Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി ബിജെപി സ്ഥാനാർത്ഥികൾ നേടിയ 2 ലക്ഷം വോട്ടുകൾക്കപ്പുറം എത്ര വോട്ടി കൂടി ഇക്കുറി നേടാനാവും? പിസി ജോർജിന്റെ വക 50,000 വോട്ടുകളും അയ്യപ്പഭക്തരുടെ 50,000 വോട്ടുകളും നേടിയാൽ സുരേന്ദ്രൻ ജയിക്കുമോ? 53ശതമാനം ഹിന്ദുവോട്ടുകൾ ഉള്ള പത്തനംതിട്ടയിൽ അത്ഭുതം സൃഷ്ടിക്കാൻ യുവനേതാവിന് കഴിയുമോ? ഏറെ ഒച്ചപ്പാടുകൾക്ക് ശേഷം സുരേന്ദ്രൻ എത്തുമ്പോൾ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി ബിജെപി സ്ഥാനാർത്ഥികൾ നേടിയ 2 ലക്ഷം വോട്ടുകൾക്കപ്പുറം എത്ര വോട്ടി കൂടി ഇക്കുറി നേടാനാവും? പിസി ജോർജിന്റെ വക 50,000 വോട്ടുകളും അയ്യപ്പഭക്തരുടെ 50,000 വോട്ടുകളും നേടിയാൽ സുരേന്ദ്രൻ ജയിക്കുമോ? 53ശതമാനം ഹിന്ദുവോട്ടുകൾ ഉള്ള പത്തനംതിട്ടയിൽ അത്ഭുതം സൃഷ്ടിക്കാൻ യുവനേതാവിന് കഴിയുമോ? ഏറെ ഒച്ചപ്പാടുകൾക്ക് ശേഷം സുരേന്ദ്രൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് അപ്പുറം വിശ്വാസികളുടെ വോട്ടുകളിലാണ് പത്തനംതിട്ടയിൽ ബിജെപിയുടെ കണ്ണ്. ശബരിമല ഉൾക്കൊള്ളുന്ന ലോക്‌സഭാ മണ്ഡലത്തിൽ വിശ്വാസത്തെ ചർച്ചയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ആർ എസ് എസും അരയും തലയും മുറുക്കി പത്തനംതിട്ടയിലുണ്ട്. പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള കരുത്ത് കെ സുരേന്ദ്രനുണ്ടെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. പത്തനംതിട്ടയിൽ കോൺഗ്രസ്-സിപിഎം സ്ഥാനാർത്ഥികൾക്കെതിരെ അതത് മുന്നണികളിലും വികാരമുണ്ട്. ഇതെല്ലാം സുരേന്ദ്രന് വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല സമരനായകനെന്ന പരിവേഷവുമായി കെ സുരേന്ദ്രൻ എത്തുമ്പോൾ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ഉറപ്പാണെന്ന് പരിവാറുകാരും കരുത്തുന്നു.

പത്തനംതിട്ടയിലെ ബിജെപി ഒന്നടങ്കം സുരേന്ദ്രനൊപ്പമുണ്ട്. പിഎസ് ശ്രീധരൻ പിള്ള സീറ്റ് നേടില്ലെന്ന് തന്ത്രപരമായി ഉറപ്പിക്കാൻ പത്തനംതിട്ടയിലെ പാർട്ടിക്കാർ സോഷ്യൽ മീഡിയയിൽ പോലും സജീവ ഇടപെടൽ നത്തി. ബിജെപി സ്ഥാനാർത്ഥിയായി കെ. സുരേന്ദ്രൻ എത്തുന്നതോടെ മത്സരത്തിന് വീറും വാശിയുമേറുമെന്ന പ്രതീക്ഷയിൽ ബിജെപി കേന്ദ്ര നേതൃത്വവും കരുക്കൾ നീക്കുന്നു. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തെ വോട്ടാക്കി മാറ്റാൻ കഴിയുന്ന കെ. സുരേന്ദ്രനെ പോലൊരാൾ സ്ഥാനാർത്ഥിയായാൽ അത്ഭുതങ്ങളുണ്ടാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നു. എൻ എസ് എസിന്റെ പിന്തുണയാണ് ഏറ്റവും പ്രധാനം. എസ് എൻ ഡി പി വോട്ടുകളും ആകർഷിക്കാൻ സുരേന്ദ്രന് കഴിയും. ഇതിനൊപ്പം സഭാ വിഷയത്തിൽ പിണങ്ങി നിൽക്കുന്ന ഓർത്തഡോക്‌സുകാരും സുരേന്ദ്രനൊപ്പമെത്തുമെന്നാണ് പ്രതീക്ഷ.

പത്തനംതിട്ടയിൽ ജനപക്ഷ സ്ഥാനാർത്ഥിയായി മൽസരിക്കുമെന്ന് പി.സി. ജോർജ് എംഎൽഎ നേരത്തെ പറഞ്ഞിരുന്നു. ആദ്യം സ്ഥാനാർത്ഥിയാകുമെന്ന് അറിയിച്ച ജോർജ് കഴിഞ്ഞ ദിവസം പാർട്ടി യോഗത്തിനു ശേഷം മൽസരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മൽസരിക്കുമെന്ന് ആദ്യം പറഞ്ഞപ്പോൾ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ജനപക്ഷത്തെ യുഡിഎഫ് മുന്നണിയിൽ ചേർക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഇതുകൊണ്ടാണ് മൽസരത്തിനില്ലെന്ന് അറിയിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കൾ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചു. ഇതോടെ പിസി ജോർജ് ബിജെപിക്കൊപ്പം വരുമെന്നാണ് പ്രതീഷ. പൂഞ്ഞാറിലെ എംഎൽഎയ്ക്ക് നല്ല പിന്തുണ പത്തനംതിട്ടയിലുണ്ട്. ഈ വോട്ടുകളിലാണ് ബിജെപിയുടെ മറ്റൊരു പ്രതീക്ഷ. പിസി കനിഞ്ഞാൽ പത്തനംതിട്ടയിൽ ജയം ഉറപ്പാണെന്ന് ബിജെപി കരുതുന്നു. പിസി ജോർജിന് സുരേന്ദ്രനോട് നല്ല താൽപ്പര്യവുമുണ്ട്. അതുകൊണ്ട് തന്നെ പിസിയുടെ വോട്ടുകൾ ബിജെപിക്ക് ഗുണകരമായി മാറും. പിസി മത്സരിച്ചാലും നേട്ടം ബിജെപിക്ക് തന്നെയാകും. കോൺഗ്രസിനും ഇടതിനും കിട്ടാനുള്ള ന്യൂനപക്ഷ വോട്ടുകളാകും പിസി പിടിക്കുക. ഇതും വിജയ ഫോർമുലയിൽ നിർണ്ണായക ഘടകമാകും. എന്നാൽ പിസി മത്സരിക്കില്ലെന്നും സുരേന്ദ്രന് പിന്തുണ നൽകുമെന്നുമായി ബിജെപിയുടെ പ്രതീക്ഷ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആന്റോ ആന്റണി നേടിയത് 3,58,842 വോട്ടാണ്. ഇടത് സ്വതന്ത്രനായ ഫിലിപ്പോസ് തോമസിന് 302651 വോട്ടും കിട്ടി. ബിജെപിയുടെ എംടി രമേശിന് കിട്ടിയത് 1,38,954 വോട്ടാണ്. അതായത് രണ്ടിരട്ടിയിൽ അധികം വോട്ട് നേടിയാലേ സുരേന്ദ്രന് ജയിക്കാനാകു. എന്നാൽ എൽഡിഎഫിനോട് ഇടഞ്ഞുനിൽക്കുന്ന എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകളുടെ പിന്തുണയും മണ്ഡലത്തിൽ വർധിച്ചുവരുന്ന വോട്ട് വിഹിതവും ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നത്. 53 ശതമാനം ഹിന്ദുവോട്ടുകളിൽ ഭൂരിഭാഗവും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽനിന്നുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം.

ഇതിൽ പത്തനംതിട്ടയിലെ മണ്ഡലങ്ങളിൽ ബിജെപിക്ക് അതിശക്തമായ സംഘടനാ സംവിധാനമുണ്ട്. ആർ എസ് എസും സജീവമാണ് ഇവിടെ. കഴിഞ്ഞ തവണ 13,17,851 വോട്ടർമാരാണ് ഉണ്ടായിരുന്നതെങ്കിൽ 2019 ജനുവരി 30വരെയുള്ള കണക്കനുസരിച്ച് 13,40,193 വോട്ടർമാർ. ഇതിൽ 6,41,473 പുരുഷ വോട്ടർമാർ. 6,98,718 സ്ത്രീ വോട്ടർമാർ. ട്രാൻസ്ജൻഡർ 2. 2009 ൽ ബിജെപി സ്ഥാനാർത്ഥി ബി. രാധാകൃഷ്ണമേനോൻ നേടിയത് 56,294 വോട്ടാണെങ്കിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എം ടി. രമേശ് 1,38,954 വോട്ടുനേടി. വോട്ടുവിഹിതത്തിൽ നൂറു ശതമാനത്തോളം വർദ്ധന. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ 20,840, പൂഞ്ഞാറിൽ 15,099, തിരുവല്ലയിൽ 19,526, റാന്നിയിൽ 18,531, ആറന്മുളയിൽ 23,771, കോന്നിയിൽ 18,222, അടൂരിൽ 22,796, പോസ്റ്റൽ വോട്ട് 169. തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുമായി 2,19,888 വോട്ടിന്റെ വ്യത്യാസം.

എന്നാൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി വോട്ട് വിഹിതത്തിൽ വീണ്ടും വർധനയുണ്ടായി. ഈ വർദ്ധനവാണ് ബിജെപിയുടെ പ്രതീക്ഷ. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വി.എൻ. മനോജിന് 31,411, കോന്നിയിൽ ഡി. അശോക കുമാറിന് 16,713, തിരുവല്ലയിൽ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന് 31,439, റാന്നിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥി കെ. പത്മകുമാറിന് 28,201, ആറന്മുളയിൽ എം ടി. രമേശിന് 37,906, അടൂരിൽ പി. സുധീറിന് 25,940, പൂഞ്ഞാറിൽ ബിഡിജെഎസ് സ്ഥാനാർത്ഥി ഉല്ലാസിന് 19,966 വോട്ടും ലഭിച്ചു. ആകെ 1,91,576. ലോക്‌സഭയിലെ 1,38,954 വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ 1,91,576 ആയി ഉയർന്നു. അതായത് കെ സുരേന്ദ്രന് ജയിക്കാൻ വേണ്ട മൂന്ന് ലക്ഷം വോട്ടിന് കുറവുള്ളത് ഒരുലക്ഷത്തി പതിനായിരം വോട്ട് മാത്രം. ഇവിടെ ഏറ്റവും നിർണ്ണായകം പിസി ജോർജ് ഫാക്ടറാണ്. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും നിന്ന് പിസി ജോർജിന് കുറഞ്ഞത് 50,000 വോട്ടിലെങ്കിലും സ്വാധീനമുണ്ട്. ഇത് സുരേന്ദ്രന് കിട്ടുമെന്നാണ് പ്രതീക്ഷ.

പത്തനംതിട്ടയിലെ വിശ്വാസി സമൂഹം അതിശക്തമാണ്. ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. അയ്യപ്പ കർമ്മ സമിതിക്കും ആചാര സംരക്ഷണ സമിതിക്കും കിട്ടിയ പിന്തുണ സുരേന്ദ്രന് വോട്ടായി മാറുമെന്ന് ബിജെപി കരുതുന്നു. ഇങ്ങനെ 50000 വോട്ടെങ്കിലും അധികമായി സുരേന്ദ്രന് ലഭിക്കും. ത്രികോണ മത്സരം കടുക്കുമ്പോൾ രണ്ടേമുക്കാൽ ലക്ഷത്തിൽ അധികം വോട്ട പോലും വിജയത്തിന് മതിയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിശ്വാസ പ്രശ്‌നങ്ങൾ ചർച്ചയാക്കുമ്പോൾ ഈ മാന്ത്രികസംഖ്യ നേടാൻ സുരേന്ദ്രന് കഴിയുമെന്നാണ് ആർഎസ്എസ് നിലപാട്. 2009ലെയും 2014ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തിയാൽ ബിജെപി ഒഴികെ പ്രമുഖ പാർട്ടികൾക്കെല്ലാം വോട്ടുകൾ നഷ്ടപ്പെട്ടു. കോൺഗ്രസിന്റെ വോട്ടുവിഹിതം 51.21 ശതമാനത്തിൽനിന്ന് 42.07 ശതമാനത്തിലെത്തി. 9.14% കുറവ്. സിപിഎമ്മിന്റേത് 37.26 ശതമാനത്തിൽനിന്ന് 35.48 ശതമാനമായി. ബിജെപിയുടേത് 7.06 ശതമാനത്തിൽനിന്ന് 16.29 ശതമാനമായി ഉയർന്നു. ഇതെല്ലാം പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.

മികച്ച സ്ഥാനാർത്ഥി മത്സരിച്ചപ്പോൾ വോട്ടുവിഹിതം കൂടുന്നത് അനുകൂല ഘടകമായി ബിജെപി വിലയിരുത്തുന്നു. ശബരമലയിലെ ആചാര ലംഘനത്തിനെതിരെ നിലപാടെടുത്തതിനാൽ എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമുണ്ട്. ശബരിമല വിഷയത്തിൽ വിധി വരാനിരിക്കേ അതിലും പ്രതീക്ഷ പുലർത്തുന്നു. അങ്ങനെ ശബരിമല തന്നെയാകും പത്തനംതിട്ടയിലെ പ്രചരണത്തെ നിയന്ത്രിക്കുക. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. രാവിലെ പതിനൊന്നിന് കെ സുരേന്ദ്രൻ ജില്ലയിൽ എത്തും. ട്രെയിനിൽ തിരുവല്ലയിലെത്തുന്ന സുരേന്ദ്രന് പ്രവർത്തകർ സ്വീകരണമൊരുക്കും. തുടർന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് പിന്തുണ തേടും.

അടുത്ത ദിവസം വിപുലമായ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെ വൈകീട്ടോടെയാണ് കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തർക്കത്തിൽ തുടങ്ങി അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങൾക്കും വഴിവച്ച ശേഷമാണ് സുരേന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി പ്രതീക്ഷ കൽപിക്കുന്ന പത്തനംതിട്ടയിൽ പല പ്രമുഖർക്കും താൽപര്യമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ജനറൽ സെക്രട്ടറി എം ടി. രമേശ് എന്നിവരാണു പരിഗണനയിലുണ്ടായിരുന്നത്.

പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന സുരേന്ദ്രന്റെ നേട്ടവും കോട്ടവും ആർഎസ്എസ് പിന്തുണയായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിന് ആർഎസ്എസ് സമ്മർദമുണ്ടായതു ബിജെപി നേതൃത്വത്തിന് അലോസരമായി. സുരേന്ദ്രനെ പിന്തുണയ്ക്കുന്നവർ നടത്തിയ സമൂഹമാധ്യമ പ്രചാരണവും ദോഷമായതോടെ പത്തനംതിട്ട ഒഴിച്ചിട്ട് പ്രഖ്യാപനം നടത്തുകയായിരുന്നു. . ശബരിമല സമരത്തിന്റെ പേരിൽ ആർ.എസ്.എസിന്റെ പിന്തുണയും സുരേന്ദ്രനു തുണയായി. എന്നാൽ, ബി.ഡി.ജെ.എസ്. സംസ്ഥാനാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ തൃശൂരിലെ സ്ഥാനാർത്ഥിത്വം തീരുമാനമാകാതിരുന്നതു പത്തനംതിട്ടയിലെ പ്രഖ്യാപനത്തെയും അനിശ്ചിതത്വത്തിലാക്കി. തുഷാർ മത്സരിക്കുന്നില്ലെങ്കിൽ തൃശൂരിൽ സുരേന്ദ്രനെ പരിഗണിക്കാനായിരുന്നു നീക്കം. ഇന്നലെ ബിജെപി. കേന്ദ്രനേതൃത്വവുമായി നടത്തിയ ചർച്ചയിൽ തൃശൂരിൽ തുഷാർ സമ്മതമറിയിച്ചതോടെ പത്തനംതിട്ടയുടെ കാര്യത്തിലും തീരുമാനമായി.

പത്തനംതിട്ടയിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. രാജ്യസഭാ മുൻ ഡപ്യൂട്ടി ചെയർമാനും കോൺഗ്രസ് നേതാവുമായ പി.ജെ. കുര്യനെ ബിജെപിയിലെത്തിച്ച് സീറ്റ് നൽകുമെന്നായിരുന്നു അതിലൊന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ പേരും അഭ്യൂഹങ്ങളിൽ നിറഞ്ഞുനിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP