Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശശി തരൂരിന്റെ വാക്കുകൾ പൊന്നാകുമോ? ഭഗത് സിങ്ങിനോട് തരൂർ ഉപമിച്ച കനയ്യ കുമാർ സിപിഐ ദേശീയ നേതാവായി മാറുമ്പോൾ ലോക്‌സഭയിൽ ഒരംഗം മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമ്മാനിക്കുന്നത് പുതുപ്രതീക്ഷ; കത്തിക്കയറുന്ന പ്രസംഗങ്ങളുമായി സംഘപരിവാർ വിമർശനത്തിന്റെ കുന്തമുനയായ യുവനേതാവിന്റെ സ്വീകാര്യത പൊതു തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന് വിലയിരുത്തൽ; കൊല്ലം പാർട്ടി കോൺഗ്രസിൽ ഉദയം കൊള്ളുന്നത് ഇന്ത്യൻ ഇടതു രാഷ്ട്രീയത്തിന്റെ നവ നായകനോ?

ശശി തരൂരിന്റെ വാക്കുകൾ പൊന്നാകുമോ? ഭഗത് സിങ്ങിനോട് തരൂർ ഉപമിച്ച കനയ്യ കുമാർ സിപിഐ ദേശീയ നേതാവായി മാറുമ്പോൾ ലോക്‌സഭയിൽ ഒരംഗം മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമ്മാനിക്കുന്നത് പുതുപ്രതീക്ഷ; കത്തിക്കയറുന്ന പ്രസംഗങ്ങളുമായി സംഘപരിവാർ വിമർശനത്തിന്റെ കുന്തമുനയായ യുവനേതാവിന്റെ സ്വീകാര്യത പൊതു തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന് വിലയിരുത്തൽ; കൊല്ലം പാർട്ടി കോൺഗ്രസിൽ ഉദയം കൊള്ളുന്നത് ഇന്ത്യൻ ഇടതു രാഷ്ട്രീയത്തിന്റെ നവ നായകനോ?

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ലോകം അറിയുന്ന നേതാക്കൾ ഉദയം ചെയ്തത് ആൾക്കൂട്ടത്തെ കൈയിലെടുക്കുന്ന പ്രസംഗ പാഠവം കൈമുതലാക്കിയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആ കസേരയിൽ എത്തിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ജനങ്ങളിൽ ആവേശം വിതറുന്ന പ്രസംഗങ്ങൾ നടത്തിയാണ് മോദി നേതാവായത്. അടുത്തകാലത്തായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദയം കൊണ്ട് യുവനേതാക്കൾക്കിടയൽ ശ്രദ്ധിക്കപ്പെടുന്ന മുഖങ്ങളാണ് ജെഎൻയു സമര നേതാവ് കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും. ഇരുവരും ആൾക്കൂട്ടത്തെ കൈയിലെടുക്കുന്ന പ്രസംഗങ്ങൾ കൈമുതലാക്കിയവരാണ്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിന് കാരണക്കാരായവരിൽ ഒരാൾ ജിഗ്നേഷുമാണ്. ഇന്ന് രാജ്യം മുഴുവൻ നടക്കുന്ന ദളിത് പ്രതിഷേധങ്ങളുടെ ചുക്കാൻ പിടിക്കാൻ രംഗത്തുള്ളവരിൽ ഒരാൾ ജിഗ്നേഷ് മേവാനിയാണ്. രാഷ്ട്രീയത്തിൽ സജീവമായ മേവാനിക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ ജീർണ്ണോമുഖമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഊർജ്ജം പകരേണ്ട ചുമതല ഏറ്റെടുത്ത് മറ്റൊരു തീപ്പൊരി നേതാവു കൂടി രംഗത്തെത്തുകയാണ്. ജെഎൻഎയു നേതാവ് കനയ്യ കുമാറാണ് ഈ വ്യക്തിത്വം.

കൊല്ലത്ത് നടന്ന സിപിഐ പാർട്ടി കോൺഗ്രസിൽ കനയ്യ കുമാറിനെ പാർട്ടിയുടെ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. ഇതോടെ വരാരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ മുഖ്യപ്രചാരകന്റെ റോളിൽ എത്തുക കനയ്യ ആകുമെന്ന കാര്യം ഉറപ്പായി. മികച്ച രാഷ്ട്രീയ ദിശാബോധവും പ്രസംഗപാഠവവും ഉള്ള കനയ്യ കുമാർ സിപിഐയുടെ ദേശീയ മുഖമായി ഭാവിയിൽ മാറുമെന്ന കാര്യം ഉറപ്പാണ്. ഭാവിയിലെ ഇന്ത്യൻ ഇടതു രാഷ്ട്രീയത്തിന്റെ ദേശീയ നേതാവായി കനയ്യ മാറുമോ എന്നതാണ് ഇനി അറിയേണ്ടത്.

രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റു ചെയ്ത ശേഷം ജെഎൻയു കാമ്പസിൽ എത്തി കനയ്യ നടത്തിയ പ്രസംഗം അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്നായിരുന്നു. അന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞത്, സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് നല്ലൊരു നേതാവിനെയാണ് കനയ്യയിലൂടെ കിട്ടിയതെന്നായിരുന്നു. രാഷ്ട്രീയം മറന്ന് എല്ലാവരും അന്ന് കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിക്കുകയുണ്ടായി. അരവിന്ദ് കെജ്രിവാൾ 'ഉജ്വല പ്രസംഗം' എന്നാണദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. പിന്നീട് കനയ്യയെ കേട്ടവരെല്ലാം അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. ഇക്കൂട്ടത്തിൽ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു.

രാഷ്ട്രീയത്തിൽ പുതു നക്ഷത്രം ഉദിച്ചെന്നും ഇന്ത്യൻ ചെഗുവേരയാണ് കനയ്യ കുമാറെന്നുമാണ് നവമാധ്യമങ്ങൾ അദ്ദേഹത്തെ കുറിച്ച് വിശേഷിപ്പിച്ചത്. എഐവൈഎഎഫ് നേതാവായിരുന്ന കനയ്യ പിന്നീട് കേരളത്തിൽ അടക്കം തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. കനയ്യയുടെ കൂട്ടാളിയായ മുഹമ്മദ് മുഹ്‌സിൻ പട്ടാമ്പിയുടെ എംഎൽഎയായി മാറി. ഇപ്പോൾ സിപിഐ വേദികളിൽ സജീവമായ കനയ്യയെ ദേശീയ കൗൺസിലിലേക്ക് കൊല്ലത്തെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തത് ഒരുപാട് പ്രതീക്ഷകളുമായാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ മത്സര രംഗത്തുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇക്കാര്യം കനയ്യ തന്നെ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. ബിജെപിക്ക് എതിരായി ആവും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നകാര്യം ഉറപ്പാണ്. ബിഹാറാണ് കനയ്യയുടെ നാട്. അതുകൊണ്ട് തന്നെ ബിഹാറിൽ നിന്നാകും അദ്ദേഹം സ്ഥാനാർത്ഥിയാകുക. ബിഹാറിൽ ഇത്തവണ മഹാസഖ്യത്തിനുള്ള സാധ്യത നിലവിലുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, ഇടതുപക്ഷം എന്നിവർ ചേർന്ന് സംഖ്യമുണ്ടാക്കി ഒരു പൊതു സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് പണം സമാഹരിച്ച് തന്നാൽ താൻ മത്സരിക്കും എന്നാണ് കനയ്യയുടെ നിലപാട്.

സംഘടിത രാഷ്ട്രീയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. മത്സരിക്കുന്നുവെങ്കിൽ മുഖ്യരാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മാത്രമേ മത്സരിക്കൂ. നേതാക്കളുടെ വ്യക്തിപ്രഭാവത്തിൽ വിശ്വസിക്കുന്നില്ലെന്നും കനയ്യ കുമാർ പറയുകയുണ്ടായി. എന്നാൽ, കൊല്ലത്തു നടന്ന പാർട്ടി കോൺഗ്രസിൽ അടക്കം സിപിഐ നേതൃത്വത്തിനെതിരെ കനയ്യ വിമർശനം ഉന്നയിക്കുകയുണ്ടായി. സിപിഐ എന്നാൽ 'കൺഫ്യൂസിങ് പാർട്ടി ഓഫ് ഇന്ത്യ' ആകരുതെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ നിലപാടെടുക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നാണ് കനയ്യയുടെ നിലപാട്. കോൺഗ്രസുമായുള്ള ബന്ധത്തിൽ വ്യക്തത വേണമെന്ന ആവശ്യം ന്യായമാണ്. അതിനേക്കാൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാകണം പ്രാധാന്യം കൊടുക്കേണ്ടത്. പാർട്ടി ശക്തമായാൽ കോൺഗ്രസടക്കം ഇങ്ങോട്ടു വരും. നിലപാടെടുക്കുമ്പോൾ ആശങ്കയും ആശയക്കുഴപ്പവുമെന്ന രീതി മാറണം. സാധാരണക്കാരുടെ ജീവിതം, വിദ്യാഭ്യാസം എന്നിവയ്ക്കായി മുന്നിൽ നിന്നു പൊരുതാൻ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. പ്രതിനിധികൾ ശ്രദ്ധയോടെയാണു കനയ്യയുടെ വാക്കുകൾ കേട്ടത്. കനയ്യക്ക് സിപിഐ നൽകുന്ന പരിഗണനയാണ് ദേശീയ കൗൺസിൽ അംഗത്വത്തിലൂടെ വ്യക്തമായിരിക്കുന്നത്. ദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവായി കനയ്യ മാറിയിട്ടുണ്ട്. ക്ഷുഭിതരായ ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായാണ് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നതും. ഒരിക്കൽ കനയ്യ കുമാറിനെ ഭഗത് സിങ്ങിനോട് ഉപമിച്ച് കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പ്രസംഗം നടത്തുക പോലുമുണ്ടായി.

ബിഹാറിലെ ചെറ്റക്കുടിലിൽ നിന്നും ഉദിച്ചുയർന്ന വിപ്ലവ നക്ഷത്രം

ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാനമായും രണ്ട് വിധത്തിലുള്ള നേതാക്കളാണുള്ളത്. ഒന്ന്, കുടുംബ മഹിമ കൊണ്ടും പിതാവിന്റെ പാരമ്പര്യം കൊണ്ടും സമ്പത്തുകൊണ്ടും സ്വാഭികമായി രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കപ്പെട്ടവൽ, രണ്ടാമേത്തേത്, സ്വപ്രയത്നം കൊണ്ട് പ്രതിസന്ധികളോട് പൊരുതിയും നിരലാംബർക്ക് വേണ്ടി പോരാടിയും പ്രതിരോധം തീർത്തും തീയിൽ കുരുത്ത് സ്വയം നേതാവായവർ. ഏതൊരു നേതാവിന്റെയും ജനപ്രീതിയും വളർച്ചയും ഓരോ കാലഘട്ടത്തിലെ സാമൂഹ്യ മാറ്റവുമായി ബന്ധപ്പെട്ട് തന്നെയാണ്. ഇന്നിന്റെ രാഷ്ട്രീയത്തിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന സിപിഐ രാഷ്ട്രീയത്തിൽ നിന്നും കരുത്തുറ്റ ഒരു യുവ രാഷ്ട്രീയക്കാരന്റെ ഉദയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബിഹാറിൽ നിന്നുമുള്ള ജെഎൻയു വിദ്യാർത്ഥി കനയ്യ കുമാറാണ് ഇന്ത്യൻവിപ്ലവ യുവത്വത്തിന്റെ പ്രതീകമായി പിറവിയെടുത്തിരിക്കുന്നത്. എന്തിനെയും മർദ്ദിച്ചു നേരിടാമെന്ന ഭരണകൂടത്തിന്റെ ഹുങ്കിനോടുള്ള പ്രതിരോധമായി പിറവിയെടുത്തതാണ് കനയ്യകുമാർ.

ജെഎൻയുവിൽ ഹിന്ദുത്വവാദികളുടെ അജണ്ടകളെ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച കനയ്യകുമാർ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തുവരുന്നത് രാജ്യത്തിന്റെ നേതാവായാണ്. ഇന്ത്യൻ യുവത്വം നെഞ്ചിലേറ്റിയ പേരായി കനയ്യ കുമാർ മാറിയിരിക്കുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിച്ചത് കന്നയ്യയുടെ മോചനമാണ്. ബിഹാറിലെ ചെറ്റക്കുടിലിൽ നിന്നും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തി നെറികേടുകൾക്കെതിരെ പോരാടിയ കനയ്യ്ക് ഇന്ത്യൻ ചെഗുവേരെയെന്ന് പോലും വാഴ്‌ത്തുകയുണ്ടായി.

ബിഹാറിലെ ബെഗുസരായ് ജില്ലയിലുള്ള ബിഹാട്ട് ഗ്രാമത്തിലാണ് കനയ്യ ജനിച്ചത്. രാജ്യദ്രോഹത്തിന് മകൻ അറസ്റ്റിലായപ്പോഴും അദ്ദേഹത്തിന്റെ മാതാപാതിക്കൾ ഉറപ്പിച്ചത്. മകൻ ഒരിക്കലും ഭാരതമാതാവിന് അപകടകാരിയാകില്ലെന്നാണ്. എന്തായാലും ആ വിശ്വാസം തെറ്റിയില്ല, ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായ കനയ്യ അവരുടെ വിശ്വാസം കാത്തു. 2013 മുതൽ പക്ഷാഘാതം ബാധിച്ച് തളർന്ന് കിടക്കുന്ന ജയ്ശങ്കർ സിംഗും മീനാദേവിയുമാണ് കൻഹൈയയുടെ മാതാപിതാക്കൾ. അംഗനവാടി ടീച്ചറായി കഷ്ടപ്പെട്ട് ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഈ മാതാവ് മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ചത്. നല്ല വിദ്യാഭ്യാസം കിട്ടാൻ വേണ്ടിയ ഡൽഹിക്ക് അയക്കുകയുമായിരുന്നു. ആ മകൻ രാജ്യദ്രോഹത്തിന് അറസ്റ്റിലായെന്ന വാർത്ത ഇവരെ ഏറെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, രാജ്യം വാഴ്‌ത്തുന്ന വ്യക്തിത്വമായി മകൻ മാറിയതോടെ ഈ മാതാപിതാക്കൾ ഏറെ സന്തോഷിച്ചു.

ടെഗ്ഹ്രയാണ് കന്നയ്യ കുമാറിന്റെ നിയമസഭാ മണ്ഡലം. മണ്ഡലത്തിന്റെ ഭാഗമായ നിലകൊള്ളുന്ന ബിഹാട്ടിൽ ഇപ്പോൾ ജെഡി(യു) എംഎൽഎ ആണുള്ളതെങ്കിലും പ്രദേശം ലെനിൻഗ്രാഡ് ഓഫ് ബീഹാർ എന്നാണറിയപ്പെടുന്നത്. നാല് ദശാബ്ദങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയാണിത്. ഇടതുവിരുദ്ധ പാർട്ടികളുമായി നിരവധി പ്രശ്നങ്ങളും ആക്രമണങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തന്നെ കനയ്യ സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ ആൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നു. ബറൗനിയിലെ ആർകെസി ഹൈസ്‌കൂൾ, മഗധ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു കനയ്യയുടെ വിദ്യാഭ്യാസം. ഭരണകൂട ഭീകരതയ്ക്ക് എതിരായ പ്രതിരോധത്തിന്റെ ശബ്ദമയാ മാറിയിരുന്നു കനയ്യകുമാർ. കനയ്യ അറസ്റ്റിലായ വേളയിൽ കനയ്യയുടെ ചിത്രങ്ങൾ സഹിതമുള്ള ടീ ഷർട്ടുകൾ ധരിച്ചാണ് യുവാക്കൾ പിന്തുണ അർപ്പിച്ചിരുന്നത്.

ദേശീയ രാഷ്ട്രീയത്തിൽ ഇടതിന് പ്രാധാന്യം കുറഞ്ഞു വരുന്ന സമയാണ് ഇപ്പോൾ. ബംഗാളിലും ത്രിപുരയിലും ഭരണം പോയതോടെ ഇപ്പോൾ ഇടതു പാർട്ടികളെ അധികമാരും ശ്രദ്ധിക്കാറില്ല. കേരളത്തിൽ മാത്രമാണ് സിപിഐ ഭരണത്തിൽ പങ്കാളിത്തമുള്ളത്. ലോക്‌സഭയിൽ ആകട്ടെ സിഎൻ ജയദേവൻ മാത്രമാണ് സിപിഐ പ്രതിനിധിയായി ഉള്ളത്. ദേശീയ തലത്തിൽ ഡി രാജയെയും ആനി രാജയെയും പോലുള്ളവർ മാത്രമാണഅ മാധ്യമങ്ങൾക്ക് മുമ്പിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് പോലും. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് യുവത്വത്തിന്റെ പ്രസരിപ്പുമായി കനയ്യ കുമാർ പാർട്ടിയുടെ ദേശീയ നേതാവായി വളരുന്നത്. ബിജെപിക്കെതിരെ കൂട്ടായാമ്മ രൂപീകരിച്ചുള്ള പോരാട്ടത്തിൽ തീപ്പൊരി പ്രസംഗം കൊണ്ടും ആസാദി മുദ്രാവാക്യം കൊണ്ടും ആളുകളെ കൈയിലെടുക്കുന്ന കനയ്യ കുമാറിന്റെ സാന്നിധ്യം സിപിഐക്ക് ഗുണകരമാകും എന്ന കാര്യത്തിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP