Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഒബിസി മോർച്ചയിൽ നിന്ന് സുധീർ എത്തിയത് ജനറൽ സെക്രട്ടറിയായി; ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ജോർജ് കുര്യൻ വരുന്നതും പ്രസിഡന്റിന്റെ കരങ്ങൾക്ക് ശക്തിപകരാൻ; ട്രഷററായി സ്ഥാനക്കയറ്റം കിട്ടി പത്മകുമാറും; കലാപക്കൊടി ഉയർത്താൻ ശോഭാ സുരേന്ദ്രൻ മുന്നിട്ടിറങ്ങില്ല; വൽസൻ തില്ലങ്കരിയെ ഒഴിവാക്കിയതും അത്ഭുതം; പൊട്ടിത്തെറിയിലൂടെ എംഎസ് കുമാർ പ്രകടിപ്പിച്ചത് കൃഷ്ണദാസിന്റെ രോഷം; ബിജെപിയിൽ ഇനി എല്ലാം തീരുമാനിക്കുക സുരേന്ദ്രൻ തന്നെ

ഒബിസി മോർച്ചയിൽ നിന്ന് സുധീർ എത്തിയത് ജനറൽ സെക്രട്ടറിയായി; ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ജോർജ് കുര്യൻ വരുന്നതും പ്രസിഡന്റിന്റെ കരങ്ങൾക്ക് ശക്തിപകരാൻ; ട്രഷററായി സ്ഥാനക്കയറ്റം കിട്ടി പത്മകുമാറും; കലാപക്കൊടി ഉയർത്താൻ ശോഭാ സുരേന്ദ്രൻ മുന്നിട്ടിറങ്ങില്ല; വൽസൻ തില്ലങ്കരിയെ ഒഴിവാക്കിയതും അത്ഭുതം; പൊട്ടിത്തെറിയിലൂടെ എംഎസ് കുമാർ പ്രകടിപ്പിച്ചത് കൃഷ്ണദാസിന്റെ രോഷം; ബിജെപിയിൽ ഇനി എല്ലാം തീരുമാനിക്കുക സുരേന്ദ്രൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയിൽ ഇനി സുരേന്ദ്രൻ യുഗം. വക്താവായി നിയമിച്ച എം.എസ്. കുമാർ സ്ഥാനമേറ്റെടുക്കാൻ ആവില്ലെന്ന് കാണിച്ച് പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രന് കത്തയച്ചതോടെ പൊട്ടിത്തറി പുതിയ തലത്തിലെത്തി. ഈ കത്ത് തന്റെ രാജിയായി കണക്കാക്കണമെന്നും എം.എസ്.കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. നാരായണൻ നമ്പൂതിരി, ബി. ഗോപാലകൃഷ്ണൻ, ജി. സന്ദീപ് വാര്യർ എന്നിവരും എം.എസ്. കുമാറിനൊപ്പം വക്താക്കളുടെ പട്ടികയിലുണ്ട്. കുമാറിനെ ബിജെപിയുടെ ജനറൽ സെക്രട്ടറിയാക്കുമെന്നായിരുന്നു പൊതുവിൽ ഉണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ വക്തവായതോടെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ കുമാർ പൊട്ടിത്തെറിക്കുകയായിരുന്നു.

എ.എൻ.രാധാകൃഷ്ണനേയും ശോഭാ സുരേന്ദ്രനേയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി വൈസ്.പ്രസിഡന്റ് സ്ഥാനമാണ് നൽകിയിരിക്കുന്നത്. അബ്ദുള്ള കുട്ടിക്കും ജി.രാമൻ നായർക്കുമൊപ്പം 10 വൈസ് പ്രസിഡന്റുമാരിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപിയിൽ ജനറൽ സെക്രട്ടറിമാർക്കാണ് പ്രസിഡന്റ് കഴിഞ്ഞാൽ അധികാരം. എല്ലാ തിരുമാനങ്ങളും എടുക്കുന്നത് ജനറൽ സെക്രട്ടറിമാരും പ്രസിഡന്റും ചേർന്നാണ്. എല്ലാ മാസവും ഈ യോഗം ചേരുകയും ചെയ്യും. നയപരമായ തീരുമാനം എടുക്കേണ്ട നാല് ജനറൽ സെക്രട്ടറിമാരിൽ ഭൂരിഭാഗവും മുരളീധര പക്ഷക്കാരാണ്. ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ എന്നീ പുതുമുഖ ജനറൽ ജനറൽസെക്രട്ടറിമാർ സുരേന്ദ്രൻ ഉൾപ്പെട്ട മുരളീധരപക്ഷത്തെ പ്രമുഖരാണ്. എംടി രമേശ് മാത്രമാണ് കൃഷ്ണദാസ് പക്ഷത്ത് നിന്നുള്ളത്. അതുകൊണ്ട് തന്നെ നയപരമായ എല്ലാ തീരുമാനങ്ങളേയും സ്വാധീനിക്കുക വി മുരളീധരന്റേയും സുരേന്ദ്രന്റേയും മനസ്സ് മാത്രമാകും.

ജനറൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയ പി സുധീർ യുവമോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു. യുവമോർച്ചയിൽ നിന്ന് വിട്ടപ്പോൾ ഒബിസി മോർച്ചയാണ് സുധീറിന് നൽകിയത്. സാധാരണ യുവമോർച്ചാ പ്രസിഡന്റ് പദം ഒഴിയുന്നവർക്ക് സംസ്ഥാന സെക്രട്ടറി പദത്തിൽ കുറഞ്ഞതൊന്നും നൽകാറില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ സുധീറിന് വലിയ തരംതാഴ്‌ത്തലാണ് നൽകിയത്. ഇതാണ് സുരേന്ദ്രൻ തിരുത്തുന്നത്. സുധീറിനെ സംസ്ഥാനത്തെ പ്രധാന നേതാവായി ഉയർത്തുകയാണ് സുരേന്ദ്രനും മുരളീധരനും. ജോർജ് കുര്യനാകും ന്യൂനപക്ഷങ്ങളെ പാർട്ടിയിൽ എത്തിക്കേണ്ട ചുമതല. ആർഎസ്എസ് നേതാവായ വൽസൻ തില്ലങ്കേരിയെ ഒഴിവാക്കിയതും ചർച്ചയാണ്. എന്നാൽ ആർഎസ്എസ് നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് എല്ലാം തീരൂമാനിച്ചത്. അതുകൊണ്ട് തന്നെ തൽകാലം പൊട്ടിത്തെറികൾ ഈ വിഷയത്തിലുണ്ടാകില്ല.

കെ.സുരേന്ദ്രന്റെ കീഴിൽ ഭാരാവഹിത്വം ഏറ്റെടുക്കില്ലെന്ന് ശോഭാ സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും നേരത്തെ അറിയിച്ചിരുന്നു. പുതിയ ഭാരവാഹി പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയെങ്കിലും പ്രതികരണം നടത്തിയിട്ടില്ല. കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് ഇരുവരും വിട്ടുനിന്നിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമായിരുന്ന ജോർജ് കുര്യനെ സ്ഥാനമൊഴിപ്പിച്ച് ജനറൽ സെക്രട്ടറിയാക്കിയതും ശ്രദ്ധേയമാണ്. മുതിർന്ന നേതാവായ ബി.ഗോപാലകൃഷ്ണന് ജനറൽ സെക്രട്ടറി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അവഗണിക്കുകയാണ് ഉണ്ടായത്. എം ടി രമേശ്, ബി ഗോപാലകൃഷ്ണൻ, എംഎസ് കുമാർ എന്നിവരെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയർത്തിക്കാട്ടിയിരുന്നത്.

അതിനിടെ പദവികൾ എറ്റെടുക്കില്ലെന്നു പറഞ്ഞ് ഇടഞ്ഞുനിന്ന നേതാക്കളെ സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തി ബിജെപി.യിൽ സമവായ ശ്രമം ആണ് നടക്കുന്നതെന്ന വാദവും സജീവമാണ്. ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെ എം.എസ്. കുമാറിന് പദവി വേണ്ടെന്നു പറഞ്ഞെങ്കിലും മറ്റു മൂന്നുപേർ നിലപാട് വ്യക്തമാക്കിയിട്ടില്ല. എതിർത്തു നിന്നവർ ഭാരവാഹികളാകാൻ ഉന്നതതല സമ്മർദമുണ്ടായിരുന്നെന്നാണു സൂചന. മാത്രവുമല്ല, ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനു മുമ്പ് സുരേന്ദ്രൻ ഡൽഹിയിലെത്തി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ചർച്ച നടത്തുകയും ചെയ്തു. ദേശീയ നേതൃത്വം അംഗീകരിച്ച പട്ടികയായതോടെ ആരും എതിർക്കില്ലെന്നാണ് മുരളീധര പക്ഷം കരുതിയത്. എന്നാൽ എം എസ് കുമാർ പരസ്യമായി തന്നെ വെല്ലുവിളി നടത്തി. 'പുതിയ ചെറുപ്പക്കാർ വക്താക്കളായി വരട്ടെ, ഞാൻ മാറുന്നു' എന്നാണ് സംസ്ഥാന പ്രസിഡന്റിനുള്ള കത്തിൽ അറിയിച്ചിരിക്കുന്നത്. മാറ്റുന്നില്ലെങ്കിൽ താൻ നൽകിയ കത്ത് രാജിക്കത്തായി അംഗീകരിക്കാനും കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പത്ത് സംസ്ഥാന സെക്രട്ടറിമാരിൽ ഏഴുപേരും ഔദ്യോഗികപക്ഷത്താണ്. യുവമോർച്ചയിലും സുരേന്ദ്രൻ ആധിപത്യമുറപ്പിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും കെ.സുരേന്ദ്രന്റെ അടുത്ത അനുയായി ആയ ആർ.പ്രഫുൽ കൃഷ്ണനെയാണ് നിയമിച്ചിരിക്കുന്നത്. സെക്രട്ടറിയായിരുന്ന ജെ ആർ പത്മകുമാറിനെ ട്രഷററാക്കി. നിലവിൽ സംസ്ഥാന സെക്രട്ടറിയായിരുന്നു പത്മകുമാർ. അതുകൊണ്ട് തന്നെ പത്മകുമാറിനും സ്ഥാനക്കയറ്റമാണ് ലഭിച്ചത്. കരമന ജയനെയും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാക്കി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ എസ് സുരേഷിനേയും വെട്ടി നിരത്തി.

ബിജെപിയുടെ പുതിയ ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ: എ.എൻ.രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, സി.സദാനന്ദൻ, എ.പി.അബ്ദുല്ലക്കുട്ടി, ഡോ.ജെ.പ്രമീളാദേവി, ജി. രാമൻ നായർ, എം.എസ്.സമ്പൂർണ, പ്രഫ.വി.ടി.രമ, വി.വി.രാജൻ.
ജനറൽ സെക്രട്ടറിമാർ:എം ടി. രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, എം.ഗണേശൻ (സംഘടന), കെ.സുഭാഷ് (സഹ സംഘടന).
സെക്രട്ടറിമാർ: സി.ശിവൻകുട്ടി, രേണു സുരേഷ്, രാജി പ്രസാദ്, ടി.പി.സിന്ധുമോൾ, എസ്.സുരേഷ്, എ.നാഗേഷ്, കെ.രഞ്ജിത്ത്, പി.രഘുനാഥ്, കെ.പി.പ്രകാശ്ബാബു, കരമന ജയൻ.
മോർച്ച അധ്യക്ഷന്മാർ: സി.ആർ. പ്രഫുൽ കൃഷ്ണൻ (യുവമോർച്ച), ജിജി ജോസഫ് (ന്യൂനപക്ഷ മോർച്ച), എൻ.പി. രാധാകൃഷ്ണൻ (ഒബിസി മോർച്ച), ഷാജുമോൻ വട്ടേക്കാട് (എസ്സി മോർച്ച)
വക്താക്കൾ: എം.എസ്.കുമാർ, നാരായണൻ നമ്പൂതിരി, ബി.ഗോപാലകൃഷ്ണൻ, സന്ദീപ് വാരിയർ. 
മേഖലാ അധ്യക്ഷന്മാർ: ടി.പി.ജയചന്ദ്രൻ, കെ.പി.സുരേഷ് (കോഴിക്കോട്), വി. ഉണ്ണിക്കൃഷ്ണൻ, ജി.കാശിനാഥ് (പാലക്കാട്), എ.കെ.നസീർ, എൽ.പത്മകുമാർ (എറണാകുളം), കെ.സോമൻ, സുരേഷ് ബാബു (തിരുവനന്തപുരം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP