Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മവിശ്വാസത്തോടെ ബിജെപി ചരട് വലിക്കുന്നത് മോദി പറയുന്നതിന് അപ്പുറത്തേക്ക് ചലിക്കാത്ത ഗവർണ്ണറിൽ പ്രതീക്ഷയർപ്പിച്ച്; കൂറുമാറ്റ നിരോധനം ബാധിക്കാത്ത തരത്തിൽ കോൺഗ്രസിനേയോ ജനതാദള്ളിനേയോ പിളർത്തി ഭൂരിപക്ഷം ഉറപ്പിക്കാൻ കോടികളുമായി ബിജെപിയുടെ ഇടനിലക്കാർ രംഗത്ത്; കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടെങ്കിലും ആദ്യം ക്ഷണിച്ചില്ലെങ്കിൽ പണിപാളുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; കർണ്ണാടകയിൽ ബിജെപിയുടെ ഖനിപണത്തെ അതിജീവിക്കാൻ തടസ്സമാകുന്നത് കോൺഗ്രസിന്റെ ദാരിദ്യം

ആത്മവിശ്വാസത്തോടെ ബിജെപി ചരട് വലിക്കുന്നത് മോദി പറയുന്നതിന് അപ്പുറത്തേക്ക് ചലിക്കാത്ത ഗവർണ്ണറിൽ പ്രതീക്ഷയർപ്പിച്ച്; കൂറുമാറ്റ നിരോധനം ബാധിക്കാത്ത തരത്തിൽ കോൺഗ്രസിനേയോ ജനതാദള്ളിനേയോ പിളർത്തി ഭൂരിപക്ഷം ഉറപ്പിക്കാൻ കോടികളുമായി ബിജെപിയുടെ ഇടനിലക്കാർ രംഗത്ത്; കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടെങ്കിലും ആദ്യം ക്ഷണിച്ചില്ലെങ്കിൽ പണിപാളുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്; കർണ്ണാടകയിൽ ബിജെപിയുടെ ഖനിപണത്തെ അതിജീവിക്കാൻ തടസ്സമാകുന്നത് കോൺഗ്രസിന്റെ ദാരിദ്യം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണ്ണാടകയിൽ ബിജെപിക്ക് കിട്ടിയത് 104 സീറ്റാണ്. പ്രതീക്ഷിച്ച വിജയം അവർ നേടി. എന്നാൽ അധികാരത്തിന് ഇനിയും വേണം എട്ട് സീറ്റുകൾ. ബിജെപി ജയിച്ച ഒരു മണ്ഡലത്തിൽ ഫലം തടഞ്ഞിരിക്കുന്നു. അത് പുറത്തുവന്നാൽ ബിജെപിക്ക് 105 സീറ്റാകും. രണ്ടിടത്ത് ഇനി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇവിടെ രണ്ടും ഭാവിയിൽ ജയിക്കാം. അങ്ങനെ വന്നാൽ സീറ്റ് 107 ആകും. അപ്പോഴും 224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 6 സീറ്റിന്റെ കുറവ്. ഇത് നികത്താൻ കച്ചമുറക്കി ബിജെപിയുടെ ഏജന്റുമാർ രംഗത്തുണ്ട്. എങ്ങനേയും കോൺഗ്രസിനേയോ ജനതാദള്ളിനേയോ പിളർക്കാനാണ് നീക്കം. എല്ലാം ഗവർണ്ണർ തീരുമാനിക്കും. ഭൂരിപക്ഷം തെളിയിക്കാൻ കർണാടകയിൽ ആരെ ആദ്യം ഗവർണർ വാജുഭായ് വാല ക്ഷണിക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആർ എസ് എസുകാരനായ പ്രധാനമന്ത്രി മോദിയുടെ അതിവിശ്വസ്തനാണ് വാജുഭായ്. അതുകൊണ്ട് തന്നെ ബിജെപിയെ മാത്രമേ ഗവർണ്ണർ സർക്കാരുണ്ടാക്കാൻ വിളിക്കൂവെന്നാണ് വിലയിരുത്തൽ.

കോൺഗ്രസും ജനതാദള്ളും ഒരുമിച്ചതോടെ അവർക്ക് 116 സീറ്റായി. കോൺഗ്രസിന് 78ഉം ജനതാദള്ളിന് 38ഉം. അതായത് ഒരുമിച്ച് നിന്നാൽ 5 കൊല്ലവും ഭരിക്കാനുള്ള ഭൂരിപക്ഷം ഇവർക്കുണ്ട്. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാനുള്ള കോൺഗ്രസ് നീക്കത്തിന് തിരിച്ചടി ഗവർണ്ണറുടെ ഒളിച്ചുകളിയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഭൂരിപക്ഷം തെളിയിക്കാൻ വിളിച്ചാൽ അവർ അത് തെളിയിക്കും. കോൺഗ്രസിൽ അടിനിൽക്കുന്ന നിരവധി എംഎൽഎമാരുണ്ട്. ഇവർക്ക് കോടികൾ വാരി എറിയാൻ ബിജെപി തയ്യാറാണ്. ഖനി മുതലാളിമാരുടെ കരുത്തിൽ മുന്നേറുന്ന ബിജെപിക്ക് പണം പ്രശ്‌നമേ അല്ല. കോൺഗ്രസിലെ ലിംഗായത്ത് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിക്ക് അനുകൂല നിലപാട് എടുക്കുമെന്ന സൂചനയും ഉണ്ട്. 14ഓളം എംഎൽഎമാർ കോൺഗ്രസിൽ നിന്നും ജനതാദള്ളിൽ നിന്നും മറുകണ്ടം ചാടാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.

ഇവരെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാതിരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അതിന് വേണ്ടി ഈ എംഎൽഎമാരെ രാജി വയ്‌പ്പിക്കാനാണ് നീക്കം. അങ്ങനെ നിയമസഭയുടെ അംഗബലം 208ലേക്ക് കൊണ്ടുവരിക. അതിന് ശേഷം സഭയിൽ ഭൂരിപക്ഷം ഉണ്ടാക്കുകയാണ് ബിജെപിയുടെ മുമ്പിലുള്ള ആദ്യ തന്ത്രം. ഉപതെരഞ്ഞെടുപ്പ് എത്തുമ്പോൾ രാജിവയ്ക്കുന്നവരെ തന്നെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിച്ച് വിജയിപ്പിക്കുക. ഇതാണ് ബിജെപിയുടെ പ്രധാന പ്ലാൻ. ഗോവയിൽ വിജയിപ്പിച്ച തന്ത്രമാണ് ഇത്. അല്ലെങ്കിൽ ജനതാദള്ളിൽ നിന്ന് പകുതിയിലേറെ എംഎൽഎമാരെ അടർത്തിയെടുക്കുക. അതിനും ശ്രമം നടക്കുന്നുണ്ട്. ഏത് വിധേനേയും കർണ്ണാടകയിൽ അധികാരം പിടിച്ചേ മതിയാകൂവെന്ന നിലപാടിലാണ് മോദിയും അമിത് ഷായും. അവരുടെ പണക്കൊഴുപ്പിന് മുമ്പിൽ ഒരു നീക്കവും നടത്താൻ കോൺഗ്രസിന് കെൽപ്പില്ല. ജനതാദള്ളും സാമ്പത്തികമായി നല്ല അവസ്ഥയിലല്ല. ഇത് മനസ്സിലാക്കിയാണ് പണമെറിഞ്ഞ് കർണ്ണാടക പിടിക്കാനുള്ള കളികൾ.

ഏതെങ്കിലും പാർട്ടിക്കോ തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തിനോ വ്യക്തമായ ഭൂരിപക്ഷമില്ലെന്നതാണു ഗവർണറുടെ തീരുമാനം നിർണായകമാക്കുന്നത്. ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ, ആദ്യം ആരെ ക്ഷണിക്കണമെന്നതു തന്റെ വിവേചനാധികാരമുപയോഗിച്ചു ഗവർണർക്കു തീരുമാനിക്കാം. എന്നാൽ, വിവേചനാധികാരമെന്നത് എന്തിനുമുള്ള അധികാരമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അധികാരപ്രയോഗം നിയമപരമായി നിലനിൽക്കുന്നതാവണം. അതു പിന്നീടു കോടതിക്കു പരിശോധിക്കാനും സാധിക്കും. ആർക്കാണു സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ സാധിക്കുക? എന്നതാകണം പ്രധാനം. ഇവിടെ ബിജെപിക്ക് 104 സീറ്റുള്ളതുകൊണ്ട് തന്നെ സുസ്ഥിര സർക്കാർ അവർക്കുണ്ടാക്കാനാകുമെന്ന വിലയിരുത്തലിൽ ഗവർണ്ണർക്ക് അവരെ ക്ഷണിക്കാവുന്നതേ ഉള്ളൂ. മോദിയുടെ സ്വന്തം ഗവർണ്ണർ ഈ വഴിയേ തന്നെ പോകാനാണ് സാധ്യത. ഗുജറാത്തിലെ മുൻ ബിജെപി നേതാവായ വാലയാണ് ഇവിടെ ഗവർണ്ണർ. അതുകൊണ്ട് തന്നെ തീരുമാനം ബിജെപിക്ക് അനുകൂലമായി മറുമെന്ന് തന്നെയാണ് വിലയിരുത്തൽ.

2002ൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്കു വേണ്ടി രാജ്കോട് സീറ്റ് ഒഴിഞ്ഞുകൊടുത്തു. 2012ൽ അദ്ദേഹം മോദിയുടെ ഗുജറാത്ത് മന്ത്രിസഭയിൽ ധനമന്ത്രിയുമായി. ആർഎസ്എസ് പശ്ചാത്തലമുള്ള വാല രണ്ടുവട്ടം ഗുജറാത്ത് ബിജെപി അധ്യക്ഷനായി. ഗുജറാത്തിലെ രാജ്കോട് മണ്ഡലത്തിൽനിന്ന് ഏഴുവട്ടം ജയിച്ച വാല, നിയമസഭാ സ്പീക്കറുമായിരുന്നു. 2014ൽ മോദി പ്രധാനമന്ത്രിയായതോടെ കർണാടക ഗവർണർ പദവി ലഭിച്ചു. ഇത്തരമൊരു നേതാവിൽ നിന്ന് ബിജെപിക്ക് അനുകൂലമായ തീരുമാനം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നതാണ് വസ്തുത.

ഗോവ ചർച്ചയാക്കി ഗവർണ്ണറെ അനുകൂലമാക്കാൻ കോൺഗ്രസ്

സർക്കാരിയ കമ്മിഷനും കോടതിയും സർക്കാർ രൂപീകരണത്തിന് ആരെ ക്ഷണിക്കണമെന്നതിൽ സർക്കാരിയ കമ്മിഷൻ നിർദ്ദേശിച്ചതും രാമേശ്വർ പ്രസാദ് കേസിൽ (2005) സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതുമായ കാര്യങ്ങൾ ഇങ്ങനെയാണ്: തിരഞ്ഞെടുപ്പിനു മുൻപുള്ള പാർട്ടിസഖ്യത്തെ ഗവർണർക്കു ക്ഷണിക്കാം., ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കാം, തിരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കിയ സഖ്യത്തെ ക്ഷണിക്കാം. ഇതിൽ ബിജെപിക്ക് അനുകൂലമായ തീരുമാനം ഗവർണ്ണർ എടുക്കാനേ സാധ്യതയുള്ളൂ. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരണത്തിന് ആദ്യം ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാൻ സമയം അനുവദിക്കുകയും ചെയ്യുന്നതു രാഷ്ട്രീയ കുതിരക്കച്ചവടത്തിനു വഴിവയ്ക്കുന്ന സാഹചര്യമാകും. എന്നാൽ, വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഒറ്റക്കക്ഷിയെ ക്ഷണിച്ച ചരിത്രവും ഉണ്ട്. ഇതിനൊപ്പമാകും കർണ്ണാടകയിൽ ഗവർണ്ണർ നീങ്ങുകയെന്നാണ് വിലയിരുത്തൽ

അതിനിടെ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പഴയൊരു ട്വിറ്റർ പോസ്റ്റ് ഓർമപ്പെടുത്തി കോൺഗ്രസും സിപിഎമ്മും ചർച്ച പുതിയ തലത്തിലെത്തിക്കുന്നു. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും സർക്കാർ രൂപീകരിക്കാൻ സ്വീകരിച്ച അതേ നയം കർണാടകയിലും സ്വീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു. ഫലം പുറത്തുവന്നതിനു പിന്നാലെ, കോൺഗ്രസിനു വോട്ടു ചെയ്ത എല്ലാവർക്കും നന്ദിയറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു. വോട്ടു ചെയ്തവരുടെ അവകാശങ്ങൾക്കായി കോൺഗ്രസ് എക്കാലവും പോരാടുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാർട്ടിക്കായി കഠിനാധ്വാനം ചെയ്ത പ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹം നന്ദിയറിയിച്ചു. കോൺഗ്രസ്‌ജെഡിഎസ് സഖ്യത്തെ പിന്തുണച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയും രംഗത്തെത്തി. ഗോവ, മണിപ്പൂർ, ബിഹാർ എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിച്ച മാനദണ്ഡം കർണാടകയിലും ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും ജെഡിഎസും ചേരുമ്പോൾ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ഈ സഖ്യത്തെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കേണ്ടതെന്ന് യച്ചൂരി ചൂണ്ടിക്കാട്ടി.

ഗവർണർമാർ അവർ വഹിക്കുന്ന ഭരണഘടനാപരമായ സ്ഥാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തൂക്കുസഭ വരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി മുൻപ് ചെയ്ത ട്വീറ്റും യച്ചൂരി പ്രത്യേകം പോസ്റ്റ് ചെയ്തു. തൂക്കുസഭ നിലവിൽ വരുന്ന സാചര്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഭൂരിപക്ഷം ഒന്നുചേർന്ന് സഖ്യം രൂപീകരിച്ചാൽ അവരെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാൻ ഗവർണർക്കു ഭരണഘടനാപരമായ അവകാശമുണ്ടെന്നായിരുന്നു ജയ്റ്റ്‌ലിയുടെ വിശദീകരണം. ബിജെപി നിയമിച്ച ഗവർണർമാരുള്ള ചില സംസ്ഥാനങ്ങളിൽ മുൻപ് ഏറ്റവും വലിയ ഒറ്റക്കക്ഷികളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിട്ടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാണ് കോൺഗ്രസും സിപിഎമ്മും വീണ്ടും ചർച്ചയാക്കുന്നത്.

ഗോവ 2017 (കോൺഗ്രസിന് 40ൽ പതിനേഴ് സീറ്റ്), മണിപ്പൂർ 2017 (കോൺഗ്രസിന് 60ൽ 28 സീറ്റ്), മേഘാലയ 2018 (കോൺഗ്രസിന് 60ൽ 21 സീറ്റ്) എന്നിവിടങ്ങളിൽ ഈ മാനദണ്ഡമാണ് ഗവർണർമാർ സ്വീകരിച്ചത്. ഇതിനെ പിന്തുണച്ച് കേന്ദ്രമന്ത്രിമാർ രംഗത്തെത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് ജയ്റ്റ്‌ലിയുടെ പഴയ ട്വീറ്റ് യച്ചൂരി കുറിപ്പിനൊപ്പം ചേർത്തത്.

പ്രധാനം സുസ്ഥിര സർക്കാർ

കേന്ദ്ര മന്ത്രിസഭയുടെ ഉപദേശാനുസരണം രാഷ്ട്രപതി നിയമിക്കുന്ന എക്‌സിക്യൂട്ടീവ് നോമിനിയാണു ഗവർണർ. അദ്ദേഹം രാഷ്ട്രീയ കുതിരക്കച്ചവടങ്ങളിലും കുത്തിത്തിരിപ്പുകളിലും ഇടപെടരുതെന്ന സുപ്രീംകോടതി നിർദ്ദേശവും ഉണ്ട്. കർണ്ണാടകയിൽ അത്തരത്തിൽ ഒരു തീരുമാനം ഗവർണ്ണർ എടുക്കുമെന്ന പ്രതീക്ഷ ആർ്കകുമില്ല. സുസ്ഥിര സർക്കാരിന്റെ പേരിൽ ബിജെപിക്ക് തന്നെ സർക്കാരുണ്ടാക്കാൻ ഗവർണ്ണർ അവസരമൊരുക്കാനാണ് സാധ്യത. സുസ്ഥിര സർക്കാർ സാധ്യമാക്കാനാകുന്നത് ആർക്കെന്നു വിലയിരുത്തുകയ ഗവർണ്ണറുടെ മനസ്സ് മാത്രമാണ്. വേണമെങ്കിൽ അവകാശവാദത്തിന് ഉപോൽബലകമായ തെളിവുകൾ ഹാജരാക്കണമെന്നു ഗവർണർക്ക് ആവശ്യപ്പെടാം. അതു പിന്തുണ വ്യക്തമാക്കുന്ന കത്തുകളുടെ രൂപത്തിലാവാം.

രണ്ടുപക്ഷവും അംഗബലം അവകാശപ്പെടുന്ന സാഹചര്യമുണ്ടായാൽ, ഇരുകൂട്ടർക്കും സഭയിൽ ശക്തി തെളിയിക്കാൻ സമഗ്രപരിശോധന നിർദ്ദേശിക്കുന്നതിനും തടസ്സമില്ല. യുപിയിലും അരുണാചലിലും അത്തരം സമഗ്രപരിശോധനകൾ നടന്നിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിക്കു പകരം, തിരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കിയ സഖ്യത്തെ സർക്കാർ രൂപീകരണത്തിനു ക്ഷണിച്ചതിന്റെ പട്ടികയിൽ കഴിഞ്ഞ വർഷത്തെ ഗോവ സംഭവമുൾപ്പെടെ പലതുണ്ട്. കോൺഗ്രസായിരുന്നു ഗോവയിലെ വലിയ ഒറ്റക്കക്ഷിയെങ്കിലും ക്ഷണം ലഭിച്ചത് തിരഞ്ഞെടുപ്പിനുശേഷം ബിജെപി ഉണ്ടാക്കിയ സഖ്യത്തിനാണ്. മണിപ്പുരിലും അതുതന്നെ സംഭവിച്ചു. ഝാർഖണ്ഡിൽ 2005ൽ വലിയ ഒറ്റക്കക്ഷിയായ ബിജെപിയെയല്ല, അവരെക്കാൾ 13 സീറ്റ് കുറവുള്ള ജെഎംഎമ്മിനെയാണു ക്ഷണിച്ചത്.

2002ൽ ജമ്മു-കശ്മീരിൽ ക്ഷണം ലഭിച്ചതു വലിയ കക്ഷിയായ നാഷനൽ കോൺഫറൻസിനല്ല, കോൺഗ്രസ് - പിഡിപി കൂട്ടുകെട്ടിനാണ്. 2013ൽ ഡൽഹിയിൽ ബിജെപിയെക്കാൾ കുറവു സീറ്റ് ലഭിച്ച ആം ആദ്മി പാർട്ടിയെയാണു ക്ഷണിച്ചത്, കോൺഗ്രസിന്റെ പിന്തുണ കൂടി പരിഗണിച്ചാണിത്. ഇങ്ങനെ പല ചരിത്രവും ഗവർണ്ണർക്ക് മുമ്പിലുണ്ട്.

എംഎൽഎമാരെ 'ഒളിപ്പിക്കാൻ' കോൺഗ്രസും കുമാരസ്വാമിയും

അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവും ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ബി.എസ്.യദ്യൂരപ്പയാണ് ആദ്യം ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സർക്കാർ രൂപവത്കരിക്കാൻ അനുവദിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ രണ്ടു ദിവസത്തെ സമയം വേണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു. യദ്യൂരപ്പ സന്ദർശിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കൊപ്പം എച്ച്.ഡി.കുമാരസ്വാമിയും അവകാശവാദം ഉന്നയിച്ച് രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഇതിനിടെ കോൺഗ്രസ് അധ്യക്ഷൻ ഈശ്വരപ്പയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താൻ ഗവർണർ തയ്യാറായതുമില്ല.

104 സീറ്റുകൾ നേടിയ ബിജെപി ഭൂരിപക്ഷത്തിന് വേണ്ട 113 എന്ന മാന്ത്രിക സംഖ്യ മറികടക്കാനുള്ള സാധ്യത ഏറെയാണ്. പത്ത് കോൺഗ്രസ് എംഎൽഎമാരെ ഇതിനോടകം സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. എച്ച്.ഡി.ദേവഗൗഡയും കുമാരസ്വാമിയും രാത്രി വൈകി ബെംഗളൂരുവിലെ അശോക ഹോട്ടലിലെത്തി കോൺഗ്രസ് ഉന്നത നേതാക്കളുമായി ചർച്ച നടത്തി. ബിജെപിയുടെ ചരടുവലികൾ മുന്നിൽ കണ്ട് എംഎൽഎമാരെ സംസ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP