകയും ചെയ്തു.

പിണറായി വിജയൻ മുഖ്യമന്ത്രി ആയതോടെ കേരളം കണ്ട ഏറ്റവും ശക്തനായ മുഖ്യമന്ത്രിയായി മാറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പല കാര്യങ്ങളിലും അദ്ദേഹത്തിന് പിഴവു പറ്റി. ഇതിന് കാരണം ശക്തമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെയുള്ള ലാവലിൻ കേസായിരുന്നു. ഈ കേസിനെ പേടിച്ച് പല പരിഷ്‌ക്കരണ നടപടികളിൽ നിന്നും സർക്കാർ പിന്മാറുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലാവലിൻ കേസിലെ കോടതി വിധിയോടെ കേരള മുഖ്യമന്ത്രി കസേരയിൽ അമർന്നിരുന്ന് കൂടുതൽ കരുത്തോടെ ഭരിക്കാൻ പിണറായിക്ക് സാധിക്കും.

സിബിഐ കുരുക്ക് സുപ്രീംകോടതിയിലേക്ക് നീങ്ങിയെങ്കിലും ആരെയും ഭയക്കാത്ത മുഖ്യമന്ത്രിയെ ഇനി കാണാൻ സാധിച്ചേക്കും. സംസ്ഥാന വികസനത്തിന് ഉതകുന്ന പദ്ധതികൾ പലപ്പോഴും എതിർപ്പുകളെ തുടർന്ന് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തെ മറികടക്കാൻ വേണ്ടി ശക്തമായ തീരുമാനങ്ങളിലേക്ക് അദ്ദേഹം നീങ്ങും. സിപിഎമ്മിൽ തന്നെ കൂടുതൽ കരുത്തനാകാൻ പിണറായിയെ സഹായിക്കുന്നതാണ് ലാവലിൻ കേസിലെ വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP