Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമാകാനില്ല; അനിവാര്യമായ ഇടപെടൽ നടത്തുകയും ചെയ്യും; അജണ്ടകൾ രഹസ്യമാക്കി കാന്തപുരത്തിന്റെ സംഘടനാ പ്രഖ്യാപനം; തദ്ദേശത്തിൽ മുസ്ലിം ജമാഅത്ത് പിന്തുടരുക സമദൂര ശൈലിയോ?

കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമാകാനില്ല; അനിവാര്യമായ ഇടപെടൽ നടത്തുകയും ചെയ്യും; അജണ്ടകൾ രഹസ്യമാക്കി കാന്തപുരത്തിന്റെ സംഘടനാ പ്രഖ്യാപനം; തദ്ദേശത്തിൽ മുസ്ലിം ജമാഅത്ത് പിന്തുടരുക സമദൂര ശൈലിയോ?

എം പി റാഫി

മലപ്പുറം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗപ്രവേശനം ചെയ്ത സാഹചര്യത്തിൽ കാന്തപുരത്തിന്റെ പുതിയ സംഘടനാ പ്രഖ്യാപനം വിവിധ രാഷ്ട്രീയ സാമൂഹിക കോണുകളിൽ നിന്നും സൂക്ഷമമായിട്ടായിരുന്നു നോക്കികണ്ടത്. വനിതകൾക്ക് പ്രാതിനിധ്യമില്ലാത്ത പുതിയ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം നടക്കുന്നെന്ന വാർത്തകൾക്കും ഖ്യാതികൾക്കും ഇടയിലായിരുന്നു ഇന്നലെ മലപ്പുറത്ത് നടന്ന പ്രഖ്യാപന സമ്മേളനം. എന്നാൽ പുതിയ പാർട്ടി, ആഗ്രഹിച്ച ഏവരെയും നിരാശരാക്കിയായിരുന്നു കാന്തപുരം പുതിയ സംഘടനാ പ്രഖ്യാപനം നടത്തിയത്.

സോഷ്യൽ മീഡിയകളിലടക്കം കാന്തപുരത്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടിക്കെതിരെ വിചാരണ നടക്കുന്നതിനിടെയായിരുന്നു മുസ്ലിം ജമാഅത്ത് എന്ന പുതിയ ബഹുജന സംഘടനയുടെ പ്രഖ്യാപനം നടന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻനിർത്തി കാലോചിതമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനു വേണ്ടിയാണ് ബഹുജനപ്രസ്ഥാനമായ കേരള മുസ്‌ലിം ജമാഅത്ത് രൂപീകരിച്ചിരിക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപന സമ്മേളനത്തിൽ വ്യക്തമാക്കി. പണ്ഡിതന്മാർക്കൊപ്പം പൗരപ്രമുഖരും വിവിധ മേഖലകളിലെ പ്രഗത്ഭരും ബഹുജനങ്ങളും അടങ്ങുന്നവരാണ് മുസ്‌ലിം ജമാഅത്തിലെ അംഗങ്ങൾ.

എന്നാൽ മുസ്്‌ലിം ജമാഅത്ത് നിലവിലെ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും രാഷ്ട്രീയ പാർട്ടിയാണെന്ന നിഗമനങ്ങൾ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകൾ അറിയാത്തതുകൊണ്ടുള്ള തെറ്റായ കണക്കുകൂട്ടലുകളാണെന്നും കാന്തപുരം പറഞ്ഞു. ആവശ്യം വന്നാൽ രാഷ്ട്രീയത്തിൽ ഇടപെടുമെന്നും ഇപ്പോൾ രാഷ്ട്രീയ പാർട്ടിയേക്കാൾ വലിയ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ സുന്നി സംഘടനകൾക്ക് അർഹമായ പ്രാതിനിധ്യം ഹജ്ജ്, വഖ്ഫ് തുടങ്ങിയ സർക്കാർ ബോഡികളിൽ ലഭിച്ചിരുന്നിട്ടും വ്യക്തമായ സ്വാധീനമുള്ള കേരളത്തിൽ ഒരു പ്രാതിനിധ്യവും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് കാന്തപുരം പറഞ്ഞു.

മുസ്ലിംലീഗുമായി ചേർന്നു നിൽക്കുന്ന ഇ.കെ സമസ്തയിലെ പണ്ഡിതർക്ക് മാത്രം ഇത്തരം പദവികൾ നൽകുന്നതിൽ കാന്തപുരം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനും രാജ്യസ്‌നേഹവും രാഷ്ട്രീയ മൂല്യബോധവും വളർത്തുന്ന തരത്തിലായിരിക്കും സംഘടനയുടെ കർമ്മ പദ്ധതികൾ. അതിലൂടെ മാത്രമാണ് രാജ്യത്തിന് വളർച്ചയും സമാധാനവും കൈവരിക്കാൻ കഴിയുകയെന്നാണ് മുസ്്‌ലിം ജമാഅത്ത് നിരീക്ഷിക്കുന്നത്. സമാധാനമാണ് ഇസ്്‌ലാമിന്റെ മാതൃകയെന്നും ഈ വഴിക്ക് തികഞ്ഞ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് മുസ്്‌ലിം ജമാഅത്ത് നേതൃപരമായ പങ്കുവഹിക്കുമെന്നും വിവിധ സുന്നി പണ്ഡിതർ പറഞ്ഞു.

അതേസമയം, സംഘടനയുടെ രാഷ്ട്രീയപരമായ അജണ്ടകൾ പൂർണമായും ഇപ്പോൾ പരസ്യമാക്കേണ്ടെന്നാണ് കാന്തപുരം ഉൾപ്പടെയുള്ള നേതാക്കളുടെ തീരുമാനം. പുതിയ സംഘടനക്ക് വേരോട്ടവും സ്വാധീനവും സൃഷ്ടിച്ചതിന് ശേഷമായിരിക്കും മറ്റു രാഷ്ട്രീയപരമായ അജണ്ടകൾ പരസ്യപ്പെടുത്തുക. എന്നാൽ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെട്ട് പൊതു ഇടം കണ്ടെത്താനും രാഷ്ട്രീയക്കാർക്കിടയിൽ സമ്മർദ ശക്തിയാകാനും സംഘടന ഉദ്ദേശിക്കുന്നു. മുസ്ലിംങ്ങളുമായി ബന്ധപ്പെടുന്ന പൊതു വിഷയങ്ങളിൽ ഇടപെടുക എന്നതാണ് തുടക്കത്തിൽ പ്രഥമ പരിഗണനയിലുള്ളത്.

മുസ്്‌ലിം മഹല്ലുകളെ ക്രിയാത്മകമായി വളർത്തിയെടുക്കുക, അവരുടെ മത-ഭൗതിക പുരോഗതിക്കാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ സംരംഭങ്ങളും കാർഷിക-സാമ്പത്തിക-റിലീഫ് പദ്ധതികളും മുൻകൈയെടുത്ത് നടപ്പിൽ വരുത്തുക, സമൂഹം, സംസ്‌കാരം, ധനകാര്യം തുടങ്ങിയ മേഖലകളിൽ മുസ്്‌ലിം സമുദായത്തിന്റെയും മറ്റു ജന വിഭാഗങ്ങളുടെയും പുരോഗതിക്ക് പദ്ധതികൾ തയ്യാറാക്കി നടപ്പിൽ വരുത്തുക, അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും വർഗീയ-സാമുദായിക ചേരിതിരിവിൽ നിന്നും തീവ്രവാദ അധാർമിക പ്രവണതകളിൽ നിന്നും സമൂഹത്തെ അകറ്റുക, രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യ മതേതര മൂല്യങ്ങളും ന്യൂനപക്ഷ-മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് ക്രിയാത്മകമായ പദ്ധതി ആവിഷ്‌കരിക്കുക എന്നിവയൊക്കെയാണ് മുസ്‌ലിം ജമാഅത്തിന്റെ ലക്ഷ്യങ്ങളായി വിശദീകരിക്കുന്നത്.

എന്നാൽ വിശാലമായ ലക്ഷ്യങ്ങളും പദ്ധതികളും മുൻനിർത്തി അഖിലേന്ത്യാ തലത്തിലേക്ക് പുതിയൊരു സംഘടന രൂപവൽക്കരിക്കുമ്പോൾ വ്യക്തമായ രാഷ്ട്രീയ അജണ്ടകൾ കൂടി ഒളിഞ്ഞിരിപ്പുണ്ടെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ തന്നെ വിലയിരുത്തുന്നുണ്ട്. നിലവിലെ കക്ഷി രാഷ്ട്രീയ പാർട്ടികളോട് പ്രത്യക്ഷത്തിൽ കൂട്ടുകൂടാതെ നയപരമായ കാര്യങ്ങളിലും മുറ്റു നിർണായക വിഷയങ്ങളിലും സ്വാധീനം ചെലുത്തുക എന്നതും ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നു. ഇടതു വലത് മുന്നണികൾക്കിടയിൽ പ്രാദേശിക തലം മുതൽ നിർണായ സമ്മർദ ശക്തിയാകുകയാണ് ലക്ഷ്യം. മുസ്ലിം ജമാഅത്തിന്റെ രൂപീകരണത്തിന്റെ മുന്നോടിയായി തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങൾ അണികൾക്ക് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

വാർഡ് തലം മുതൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം സ്വാധീനനം ചെലുത്തുക, ഇങ്ങോട്ടു സഹായവും സഹകരണവുമുള്ള സ്ഥാനാർത്ഥികൾക്ക് പി്ന്തുണ നൽകുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അണികൾക്ക് നൽകിയിട്ടുള്ളത്. ഏതെങ്കിലും ഒരു കക്ഷിക്ക് പ്രത്യേകമായി വോട്ടു നൽകുക എന്നതിനു പകരം മുസ്ലിം ജമാഅത്തിന്റെ വരവോടെ ഇത്തവണ ആർക്കു വോട്ടു ചെയ്യണം, ചെയ്യേണ്ട എന്നുള്ള നിർദ്ദേശങ്ങൾ ഓരോ മഹല്ല് കേന്ദ്രീകരിച്ചാണ് മുകളിൽ നിന്നും നിർദ്ദേശം നൽകുന്നത്. ഓരോ പ്രദേശത്തും മുസ്ലിം ജമാഅത്തിന്റെ പ്രതിനിധിക്കോ നേതാവിനോ മേൽഘടകത്തിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം ആപ്രദേശത്തെ യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികളുടെ പ്രധാന നേതാക്കളുമായി ചർച്ച നടത്തി ആദ്യം സംഘടനയുടെ നിലപാട് അറിയിക്കാനാണ് തീരുമാനം.

തങ്ങൾക്ക് താൽപര്യമുള്ളവരെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടികളോട് നിർദ്ദേശിക്കുകയും ചെയ്യും. മുസ്ലിം ജമാഅത്തിന്റെ നിർദ്ദേശങ്ങളും ആവശ്യങ്ങളും അനുകൂലമായി അംഗീകരിക്കുന്നവർക്കും സംഘടനയെ സഹായിക്കുന്നവർക്കും വോട്ട് നൽകുക എന്നതാണ് മുസ്ലിം ജമാഅത്ത് മുന്നോട്ടു വെയ്ക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് അജണ്ട. തെരഞ്ഞടുപ്പ് കാലത്ത് പുതിയ സംഘടനാ പ്രഖ്യാപനവുമായി രംഗത്തെത്തിയതിനു പിന്നിലും രാഷ്ട്രീയക്കാരുടെ ശ്രദ്ധപിടിച്ചു പറ്റലും ഇവർക്കിടയിൽ സമ്മർദ തന്ത്രം പയറ്റലുമായിരുന്നു ലക്ഷ്യം. എന്തായിരുന്നാലും, കാന്തപുരം രൂപീകരിച്ചത് രാഷ്ട്രീയ പാർട്ടി അല്ലല്ലോയെന്ന ആശ്വാസത്തിലാണ് മുസ്ലിം ലഗ് ഉൾപ്പടെയുള്ള മലബാറിലെ സമുദായ ലേബലിൽ മത്സരിക്കുന്ന പാർട്ടികളെല്ലാം.

കേരളത്തിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകുന്നതോടൊപ്പം ദേശീയ തലത്തിൽ മുസ്ലിം പണ്ഡിതരുടെയും വിഭാഗങ്ങളുടെയും പിന്തുണ തേടിവരികയാണ്. അഹ് ലുസുന്ന വൽ ജമാഅയുടെ പണ്ഡിതശ്രേഷ്്ഠനായി കാന്തപുരത്തെ നേരത്തെ ഉത്തരേന്ത്യയിലെ ബറേൽവി മുസ്ലിം വിഭാഗക്കാർ ഉൾപ്പടെുള്ള പണ്ഡിതർ കണ്ടുവരുന്നു. ഉത്തരേന്ത്യയിലെ പണ്ഡിതരെ അടക്കം ഏകോപിപ്പിച്ച് ജനുവരിയിൽ ആൾ ഇന്ത്യാ മുസ്ലിം ജമാഅത്ത് രൂപീകരിക്കാനാണ് കാന്തപുരം സുന്നികളുടെ തീരുമാനം. പുതുതായി രൂപീകരിച്ച പണ്ഡിത-ബഹുജന സംഘടനയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളെ പ്രഖ്യാപിച്ചു. യൂണിറ്റ് തലം മുതൽ കമ്മിറ്റി രൂപീകരിക്കാനുള്ള ചുമതല അതാത് ജില്ലാ കമ്മറ്റികൾക്കാണ്.

സംസ്ഥാന അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ: കാന്തപുരം എ പി അബൂക്കർ മുസ്‌ലിയാർ. കൺവീനർ: സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി, സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, കെ പി അബൂബക്കർ മൗലവി പട്ടുവം, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, പ്രൊഫ. എ കെ അബ്ദുൽഹമീദ്, പ്രൊഫ. കെ എം എ റഹീം, എ അഹമ്മദ്കുട്ടി ഹാജി, എം എൻ സിദ്ധീഖ് ഹാജി എന്നിവരെ തെരഞ്ഞെടുത്തു.

മതരാഷ്ട്രവാദത്തിൽ നിന്നും ഇസ്്‌ലാമിലെ വ്യതിയാന ചിന്തകളിൽ നിന്നും ഊർജം കൊണ്ട് രൂപം പ്രാപിച്ച ഐസിസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങളുടെ അപകടങ്ങളെക്കുറിച്ച് കൃത്യമായ ദിശാബോധം നൽകാനും മാനവശേഷി രാജ്യത്തിന്റെ നിർമ്മാണാത്മക മേഖലയിൽ ചെലവഴിക്കുന്ന രൂപത്തിൽ ജനങ്ങളിൽ രാഷ്ട്രീയാവബോധം സൃഷ്ടിക്കാനും മുസ്്‌ലിം ജമാഅത്ത് പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP