Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംവിആറിന്റെ അതിവിശ്വസ്തനായ പഴയ കമ്യൂണിസ്റ്റ്; ബാർബർഷോപ്പിൽ വച്ച് കഴുത്തിന് നേരെ വന്ന വെട്ട് കൈയിൽ വാങ്ങിയ സിപിഎമ്മിന്റെ 'പേട്ടു വക്കീൽ'; സുധാകരനൊപ്പം നിന്ന് വളർന്ന അഡ്വ ഹരീന്ദ്രൻ; വക്കീലിന്റെ അരിയിൽ ഷുക്കൂർ വധക്കേസിലെ വെളിപ്പെടുത്തലിൽ കളം പിടിക്കാൻ സിപിഎം; ഷാജിയും സുധാകരനും ഒരുമിക്കും; കണ്ണൂരിൽ യുഡിഎഫും കലങ്ങുന്നു

എംവിആറിന്റെ അതിവിശ്വസ്തനായ പഴയ കമ്യൂണിസ്റ്റ്; ബാർബർഷോപ്പിൽ വച്ച് കഴുത്തിന് നേരെ വന്ന വെട്ട് കൈയിൽ വാങ്ങിയ സിപിഎമ്മിന്റെ 'പേട്ടു വക്കീൽ'; സുധാകരനൊപ്പം നിന്ന് വളർന്ന അഡ്വ ഹരീന്ദ്രൻ; വക്കീലിന്റെ അരിയിൽ ഷുക്കൂർ വധക്കേസിലെ വെളിപ്പെടുത്തലിൽ കളം പിടിക്കാൻ സിപിഎം; ഷാജിയും സുധാകരനും ഒരുമിക്കും; കണ്ണൂരിൽ യുഡിഎഫും കലങ്ങുന്നു

അനീഷ് കുമാർ

കണ്ണൂർ: രാഷ്ട്രിയ കേരളത്തെ ഞെട്ടിച്ച അരിയിൽ ഷുക്കൂർ വധ കേസിൽ ഇപ്പോഴുണ്ടായ രാഷ്ട്രീയ വിവാദങ്ങൾ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള മുന്നണി ബന്ധം വഷളാക്കുന്നതായി സൂചന. ആർ.എസ്.എസ് അനുകൂല പരാമർശം നടത്തിയെന്നു ആരോപിച്ചു കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം സുധാകരനുമായി അകൽച്ചയിലാണ്. ലീഗ് പൊതു പരിപാടികളിൽ കഴിഞ്ഞ കുറച്ചു കാലമായി കെ.സുധാകരനെ വിളിക്കാറില്ല. കഴിഞ്ഞ മാസം നടന്ന ഇ അഹമ്മദ് അനുസ്മരണ പരിപാടിയിൽ സ്ഥലം എംപി കൂടിയായ കെ.സുധാകരനെ ഒഴിവാക്കി വടകര എംപി കെ.മുരളിധരനെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചത്.

ഇതു കൂടാതെ സുധാകരൻ നടത്തിയെന്നു ആരോപിക്കുന്ന ആർ.എസ്.എസ് അനുകൂല പ്രസ്താവനകളെ വിമർശിച്ചു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി രംഗത്തു വരികയും ചെയ്തിരുന്നു. സുധാകരനെതിരെ ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന് നീരസമുണ്ടാകാൻ ഒട്ടേറെ കാരണങ്ങളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീകോട് മണ്ഡലത്തിൽ കെ.എം ഷാജിയെ വീണ്ടും മത്സരിപ്പിക്കാൻ കാരണം സുധാകരന്റെ ഇടപെടലാണെന്നാണ് കണ്ണൂരിലെ ലീഗ് നേതൃത്വം കരുതുന്നത്. ഷാജി മത്സരിച്ചാൽ മാത്രമേ മണ്ഡലം നിലനിർത്താനാവുവെന്നായിരുന്നു സുധാകരന്റെ വാദം.

ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായ അബ്ദുൽ കരീം ചേലേരി അഴീക്കോട് മത്സരിക്കാൻ സ്ഥാനാർത്ഥി കുപ്പായമിട്ടു ഇറങ്ങിയിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ പിന്മാറുകയായിരുന്നു. ഇതോടെ ഷാജിക്കെതിരെയുള്ള വിമത നീക്കം ശക്തമാവുകയും അഴിക്കോട് ഷാജി തോൽക്കുകയും ചെയ്തു. ഇപ്പോൾ മുസ്ലിം ലീഗ് സംഘടനാ തെരഞ്ഞെടുപ്പിൽ ജില്ലാ മുസ്ലിം ലീഗ് നേതൃത്വം പിടിച്ചെടുക്കാൻ കെ എം ഷാജി കരുക്കൾ നീക്കുകയാണ് ഇതിന്റെ ഭാഗമായാണ് അദ്ദേഹം അലവിൽ ശാഖയിൽ പ്രാഥമിക അംഗത്വമെടുത്ത തെന്നാണ് വിവരം. ഈ നീക്കങ്ങൾക്ക് സുധാകരന്റെ രഹസ്യപിൻതുണയുണ്ടെന്നാണ് മുസ്ലിം ലീഗ് ഔദ്യോഗിക നേതൃത്വം കരുതുന്നത്.

മുസ്ലിംലീഗിൽ കെ.സുധാകരന്റെ അതീവ വിശ്വസ്തരിൽ ഒരാളാണ് കെ.എം ഷാജി. ഏറ്റവും ഒടുവിൽ അരിയിൽ ഷുക്കൂർ വധ കേസിൽ നിന്നും പി.ജയരാജനെ ഒഴിവാക്കാൻ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി പൊലിസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്റെ ആരോപണമുണ്ടാക്കിയ കോളിളക്കം ഗുഡാലോചനയാണെന്ന വാദവുമായി ലീഗ് നേതൃത്വം രംഗത്തുവന്നതും കെ.സുധാകരനെ ഉന്നമിട്ടു കൊണ്ടാണെന്നാണ് സൂചന. അഡ്വ. ഹരീന്ദ്രന്റെ ആരോപണത്തെ തള്ളി പറയാതെ ഗൗരവകരമാണെന്നാണ് സുധാകരൻ ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. ഇതു മുസ്ലിം ലീഗ് നേതാക്കളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

ഹരിന്ദ്രന്റെ പിന്നിലാര്?

താൻ അരിയിൽ ഷുക്കൂർ വധ കേസിലുണ്ടായ അട്ടിമറി ഇപ്പോൾ തുറന്നുപറയാൻ കാരണം ഇ.പി.ജയരാജന്റെ റിസോർട്ട് വിവാദത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ സിപിഎം അനുകൂല പ്രസ്താവനയാണെന്നാണ് ടി.പി ഹരിന്ദ്രൻ ആവർത്തിക്കുന്നത്. 2012 - ൽ കണ്ണപുരം വള്ളുവൻ കടവിൽ നടന്ന യുത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തിൽ ഗുഡാലോചന നടത്തിയെന്ന വ്യക്തമായ തെളിവുണ്ടായിട്ടും എന്തുകൊണ്ടാണ് താരതമ്യേനെ ശിക്ഷ കുറഞ്ഞ കൊലപാതക വിവരമറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന കുറ്റം ചുമത്തി പി.ജയരാജനെയും കുട്ടു പ്രതിയായ ടി.വി.രാജേഷിനെയും 32,33 പ്രതികളാക്കി മാറ്റിയതെന്താണ് ടി.പി ഹരീന്ദ്രൻ ചോദിക്കുന്നത്.

പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയിൽ സിബിഐ അന്വേഷണത്തിനായി നൽകിയ ഹർജി പരിഗണിച്ചതു പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാലാണെന്നും ഹരീന്ദ്രൻ ചൂണ്ടിക്കുന്നു. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തിൽ ഷുക്കൂർ വധ കേസിലെ ഗുഡാലോചന കുറ്റത്തിന് പി.ജയരാജനെയും രാജേഷിനെയും പ്രതി ചേർത്തത് ഇതിന്റെ ഭാഗമാണെന്നും ടി.പി ഹരിന്ദ്രൻ പറയുന്നു. കെ.സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്ന അഭിഭാഷകനാണ് ടി.പി ഹരിന്ദ്രൻ. തന്റെ ആരോപണത്തിന് പിന്നിൽ സുധാകരനല്ലെന്നു തുറന്നു പറയുന്ന ഹരീന്ദ്രൻ താൻ പറഞ്ഞത് വാർത്തയായപ്പോൾ സുധാകരൻ വിളിച്ചു ഹരി ഇങ്ങനെയൊക്കെ പറയാമോയെന്നു ചോദിച്ചതായും വെളിപ്പെടുത്തി.

കണ്ണുരിൽ കെ.സുധാകരനും സിപിഎം വിട്ടു വന്ന എം.വി രാഘവനും യോജിച്ചപ്പോൾ 1985 നു ശേഷം ഉണ്ടായ സിപിഎം അക്രമത്തിൽ ഇരയായ മുൻ സി.എംപി നേതാവുകൂടിയാണ് ടി.പി ഹരീന്ദ്രൻ. നേരത്തെ സി.പിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുപ്പം പുലർത്തിയിരുന്ന ടി.പി ഹരിന്ദ്രനെ എം വിആറിന്റെ കൂടെപ്പോയ വൈരാഗ്യത്തിനാണ് അദ്ദേഹത്തിന്റെ നാടായ ചക്കരക്കല്ലിലെ ബാർബർ ഷോപ്പിൽ മുടി മറിച്ചു കൊണ്ടിരിക്കെ വെട്ടി പരുക്കേൽപ്പിക്കുന്നത്. കഴുത്തിനു നേരെ വന്ന വെട്ടു കൈ കൊണ്ടു തടഞ്ഞതിനാൽ മൂന്ന് വിരലുകളടക്കം അറ്റു തൂങ്ങി . നാട്ടുകാർ ബഹളം കേട്ടു ഓടി വന്നപ്പോഴാണ് അർധ പ്രാണനായ ഹരീന്ദ്രനെ ഉപേക്ഷിച്ചു അക്രമികൾ കടന്നു കളഞ്ഞത്.

തക്കസമയത്ത് നാട്ടുകാർ ആശുപത്രിയിലെത്തിച്ചതു കൊണ്ടു മാത്രമാണ് ടി.പി ഹരീന്ദ്രൻ ഇന്നും ജീവനോടെ ഇരിക്കുന്നത്. പിന്നീട് എം വിആറുമായി അകന്ന ടി.പി ഹരീന്ദ്രൻ കണ്ണുരിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായി മാറുകയായിരുന്നു. ടി പി ഹരിന്ദ്രനെതിരെ ഒരു കാലത്ത് സിപിഎം പൊതുയോഗങ്ങളിലെല്ലാം നേതാക്കൾ കൊലവിളി മുഴക്കിയിരുന്നത് പതിവായിരുന്നു. പേട്ട് വക്കീലെന്നാണ് ടി.പി ഹരീന്ദ്രനെ സിപിഎം നേതാക്കൾ തങ്ങളുടെ പ്രസംഗത്തിൽ അഭിസംബോധന ചെയ്തിരുന്നത്.

കണ്ണൂരിലെ പാർട്ടിയുടെ കരടായിരുന്ന ടി.പി ഹരീന്ദ്രനാണ് നിർണായക വേളകളിൽ കെ.സുധാകരന് നിയമ കവചമൊരുക്കിയിരുന്നത്. എന്നാൽ ഹരിന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ പച്ച കള്ളമാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി പി.സുകുമാരൻ രംഗത്തുവന്നതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്.

കേസ് അട്ടിമറിച്ചില്ലെന്ന് സുകുമാരൻ

ഷുക്കുർ വധ കേസിലെ അന്വേഷണ ചുമതലയുള്ള തനിക്ക് പി.കെ.കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിക്കാൻ അന്നത്തെ കണ്ണുർ എസ്‌പിയായിരുന്ന രാഹുൽ നായരിൽ സമ്മർദ്ദം ചെലുത്തിയതായി അറിയില്ലെന്നായിരുന്നു സുകുമാരൻ പ്രതികരിച്ചത്. അങ്ങനെയെന്തെങ്കിലും കാര്യങ്ങൾ എസ്‌പി തന്നോട് പറഞ്ഞിട്ടില്ല. തന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ ടീം രൂപീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്തെങ്കിലും നിയമോപദേശം താൻ ടി.പി ഹരീന്ദ്രനിൽ നിന്നും തേടിയിട്ടില്ല. സർക്കാർ അഭിഭാഷകരോട് പോലും നിയമോപദേശം തേടുന്ന ശൈലി തനിക്കുണ്ടായിരുന്നില്ലെന്നും സുകുമാരൻ പറഞ്ഞു.

ടി.പി ഹരീന്ദ്രനുമായി വ്യക്തിപരമായ അടുപ്പം തനിക്കുണ്ട്. തന്റെ സുഹൃത്താണ് ഹരീന്ദ്രൻ . കോടതിയിൽ വെച്ചു അധിക ദിവസങ്ങളിലും കാണാറുണ്ട്. എന്നാൽ ഷുക്കൂർ വധ കേസിൽ നിയമോപദേശം താൻ തേടിയെന്ന ഹരീന്ദ്രന്റെ വാദം പച്ച കള്ളമാണ്. ടി.പി ഹരീന്ദ്രനെ പോലെ തന്നെ കണ്ണൂരിൽ സിപിഎം നേതാക്കളാൽ വേട്ടയാടപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്‌പി പി.സുകുമാരൻ. കേസ് അന്വേഷണവേളയിൽ അദ്ദേഹത്തിനെതിരെ പരസ്യമായി സിപിഎം നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. ഷുക്കൂർ വധ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരുടെ മലദ്വാരത്തിൽ കമ്പി കയറ്റി സുകുമാരൻ കുറ്റം സമ്മതിപ്പിക്കാൻ മൂന്നാം മുറ പ്രയോഗിച്ചുവെന്നു പരസ്യമായി ആരോപിച്ചത് ഇന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ്.

ഷുക്കൂർ വധ കേസിൽ പി.ജയരാജനെയും ടിവി രാജേഷിനെയും അറസ്റ്റു ചെയ്ത വൈരാഗ്യത്തിന് പിന്നീട് വന്ന എൽ. ഡി.എഫ് സർക്കാർ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയാണ് അദ്ദേഹത്തെ ദ്രോഹിച്ചത്. അർഹതപ്പെട്ട പ്രമോഷനുകളും തട്ടിതെറിപ്പിച്ചു. അഞ്ചു വർഷം ബാക്കിയുണ്ടായിരുന്ന സുകുമാരൻ ഇരിട്ടിയിൽ നിന്നാണ് വിരമിക്കുന്നത്.

കുളം കലക്കി മീൻ പിടിക്കാൻ സി പി എം

ഇതിനിടെ വിവാദത്തിൽ കുളം കലക്കി മീൻ പിടിക്കുകയെന്ന പതിവു ശൈലിയിൽ ആരോപണറുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജ നും രംഗത്തുവന്നു. യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റത്തിൽനിന്നു സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാൻ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഡ്വ. ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ സിപിഎം നിലപാട് ശരിവയ്ക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ ചൂണ്ടികാട്ടി.

കള്ളത്തെളിവുണ്ടാക്കാൻ അഡ്വ.ഹരീന്ദ്രനെ ആരെങ്കിലും സഹായിച്ചെങ്കിൽ കേസെടുക്കണം. സിപിഎം നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനും കിരാതമുറ സ്വീകരിക്കാനുമാണ് യുഡിഎഫ് ഇടപെട്ടതെന്നും എം വിജയരാജൻ പറഞ്ഞു. ടി.പി.ഹരീന്ദ്രന്റെ ആരോപണം കുഞ്ഞാലിക്കുട്ടി നിഷേധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP