Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവൾ വലുതായാൽ സൈന്യത്തിനുനേരെ കല്ലെറിയുമെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നും പറഞ്ഞ് ഇരയ്‌ക്കെതിരെ അണികൾ കൊടിപിടിച്ചപ്പോൾ കൂടെയിറങ്ങി; ജീവപര്യന്തം വിധിച്ച ദീപക് ഖജൂരിയയ്ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത നേതാവിന് സമ്മാനമായി മന്ത്രിപദം; പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിൽ പ്രതിഷേധിച്ച് ബന്ദ് നടത്തി ബാർ അസോസിയേഷനും; കത്വ ബലാൽസംഗക്കേസിൽ ബിജെപി സ്വീകരിച്ച നിലപാട് വിവാദമായത് ഇങ്ങനെ

ഇവൾ വലുതായാൽ സൈന്യത്തിനുനേരെ കല്ലെറിയുമെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നും പറഞ്ഞ് ഇരയ്‌ക്കെതിരെ അണികൾ കൊടിപിടിച്ചപ്പോൾ കൂടെയിറങ്ങി; ജീവപര്യന്തം വിധിച്ച ദീപക് ഖജൂരിയയ്ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത നേതാവിന് സമ്മാനമായി മന്ത്രിപദം; പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിൽ പ്രതിഷേധിച്ച് ബന്ദ് നടത്തി ബാർ അസോസിയേഷനും; കത്വ ബലാൽസംഗക്കേസിൽ ബിജെപി സ്വീകരിച്ച നിലപാട് വിവാദമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ജമ്മു: കത്വയിലെ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഘം കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചതോടെ ഈ വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് വീണ്ടും ചർച്ചയാകുന്നു. ഒരു രാജ്യം മുഴുവൻ, ക്രൂരമായി കൊലചെയ്യപ്പെട്ട കുഞ്ഞിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതികൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് ദേശീയപതാകയുമേന്തി തെരുവിലിറങ്ങിയത് സംസ്ഥാനത്തെ ബിജെപിയുടെ രണ്ട് മന്ത്രിമാർ തന്നെയായിരുന്നു. ഈ പ്രകടനത്തിൽ പങ്കെടുത്ത മറ്റൊരു നേതാവിന് ബിജെപി പിന്നീട് മന്ത്രി പദവി നൽകുകയും ചെയ്തു.

ജമ്മുകശ്മീരിലെ മന്ത്രിമാരായ ചൗധരി ലാൽ സിങ്ങും ചന്ദർ പ്രകാശ് ഗംഗയുമാണ് പ്രതികൾക്കുവേണ്ടി ദേശീയ പതാകയുമായി തെരുവിലിറങ്ങിയത്. കേസിലെ പ്രതിയായ സ്‌പെഷ്യൽ പൊലീസ് ഓഫീസർ ദീപക് ഖജൂരിയയ്ക്കുവേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ മാർച്ചിലാണ് ഇരുവരും പങ്കെടുത്തത്. മാർച്ചിൽ പങ്കെടുത്ത മറ്റൊരു ബിജെപി നേതാവ് രാജീവ് ജസ്രോട്ടിയക്ക് പാർട്ടി പിന്നീട് മന്ത്രി പദവിയും നൽകി.

ന്യൂനപക്ഷങ്ങളോട് വെറുപ്പ് പ്രകടിപ്പിച്ച മന്ത്രിമാർ

എസ്.ടി വിഭാഗത്തിൽപ്പെടുന്ന കശ്മീരിലെ ഗുജ്ജറുകളോടും കൊല്ലപ്പെട്ട പെൺകുട്ടിയുൾപ്പെടുന്ന ബക്കർവാളുകളോടും ഈ മന്ത്രിമാർക്കുള്ള വിദ്വേഷം നേരത്തേ തന്നെ പുറത്തുവന്നിരുന്നു. 2016ൽ കത്വയിലെ ഗുജ്ജറുകൾ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ചൗധരി ലാൽ സിങ്ങിന്റെ വീട്ടിലെത്തിയപ്പോൾ 1947ലെ മുസ്ലിം കൂട്ടക്കൊല ആവർത്തിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. 1947ൽ ഹരിസിങ്ങിന്റെ സൈന്യം കശ്മീരിലെ മുസ്ലിംങ്ങളെ വെടിവെച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ചൗധരി ലാൽ സിങ് അന്ന് ഭീഷണിപ്പെടുത്തിയത്.

2014ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദർപ്രകാശ് ഗംഗ പ്രസംഗിച്ചിരുന്നത് ഇങ്ങനെയായിരുന്നു:'എന്തുവന്നാലും തെരഞ്ഞെടുക്കപ്പെട്ടാൽ സരോറിലെയും വിജയ്പൂരിലെയും മുസ്ലിംങ്ങളെ കുടിയൊഴിപ്പിക്കും.'' എയിംസിന്റെ നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനായി സാംബയിൽ നിന്നന് ഗുജ്ജറുകളെ കുടിയിറക്കുമെന്ന് 2015ൽ ഗംഗ പറഞ്ഞത് വിവാദമായിരുന്നു.

നേതൃത്വം മാത്രമല്ല, സംഘപരിവാർ അണികളും കത്വ സംഭവത്തെ ന്യായീകരിക്കുകയും മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുകയാണ് ചെയ്തത്. പ്രതികളെ പിന്തുണച്ച മന്ത്രിമാർ രാജിവെച്ചശേഷവും മന്ത്രിമാരേയും പ്രതികളേയും പിന്തുണച്ചും ഇരയെ അധിക്ഷേപിച്ചും കേരളത്തിലേതടക്കമുള്ള സംഘപരിവാർ പ്രവർത്തകർ സംസാരിച്ചിരുന്നു. ഇവൾ വലുതായാൽ സൈന്യത്തിനുനേരെ കല്ലെറിയുമെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നുമൊക്കെ പറഞ്ഞായിരുന്നു ഇരയ്‌ക്കെതിരെ അണികൾ രംഗത്തുവന്നത്.

പെൺകുട്ടിക്കുവേണ്ടി മുന്നോട്ടുവന്ന അഭിഭാഷകയ്ക്കും സംഘപരിവാർ ഭീഷണി നേരിടേണ്ടി വന്നിരുന്നു. 'പലരും ഏറ്റെടുക്കാൻ മടിച്ച കേസിൽ ഒരു മുസ്ലിം കുടുംബത്തെ സഹായിക്കാൻ ഒരു ഹിന്ദു തന്നെ മുന്നിട്ടിറങ്ങി എന്ന കാരണത്താൽ ഒരു കൂട്ടം അഭിഭാഷകർ തനിക്കെതിരായി തിരിഞ്ഞെന്ന് ദീപിക പറഞ്ഞിരുന്നു.

മന്ത്രിമാരുടെ രാജിയും പാർട്ടി നിലപാടും

കത്വ സംഭവത്തിനുശേഷം ഇരുവരും പ്രതികൾക്കുവേണ്ടി രംഗത്തുവന്നത് കശ്മീരിലെ പി.ഡി.പി-ബിജെപി സർക്കാറിനുള്ളിൽ അഭിപ്രായ ഭിന്നതകൾക്കു വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇരുവരും രാജിവെക്കുകയാണുണ്ടായത്. എന്നാൽ രാജി വെക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കത്വകേസിലെ പ്രതികൾക്കുവേണ്ടിയുള്ള റാലിയിൽ പങ്കെടുത്ത രണ്ടുമന്ത്രിമാർ രാജിവെച്ചതിന് പിന്നാലെ ബിജെപി മന്ത്രിപദവി നൽകിയത് ഇതേ റാലിയിൽ പങ്കെടുത്ത മറ്റൊരു നേതാവിന്. ബിജെപി നേതാവായ രാജീവ് ജസ്രോട്ടിയേയാണ് ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇത് ചർച്ചയായപ്പോൾ നേരത്തെ വിവാദത്തിലായ രണ്ട് മന്ത്രിമാരോടും രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടില്ലെന്ന് ബിജെപി കശ്മീർ ജനറൽ സെക്രട്ടറി രാം മാധവ് വെളിപ്പെടുത്തിയിരുന്നു.

'ഗംഗയോടും ലാൽ സിങ്ങിനോടും രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നില്ല. അവർ ബലാത്സംഗക്കേസിലെ പ്രതിയെ പിന്തുണച്ചെന്ന ധാരണ മാധ്യമങ്ങൾ സൃഷ്ടിച്ചിരുന്നു. അക്കാരണം കൊണ്ടാണ് അവർ രാജിവെച്ചത്.' എന്നാണ് രാം മാധവ് പറഞ്ഞത്. അപലപിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കപ്പുറം കത്വ കേസിനെ എങ്ങനെയാണ് ബിജെപി കാണുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ നടപടി.

ബാർ അസോസിയേഷനും പ്രതികൾക്കൊപ്പം

കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം നൽകുന്നതിൽ പ്രതിഷേധിച്ച് പ്രാദേശിക ബാർ അസോസിയേഷൻ ബന്ദ് ആഹ്വാനം ചെയ്തു. നിയമ നടപടി തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് പൊലീസ് അഭിഭാഷകർക്കെതിരെ കേസെടുത്തു. ജമ്മു -കശ്മീർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം അഭിഭാഷകർ തടസ്സപ്പെടുത്തി. ഇതിലും പൊലീസ് കേസെടുത്തു. ന്യൂനപക്ഷ ദോഗ്ര സമൂഹത്തെ പൊലീസ് ബലിയാടാക്കുന്നു എന്നായിരുന്നു അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ പ്രതിഷേധത്തിനു ബന്ദാഹ്വാനത്തിനും ബിജെപി പിന്തുണ നൽകി. എന്നാൽ, കുറ്റക്കാർക്കു മാതൃകാപരമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു നാഷനൽ കോൺഫറൻസ് പ്രകടനം നടത്തി. ജമ്മുവിലെ വ്യാപാരി സംഘടനയും അഭിഭാഷകർ നിയമവാഴ്ച തടസ്സപ്പെടുത്തുന്നതിനെതിരെ രംഗത്തെത്തി.

ജനമനസാക്ഷിയുടെ നീറ്റലിന്റെ വിജയമാണ് കത്വ

കത്വയിൽ നീറ്റലായൊടുങ്ങിയ ആ എട്ടു വയസ്സുകാരിയെ ഓർത്ത് മനുഷ്യപ്പറ്റുള്ളവരുടെയെല്ലാം കണ്ണുനിറഞ്ഞു. മരണാനന്തരമെങ്കിലും അവൾക്കു നീതി വേണമെന്നു മുദ്രാവാക്യം വിളിച്ചു രാജ്യമെങ്ങും തെരുവിലിറങ്ങി. 2012 ഡിസംബറിലെ ഡൽഹി നിർഭയ മാനഭംഗകൊലക്കേസിനുശേഷം രാജ്യത്തെ നടുക്കിയ സംഭവത്തിൽ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടിയുടെ പിൻബലത്തിന് പോലും പൊതുമനസാക്ഷിയുടെ പ്രതിഷേധത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇന്ത്യൻ നിയമവ്യവസ്ഥയുടെ മഹിമ ഉയർത്തുന്നത് കൂടിയായിരുന്നു കത്വ കേസിന്റെ അന്വേഷണവും വിചാരണയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP