Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശാഭിമാനിയിലെ ഐസക്കിന്റെ മോഹം വെട്ടും; പുത്തലേത്തിനെ പാർട്ടി പത്രത്തിലെത്തിച്ച് ശശിയെ പൊളിട്ടിക്കൽ സെക്രട്ടറിയാക്കും; എകെജി സെന്ററിൽ കോടിയേരിയും ജയരാജനും; എല്ലാ അർത്ഥത്തിലും ഭരണത്തിലും സിപിഎമ്മിലും ഇനി കണ്ണൂർ ലോബിയുടെ മേധാവിത്വം; കോൺഗ്രസിലും ബിജെപിയിലും സമാന സ്ഥിതി; കണ്ണൂരിലെ നേതാക്കൾ കേരളത്തെ നയിക്കുമ്പോൾ

ദേശാഭിമാനിയിലെ ഐസക്കിന്റെ മോഹം വെട്ടും; പുത്തലേത്തിനെ പാർട്ടി പത്രത്തിലെത്തിച്ച് ശശിയെ പൊളിട്ടിക്കൽ സെക്രട്ടറിയാക്കും; എകെജി സെന്ററിൽ കോടിയേരിയും ജയരാജനും; എല്ലാ അർത്ഥത്തിലും ഭരണത്തിലും സിപിഎമ്മിലും ഇനി കണ്ണൂർ ലോബിയുടെ മേധാവിത്വം; കോൺഗ്രസിലും ബിജെപിയിലും സമാന സ്ഥിതി; കണ്ണൂരിലെ നേതാക്കൾ കേരളത്തെ നയിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണുർ: സംസ്ഥാന സർക്കാർ ഭരണത്തിലും രാഷ്ട്രീയത്തിലും സുവർണ കാലത്തിലൂടെയാണ് കണ്ണൂർ ജില്ല കടന്നു പോകുന്നത്. ഇത്രമാത്രം പ്രാധാന്യം ലഭിച്ച ഒരു കാലം കണ്ണൂരിനുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. നേരത്തെ കെ.കരുണാകരനും ഇ കെ നായനാരും കണ്ണൂരുകാരായ മുഖ്യമന്ത്രിയായി ഭരണം നടത്തിയിരുന്നുവെങ്കിലും അന്നൊക്കെ കെ. പി .സി.സി അധ്യക്ഷനും പാർട്ടി സംസ്ഥാന സെക്രട്ടറിയുമൊക്കെ മറ്റു ജില്ലക്കാരായിരുന്നു.അതു കൊണ്ടു തന്നെ അതത് പാർട്ടികളിലും ഭരണത്തിലും ഒരു സന്തുലനവും ഉണ്ടായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജൻ ഇടത് മുന്നണി കൺവീനറാവുന്നതോടെ പാർട്ടി, മുന്നണി, ഭരണം എന്നിവയെല്ലാം കണ്ണൂരുകാരുടെ കൈകളിലായി.

ഇടത് മുന്നണിയുടെ രണ്ടാം തുടർഭരണത്തിന് കണ്ണൂർ ജില്ലക്കാരനായ പിണറായി വിജയൻ നേതൃത്വം നൽകുമ്പോൾ ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അമരക്കാരൻ മറ്റൊരു കണ്ണുരുകാരനായകോടിയേരി ബാലകൃഷ്ണനാണ്. ഏറ്റവും ഒടുവിലായി ഭരണ മുന്നണിയായ എൽഡിഎഫ് കൺവീനറായി ഇ.പി. ജയരാജനും ചുമതലയേൽക്കുന്നതോടെ മുന്നണി സംവിധാനത്തിലെ നിർണായ സ്ഥാനവും കൂടിയാണ് കണ്ണൂരുകാരന്റെ കൈയിലെത്തുന്നത്. സിപിഎം സെക്രട്ടറിയേറ്റിൽ കൂടുതൽ ചർച്ചകൾ തുടരുകയാണ്. ഇതനുസരിച്ച് സിപിഎമ്മിൽ സമ്പൂർണ്ണ മേധാവിത്വം കണ്ണൂർ ലോബി നേടും. ദേശാഭിമാനിയുടെ തലപ്പത്തേക്ക് പിണറായിയുടെ വിശ്വസ്തനായ ദിനേശൻ പുത്തലേത്ത് എത്തും.

നിലവിൽ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയാണ് പുത്തലേത്ത്. പുത്തലേത്ത് ഈ പദവിയിൽ നിന്ന് മാറുമ്പോൾ പൊളിട്ടിക്കൽ സെക്രട്ടറിയായി പി ശശി എത്താനാണ് സാധ്യത. പി ശശി പൊളിട്ടിക്കൽ സെക്രട്ടറിയായില്ലെങ്കിൽ കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറിയാകും. അങ്ങനെ വന്നാൽ എംവി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തും. എതായാലും കണ്ണൂരിൽ നിന്നുള്ള നേതാവ് തന്നെയാകും ഇനി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണൂരുകാരനായ എംവി രാഗേഷാണ്. എകെജി സെന്ററിലെ സെക്രട്ടറി കണ്ണൂരുകാരൻ ബിജു കണ്ടകൈയും. അങ്ങനെ എല്ലാ അർത്ഥത്തിലും കണ്ണൂരുകാരുടെ ഭരണമാകും പാർട്ടിയിലും സർക്കാരിലും.

ദേശാഭിമാനിയുടെ ചുമതല തോമസ് ഐസക് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വിശ്വസ്തനായ ദിനേശൻ പുത്തലേത്തിന് ഈ ചുമതല നൽകാനാണ് മുഖ്യമന്ത്രി പിണറായിയുടെ ആഗ്രഹം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം പൂർണ്ണമായും കണ്ണൂർ ലോബിക്ക് കൈമാറാൻ കൂടിയാണ് ഇത്. ഇതിനൊപ്പമാണ് ജയരാജനെ കൺവീനറാക്കുന്നത്. അഴീക്കോടൻ രാഘവൻ (ഐക്യമുന്നണി) , പി.വി. കുഞ്ഞിക്കണ്ണൻ എന്നിവരായിരുന്നു കണ്ണൂരിൽ നിന്നും ഇതിനു മുൻപ് സിപിഎം നേതൃത്വം നൽകുന്ന മുന്നണിയുടെ കൺവീനർമാരായവർ.

എൽഡിഎഫ് രൂപീകരിക്കുന്നതിന് മുന്പ് സിപിഎം നേതൃത്വം നൽകിയ ഐക്യമുന്നണിയുടെ കൺവീനറായിരുന്നു അഴീക്കോടൻ രാഘവൻ. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും അനുബന്ധ തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കായിരുന്നു അഴീക്കോടൻ രാഘവൻ വഹിച്ചത്. 1964ലെ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ ഭിന്നിപ്പിനെ തുടർന്ന് സിപിഎമ്മിനൊപ്പം നിലയുറപ്പിച്ച അഴീക്കോടൻ രാഘവൻ 1972 സെപ്റ്റംബർ 23 ന് തൃശൂരിൽ വച്ച് കുത്തേറ്റ് മരിക്കുകയായിരുന്നു. വിവാദമായ തട്ടിൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട നിർണായ രേഖകൾ കൈവശമുണ്ടെന്ന സംശയത്തിൽ രാഷ്ട്രീയ എതിരാളികൾ കുത്തി ക്കൊലപ്പടുത്തുകയായിരുന്നുവെന്നും കൊലപാതകത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായ കെ. കരുണാകരന് വ്യക്തമായ പങ്കുണ്ടെന്നും അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ.എം.എസ് നിയമസഭയിൽ ആരോപിച്ചിരുന്നു. മരിക്കുമ്പോൾഅദ്ദേഹം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു.

സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായിരുന്ന പി.വി.കുഞ്ഞിക്കണ്ണനാണ് കണ്ണൂരിൽ നിന്നും എൽഡിഎഫ് കൺവീനറാകുന്ന രണ്ടാമത്തെയാൾ. കോൺഗ്രസ് സോഷ്യലിസ്റ്റ് ' പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച കുഞ്ഞിക്കണ്ണൻ സിപിഐയിലും പ്രവർത്തിച്ചു പിന്നീട് പാർട്ടിയിലെ ഭിന്നതയെ തുടർന്ന് സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കുകയായിരുന്നു. 1977-80 കാലഘട്ടത്തിൽ മലസുഴയിൽ നിന്നും 1982-87 കാലഘട്ടത്തിൽ കൂത്തുപറന്പ് മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലെത്തി. സിപിഎമ്മിനെ പിടിച്ചുകുലുക്കിയ എം.വി ആറിന്റെ ബദൽ രേഖ വിവാദത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ പി.വി. കുഞ്ഞിക്കണ്ണൻ 1999 ഏപ്രിൽ ഒൻപതിന് മരണമടയുകയായിരുന്നു കണ്ണൂരിൽ നിന്ന് ഇക്കുറി ഏഴ് ലോകസഭാ രാജ്യസഭാ എംപിമാരാണുള്ളത്.

കെ.സുധാകരൻ, എം.കെ രാഘവൻ എന്നിവർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കേന്ദ്ര സഹമന്ത്രി വി.മുരളിധരൻ, എ.ഐ.സി.സി ജനറൻ സെക്രട്ടറി കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ഡോ.വി.ശിവദാസ്, അഡ്വ.പി.സന്തോഷ് കുമാർ എന്നിവർ രാജ്യ സഭയിൽ കണ്ണൂരിന്റെ പ്രതിനിധികളാണ്. സി.പിഎമ്മിൽ മാത്രമല്ല കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്നതും കണ്ണുരുകാർ തന്നെയാണ് ' എഐ.സി.സി സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എന്നിവരും കണ്ണുരുകാർ തന്നെയാണ്.

ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസാണ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന കണ്ണുരു കാർ.ഡി. വൈ. എഫ്. ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ സനോജ്, കർഷക തൊഴിലാളി യുനിയൻ സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ ,കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി എന്നിവരും കണ്ണുരുകാർ തന്നെയാണ്.ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, ബാലാവകാശ ചെയർമാൻ അഡ്വ.മനോജ് കുമാർ എന്നിവരാണ് സർക്കാർ തലത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവർ.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ,എ.കെ ശശീന്ദ്രൻ, എം.വി ഗോവിന്ദൻ എന്നിവരാണ് ഇക്കുറി സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന കണ്ണുരുകാർ. ഇതോടെ കേരളത്തിന്റെ ഭരണ-രാഷ്ട്രീയ തലസ്ഥാനമായി കണ്ണൂർ മാറിയിരിക്കുകയാണ്. എന്നാൽ സംസ്ഥാനമാകെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടർച്ചയായി സംഭവിക്കുന്നത് കണ്ണുർ രാഷ്ട്രീയ ശൈലി സ്വീകരിക്കുന്നതിനാലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ചോര ചിന്തിയ നാൾവഴികളിലൂടെ കണ്ണൂർ കടന്നു പോയതുപോലെയാണ് ഇപ്പോൾ കേരള രാഷ്ട്രീയവും സഞ്ചരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP