Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരഞ്ഞെടുപ്പ് ഗോദായിലെ കളികളിൽ സിദ്ധരാമയ്യയ്ക്കും രാഹുലിനും കൈപൊള്ളിയപ്പോൾ മോദി മാജിക്കും അമിത് ഷായുടെ ചാണക്യസൂത്രങ്ങളും ബിജെപി സീറ്റുകൾ നൂറുകടത്തി; ലിംഗായത്തുകൾക്ക് പ്രത്യേക മതപദവിയെന്ന വാഗ്ദാനവും അഹിന്ദ സഖ്യത്തെ മുൻനിർത്തിയുള്ള തന്ത്രങ്ങളും പാളിയതോടെ കോൺഗ്രസ് പ്രാദേശിക പാർട്ടികളുടെ കരുണയിലായി; ത്രിപുരയിലെ പോലെ ആർഎസ്എസ് അടിത്തട്ടിൽ ഉണർന്ന് പ്രവർത്തിച്ചതോടെ കർണാടകയിൽ വീണ്ടും അടിത്തറയുറപ്പിച്ച് ബിജെപി

തിരഞ്ഞെടുപ്പ് ഗോദായിലെ കളികളിൽ സിദ്ധരാമയ്യയ്ക്കും രാഹുലിനും കൈപൊള്ളിയപ്പോൾ മോദി മാജിക്കും അമിത് ഷായുടെ ചാണക്യസൂത്രങ്ങളും ബിജെപി സീറ്റുകൾ നൂറുകടത്തി; ലിംഗായത്തുകൾക്ക് പ്രത്യേക മതപദവിയെന്ന വാഗ്ദാനവും അഹിന്ദ സഖ്യത്തെ മുൻനിർത്തിയുള്ള തന്ത്രങ്ങളും പാളിയതോടെ കോൺഗ്രസ് പ്രാദേശിക പാർട്ടികളുടെ കരുണയിലായി; ത്രിപുരയിലെ പോലെ ആർഎസ്എസ് അടിത്തട്ടിൽ ഉണർന്ന് പ്രവർത്തിച്ചതോടെ കർണാടകയിൽ വീണ്ടും അടിത്തറയുറപ്പിച്ച് ബിജെപി

മറുനാടൻ മലയാളി ഡസ്‌ക്

ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തിൽ കർണാടക തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എന്തെന്ന് അറിയാൻ വേറെയെങ്ങും തിരയേണ്ടതില്ല. കോൺഗ്രസും ബിജെപിയും ജെഡിഎസും നടത്തിയ കാടിളക്കിയ പ്രചാരണം മാത്രം എല്ലാം സംസാരിക്കും.

റാലികളുടെ പെരുമഴയും മോദി ഇഫക്റ്റും

ബിജെപിയുടെ സീറ്റുകളുടെ എണ്ണം 100 കവിഞ്ഞതിൽ ഒരുപങ്ക് റാലികളുടെ എണ്ണവുമായി ബന്ധപ്പെട്ടതാണ്. അവസാന ലാപിൽ മോദി പ്രചാരണത്തിന്് വരും മുമ്പ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നത് 110 സീറ്റെങ്കിലും നേടുമെന്നാണ്. എന്നാൽ, മോദി ഗോദായിലിറങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.കോൺഗ്രസ് ഭയപ്പെട്ടത് പോലെ സംഭവിച്ചു.ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

15 റാലികളാണ് പ്രധാനമന്ത്രി ആദ്യം കർണാടകത്തിൽ ഷെഡ്യൂൾ ചെയ്തിരുന്നത്. പിന്നീട് 21 റാലികളായി അതുകൂട്ടി.ഇതൊരു ദൗർബല്യമായി പലരും കണക്കുകൂട്ടിയെങ്കിലും, അവസാന ലാപ്പിൽ ഇത് അത്യാവശ്യമാണെന്ന് ബിജെപി നേതാക്കൾക്ക് പ്രത്യേകിച്ച് ചാണക്യ തന്ത്രങ്ങളുടെ തലതോട്ടപ്പനായ അമിത് ഷായ്ക്ക് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു.ഓരോ റാലിയിലും പ്രാദേശിക സ്വഭാവമനുസരിച്ച് പ്രസംഗിക്കാനും,പ്രാദേശിക സാംസ്‌കാരിക നേതാക്കളെ ആദരിക്കാനും, പ്രാദേശികാവശ്യങ്ങൾക്ക് ചെവി കൊടുക്കാനും ശ്രദ്ധിച്ചു.

മോദി-ഷാ കൂട്ടുകെട്ടിന്റെ ദക്ഷിണേന്ത്യൻ പരീക്ഷണം

ഉത്തരേന്ത്യയിലും വടക്കു-കിഴക്കും വിജയക്കൊടി പാറിച്ച ശേഷം ദക്ഷിണേന്ത്യയിൽ ചുവടുറപ്പിച്ചാൽ മാത്രമേ തേരോട്ടം പൂർത്തിയാവുകയുള്ളുവെന്ന് അമിത് ഷാ പലവട്ടം പറഞ്ഞിട്ടുണ്ട്. 2016 ൽ കേരളത്തിലും തമിഴനാട്ടിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, പാർട്ടിയുടെ പ്രകടനം കാര്യമായി മെച്ചപ്പെടാതിരുന്നത് ഷായെ അസ്വസ്ഥനാക്കിയിരുന്നു. അതുകൊണ്ടുതന്നെ കർണാടകം പിടിക്കേണ്ടത് ഒരുപക്ഷേ കോൺഗ്രസിനേക്കാൾ ഷായുടെയും മോദിയുടെയും ആവശ്യമായിരുന്നു.എൻഡിഎ തെലുങ്കുദേശം വിട്ടതോടെ, ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ശക്തനായ ഒരു സഖ്യകക്ഷിയെ നഷ്ടമായി.

ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമം, 15 ാം ധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് എന്നിവ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തേരോട്ടത്തിന് തടസ്സവുമായി.ബിജെപിയുടെ ഹിന്ദുദേശീയതയിലധിഷ്ഠിതമായ തന്ത്രത്തെ നേരിടാൻ കന്നഡ ദേശീയത എന്ന വികാരമുണർത്താൻ സിദ്ധരാമയ്യ കിണഞ്ഞുശ്രമിച്ചു.എന്നാൽ, ഈ വെല്ലുവിളികളെല്ലാം തരണം ചെയ്യാൻ തങ്ങൾക്ക് കഴിയും എന്നാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായതിലൂടെ ബിജെപി തെളിയിച്ചത്. പാൻ ഇന്ത്യ പാർട്ടിയാകാനുള്ള ബിജെപിയുടെ പരിശ്രമത്തിൽ ഒരുചുവടുവയ്പ് കൂടി.

2013 അല്ല 2018

203 ലെ തിരഞ്ഞെടുപ്പ് ഫലം പാടേ വ്യത്യസ്തമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുരപ്പിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ബിജെപി അന്ന് മൂന്നായി പിളർന്നു.അഞ്ച വർഷം ഭരിച്ചപ്പോൾ ഭരണത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ എത്തുകയും, മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ ജയിലിലാകുകയും ചെയ്തു. എന്നാൽ, 2018 ആയപ്പോൾ ബിജെപി പഴയ ഭിന്നതകൾ മറികടന്ന് ഒറ്റക്കെട്ടായി.

കഴിഞ്ഞവട്ടം ഹൈദരബാദ് കർണാടക മേഖലയിലുള്ള 23 എണ്ണവും നേടിയത് കോൺഗ്രസായിരുന്നു.ബിജെപിക്ക് കിട്ടിയത് വെറും അഞ്ച സീറ്റും. പരാജയത്തിന് വഴിതെളിച്ചത് ഇടഞ്ഞുനിന്ന യെദ്യൂരപ്പയും ശ്രീരാമുലുവിന്റെ ബിഎസ്ആർ കോൺഗ്രസുമായിരുന്നു വോട്ട് ചോർച്ചയ്ക്ക് കാരണം.പോൾ ചെയ്ത വോട്ടിന്റെ 35 ശതമാനം കോൺഗ്രസിന് ലഭിച്ചപ്പോൾ, ബിജെപിക്ക് ലഭിച്ചത് 17 ശതമാനം മാത്രം.എന്നാൽ പാർട്ടി ഒറ്റക്കെട്ടതായതോടെ, 2014 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് 47 ശതമാനം വോട്ടാണ്.2018 ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായതിന്റെ ഗുണഫലം ബിജെപിക്ക് ലഭിച്ചുവെന്ന് ചുരുക്കം.

ലിംഗായത്ത് കാർഡ് കോൺഗ്രസിനെ തുണച്ചില്ല

കർണാടകയിൽ ലിംഗായത്തുകൾ ജനസംഖ്യയുടെ 17 ശതമാനമാണ്. ഇവരുടെ പിന്തുണ മുന്നിൽ കണ്ടാണ് സിദ്ധരാമയ്യ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി വാഗാദാനം ചെയ്തത്. എന്നാൽ അമിത് ഷാ ഇത് കണ്ട വെറുതെയിരിക്കുകയായിരുന്നില്ല. ലിംഗായത്ത് മഠങ്ങൾ കേന്ദ്രീകരിച്ച് ഷാ നടത്തിയ നീക്കങ്ങൾ കോൺഗ്രസിന് തിരിച്ചടിയായെന്ന് വേണം കരുതാൻ.

ലിംഗായത്തുകളെയും വീരശൈവരെയും രണ്ടായി കണ്ടുള്ള സിദ്ധരാമയ്യയുടെ നീക്കം വിലപ്പോയില്ല. മാത്രമല്ല വോക്കലിഗ വിഭാഗം കോൺഗ്രസിന് എതിരാവുകയു ചെയ്തു. ലിംഗായത്തുകൾക്ക് സ്വാധീനമുള്ള ഹൈദരാബാദ് കർണാടകയിലും, മുംബൈ കർണാടകയിലും ബിജെപിയെ ആണ് വിജയം തുണച്ചത്. ലിംഗായത്ത് മഠങ്ങൾ സന്ദർശിച്ചപ്പോൾ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം കിട്ടിയെങ്കിലും അതൊന്നും വോട്ടായി മാറിയില്ല എന്ന് കണക്കാക്കേണ്ടി വരും.

അഹിന്ദ സഖ്യം

സിദ്ധരാമയ്യയ താൻ രൂപീകരിച്ച അഹിന്ദസഖ്യത്തിൽ വലിയ വിശ്വാസമർപ്പിച്ചിരുന്നു.ദളിത്, മുസ്ലിം പിന്നോക്ക കൂട്ടായ്മയാണ് അഹിന്ദ.39 ശതമാനമാണ് കർണാടകത്തിലെ അഹിന്ദ വോട്ടുകൾ.വിവിധ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് അഹിന്ദ സഖ്യത്തെ തന്നോടൊപ്പം നിർത്താനും, അതുഴി ബിജെപിയെ തുണയ്ക്കുന്ന ലിംഗായത്തുകളുടെയും, ജെഡിഎസിന്റെ ഒപ്പം നിൽക്കുന്ന വോക്കലിഗകളുടെയും ആധിപത്യം കുറയ്ക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതീക്ഷ.എന്നാൽ, പ്രചാരണത്തിന്റെ അവസാന നാളുകളിൽ മോദി പുറത്തിട്ട ദളിത് കാർഡ് ഒരുപരിധി വരെ വിജയിച്ചുവെന്ന വേണം കരുതാൻ.സിദ്ധരാമയ്യ ഉൾപ്പെടുന്ന കുറുബ വിഭാഗമൊഴികെയുള്ള ഹിന്ദുവിഭാഗങ്ങൾ ബിജെപിക്കൊപ്പം നിന്നുവെന്നും അനുമാനിക്കാം.

സിദ്ധരാമയ്യ ലിംഗായത്തിന് പ്രത്യേക മതപദവി നൽകിയത് ഹിന്ദു മതത്തെ വിഭജിക്കാനുള്ള നീക്കമാണെന്ന് ബിജെപി പ്രചാരണം നടത്തി.ബിജെപിക്ക് വേണ്ടി ആർഎസ്എസാണ് വീടുവീടാന്തരം കയറി സിദ്ധരാമയ്യ സർക്കാർ ഹിന്ദുവിരുദ്ധ സർക്കാരാണെന്ന പ്രചാരണം നടത്തിയത്.ആർഎസ്എസ് ഗ്രാമങ്ങളിൽ നടത്തിയ നിശ്ശബ്ദ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായതിലൂടെ തെളിയുന്നത്.കോൺഗ്രസിന് വേണ്ടി എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നടപ്പിലാക്കിയ മനെ മനഗെ ( വീടുവീടാന്തരം) പ്രചാരണത്തിന് പകരം കർഷക മിത്രം പരിപാടിയും ബിജെപിക്ക് ഗുണം ചെയ്തു.കർഷകരുടെ വീടുകളിലെത്തി ഒരു പിടി അരി വാങ്ങി ആത്മഹത്യ ചെയ്യില്ലെന്ന പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന പരിപാടിയൊക്കെ ജനസമ്പർക്കത്തിലെ വിജയമായി.

കോൺഗ്രസിന്റെ ധർമസങ്കടം

പഴയ വിമത ജനതാദൾ എസുകാരനായ സിദ്ധരാമയ്യയെ അംഗീകരിക്കാൻ കുമാരസാമിക്കുണ്ടായിരുന്ന വൈമുഖ്യവും, ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന സിദ്ധരാമയ്യയുടെ അമിതവിശ്വാസവുമാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള ജനതാദൾ-കോൺഗ്രസ് സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായത്.

എന്നാൽ, ജനതാദൾ എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപിയെ അമ്പരിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നത് നേട്ടമായി.

സംസ്ഥാനങ്ങളിലെ അധികാരം ചുരുങ്ങിവരുന്ന കോൺഗ്രസിന് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം കൂട്ടുകയല്ലാതെ തരമില്ല താനും.കർണാടകയിൽ അധികാരത്തിന് വേണ്ടിയുള്ള നാടകീയ നീക്കങ്ങൾ സൂചിപ്പിക്കുന്നതും അതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP