Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്

നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്

ആവണി ഗോപാൽ

മംഗളുരു: കർണ്ണാടകയിൽ ബിജെപി അധികാരത്തിലെത്തുമ്പോൾ അത് കെ സുരേന്ദ്രനും രാഷ്ട്രീയ നേട്ടമാവുകയാണ്. ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മൊത്തമായി ഒരുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തത് കെ സുരേന്ദ്രനായിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഉടുപ്പി ജില്ലയുടെ ചുമതലയും സുരേന്ദ്രന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകി. രണ്ടിടത്തും ഓടി നടന്ന് കാര്യങ്ങൾ നീക്കി സുരേന്ദ്രൻ. ഇവിടെ എല്ലാം കോൺഗ്രസിനെ തൂത്തെറിഞ്ഞ് മുന്നേറാൻ ബിജെപിക്ക് ആവുകയും ചെയ്തു. കർണ്ണാടകയിൽ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുമ്പോൾ സുരേന്ദ്രനൊപ്പം രാപകലില്ലാതെ അധ്വാനിച്ച മലയാളി കൂട്ടവും ഉണ്ട്.

ബിജെപി നേതാവായ നാരായണൻ നമ്പൂതിരിക്കായിരുന്നു ഉടുപ്പിയുടെ ചുമതല. നാരായണൻ നമ്പൂതിരിക്ക് ആരോഗ്യ പ്രശ്‌നം വന്നപ്പോഴാണ് ഉടുപ്പിയും സുരേന്ദ്രന് ലഭിച്ചത്. മാസങ്ങൾ നീണ്ട സംഘടനാ പ്രവർത്തനമാണ് സുരേന്ദ്രന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ നടന്നത്. യുവമോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷ സുധീർ, യുവമോർച്ചയുടെ ജനറൽ സെക്രട്ടറി ആർ എസ് രാജീവ്, ബിജെപി വക്താവ് വികെ സജീവ്, കണ്ണൂരിൽ നിന്നുള്ള കെ രഞ്ജിത് എന്നിവരും കർണ്ണാടകയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അമരക്കാരായി. ഹസനിൽ സുധീറിനായിരുന്നു ചുമതല. ചിക്കമംഗ്ലൂരിൽ സജീവനും ഷിമോഗയിൽ രാജീവും സജീവമായി. കുടകിൽ രഞ്ജിത്തും. അങ്ങനെ ആറുപേരാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായത്.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദക്ഷിണ കന്നഡയിലും ഉടുപ്പിയിലും നടന്നത്. ഇവിടെ അപ്രതീക്ഷിത വിജയങ്ങൾ പോലും നേടി. ഇതെല്ലാം കെ സുരേന്ദ്രന് തുണയാണ്. മഞ്ചേശ്വരത്ത് 82 വോട്ടിനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ തോറ്റത്. മഞ്ചേശ്വരത്ത് മത്സരിക്കാനായി കന്നഡ സുരേന്ദ്രൻ സായത്വമാക്കിയിരുന്നു. നന്നായി കനഡയിൽ പ്രസംഗിക്കുകയും ചെയ്യും. മംഗലാപുരത്തെ ആർഎസ്എസ് നേതാക്കളുമായി അടുത്ത ബന്ധവും ഉണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സുരേന്ദ്രനെ ദക്ഷിണ കന്നഡയിലെ പ്രധാന മുഖമാക്കിയത്. ഇതോടെ ഇവിടെ സ്ഥിര താമസക്കാരനായി സുരേന്ദ്രൻ. സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആർഎസ്എസ് വോട്ടുകൾ ബിജെപി പക്ഷത്ത് ഉറപ്പിച്ചു നിർത്തി. അങ്ങനെ വിജയ ഫോർമുല ഉയർത്തി.

ദക്ഷിണ കന്നട ജില്ലയിൽ എട്ട് മണ്ഡലങ്ങളിൽ ഏഴിലും ബിജെപി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി.ഖാദർ(മംഗളൂരു)മാത്രമാണ് വിജയം കണ്ടത്. ബിജെപിയിലെ സന്തോഷ് റൈയെയാണ് ഖാദർ പരാജയപ്പെടുത്തിയത്. ബണ്ട്വാൾ മണ്ഡലത്തിൽ എട്ടാം തവണ ജനവിധി തേടിയ ജില്ല ചുമതലയുള്ള മന്ത്രി ബി.രമാനാഥ റൈയുടെ പരാജയം കോൺഗ്രസ്സിന് കനത്ത ആഘാതവും സംഘ്പരിവാറിനും മുതിർന്ന ആർഎസ്എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിനും ആഘോഷവുമായി.ബിജെപിയുടെ രാജേഷ് നായിക്കാണ് റൈയെ പരാജയപ്പെടുത്തിയത്. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏഴും ബിജെപിക്ക് ഏക സീറ്റുമാണ് ലഭിച്ചത്. ഇതാണ് സുരേന്ദ്രൻ തിരുത്തി കുറിച്ചത്.

മംഗളൂരു സൗത്തിൽ ജെ.ആർ.ലോബോ എംഎ‍ൽഎ(കോൺഗ്രസ്)ബിജെപിയിലെ വേദവ്യാസ് കാമത്തിനോട് തോറ്റു. മംഗളൂരു നോർത്തിൽ ബി.എ.മുഹ് യുദ്ദീൻ ബാവ എംഎ‍ൽഎ(കോൺഗ്രസ്)യെ ഭാരത് ഷെട്ടി(ബിജെപി)പരാജയപ്പെടുത്തി. മൂഡബിദ്രിയിൽ മുന്മന്ത്രി അഭയചന്ദ്ര ജയിൻ(കോൺ.)എംഎ‍ൽഎയെ ഉമാനാഥ് കൊട്ട്യൻ(ബിജെപി),പുത്തൂരിൽ ബിജെപി ജില്ല പ്രസിഡണ്ട് സഞ്ജീവ് മടന്തൂർ കോൺഗ്രസ്സിലെ ശകുന്തള എ.ഷെട്ടി എംഎ‍ൽഎ,ബെൽത്തങ്ങാടിയിൽ ബിജെപിയുടെ ഹരീഷ് പൂഞ്ച കോൺഗ്രസ്സിലെ വസന്ത ബങ്കര എംഎ‍ൽഎ എന്നിങ്ങിനെ പരാജയപ്പെടുത്തി. സുള്ള്യ സംവരണ മണ്ഡലം എസ്.അങ്കാറ(ബിജെപി)നിലനിറുത്തി.കോൺഗ്രസ്സിലെ ഡോ.രഘുവാണ് പരാജിതൻ.

കേരളത്തിലെ വിശ്വസ്തരായ പല നേതാക്കളും സുരേന്ദ്രന് വേണ്ടി കർണ്ണാടകയിൽ രാപകൽ പ്രവർത്തിച്ചു. അങ്ങനെ അതിശക്തമായ സംഘടനാ കരുത്തിലേക്ക കാര്യങ്ങളെത്തിച്ചു. കോൺഗ്രസിന്റെ ഹൈന്ദവ അനുകൂല രാഷ്ട്രീയം പൊളിക്കാൻ സുരേന്ദ്രനായി. ഹസനും ചിക്കമംഗ്ലൂരിലും കുടകിലും കേരളാ നേതാക്കളിലൂടെ സുരേന്ദ്രൻ ഇടപെടലും നടത്തി. ദേശീയ നേതൃത്വവുമായി കൂടുതൽ അടുക്കാൻ ഇതിലൂടെ സുരേന്ദ്രന് കഴിയുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. പരിവാറുകാരുടെ കണക്കിൽ കാസർഗോഡ് കർണ്ണാടകയുടെ ഭാഗമാണ്. മഞ്ചേശ്വരത്തെ കാര്യങ്ങൾ തീരുമാനിക്കുന്നതും കർണ്ണാടകത്തിലെ ആർ എസ് എസുകാരാണ്. അതുകൊണ്ട് കൂടിയാണ് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേന്ദ്രന് കൂടുതൽ ചുമതലകൾ ലഭിച്ചത്. ഇത് പാർട്ടിക്കും നേതാവിനും ഗുണകരമാവുകയും ചെയ്തു.

കേരളത്തിലെ ബിജെപിയിൽ വി മുരളീധരനൊപ്പമാണ് സുരേന്ദ്രൻ. കുമ്മനം രാജശേഖരൻ പ്രസിഡന്റായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും കേരളത്തിൽ ഒതുക്കി. സംസ്ഥാനത്തെ ആർ എസ് എസുകാരിലെ ചിലരും സുരേന്ദ്രന് എതിരാണ്. അതുകൊണ്ട് തന്നെ നല്ല പരിപാടികൾ പോലും കൊടുത്തില്ല. യുവമോർച്ചയുടെ ചുമതലയുള്ള ബിജെപി ജനറൽസെക്രട്ടറിയായിരുന്നു സുരേന്ദ്രൻ. അത് പിടിച്ചെടുത്ത് മെഡിക്കൽ കോഴയിൽ കുടുങ്ങിയ എംടി രമേശിന് നൽകുകയാണ് കുമ്മനം ചെയ്തത്. രമേശ് ബിജെപി സംസ്ഥാന ഓഫീസിന്റെ ചുമതലക്കാരനായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും വെട്ടിയൊതുക്കി. ഇതോടെ മലബാറിലേക്ക് സുരേന്ദ്രൻ പ്രവർത്തനം ചുരുക്കി. ഇതിനിടെയാണ് കർണ്ണാടകയിലെ സംഘടനാ ചുമതലകൾ തേടിയെത്തിയത്. വീറോടെ പ്രസംഗവുമായി സുരേന്ദ്രൻ അവിടെ നിറഞ്ഞു.

കേരളത്തിലെ സൈബർ ലോകത്ത് അപ്പോഴും സുരേന്ദ്രൻ സജീവമായി നിന്നു. പല സാമൂഹിക വിഷയങ്ങളിലും പ്രതികരിച്ചു. ഉള്ളിസുരയെന്ന് കളിയാക്കി സിപിഎം സൈബർ സഖാക്കൾ കടന്നാക്രമണം നടത്തിയപ്പോഴും സിപിഎമ്മിനേയും കോൺഗ്രസിനേയും തള്ളി ശക്തമായി തന്നെ പ്രതികരിച്ചു. കുമ്മനവും രമേശും അകറ്റി നിർത്തിയപ്പോഴും സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗിച്ചാണ് സുരേന്ദ്രൻ കേരളത്തിലെ പൊതു സമൂഹത്തിൽ നിറഞ്ഞത്. സുരേന്ദ്രൻ ഉയർത്തിയതു കൊണ്ട് മാത്രം പല വിഷയങ്ങളിലും സമരം ചെയ്യാൻ പോലും സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തിയില്ലെന്ന പരാതി അണികൾക്കും ഉണ്ട്. കേരളത്തിലെ പ്രതിപക്ഷമാണ് ബിജെപിയെന്ന തോന്നലുണ്ടാക്കിയതും സുരേന്ദ്രൻ യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണ്.

മൂന്ന് വർഷത്തിനുള്ളിൽ കേരളം ത്രിപുരയാകുമെന്നാണ് കെ.സുരേന്ദ്രൻ ഫറയുന്നത്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കർണാടകയിൽ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പുണ്ടെന്നും കൃത്യമായി തന്നെ സുരേന്ദ്രൻ വിശദീകരിച്ചത്. ആറു മാസം മുൻപ് എല്ലാവരും പ്രവചിച്ചത് ബി. ജെ. പിക്ക് കൂടിപ്പോയാൽ അറുപത്. കോൺഗ്രസ്സിന് കേവലഭൂരിപക്ഷവും. ഫലം വരുമ്പോൾ ബി. ജെ. പിക്ക് കേവലഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയിൽ മാത്രമല്ല തെക്കും സാധ്യമാണെന്ന് കർണ്ണാടക തെളിയിക്കും. അടുത്ത ലക്ഷ്യം കേരളം. കേരളം ത്രിപുരയാവാൻ കേവലം മൂന്നു വർഷത്തെ കാത്തിരിപ്പു മാത്രമെന്നാണ് സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ തന്റെ രാഷ്ട്രീയം കൃത്യമായി തന്നെ ഫെയ്‌സ് ബുക്കിലൂടെ ഇപ്പോഴും സുരേന്ദ്രൻ ആവർത്തിക്കുന്നു. ബിജെപിയിലെ കുമ്മനം പക്ഷം അകറ്റി നിർത്തുമ്പോഴും സൈബർ ലോകത്തെ പരിവാറുകാരുടെ പ്രിയപ്പെട്ടവനാണ് സുരേന്ദ്രൻ. ഇനിയും പിന്തുണ സുരേന്ദ്രന് കൂട്ടുന്നത് തന്നെയാണ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം.

ബിജെപിയുടെ ദേശീയ നേതൃത്വവുമായി സുരേന്ദ്രൻ ഇനി കൂടുതൽ അടുക്കും. മികച്ച സംഘാടകന് കൂടുതൽ അംഗീകരാം ബിജെപി ദേശീയ നേതൃത്വം നൽകുമെന്നാണ് അണികളുടെ പ്രതീക്ഷയും. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ് സുരേന്ദ്രൻ.

കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 1970-ൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം എബിവിപിയിലൂടെയാണ് പൊതു പ്രവർത്തനത്തിൽ സജീവമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP