Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

ലീഗിലെ തീപ്പൊരി നേതാവിനെ സിപിഎം സഹയാത്രികൻ ആക്കിയത് പിണറായി; വിഎസിനെ കൊട്ടാൻ ബക്കറ്റിലെ വെള്ളം കഥയും ഓതി കൊടുത്ത വിശ്വസ്തൻ; സിപിഎമ്മും പിണറായിയും കൈവിടുമ്പോൾ ജലീലിനെ പിന്തുടർന്ന് സിമിയുടെ പ്രേതം

ലീഗിലെ തീപ്പൊരി നേതാവിനെ സിപിഎം സഹയാത്രികൻ ആക്കിയത് പിണറായി; വിഎസിനെ കൊട്ടാൻ ബക്കറ്റിലെ വെള്ളം കഥയും ഓതി കൊടുത്ത വിശ്വസ്തൻ; സിപിഎമ്മും പിണറായിയും കൈവിടുമ്പോൾ ജലീലിനെ പിന്തുടർന്ന് സിമിയുടെ പ്രേതം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തൊട്ടതെല്ലാം പിഴച്ചുപോകുന്ന പ്രത്യേക മാനസികാവസ്ഥയിലാണ് മുൻ മന്ത്രിയും എം എൽ എയുമെല്ലാമായ കെ ടി ജലീൽ. ഏത് നിമിഷമാണ് തനിക്ക് കശ്മീർ സന്ദർശിക്കാനും യാത്രാനുഭവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാനും തോന്നിയതെന്നു അദ്ദേഹം ചിന്തിക്കാൻ സാധ്യതയില്ല. തികഞ്ഞ ബോധ്യത്തോടെയാണ് ആ പ്രസ്താവന നടത്തിയതെന്ന് പിന്നീട് പ്രതികരിച്ചതാണ്. എന്നാൽ പണി പാളിയെന്നു ബോധ്യപ്പെട്ടപ്പോൾ പ്രസ്താവന പിൻവലിച്ച് നല്ലപിള്ളയാവാനും ശ്രമിച്ചു.

ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഭൂമിയിലെ സ്വർഗമായ കശ്മീർ. വിഘടനവാദികളും പാക്കിസ്ഥാൻ സർക്കാർ സംവിധാനവും വിശേഷിപ്പിക്കുന്ന ആസാദ് കശ്മീർ എന്നാണ് ജലീൽ സാഹിബും വിശേഷിപ്പിച്ചത്. ഇത് കാശ്മീരിലെ വിഘടനവാദികളെ ഏറെ സന്തോഷിപ്പിക്കുമെന്നത് ഉറപ്പാണ്. ഇപ്പോൾ കെ ടി ജലീലിനെ സിപിഎം സംരക്ഷിക്കുന്ന നിലപാടിൽ നിന്നും ഏറെ പിന്നോട്ടു പോയിരിക്കുന്നു. ലീഗിൽ നിനനും വന്നപ്പോൾ ലഭിച്ച ആ സ്വീകാര്യത അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്നില്ല. ജലീലിന്റെ വാവിട്ട വാക്ക് സിപിഎമ്മിനെ വലിയ പ്രതിരോധത്തിൽ ആക്കുകയാണെന്ന് സിപിഎം തിരിച്ചറിഞ്ഞഉവെന്ന് വ്യക്തമാകുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരേ കുറ്റിപ്പുറത്ത് കരുത്തുതെളിയിച്ച് പുലിക്കുട്ടിയായതോടെയായിരുന്നു പച്ചയുടെ അപരാഹ്നമുണ്ടായിരുന്ന ജലീൽ എന്ന മുൻ ലീഗുനേതാവിന്റെ തലവര തിരുത്തിയെഴുതപ്പെട്ടത്. പിന്നെ വെച്ചടിവെടി കയറ്റമായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയെന്ന മഹാമേരുവിന് ചുവട്ടിൽ വളരാനും ആരാലും ശ്രദ്ധിക്കപ്പെടുന്ന മരമാവാനും പൂക്കാനും കായ്ക്കാനുമൊന്നും സാധ്യമല്ലെന്നു തിരിച്ചറിഞ്ഞായിരുന്നു ജലീൽ വിമതന്മാരുടെ ഹരിതകമ്പളത്തിൽനിന്നിറങ്ങിയത്.

കൊലകൊമ്പനായ കുഞ്ഞാലിക്കുട്ടിയെ പാളയത്തിൽ കയറി ആക്രമിക്കുമ്പോൾ അത്രയൊന്നും ആത്മവിശ്വാസമുണ്ടായിരുന്നില്ല വിജയിക്കുമെന്ന കാര്യത്തിൽ. കേരളത്തിൽ മലപ്പുറം ജില്ലയുടെ പുറത്താണെങ്കിൽ ഇടതു പിന്തുണയുള്ള സ്വതന്ത്രനെന്നാൽ ഒരുപരിധിവരെ വിജയം സുനിശ്ചിതമാണ്. പക്ഷേ കളി മലപ്പുറത്താവുമ്പോൾ പണിപാളുമെന്ന് സി പി എമ്മിന് വരെ ഏതാണ്ടുറപ്പുള്ള ഘട്ടത്തിലായിരുന്നു അഗ്‌നിശുദ്ധിവരുത്തി ജലീൽ താരമായി ഉയർത്തെഴുന്നേറ്റത്.

അന്നു തന്നെ പിണറായിക്ക് ഏറെ ഇഷ്ടമായി. ചരിത്രം അറിയുന്ന ചരിത്രാധ്യാപകൻ, സുമുഖൻ, സൗമ്യൻ, നല്ല ശബ്ദം, കുഞ്ഞാലിക്കുട്ടിയും കെ പി എ മജീദുമൊന്നും പറയുന്ന തനി കോയ ഭാഷയിലല്ല സംസാരം, അതിനുമുണ്ട് ഒരു എടുപ്പും നല്ല അക്ഷരശുദ്ധിയുമെല്ലാം. പിന്നെ അനർഗളമായി പെയ്തൊഴിയുന്ന വാഗ്ധോരണി... മൂപ്പർക്കങ്ങ് പെരുത്തുപുടിച്ചു. മലപ്പുറത്ത് ചിലതെല്ലാം കണക്കുകൂട്ടിയായിരുന്നു തോളിൽ കൈയിട്ട് പിണറായി ജലീലിനെ ചേർത്തുപിടിച്ചത്. സിപിഎം വിഭാഗീയതയിൽ വിഎസിനെതിരെ അടിച്ച ബക്കറ്റിലെ വെള്ളത്തിന് പിന്നിലും ജലീൽ ആയിരുന്നു എന്നാണ് കേൾവി.

സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ)യിലൂടെ രാഷ്ട്രീയത്തിലേക്കു എത്തിയ കെ ടി ജലീൽ പണ്ട് ഇന്ത്യയുടെ മോചനം ഇസ് ലാമിലൂടെയെന്ന് പ്രസംഗിച്ചു നടന്നവരെയാണ് പിന്തുടർന്നത്. എൺപതുകളുടെ അവസാനത്തിലെ കഥയാണ്. മുസ്ലിം യുവാക്കളിലെ വിദ്യാസമ്പന്നരുടെയും ബദ്ധിജീവികളുടെയുമെല്ലാം യൗവനതീക്ഷണതയായിരുന്നു സിമിയെന്ന ഈ സംഘടന.

പലപ്പോഴും ചില പ്രത്യേക അടവു നയങ്ങളുടെ ഭാഗമായാണ് സി പി എമ്മും ഇടതുമുന്നണിയും പൊതുജന സമ്മതനെന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുമായി രംഗത്തുവരാറ്. മിക്കയിടത്തും അവർ പരീക്ഷിച്ചു വിജയിച്ച ഒന്നുമാണ്. എന്നാൽ അത് മലപ്പുറത്താവുമ്പോൾ പ്രത്യേകിച്ച് കുറ്റിപ്പുറംപോലുള്ളിടത്താവുമ്പോൾ തീക്കളിയാണ്. വിജയിക്കില്ലെന്ന് ചോദിക്കുന്ന ആരും കണ്ണുമടച്ച് സമ്മതിക്കുന്ന ഒരു കാര്യം. ഭാഗ്യം കൊണ്ടാവാം ഐസ്‌ക്രീം കേസിൽ ഇമേജിനേറ്റ ക്ഷീണത്തിൽ തളർന്നുകിടന്ന പെരുമ്പാമ്പ് അമ്പേ തകർന്നടിഞ്ഞു. അത്രമേൽ കടുത്ത ഒരു തിരിച്ചടിയും തിരഞ്ഞെടുപ്പിൽ കച്ചമുറുക്കിയ കുഞ്ഞാപ്പ മുൻപോ, പിന്മ്പോ രുചിച്ചിട്ടില്ല.

മന്ത്രിയായതോടെ ആദർശധീരനെന്നു ലീഗിന്റെ ചുണക്കുട്ടികൾ വാഴ്‌ത്താരിയിട്ട ആരാധ്യനായ ജലീൽ സാഹിബ് പിന്നെ പണി തുടങ്ങി. സാക്ഷാൽ മുഖ്യൻ ചേർത്തുപിടിച്ചതിനാൽ ബന്ധു നിയമന വിവാദത്തിലും തുടർന്നുവന്ന നയതന്ത്ര ബാഗേജിലെ ഈത്തപ്പഴ ഖുർആൻ കടത്തിലുമൊന്നും ഏവരും പ്രതീക്ഷിച്ചത് സംഭവിച്ചില്ല. മന്ത്രിസഭയിൽനിന്ന് പുറത്തേക്കെറിയുന്ന നിമിഷംവരെ നിധികാക്കുന്ന ഭൂതമായി പിണറായി ഒപ്പം നിന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സംഭവങ്ങൾക്കെല്ലാം പിന്നിൽ ജീലിലോ, അതോ പിണറായിക്കായി ജലീൽ ഈ വിഷയത്തിൽ ബലിയാടാവുകയായിരുന്നോ എന്നതെല്ലാം കാലം തെളിയിക്കേണ്ടതുണ്ട്. പല സംഭവങ്ങളിലും സംശമുനയിലായ ജലീലിനെ എന്നും സഹായിച്ച് നടുക്കടൽ താണ്ടാൻ കരുത്തുപകർന്നത് മറ്റാരുമായിരുന്നില്ലല്ലോ. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.

എന്നാൽ തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ വർഷങ്ങളോളം ചരിത്രം പഠിപ്പിച്ച് രാഷ്ട്രീയത്തിലേക്കു സജീവമായ ജലീൽ കശ്മീരിനെക്കുറിച്ച് ഇത്രമാത്രം അന്ധമില്ലാത്ത ഒരു മനുഷ്യനാണോയെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർപോലും ചിന്തിക്കുന്നത്. വലിയ മിനക്കെടില്ലാതെ മന്ത്രിക്കസേരയിലും എത്താൻ സാധിച്ചെങ്കിലും തൊട്ടതെല്ലാം പിഴച്ചു പുറത്തായി. ഈത്തപ്പഴ ഖുർആൻ കടത്ത് തലയരിയുമെന്ന നിലയിലെത്തിയപ്പോൾ മതം പറഞ്ഞും പിടിച്ചുനിൽക്കാൻ നോക്കി. ഗൾഫിൽ നിന്നു കടത്തിയ സ്വർണം ആർക്കുവേണ്ടിയായിരുന്നുവെന്നത് ഇന്നും തർക്കവിഷയമായി അവശേഷിക്കുമ്പോഴും ജലീൽ സാഹിബ് പുതിയ യാത്രയും പുതിയ വിവാദവുമായി എത്തുമോയെന്നാണ് ഏവരും നോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP