Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിട്ടുകൊടുത്തുകൊണ്ട് കർണാടകയിൽ നേടിയ ചരിത്രവിജയം വഴിയൊരുക്കുന്നത് രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്‌നത്തിന്; വല്യേട്ടൻ മനോഭാവം വെടിഞ്ഞ് പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തേണ്ട ആവശ്യം തിരിച്ചറിഞ്ഞ് കോൺഗ്രസ്; ജെഡിഎസിനെ പോലെ ടിഎസ്ആറും ടിഡിപിയും ബിജു ജനതാദളും ത്രിണമൂലും വരെ ഒപ്പം എത്തിയേക്കും; എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ അടിത്തറയും ഉറയ്ക്കും: പരാജയപ്പെട്ട പരീക്ഷണം മോദിയുടെ രണ്ടാം വരവിന് കനത്ത തിരിച്ചടി ആയേക്കും

വിട്ടുകൊടുത്തുകൊണ്ട് കർണാടകയിൽ നേടിയ ചരിത്രവിജയം വഴിയൊരുക്കുന്നത് രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്‌നത്തിന്; വല്യേട്ടൻ മനോഭാവം വെടിഞ്ഞ് പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തേണ്ട ആവശ്യം തിരിച്ചറിഞ്ഞ് കോൺഗ്രസ്; ജെഡിഎസിനെ പോലെ ടിഎസ്ആറും ടിഡിപിയും ബിജു ജനതാദളും ത്രിണമൂലും വരെ ഒപ്പം എത്തിയേക്കും; എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ അടിത്തറയും ഉറയ്ക്കും: പരാജയപ്പെട്ട പരീക്ഷണം മോദിയുടെ രണ്ടാം വരവിന് കനത്ത തിരിച്ചടി ആയേക്കും

മറുനാടൻ മലയാളി ഡെസ്‌ക്

ന്യൂഡൽഹി: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ മോദിയോട് ഏറ്റ കനത്ത പരാജയത്തിൽ നിന്ന് പിന്നെ കോൺഗ്രസ് കരകയറിയിട്ടേയില്ല. 2014ന് മുമ്പുള്ള കാലം തുടർച്ചയായി രണ്ടുവട്ടം കേന്ദ്രത്തിൽ അധികാരം നേടിയത്തിന്റെ അഹങ്കാരത്തിലായിരുന്നു കോൺഗ്രസ്. ഇതോടെ വീണ്ടും അധികാരം നേടുമെന്ന അഹങ്കാരം കൊണ്ടുനടന്നു ആ പാർട്ടി. ഇതിനിടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അവർ കണ്ടില്ല.

മോദിക്ക് കേന്ദ്രത്തിൽ അധികാരം കിട്ടിയതിന് പിന്നാലെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകൾ ഒന്നൊന്നായി കോൺഗ്രസ് തോറ്റമ്പി. വിജയിച്ചുകയറിയ ചിലയിടങ്ങളിൽ പോലും പണത്തിന്റെയും അധികാരത്തിന്റേയും പിൻബലത്തിൽ ബിജെപി കോൺഗ്രസിൽ നിന്ന് അധികാരം റാഞ്ചിയെടുത്തു. ഇതോടെ രാജ്യത്ത് വെറും മൂന്നു സംസ്ഥാനങ്ങളിൽ മാത്രം അധികാരമുള്ള പാർട്ടിയെന്ന നിലിയിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി.

ഇപ്പോൾ കോൺഗ്രസ് സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വന്തം പാർട്ടിക്ക് ഉണ്ടായ അപചയവും ഓരോ സംസ്ഥാനത്തും പ്രാദേശിക പാർട്ടികൾക്ക് ഉള്ള വോട്ടുബാങ്കും. ഇതിന്റെ ആദ്യലക്ഷണമായി മാറിയിരിക്കുകയാണ് കർണാടകത്തിൽ പാർട്ടി സ്വീകരിച്ച നിലപാട്. കർണാടകത്തിൽ തനിച്ച് ഭൂരിപക്ഷം നേടുമെന്ന അഹങ്കാരത്തിൽ തന്നെയാണ് കോൺഗ്രസ് മത്സരിച്ചത്. ബിജെപിക്ക് എതിരെ മതനിരപേക്ഷ കൂട്ടായ്മയെന്ന പ്രഖ്യാപനം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവന്നപ്പോഴും കർണാടകത്തിൽ തനിച്ച് മത്സരിച്ചു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കാലേക്കൂട്ടി നടത്തിയ നീക്കങ്ങളിലൂടെ വിജയിച്ച് ബിജെപി 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

എന്നാൽ അപകടം മണത്ത കോൺഗ്രസ് ആദ്യം ഉണർന്നു. അതോടെ കർണാടകയിൽ ഇപ്പോൾ ജനവിധി രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ കോൺഗ്രസിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ബിജെപിയെ തനിച്ച് നേരിടാൻ തങ്ങൾക്ക് കഴിയില്ലെന്ന തിരിച്ചറിവ് കോൺഗ്രസിന് ഉണ്ടായി എന്നതാണ് കർണാടകയിലെ ജനവിധി തെളിയിച്ചത്. അത് യഥാസമയം മനസ്സിലാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുലിനും സോണിയക്കും കഴിഞ്ഞുവെന്നതാണ് ഈ തിരഞ്ഞെടുപ്പ് കൊണ്ട് ഉണ്ടായ ഗുണവും.

ഇതുവരെ മറ്റു കക്ഷികളോട് സ്വീകരിച്ച വല്യേട്ടൻ മനോഭാവം മാറ്റിവച്ച് കർണാടകത്തിൽ രണ്ടാം സ്ഥാനം ഉണ്ടായിട്ടും മൂന്നാം സ്ഥാനമുള്ള ജനതാദളിന് മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറായതാണ് അവർക്ക് വലിയ മുന്നേറ്റം ദേശീയ തലത്തിൽ നേടിക്കൊടുക്കുന്നതും. ഈ നിലപാട് മറ്റിടങ്ങളിലും നേരത്തെ തന്നെ കൈക്കൊണ്ടിരുന്നെങ്കിൽ ഒരുപക്ഷേ യുപിപോലും കോൺഗ്രസിന് കൈമോശം വരില്ലായിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ നിലപാട് കോൺഗ്രസ് തുടർന്നും സ്വീകരിച്ചാൽ അത് വീണ്ടും അധികാരത്തിലെത്തുക എന്ന മോദിയുടെയും അമിത്ഷായുടേയും സ്വപ്‌നങ്ങളെ തകർത്തെറിയും.

രാജ്യത്ത് ഏറ്റവുമധികം സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തിയെങ്കിലും അവരുടെ നില അടുത്ത ദേശീയ തിരഞ്ഞെടുപ്പിൽ മോശമാകുമെന്ന വിലയിരുത്തലുകൾ വന്നുകഴിഞ്ഞു. കർണാടകം അതിന്റെ ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് ബിജെപിയും കോൺഗ്രസും പരിഗണിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകൾ നേടിയ, ക്‌ളീൻ സ്വീപ് പോലും നടത്തിയ സംസ്ഥാനങ്ങളിൽ അടുത്ത തിരഞ്ഞെടുപ്പിൽ അതുണ്ടാവില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം.

കർണാടകം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ആ വിടവ് നികത്താൻ പറ്റാവുന്നത്ര സീറ്റുകൾ നേടുകയെന്ന മോഹമാണ് ബിജെപിക്ക്. അതിന്റെ ഡ്ര്‌സ് റിഹേഴ്‌സലായാണ് അമിത്ഷായും കർണാടക തിരഞ്ഞെടുപ്പിനെ കണ്ടത്. ബിജെപി വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിന് വേ്ണ്ടി നടത്തിയ നാടകവും ചാക്കിട്ടുപിടിത്തത്തിന് നടത്തിയ നീക്കവുമെല്ലാം വലിയ നാണക്കേടായി മാറി ബിജെപിക്ക്.

മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്വീകരിക്കേണ്ട തന്ത്രം

ബിജെപി ഗോവയിലും നാഗാലാൻഡിലുമുൾപ്പെടെ നടത്തിയ ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടാൻ കർണാടകത്തിൽ കഴിഞ്ഞുവെന്നതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ നേട്ടം. കർണാടകത്തിലെ സ്ഥിതി പരമാവധി മുതലെടുക്കാൻ കോൺഗ്രസിനുമായി. ഇതിനെല്ലാം ഉപരിയാണ് ജനതാദളിന് മുഖ്യമന്ത്രിപദം വിട്ടുകൊടുത്ത് നടത്തിയ നീക്കം. ഇതാണ് യഥാർത്ഥത്തിൽ ബിജെപിക്ക് പ്രതീക്ഷിക്കുന്നതിന് മുമ്പേ ഉണ്ടായ തിരിച്ചടി. ഏറ്റവും വലിയ രണ്ടാം കക്ഷിയായിട്ടും കോൺഗ്രസ് മൂന്നാം കക്ഷിയായ ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു.

ദേവഗൗഡയുടെ മകനെ മുഖ്യമന്ത്രിയാക്കാം എന്ന് അറിയിച്ചതോടെ സാധാരണഗതിയിൽ അങ്ങനെ വീഴുന്നയാളല്ലാത്ത ദേവഗൗഡവരെ വീണു. ബിജെപിക്ക് എതിരെ മതേതരമുന്നേറ്റമെന്ന പ്ര്ഖ്യാപനം ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാനും കോൺഗ്രസിനായി. അതിനാൽ തന്നെ യഥാർത്ഥത്തിൽ കർണാടകത്തിലല്ല, മറിച്ച് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടുവയ്പിൽ ത്‌ന്നെ ബിജെപിയെക്കാൾ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ് കോൺഗ്രസ് കർണാടകയിലൂടെ.

യുപിയിൽ ഉൾപ്പെടെ കോൺഗ്രസിന് പറ്റിയ തോൽവിയും യഥാസമയത്ത് ഇത്തരമൊരു തീരുമാനമെടുക്കുന്നതിൽ വന്ന വീഴ്ചയായിരുന്നു. അഖിലേഷ് യാദവിനെ ഒന്നുപോയി നേരിട്ടു കാണാനോ ചർച്ച നടത്താനോ രാഹുലോ സോണിയയോ ഒന്ന് മുതിർന്നിരുന്നെങ്കിൽ വേറെയായിരുന്നേനെ സ്ഥിതി. അവിടെ മായാവതിയേയും അഖിലേഷിനേയും ഒരുമിച്ച് നിർത്താനും യുപിയിൽ എസ്‌പിക്കും ബിഎസ്‌പിക്കുമുള്ള സ്വാധീനം തിരിച്ചറിയാനും സ്വന്തം ക്ഷീണം മനസ്സിലാക്കാനും കോൺഗ്രസിന് കഴിയാതെപോയി. ഇതോടെ അവിടെ ഈ സ്ഥിതി മുതലെടുത്ത് ബിജെപി വലിയ മുന്നേറ്റം നടത്തി അധികാരം പിടിച്ചെടുത്തു. സമാന സ്ഥിതിയിൽ മറ്റ് സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളെ കൂടെ നിർത്താൻ ഒരു ശ്രമവും കോൺഗ്രസ് നടത്തിയില്ല. എന്നാൽ ഇപ്പോൾ കോൺഗ്രസ് ഈ സ്ഥിതി തിരിച്ചറിയുന്നു എന്നത് വലിയ നേട്ടമാണ്.

കർണാടകത്തിലെ ഈ മുന്നേറ്റം യഥാർത്ഥത്തിൽ വഴിയൊരുക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്‌നം സഫലമാകുന്നതിന് കൂടിയാണ്. ഈ നിലയിൽ മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രാദേശിക പാർട്ടികളെ അംഗീകരിക്കാൻ തയ്യാറായാൽ കേന്ദ്രത്തിൽ അടുത്തതവണ അനായാസം ജയിച്ചെത്താൻ യുപിഎയ്ക്ക് കഴിയും. യുപിയിൽ എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ അടിത്തറ ഉറപ്പിച്ച് അവിടെ അവരുടെ മേൽക്കോയ്മ അംഗീകരിക്കുകയാണ് ഇതിൽ മുഖ്യം. രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള യുപിയിൽ ബിജെപി കഴിഞ്ഞതവണ നേടിയ 72 സീറ്റുകളുടെ സംഖ്യ വെട്ടിയൊതുക്കാൻ ഇതിലൂടെ അനായാസം കോൺഗ്രസിന് കഴിയും. ഇതിനുള്ള സാഹചര്യം കോൺഗ്രസ് ഏറെക്കുറെ തയ്യാറാക്കിവയ്ക്കുകയും ചെയ്തുകഴിഞ്ഞു.

ബംഗാളിൽ മമതയുടെ മേൽക്കോയ്മ അംഗീകരിക്കാൻ കഴിഞ്ഞാൽ അവിടെയും കുറച്ചു സീറ്റെങ്കിലും കോൺഗ്രസിന് നേടാനാവും. ആന്ധ്രയിൽ തെലുഗുദേശത്തിനെ കൂടെനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്. തെലങ്കാനയിൽ ടിഎസ്ആർ കോൺഗ്രസിനെ കൂടെനിർത്താൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകും അവിടെ. ബിജു ജനതാദളിനെ കൂടെ നിർത്താനും കോൺഗ്രസ് ശ്രമിക്കും. ഇത്തരത്തിൽ ഒരോ സംസ്ഥാനത്തും കോൺഗ്രസിന് ഉള്ള സ്വാധീനത്തിന് അനുസരിച്ച് മുന്നണികൾ രൂപീകരിക്കാനായാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്കെതിരെ യുപിഎയെ ശക്തിദുർഗമായി മാറ്റാൻ കോൺഗ്രസിന് കഴിയും. ഇത് മോദിയുടെ രണ്ടാംവരവിന് കനത്ത തിരിച്ചടിയായി മാറുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP