Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഎൻആർ ആഗ്രഹിച്ചത് 'രാജേട്ടന്റെ' രണ്ടാം പതിപ്പാകാൻ; പിസി ജോർജ്ജിനേയും കൂട്ടി വോട്ടു പിടിച്ചിട്ടും ഫലം വന്നപ്പോൾ പുകഞ്ഞത് കുന്തരിക്കം പോലെ! തൃക്കാക്കരയിൽ സുരേന്ദ്രനും ശോഭയും ഒന്നിച്ചെത്തിയിട്ടും കുറഞ്ഞ് 2526 വോട്ട്; അമിത് ഷാ ഉടൻ എത്തും; കേരളത്തിലെ ബിജെപിയിൽ ശുദ്ധികലശം ഉറപ്പാക്കി വാമനസ്വാമിയുടെ മണ്ണ്

എഎൻആർ ആഗ്രഹിച്ചത് 'രാജേട്ടന്റെ' രണ്ടാം പതിപ്പാകാൻ; പിസി ജോർജ്ജിനേയും കൂട്ടി വോട്ടു പിടിച്ചിട്ടും ഫലം വന്നപ്പോൾ പുകഞ്ഞത് കുന്തരിക്കം പോലെ! തൃക്കാക്കരയിൽ സുരേന്ദ്രനും ശോഭയും ഒന്നിച്ചെത്തിയിട്ടും കുറഞ്ഞ് 2526 വോട്ട്; അമിത് ഷാ ഉടൻ എത്തും; കേരളത്തിലെ ബിജെപിയിൽ ശുദ്ധികലശം ഉറപ്പാക്കി വാമനസ്വാമിയുടെ മണ്ണ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കരയിലെ തോൽവി സിപിഎമ്മിലോ കേരളത്തിലെ ഭരണത്തിലോ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. കോൺഗ്രസ് കോട്ടയിൽ സിപിഎം തോറ്റുവെന്ന വിലയിരുത്തലിലേക്ക് അവരെത്തും. സിപിഎമ്മിന് കുറച്ച് വോട്ട് തോൽവിക്കിടയിലും കൂടി. പക്ഷേ ട്വന്റി ട്വന്റി സ്ഥാനാർത്ഥി മത്സരിക്കാതിരുന്നിട്ടും വോട്ട് കുറഞ്ഞത് ബിജെപിക്കാണ്. പിസി ജോർജ്ജിനേയും സുരേഷ് ഗോപിയേയും എല്ലാം നിറച്ച് പ്രചരണം നടത്തിയിട്ടും ഗുണമുണ്ടായില്ല. ബിജെപി ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാൻ ബോധപൂർവ്വമായ ഇടപെടലും ഉണ്ടായി. ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരും തൃക്കാക്കരയിൽ സജീവ സാന്നിധ്യമായി. ക്രൈസ്തവ വോട്ടുകളിലേക്കുള്ള നുഴഞ്ഞു കയറ്റമാണ് ബിജെപി ലക്ഷ്യമിട്ടത്. പക്ഷേ മുതിർന്ന നേതാവായ എ എൻ രാധാകൃഷ്ണൻ കാടടിച്ച് പ്രചരണം നടത്തിയിട്ടും വോട്ടു കുറഞ്ഞു. ഇത് ബിജെപി സംസ്ഥാന ഘടകത്തിൽ വരും നാളുകളിൽ വലിയ ചർച്ചയാകും.

തൃക്കാക്കരയിൽ ക്രിസംഘികൾ എന്ന് അറിയപ്പെടുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകളുടെ പിന്തുണ പോലും ബിജെപിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും വോട്ടിംഗിൽ ഫലിച്ചില്ല. തൃക്കാക്കര വാമനന്റെ മണ്ണാണ്. എന്നാൽ തൃക്കാക്കരയിലെ വാമന ക്ഷേത്രം മറ്റൊരു മണ്ഡലത്തിലും. ഈ വിഷയം ഉൾപ്പെടെ ചർച്ചയാക്കിയാണ് തൃക്കാക്കരയിലെ പ്രചരണത്തിന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തിയത്. രാജഗോപാലിന് ശേഷം നിയമസഭയിലെത്തുന്ന വ്യക്തി താനായിരിക്കുമെന്നും എ എൻ രാധാകൃഷ്ണനും പറഞ്ഞു. വോട്ടു വിഹിതം കൂടുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. എന്നാൽ പ്രതീക്ഷിച്ച നേട്ടം ബിജെപി ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല വോട്ടുകൾ കുറയുകയും ചെയ്തു.

തൃപ്പുണ്ണിത്തുറയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി വിജയം നേടി. കൊച്ചിയിലെ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിലും ജയിച്ചു. ഇതോടെ ബിജെപി ക്യാമ്പ് കൂടുതൽ ആവേശത്തിലായി. ഇതിനിടെയാണ് പിസി ജോർജിന്റെ അനന്തപുരി പ്രസംഗം. പ്രചരണത്തിന്റെ അവസാന നാളിൽ പിസി ജോർജിനെ എത്തിച്ച് ബിജെപി കൂടുതൽ ആവേശത്തിലേക്ക് പ്രചരണം എത്തിച്ചു. രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന ബിജെപിക്കാരൻ താനാകുമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. പക്ഷേ അന്തിമ വോട്ടിംഗിൽ ഇതെല്ലാം വാചകമടി മാത്രമായിരുന്നുവെന്ന് തെളിഞ്ഞു. ബിജെപിക്ക് മാത്രം വോട്ടു കുറയുന്നു. മോദി സർക്കാരിന്റെ പേരിൽ വോട്ട് ചോദിച്ചിട്ടും ഇതു സംഭവിച്ചു. ക്രൈസ്തവരെ അനുകൂലമാക്കാനുള്ള ശ്രമമൊന്നും വിജയിച്ചുമില്ല. ഇതോടെ ഈ നേതൃത്വത്തിന് കേരളത്തിൽ അത്ഭുതം കാട്ടാനാകുമോ എന്ന സംശയം ബിജെപി കേന്ദ്ര നേതൃത്വത്തിനം ഉണ്ടാവുകയാണ്.

ബിജെപിയുടെ വോട്ടുവിഹിതത്തിൽ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിൽ എസ്.സജി മത്സരിച്ച മണ്ഡലത്തിൽ ഇത്തവണ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് മത്സരിച്ചത്. 2016ൽ നിന്ന് 2021ൽ എത്തിയപ്പോൾ തൃക്കാക്കരയിലെ ബിജെപിയുടെ വോട്ടുകളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചിരുന്നു. 2016ൽ 21,247 (10.66%) വോട്ടുകളാണ് എസ്.സജിക്ക് ലഭിച്ചിരുന്നത്. അഞ്ച് വർഷത്തിനിപ്പുറം 2021ൽ എസ്.സജിക്ക് 15,483 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ, 2016നെ അപേക്ഷിച്ച് വോട്ട് വിഹിതത്തിൽ നേരിയ വർധനയുണ്ടാക്കാൻ 2021ൽ ബിജെപിക്ക് സാധിച്ചിരുന്നു. 2021ൽ 11.34 ശതമാനം വോട്ടുകളാണ് ബിജെപിക്ക് തൃക്കാക്കരയിൽ നേടാനായത്. ഇത്തവണ അത് കുറഞ്ഞ് പത്തിന് താഴെ ശതമാനമായി.

2022ലെ ഉപതിരഞ്ഞെടുപ്പിൽ എ.എൻ രാധാകൃഷ്ണന് ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും വോട്ട് വിഹിതത്തിലും കുറവുണ്ടായി. 12,957 വോട്ടുകളാണ് എ.എൻ രാധാകൃഷ്ണന് ലഭിച്ചത്. 9.57 ശതമാനം വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വോട്ട് വിഹിതം 10 ശതമാനത്തിന് മുകളിലായിരുന്നു. 2,800ൽ അധികം വോട്ടുകളുടെ കുറവാണ് ഇത്തവണ ബിജെപിക്കുണ്ടായത്. ഇതിനെ സഹതാപ തരംഗത്തിന്റെ പ്രതിഫലനമായി ബിജെപി വിലയിരുത്തുന്നു. സംസ്ഥാന നേതൃത്വത്തിന്റെ തലയിലേക്ക് വിവാദങ്ങൾ എത്താതിരിക്കാനാണ് ഇതെല്ലാം. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തോടെ ഈ തോൽവിയെ കാണുന്നുണ്ട്. വൈകാതെ തന്നെ അമിത് ഷാ കേരളത്തിൽ എത്തും.

അന്തരിച്ച എംഎൽഎ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ തേരോട്ടമായിരുന്നു ഇക്കുറി തൃക്കാക്കരയിൽ കണ്ടത്. സിപിഎം സ്ഥാനാർത്ഥിയായ ജോ ജോസഫിനെ ബഹുദൂരം പിന്നിലാക്കിയാണ് ഉമാ തോമസ് വിജയിച്ചത്. ജോ ജോസഫിനും പിന്നിൽ മൂന്നാമതായ എ.എൻ രാധാകൃഷ്ണന് തോൽവിയിൽ ചില പരാതികളും ഉണ്ട്. 22000 വോട്ടാണ് എ എൻ ആർ പ്രതീക്ഷിച്ചത്. എന്നാൽ ബിജെപി വോട്ടുകൾ പോലും പൂർണ്ണമായും എ എൻ രാധാകൃഷ്ണന് കിട്ടിയില്ല. അടിയുറച്ച് പരിവാർ വോട്ടുകൾക്ക് അപ്പുറമുള്ള പ്രതീക്ഷകൾ വോട്ടിംഗിൽ പ്രതിഫലിച്ചില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ ശോഭാ സുരേന്ദ്രൻ പക്ഷം ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇനി എത്തുമ്പോൾ കേരളത്തിലെ ബിജെപിയിൽ അഴിച്ചു പണിക്ക് സാധ്യത െേറയാണ്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റില്ലെങ്കിലും ഭാവിയിലെ ബിജെപിയുടെ നേതൃത്വം ആർക്കായിരിക്കുമെന്ന സൂചന അമിത് ഷാ കേരള നേതാക്കൾക്ക് നൽകും. ഗ്രൂപ്പിസം അനുവദിക്കില്ലെന്നും വ്യക്തമാക്കും. കേരളത്തിൽ ജനകീയ അടിത്തറയുള്ള നേതാവായി സുരേഷ് ഗോപി മാറിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ അടുത്ത സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപിയെത്തുമെന്ന വിലയിരുത്തലുകളും സജീവമാണ്. ഇതിനിടെയാണ് തൃക്കാക്കരയിലെ തകർച്ച. ഉപതെരഞ്ഞെടുപ്പു നടന്ന നെയ്യാറ്റിൻകരയിലും അരുവിക്കരയിലും ബിജെപി നേട്ടമുണ്ടാക്കിയിരുന്നു. ആ മാതൃകയിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ തൃക്കാക്കരയിലും വോട്ട് കൂടുമായിരുന്നു. എന്നാൽ അതിന് കഴിയാത്തത് നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.

സുരേന്ദ്രനെതിരെ അമിത് ഷായ്ക്ക് മുമ്പിൽ പരാതി പറയാൻ പികെ കൃഷ്ണദാസ് പക്ഷം തയ്യാറെടുക്കുന്നുണ്ട്. കേന്ദ്ര മന്ത്രി വി മുരളീധരനെതിരേയും പരാതിയുടെ കെട്ടഴിക്കും. കേരളത്തിലെ പാർട്ടി നേരിടുന്ന പ്രതിസന്ധിയെ കുറിച്ചുള്ള വിവരങ്ങൾ സഹിതമാണ് അമിത് ഷാ ഇനി കേരളത്തിലേക്ക് എത്തുക. സുരേഷ് ഗോപിയെ ബിജെപിയുടെ നേതാവായി കാണാൻ നേരത്തെ കേരളത്തിലെ നേതാക്കൾ വിസമ്മതം കാട്ടിയിരുന്നു. പാർട്ടി പരിപാടികളിലും മറ്റും പങ്കെടുപ്പിച്ചുമില്ല. ഇത് ഇനി ചെയ്യരുതെന്ന നിർദ്ദേശം കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിന് അടുത്ത വരവിൽ അമിത് ഷാ നൽകും. സുരേഷ് ഗോപിയാകും കേരളത്തിലെ പാർട്ടിയുടെ ഭാവി മുഖമെന്ന സന്ദേശവും നൽകും. സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിട്ട് രണ്ട് കൊല്ലമായി. ഇനി ഒരു വർഷം കൂടി കാലാവധിയുണ്ട്. അതിന് ശേഷം സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനാണ് അമിത് ഷായുടെ ആലോചന.

ഏറെ കാലത്തിന് ശേഷം സിനിമയിലും സുരേഷ് ഗോപി സജീവമാണ്. അതുകൊണ്ട് തന്നെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം പറ്റില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യവും കാലാവധി പൂർത്തിയാക്കാൻ സുരേന്ദ്രനെ സഹായിക്കും. അടിമുടി മാറ്റം ഭാവിയിൽ ബിജെപിയിലുണ്ടാകും. സംഘടനാ ജനറൽ സെക്രട്ടറിയെ അടക്കം മാറ്റും. ആർ എസ് എസുമായും പുനഃസംഘടനയിൽ ബിജെപി ദേശീയ നേതൃത്വം ചർച്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP