Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ബിജെപിയുടെ കെണികളിൽ വീഴാതെ മെയ് വഴക്കത്തോടെ രക്ഷപ്പെട്ട വിരുത്; ചുട്ടു പൊള്ളുന്ന പൗരത്വ വിഷയത്തിൽ പോലും അതി സൂക്ഷ്മമായ തന്ത്രങ്ങൾ ഉപയോഗിച്ചു; ഷഹീൻബാഗ് സമരക്കാരെ തള്ളാതെയും കൊള്ളാതേയും നടത്തിയ നീക്കം കിടിലോൽകിടിലം; ഭക്തിക്കും ദേശസ്‌നേഹത്തിനും ഒട്ടും പിശുക്കു കാട്ടാതെ ബിജെപിയുടെ മാർക്കെറ്റും പിടിച്ചു; പ്രചരണത്തിൽ നടന്നത് കൃത്യമായ ആസൂത്രണവും നടപ്പിലാക്കലും; കെജ്രിവാൾ തന്ത്രങ്ങളുടെ തമ്പുരാൻ ആയവിധം

ബിജെപിയുടെ കെണികളിൽ വീഴാതെ മെയ് വഴക്കത്തോടെ രക്ഷപ്പെട്ട വിരുത്; ചുട്ടു പൊള്ളുന്ന പൗരത്വ വിഷയത്തിൽ പോലും അതി സൂക്ഷ്മമായ തന്ത്രങ്ങൾ ഉപയോഗിച്ചു; ഷഹീൻബാഗ് സമരക്കാരെ തള്ളാതെയും കൊള്ളാതേയും നടത്തിയ നീക്കം കിടിലോൽകിടിലം; ഭക്തിക്കും ദേശസ്‌നേഹത്തിനും ഒട്ടും പിശുക്കു കാട്ടാതെ ബിജെപിയുടെ മാർക്കെറ്റും പിടിച്ചു; പ്രചരണത്തിൽ നടന്നത് കൃത്യമായ ആസൂത്രണവും നടപ്പിലാക്കലും; കെജ്രിവാൾ തന്ത്രങ്ങളുടെ തമ്പുരാൻ ആയവിധം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവിധ ക്ഷേമ പദ്ധതികൾ, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സ്ത്രീകൾക്ക് സൗജന്യ യാത്ര, സ്‌കൂളൂകളുടെ നവീകരണം തുടങ്ങിയവ ഉയർത്തി പ്രത്യക്ഷ വോട്ട് പിടിത്തം. വികസനം മാത്രമാണ് പ്രത്യക്ഷത്തിൽ ചർച്ചയാക്കിയത്. എന്നാൽ തന്ത്രപരമായി എല്ലാ വിഷയങ്ങളിലും പരോക്ഷ സമീപനമെടുത്ത് എല്ലാ വിധ വോട്ടർമാരേയും സ്വാധീനിച്ചു. പൗരത്വ ഭേദഗതി നിയമത്തിൽ ശക്തമായ വേർതിരിവ് രാജ്യത്ത് ദൃശ്യമായിരുന്നു. ഇതിൽ ഒരു പക്ഷത്തും നിൽക്കാതെ നടത്തിയ കളിയും ഉജ്ജ്വലമായി. ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും വികസന ചരടിൽ കൂട്ടിക്കെട്ടാൻ എല്ലാ മാർഗ്ഗവും കെജ്രിവാൾ പയറ്റി. ബിജെപിയെ അവരുടെ തന്ത്രങ്ങളുടെ ഊർജ്ജം ഉൾക്കൊണ്ട് തകർത്തു. മോദിയെ എന്റെ പ്രധാനമന്ത്രിയെന്ന് പോലും പറഞ്ഞു. പ്രധാനമന്ത്രിയെ കടന്നാക്രമിക്കാതെ ഡൽഹിയിലെ ബിജെപിക്കെതിരെ ആക്രമണം അഴിച്ചു വിട്ട് കെജ്രിവാൾ മുമ്പോട്ട് നീങ്ങി. ഫലം വീണ്ടും ഡൽഹി ആം ആദ്മിക്കൊപ്പം നിന്നു. വാഗ്ദാനങ്ങളൊക്കെ പാലിക്കുന്ന മുഖ്യമന്ത്രി എന്ന പ്രതിഛായയാണ്, ബിജെപിയുടെ വമ്പൻ പ്രചാരണ തന്ത്രങ്ങളെയെല്ലാം അതിജീവിക്കാൻ ഇക്കുറിയും കേജ്രിവാളിനു കരുത്തായത്.

Stories you may Like

ഞാൻ ഒരു ഭീകരവാദിയാണെന്ന് വിശ്വസിക്കുന്നവർ താമര ചിഹ്നത്തിന് വോട്ട് ചെയ്തേക്കാം, പക്ഷേ, ഞാൻ ഡൽഹിക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിച്ചവനാണെന്ന് വിശ്വസിക്കുന്നവർ ആംആദ്മിയുടെ ചൂൽ ചിഹ്നത്തിൽ വോട്ട് ചെയ്യും'. ഇത്തവണ എല്ലാ പാർട്ടികളും ഒരുമിച്ചാണ്. ബിജെപി, കോൺഗ്രസ്, എൽജെപി, ആർജെഡി, ജെഡിയു എന്നിവർക്കെല്ലാം കെജ്രിവാളിനെ തോൽപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. നല്ല സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് ഞാൻ പറയുമ്പോൾ അവർ പറയുന്നത് കെജ്രിവാളിനെ തോൽപ്പിക്കൂ എന്നാണ്. മികച്ച ആശുപത്രികൾ നിർമ്മിക്കുമെന്ന് പറയുമ്പോഴും അവർ പറയുന്നത് കെജ്രിവാളിനെ തോൽപ്പിക്കൂ എന്നാണ്. അത് മാത്രമേ അവർക്ക് പറയാനുള്ളൂ. കെജ്രിവാളിനെ തോൽപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. പക്ഷേ, ഈ ജനങ്ങളിലൂടെ മാത്രമേ കെജ്രിവാളിനെ തോൽപ്പിക്കാനാകൂ, അത് മറക്കരുത്'-ഈ വാക്കുകളെല്ലാം പ്രചരണത്തിനിടെ ചർച്ചയായി. 'ഞാൻ എന്റെ ജോലിചെയ്തെന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ മാത്രം നിങ്ങൾ എനിക്ക് വോട്ട് ചെയ്യൂ, അല്ലെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട' എന്ന് കെജ്രിവാൾ തുറന്ന് പറഞ്ഞു. ഇതും പ്രചരണത്തിലെ വ്യത്യസ്ത സമീപനമായിരുന്നു. അങ്ങനെ കൃത്യമായ ആസൂത്രണത്തിന്റെയും അത് പ്രാവർത്തികമാക്കിയതിന്റെയും ഫലമാണ് കെജ്രിവാൾ എന്ന ഐഐടി ബിരുദധാരി ഡൽഹിയിൽ നേടിയത്.

ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ബിജെപിയെ കെജ്രിവാൾ തകർത്തു. തുടക്കം മുതൽ ബിജെപി ഒരുക്കിയ കെണികളിൽ വീഴാതെ വളരെ തന്ത്രപരമായി എല്ലാത്തിനേയും നേരിട്ടതായിരുന്നു വിജയതന്ത്രം. വിവാദങ്ങളിൽനിന്ന് അദ്ദേഹം കൃത്യമായ അകലം പാലിച്ചു. പൗരത്വ നിയമ ഭേദഗതി, കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ നടപടി, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത്, ബാലക്കോട്ട് വ്യോമാക്രമണം തുടങ്ങിയ വിഷയങ്ങളായിരുന്നു ബിജെപിയുടെ പ്രചരണ വിഷയങ്ങൾ. ഇതിൽ ദേശീയത ഉയർത്തനായിരുന്നു ശ്രമം. ഇതിനെതിരെ കെജ്രിവാൾ സംസാരിച്ചില്ല. മാത്രമല്ല മോദിയാണ് തന്റേയും പ്രധാനമന്ത്രിയെന്ന് പറഞ്ഞ് ദേശീയതയ്ക്ക് പുതിയ വ്യാഖ്യാനവും നൽകി. പാക് പ്രധാനമന്ത്രിയുടെ മോദിയെ കുറിച്ചുള്ള വിമർശനത്തിന് നടത്തിയ കടന്നാക്രമണം പോലും കെജ്രിവാളിന്റെ രാഷ്ട്രീയ ബുദ്ധിയുടെ നേർ സാക്ഷ്യമായിരുന്നു. മോദി അനുകൂലികളെ കൊണ്ട് പോലും വോട്ട് ചെയ്യിക്കുന്ന സമർത്ഥമായ നീക്കം. ഇവിടെയാണ് ബിജെപിക്ക് കാലിടറിയത്.

ഷഹീൻബാഗിലെ പ്രതിഷേധങ്ങളും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഖ്യവിഷയമാക്കി മാറ്റി. പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ഷഹീൻബാഗ് വിഷയത്തിലും കടുപ്പമേറിയ നിലപാടുകൾ സ്വീകരിക്കാതെ കെജ്രിവാൾ മാറിനിന്നു. എതിർത്തുമില്ല അനുകൂലിച്ചുമില്ല. ഇതിലൂടെ മുസ്ലിം വോട്ടുകൾ ചോരുന്നില്ലെന്ന് ഉറപ്പാക്കി. ഡൽഹിയിലെ വികസനകാര്യങ്ങളും തന്റെ സർക്കാർ പാലിച്ച വാഗ്ദാനങ്ങളും ചർച്ചയാക്കി എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങി ചെന്നു. 81 ശതമാനത്തോളം ഹിന്ദുവിഭാഗക്കാർ ജീവിക്കുന്ന ഡൽഹിയിൽ ബിജെപിയുടെ പ്രചരണം ഭൂരിപക്ഷത്തെ ലക്ഷ്യമിട്ടായിരുന്നു. അതുകൊണ്ട് തന്നെ താൻ ഒരു ഹിന്ദുവാണെന്നത് ഒന്നുകൂടി ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളും കെജ്രിവാളിന്റെ ഭാഗത്തുനിന്നുണ്ടായി. ഹനുമാൻ സ്വാമിയുടെ ഭക്തനെന്ന കെജ്രിവാളിന്റെ പരസ്യ പ്രസ്താവന ഇതിന് വേണ്ടി കൂടിയായിരുന്നു.

പൗരത്വ നിയമഭേദഗതിക്കെതിരേ പാർലമെന്റിൽ എതിർത്ത് വോട്ട് ചെയ്തു. എന്നാൽ പിന്നീട് ആ വീറൊന്നും പ്രതികരണത്തിൽ കണ്ടില്ല. കരുതലോടെയാണ് നീങ്ങിയത്. ന്യൂനപക്ഷ വോട്ടുക്കൾക്കൊപ്പം ഭൂരിപക്ഷത്തേയും അടുപ്പിക്കുന്ന തന്ത്രം. പൊലീസ് അതിക്രമം അരങ്ങുവാഴുമ്പോളും കെജ്രിവാൾ സംയമനം പാലിച്ചു. ട്വീറ്റുകളിൽ മാത്രം പ്രതികരണം ഒതുക്കി. ഇതിനൊപ്പം പരിക്കേറ്റവർക്കും മറ്റും ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്തി. കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽനിന്നും ആംആദ്മി അകലംപാലിച്ചു. പൗരത്വ വിഷയത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ കൂട്ടിച്ചേർത്ത് മറുപടി നൽകി. സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമായിരിക്കുമ്പോൾ എവിടെയാണ് കുടിയേറ്റക്കാരായെത്തുന്ന ലക്ഷക്കണക്കിന് പേരെ ഉൾക്കൊള്ളുകയെന്ന് അദ്ദേഹം ചോദിച്ചു. അതിൽ എല്ലാം ഉണ്ടായിരുന്നു.

ഡൽഹിയിലെ വോട്ടെടുപ്പിന് കൃത്യം ഒരാഴ്ച മുമ്പ് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി താനൊരു ഹിന്ദു മതവിശ്വാസിയാണെന്നകാര്യം ഓർമപ്പെടുത്തി. ഹിന്ദുത്വം എന്ന ബിജെപിയുടെ അജണ്ട സെറ്റിങ് അങ്ങനെ തനിക്ക് കെജ്രിവാൾ അനുകൂലമാക്കി. ആംആദ്മിയുടെ മുസ്ലിം സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് പാർട്ടിത്തലത്തിൽ ശക്തമായ പിന്തുണയുണ്ടായിരുന്നെങ്കിലും കെജ്രിവാൾ അകലം പാലിച്ചിരുന്നു. ന്യൂനപക്ഷ സംവരണസീറ്റുകളിലെ പരസ്യപ്രചരണങ്ങളിൽനിന്നും അദ്ദേഹം വിട്ടു നിന്നു. ഷഹീൻബാഗിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രതിരോധത്തിലാക്കിയതോടെ താൻ ഒരിക്കലും ഷഹീൻബാഗിൽനിന്നും അകലംപാലിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കി ആവരുതെന്നും അദ്ദേഹം പറഞ്ഞു.

ചൂൽ ചിഹ്നമാക്കി എഎപി രൂപീകരിക്കുമ്പോൾ പരിഹസിച്ചവർക്ക് അദ്ഭുതമാകുകയാണ് കേജ്രിവാൾ എന്ന ഒറ്റയാന്റെ വിജയക്കുതിപ്പുകൾ. നിശ്ചയദാർഢ്യമാണു കേജ്രിവാളിന്റെ കരുത്ത്. സർക്കാരിനു കിട്ടുന്ന നികുതിപ്പണം പാവപ്പെട്ടവർക്കു സൗജന്യം നൽകാൻ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നു തുറന്നുപറഞ്ഞ ചങ്കൂറ്റം. ഐഐടി ഖരഗ്പുരിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് പാസായ അരവിന്ദ് കേജ്രിവാൾ 1995 ൽ ഇന്ത്യൻ റവന്യു സർവീസിൽ പ്രവേശിച്ചു. ആദായനികുതി വിഭാഗം ജോയിന്റ് കമ്മിഷണറായിരിക്കെ 'പരിവർത്തൻ' എന്ന സംഘടനയ്ക്കു രൂപംനൽകി. നാടിന്റെ പരിവർത്തനത്തിനുള്ള ശ്രമങ്ങൾക്ക് അംഗീകാരമായി മാഗ്‌സസെ പുരസ്‌കാരം പിന്നാലെയെത്തി. അവധിയെടുത്തതു സംബന്ധിച്ച് മേലധികാരികളുമായുള്ള തർക്കത്തിനൊടുവിൽ ജോലി രാജിവച്ചു.

പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 'പരിവർത്തൻ' സജീവമായി ഇടപെട്ടു. താമസിയാതെ അതൊരു ജനകീയ മുന്നേറ്റമായി. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ 'കബീർ' എന്ന സംഘടനയ്ക്കും രൂപം നൽകി. അണ്ണാ ഹസാരെ, അരുണ റോയ് തുടങ്ങിയവരുമായി സഹകരിച്ച് വിവരാവകാശ നിയമത്തിനു വേണ്ടി നടത്തിയ ഇടപെടലുകൾ ദേശീയ ശ്രദ്ധയാകർഷിച്ചു. 2011 ൽ അണ്ണാ ഹസാരെ, കിരൺ ബേദി എന്നിവരുമായി ചേർന്ന് 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' (ഐഎസി) രൂപീകരിച്ചതോടെ, കേജ്രിവാൾ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയർന്നു. രണ്ടാം യുപിഎ സർക്കാരിന്റെ പതനത്തിനു പോലും കാരണമായത് ഐഎസിയുടെ അഴിമതിവിരുദ്ധ ജൻ ലോക്പാൽ സമരമായിരുന്നു.

പിന്നാലെയായിരുന്നു ആം ആദ്മി പാർട്ടി (പാവങ്ങളുടെ പാർട്ടി) രൂപീകരണം. 2013 ൽ നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽത്തന്നെ കോൺഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ന്യൂഡൽഹി മണ്ഡലത്തിൽ 25,864 വോട്ടുകൾക്കാണു കേജ്രിവാൾ തറപറ്റിച്ചത്. കഴിഞ്ഞ തവണ തന്റെ സ്വപ്നങ്ങളുമായാണ് കേജ്രിവാൾ വോട്ടർമാരെ സമീപിച്ചതെങ്കിൽ, ഇക്കുറി ചെയ്തുതീർത്ത പദ്ധതികൾ എടുത്തുകാട്ടിയായിരുന്നു വോട്ടു തേടൽ. ഭാര്യ സുനിതയും ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥയായിരുന്നു. പുൽകിതും ഹർഷിതയുമാണ് മക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP