Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ 'സഹകരണ പരീക്ഷണം' സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്

കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ 'സഹകരണ പരീക്ഷണം' സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന്റെ വിജയം സംസ്ഥാന കോൺഗ്രസിൽ വലിയ അനുരണനങ്ങൾ ഉണ്ടാക്കിയേക്കും. കോൺഗ്രസ് അണികളുടെ കരുത്തിൽ അവർ ഇച്ഛിക്കുന്ന നേതാക്കൾ ഭരണത്തു വരുന്ന കാഴ്‌ച്ചയാണ് തലശ്ശേരിയിൽ കോൺഗ്രസ് കണ്ടത്. ജീവിതാവസാനം വരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ അമരക്കാരനായി തുടരാമെന്ന മമ്പറം ദിവാകരന്റെ സ്വപ്‌നവും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തകർത്തെറിഞ്ഞു. അണികളുടെ വികാരത്തിന് ബദലായി നിന്ന നേതാവിന്റെ രാഷ്ട്രീയ വിരാമം കൂടിയായി ഇന്നത്തെ തെരഞ്ഞെടുപ്പു തോൽവി.

കോൺഗ്രസ് പാർട്ടിയിലും കെ സുധാകരൻ മുതിർന്ന നേതാക്കൾക്ക് കൃത്യമായ താക്കീത് തന്നെയാണ് ഇതിലൂടെ സുധാകരൻ നൽകുന്നത്. ഇന്ന് രാവിലെ ഇക്കാര്യം അദ്ദേഹം തുറന്നടിച്ചു പറയുകയും ചെയ്തിരുന്നു. ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് മുതിർന്ന നേതാക്കൾ വാശി പിടിക്കരുതെന്നാാണ് സുധാകരൻ രാവിലെ പറഞ്ഞത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വവുമായി അകന്ന് നിൽക്കുന്ന പശ്ചാത്തലത്തിലാണ് കെ സുധാകരന്റെ മുന്നറിയിപ്പു നൽകിയിരുന്നത്.

ഒന്നോ രണ്ടോ നേതാക്കൾ വിചാരിച്ചാൽ പാർട്ടിയുടെ വളർച്ച തടയാൻ കഴിയില്ലെന്നും സുധാകരൻ തുറന്നടിച്ചിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതിൽ വിഷമമുണ്ടെന്നും സുധാകരൻ പറയുകയുണ്ടായി. രാവിലെ കൃത്യമായ കാര്യങ്ങൽ വ്യക്തമാക്കിയ സുധാകരൻ വൈകുന്നേരമായപ്പോഴേക്കും പാർട്ടി പുറത്താക്കിയ നേതാവിന്റെ അധികാര കസേരയും തെറിപ്പിച്ചു. വിമതന്മാർക്കുള്ള കൃത്യമായി താക്കീതായിരുന്നു ഇത്.

തലശ്ശേരിയിലെ വിജയത്തിന് ശേഷം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോഴും സുധാകരൻ നേതാക്കൾക്കുള്ള താക്കീത് കൃത്യമായി ഒളിപ്പിച്ചിരുന്നു.
കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി എന്നായിരുന്നു സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ത്രിവർണ്ണ പതാക ചോട്ടിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ...
അവർക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് മാത്രമാണ്. കോൺഗ്രസ് മാത്രം! ഇവിടെ ആർക്കും മാറിനിൽക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു വെക്കുമ്പോൾ അത് ചെന്നു കൊള്ളുന്നത് മുതിർന്ന നേതാക്കൾക്ക് തന്നെയാണ്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെ വിയർപ്പിൽ കെട്ടിപ്പൊക്കിയ സഹകരണ സ്ഥാപനങ്ങളിൽ ഭരിക്കുന്നവർ പണം വാങ്ങി രാഷ്ട്രീയ എതിരാളികൾക്ക് ജോലി നൽകിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഇനി നടക്കില്ലെന്നും സുധാകരൻ വ്യക്തമാക്കുകയാണ് തലശ്ശേരിയിലെ വിജയത്തോടെ. തലശ്ശേരിയിൽ തുടങ്ങിയ പരീക്ഷണം സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനും കെപിസിസി നേതൃത്വം ആലോചിക്കുന്നുണ്ട്. പാർട്ടിയാണ് വലുത് നേതാക്കൾ അല്ലെന്ന കൃത്യമായ സന്ദേശം നൽകലാണ് ഇവിടെ സുധാകരൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

പാർട്ടി നിർദേശിച്ച വ്യക്തികളെ പാനലിൽ ഉൾപ്പെടുത്താതിരുന്നതിനെത്തുടർന്ന് മമ്പറം ദിവാകരനെ കെപിസിസി. പ്രസിഡന്റ് കെ.സുധാകരൻ പുറത്താക്കിയതോടെയാണ് പ്രശ്നം രൂക്ഷമായത്. 29 വർഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരേ മറ്റൊരു പാനൽ എന്ന പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. 30 വർഷത്തോളം ആശുപത്രി സംഘം പ്രസിഡന്റായിരുന്ന മമ്പറം ദിവാകരൻ സമീപകാലത്ത് കെ.സുധാകരനുമായി അകൽച്ചയിലായിരുന്നു.

2016-ൽ ഡി.സി.സി. നിർദേശിച്ച രണ്ടുപേരെ ഉൾപ്പെടുത്താത്തതിന്റെ പേരിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നിരുന്നു. മത്സരിച്ച രണ്ടുപേരും അന്ന് പരാജയപ്പെടുകയും ചെയ്തു. 5284 അംഗങ്ങളാണ് ആശുപത്രി സംഘത്തിലുള്ളത്. 4318 പേർ തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയിരുന്നു. ഇന്ന് കെ സുധാകരൻ അധ്യക്ഷനായി വന്നതോടെ ചിത്രം മാറി. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ ഞായറാഴ്ച രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെയായിരുന്നു തിരഞ്ഞെടുപ്പ്. എട്ട് ജനറൽ, മൂന്ന് വനിത, ഒരു പട്ടികജാതി, പട്ടികവർഗ സംവരണം ഉൾപ്പെടെ 12 സീറ്റുകളിേലക്കായിരുന്നു മത്സരം. ഇതിൽ ഡോക്ടർമാരുടെ വിഭാഗത്തിൽനിന്ന് ഡോ. രഞ്ജിത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കൂത്തുപറമ്പ്, ധർമടം, തലശ്ശേരി മണ്ഡലങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങളിലുള്ളവരാണ് വോട്ടർമാരിൽ ഭൂരിഭാഗവും. ഇവരിലേറെയും കോൺഗ്രസ് അനുഭാവികളുമാണ്. ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രത്യക്ഷത്തിൽ സിപിഎം. ഇടപെട്ടിരുന്നില്ല. സ്ഥലത്ത് ശക്തമായ പൊലീസ് കാവലുണ്ടായിരുന്നു. മമ്പറം ദിവാകരന്റെ പരാതിയിൽ സ്ഥലത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP