Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202329Friday

തീരദേശ മേഖലയൊഴികെ എല്ലായിടത്തും ചുവടറപ്പിച്ചു; മോദി ഷോയിൽ ഇളകി മറിഞ്ഞ ബംഗ്ലൂരുവും വോട്ട് ചെയ്തത് കോൺഗ്രസിന്; കർണ്ണാടയിലേത് ബിജെപിക്ക് സമീപകാല ചരിത്രത്തിലുണ്ടായ വലിയ തോൽവി; നഷ്ടമാകുന്നത് തെക്കേ ഇന്ത്യയിലെ പ്രധാന താവളം; ദക്ഷിണേന്ത്യൻ ഇനി സാന്നിധ്യം സംസ്ഥാനമല്ലാത്ത പോണ്ടിച്ചേരിയിൽ മാത്രം; കന്നഡിഗർ വേണ്ടന്ന് വയ്ക്കുന്നത് ഡബിൾ എഞ്ചിൻ ഭരണം

തീരദേശ മേഖലയൊഴികെ എല്ലായിടത്തും ചുവടറപ്പിച്ചു; മോദി ഷോയിൽ ഇളകി മറിഞ്ഞ ബംഗ്ലൂരുവും വോട്ട് ചെയ്തത് കോൺഗ്രസിന്; കർണ്ണാടയിലേത് ബിജെപിക്ക് സമീപകാല ചരിത്രത്തിലുണ്ടായ വലിയ തോൽവി; നഷ്ടമാകുന്നത് തെക്കേ ഇന്ത്യയിലെ പ്രധാന താവളം; ദക്ഷിണേന്ത്യൻ ഇനി സാന്നിധ്യം സംസ്ഥാനമല്ലാത്ത പോണ്ടിച്ചേരിയിൽ മാത്രം; കന്നഡിഗർ വേണ്ടന്ന് വയ്ക്കുന്നത് ഡബിൾ എഞ്ചിൻ ഭരണം

മറുനാടൻ മലയാളി ബ്യൂറോ

ബംഗ്ലൂരു: ബിജെപിക്ക് തെക്കേ ഇന്ത്യയിലെ പ്രധാന താവളവും നഷ്ടമാകുകയാണ്. ബിജെപിയുടെ ഭരണത്തിലുണ്ടായിരുന്ന കർണാടകത്തിൽ നിന്നുകൂടി ജനങ്ങൾ അവരെ തുടച്ചുമാറ്റിയതോടെ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഇനി ഭരണമില്ല. ജയിച്ചവരെ കൂറുമാറാതെ കാക്കാൻ കോൺഗ്രസിനു കഴിയുന്നത്ര മാർജിനിലെ വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷംമാത്രം ശേഷിക്കെ ദേശീയ രാഷ്ട്രീയത്തിന്റെ വിധി നിർണയിക്കുന്നതാണ് കർണാടകഫലം.

കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലൊന്നും ബിജെപിക്ക് ഒറ്റയ്ക്കോ സഖ്യത്തിലൂടെയോ ഭരണസാന്നിധ്യമില്ല. കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ കോൺഗ്രസ് പിളർന്നുവന്ന് ബിജെപിക്കൊപ്പം കൂടിയ എൻ രംഗസ്വാമിയുടെ ഭരണം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാവുന്നത്. എന്നാൽ പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമാണ്. സംസ്ഥാന പദവി ഇല്ല. അതുകൊണ്ട് തന്നെ ബിജെപിക്ക് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാന്നിധ്യമില്ലെന്ന് പറയാം. ഡബിൾ എഞ്ചിന് ഭരണമാണ് ബിജെപി കർണ്ണാടകയിൽ ചർച്ചയാക്കിയത്. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി. ഇതിലൂടെ വികസനം ഉച്ഛസ്ഥായിയിലെത്തുമെന്നും പറഞ്ഞു വച്ചു. എന്നാൽ കർണ്ണാടകത്തിൽ ബിജെപിയെ മാറ്റി നിർത്തുന്നതാണ് ജനവിധി.

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി വൻ നേട്ടമുണ്ടാക്കിയ കർണാടകത്തിൽ കണക്കിലെ കളികളിലും വിജയിച്ച് കോൺഗ്രസ്. മോദി പ്രഭാവത്തെയും ഹിന്ദുത്വ തന്ത്രങ്ങളെയും മറികടന്ന് കോൺഗ്രസ് ഇത്തവണ തങ്ങളുടെ വോട്ടുഷെയറിൽ വൻ വർദ്ധന ഉണ്ടാക്കിയപ്പോൾ ഒരു ദശകമായി ബിജെപിയ്‌ക്കൊപ്പം നിന്നിരുന്ന പല കേന്ദ്രങ്ങളിലെയും വോട്ടുകൾ കൈപ്പത്തിയ്‌ക്കൊപ്പം പോയി. 2018 ൽ ജെ.ഡി.എസുമായി സഹകരിച്ച് സർക്കാരുണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കോൺഗ്രസ് ഇത്തവണ സീറ്റുകൾ അധികമായി നേടി കേവല ഭൂരിപക്ഷത്തിന് അപ്പുറത്തേക്ക് ജയമെത്തിച്ചു. കൂട്ടുകക്ഷി ഭരണം പ്രവചിച്ച എക്സിറ്റ് പോളുകളെയും വിസ്മയിപ്പിക്കുന്നതായി കോൺഗ്രസിന്റെ നേട്ടം.

2018 ലെ തെരഞ്ഞെടുപ്പിനു 14 മാസത്തിനു ശേഷം കാലുമാറ്റത്തിലൂടെയാണ് ബിജെപി കർണാടകത്തിൽ ഭരണം പിടിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ജനതാദൾ എസും സഖ്യമുണ്ടാക്കിയിരുന്നു. കോൺഗ്രസ്- 80 ഉം ജെ.ഡി.എസ് 37ഉം സീറ്റിൽ ജയിച്ചിരുന്നു. എന്നാൽ ഗവർണർ വാജുഭായി വാല 104 സീറ്റുകൾ നേടിയ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. മെയ്‌ 17-ന് യെദൂപിയപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 15 ദിവസത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ മതിയെന്നും നിർദ്ദേശിച്ചു. ഇതിനെതിരേ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി സമയപരിധി 15 ദിവസത്തിൽനിന്ന് മൂന്നുദിവസമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ യെദൂരിയപ്പ വിശ്വാസവോട്ടിന് മുമ്പായി മെയ്‌ 19-ന് രാജിവെച്ചു.

കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ അതോടെ അധികാരത്തിലേറി. ജെഡിഎസിന്റെ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി. സഖ്യസർക്കാർ 14 മാസം ഭരിച്ചു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17 എംഎ‍ൽഎമാർ മറുകണ്ടംചാടി. ഇവരിൽ 10 പേർ കോൺഗ്രസിന്റെ എംഎൽഎമാർ ആയിരുന്നു. ഇവർ പാർട്ടി അംഗത്വം രാജിവെച്ചു. സർക്കാർ പ്രതിസന്ധിയിലായി. രണ്ട് സ്വതന്ത്ര എംഎ‍ൽഎമാരെ കൂടെ പാട്ടിലാക്കിയ ബിജെപി സർക്കാരിനെ മറിച്ചിട്ടു. 2019 ജൂലൈ 23-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ വീണു. ജൂലൈ 26-ന് ബി എസ് യദ്ദൂരിയപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിയായി. ഉൾപ്പോരിനെ തുടർന്ന് യദ്ദൂരിയപ്പയെ മാറ്റി 2021 ജൂലൈ 28 ന് ബസവരാജ ബൊമ്മെയെ മുഖ്യമന്ത്രിയാക്കി. പക്ഷേ ഭരണതുടർച്ച ബിജെപിക്കില്ല. അവർ തകർന്നടിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ദിവസങ്ങളോളം സംസ്ഥാനത്ത് കേന്ദ്രീകരിച്ച് ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകി. രാഹുൽ ഗാന്ധിയും പ്രിയങ്കയും മല്ലികാർജുൻ ഖാർഗെയും ഉടനീളം പ്രചാരണം നടത്തിയെങ്കിലും മുന്മുഖ്യമന്ത്രി സിദ്ദരാമയ്യയും പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറുമാണ് കോൺഗ്രസിനെ മുന്നിൽനിന്ന്നയിച്ചത്. ദേശീയ വിഷയങ്ങൾ മാറ്റി സംസ്ഥാന വിഷയത്തിലും ക്ഷേമപദ്ധതികളിലും ഊന്നിയായിരുന്നു കോൺഗ്രസ്പ്രചാരണം. അത് വിജയം കണ്ടു.

കർണാടകയിലെ ആറു മേഖലകളിൽ തീരദേശ മേഖല ഒഴികെയുള്ള എല്ലായിടത്തും കടന്നുകയറാൻ കോൺഗ്രസിന് കഴിഞ്ഞു. ബിജെപിക്ക് സ്വാധീനം ഉണ്ടെന്ന് കണക്കാക്കിയിരുന്ന ബംഗലുരുവിലും ഇത്തവണ കോൺഗ്രസ് പടയോട്ടം നടത്തുന്നതാണ് കർണാടകാ തെരഞ്ഞെടുപ്പ് കാട്ടിയത്. ഇതോടെ സമീപകാലത്ത് ബിജെപിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP