Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202222Saturday

ഇത് സിപിഎമ്മിനേയും അത്ഭുതപ്പെടുത്തും വിജയം; ഇന്ദിരാഗാന്ധി ആശുപത്രിയിലെ വിജയവുമായി സുധാകര വിരുദ്ധർ ആഗ്രഹിച്ചത് തൃണമൂലിന് വളമൊരുക്കാൻ; എല്ലാം തകർത്തെറിഞ്ഞ് കോൺഗ്രസിലെ പുതിയ ലീഡർ; പാർട്ടിക്ക് മുകളിൽ ഒരു പരുന്തും പറക്കില്ല; മമ്പറത്തിന്റെ ചിറകരിഞ്ഞതോടെ അതിശക്തനായി സുധാകരൻ; ഇത് ഗ്രൂപ്പുകൾക്കുള്ള മുന്നറിയിപ്പ്

ഇത് സിപിഎമ്മിനേയും അത്ഭുതപ്പെടുത്തും വിജയം; ഇന്ദിരാഗാന്ധി ആശുപത്രിയിലെ വിജയവുമായി സുധാകര വിരുദ്ധർ ആഗ്രഹിച്ചത് തൃണമൂലിന് വളമൊരുക്കാൻ; എല്ലാം തകർത്തെറിഞ്ഞ് കോൺഗ്രസിലെ പുതിയ ലീഡർ; പാർട്ടിക്ക് മുകളിൽ ഒരു പരുന്തും പറക്കില്ല; മമ്പറത്തിന്റെ ചിറകരിഞ്ഞതോടെ അതിശക്തനായി സുധാകരൻ; ഇത് ഗ്രൂപ്പുകൾക്കുള്ള മുന്നറിയിപ്പ്

അനീഷ് കുമാർ

കണ്ണൂർ: തളിപ്പറമ്പിലെ കല്ലിങ്കൽ പത്മനാഭൻ , മമ്പറം ദിവാകരൻ എതിരാളികൾ ഓരോന്നായി കീഴടങ്ങാൻ തുടങ്ങിയതോടെ കണ്ണൂർ കോൺഗ്രസിൽ സുധാകരൻ വീണ്ടും പിടിമുറുക്കുന്നു. സുധാകരനെതിരെ പരസ്യ വിമർശനമുന്നയിച്ച നേതാക്കളെ സംഘടനാ സംവിധാനത്തിന്റെ ഖഡ്ഗമുപയോഗിച്ചു കീഴടക്കിയതോടെ സ്വന്തം തട്ടകത്തിൽ കെ.സുധാരകരന് ഇപ്പോൾ വെല്ലുവിളികളൊന്നുമില്ല പാർട്ടി ഉന്നത നേതാക്കളുടെ പിൻതുണ വിമത വിഭാഗത്തിന് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും കോൺഗ്രസിൽ ഇനി പണ്ടേപ്പോലെ അടിയൊഴുക്കും ഉൾപാർട്ടി ഗ്രൂപ്പുകളിയും നടക്കില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയതോടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കോൺഗ്രസിൽ കൂടുതൽ കരുത്തനായത് സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെയും നിശബ്ദമാക്കിയിട്ടുണ്ട്. കെ. സുധാകരനും മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള സുധാകരവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് ആശുപത്രി തെരഞ്ഞെടുപ്പിൽ ഇന്നലെ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ നടന്നത്.

പാർട്ടി വിരുദ്ധ നിലപാടിനെ തുടർന്ന് മമ്പറം ദിവാകരനെ പുറത്താക്കിയതോടെ കോൺഗ്രസിൽ സുധാകര വിരുദ്ധർ കൂടുതൽ ശക്തിയാർജിക്കുകയും സുധാകരനെതിരെയുള്ള കരുനീക്കങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു. മമ്പറം ദിവാകരന്റെ പാനൽ ജയിക്കുകയും കെ. സുധാകരനുള്ള ഹൈക്കമാൻഡ് പിന്തുണ തുടരുകയും ചെയ്യുകയാണെങ്കിൽ സുധാകര വിരുദ്ധർ തൃണമൂൽ കോൺസിലേക്ക് ചേരാനും ആലോചന നടത്തിയിരുന്നു. കോൽക്കൊത്തയിൽ മമത ബാനർജിയുമായി ഇതു സംബന്ധിച്ച് ചില ചർച്ചകളും നടന്നിരുന്നു. കേരളത്തിലെ ചില തലമുതിർന്ന നേതാക്കളുടെ ഒത്താശയും ഈ നീക്കത്തിനുണ്ടായിരുന്നു.

എന്നാൽ കെ.സുധാകരൻ നേരിട്ട് നേതൃത്വം നൽകിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയതോടെ സുധാകരന്റെ ശക്തി പതിന്മടങ്ങാണ് വർധിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് സുധാകരൻ ഓരോ ചുവടും മുന്നോട്ട് വച്ചത്. മമ്പറം ദിവാകരൻ ചെയർമാനായ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ വച്ചുതന്നെയായിരുന്നു പഴയ സന്തത സഹചാരിയെ സുധാകരൻ മലർത്തിയടിച്ചത്. യുഡിഎഫ് നേതാക്കളെ ഒറ്റക്കെട്ടായി കൂടെ നിർത്താനും സുധാകരന് കഴിഞ്ഞു.

ഇന്നലെ പുലർച്ചെ മുതൽ പയ്യന്നൂരിൽ നിന്നു വരെ കോൺഗസ് പ്രവർത്തകർ മമ്പറത്തേക്ക് ഒഴുകി എത്തുകയായിരുന്നു. ദിവാകരൻ അനുകൂലികൾക്ക് ചെറുചലനം പോലും സൃഷ്ടിക്കാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയമായി. വോട്ടിങ് കേന്ദ്രത്തിലെത്തിയ ദിവാകരനെ കൂക്കി വിളിക്കാൻ പോലും കോൺഗ്രസ് പ്രവർത്തകർ മുതിർന്നു. പോളിങ് സമയം അവസാനിച്ചിട്ടും വോട്ടർമാരുടെ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. തുടർന്ന് ടോക്കൺ നൽകി ആറു വരെ വോട്ടിങ് നീണ്ടു.

മമ്പറം ദിവാകരൻ ഹൈക്കോടതിയെ സമീപിച്ച് ശക്തമായ പൊലീസ് സാന്നിധ്യം ഉറപ്പിച്ചുവെങ്കിലും അതും ദിവാകരന് ഫലം ചെയ്തില്ല. സ്വന്തം തട്ടകം ഇളകിയതോടെ തലശേരിയിൽ ദിവാകരൻ രഹസ്യമായി സഹായിച്ചിരുന്ന സുധാകരവിരുദ്ധരും നിരാശയിലാണ്. തലശേരിയിലെ ഒരു ഹോട്ടലിൽ രഹസ്യ യോഗം ചേർന്നായിരുന്നു ഇവർ സുധാകരനെതിരെ നീക്കങ്ങൾ നടത്തിയിരുന്നത്. കേരളത്തിലെ മൊത്തം ഗ്രൂപ്പ് നേതാക്കൾക്ക് കൂടിയുള്ള മറുപടിയാണ് കണ്ണൂരിലെ സുധാകരന നേട്ടം.

മമ്പറം ദിവാകരനെ എൻ.സി.പിയിലേക്കോ, കോൺഗ്രസ് എ സിലേക്കോ കൊണ്ടുവരുന്നതിന് സിപിഎം അണിയറ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും കോൺഗ്രസ് വിട്ട് എങ്ങോട്ടും പോകില്ലെന്നാണ് ദിവാകരന്റെ നിലപാട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP