Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

വെടിനിർത്തലിന് പിന്നിൽ തനിക്കു നേരെയുള്ള എതിർപ്പുകളെ മുന്നേറാനുള്ള ഊർജ്ജമാക്കി മാറ്റുന്ന പതിവ് കണ്ണൂർ ശൈലി; കരുണാകരന് ശേഷം കണ്ണൂരിൽ നിന്നുദിച്ച ലീഡർ; ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും അനുനയിപ്പിക്കേണ്ട ഉത്തരവാദിത്തം വിഡിക്ക് നൽകിയതും 'ലീഡർ'

വെടിനിർത്തലിന് പിന്നിൽ തനിക്കു നേരെയുള്ള എതിർപ്പുകളെ മുന്നേറാനുള്ള ഊർജ്ജമാക്കി മാറ്റുന്ന പതിവ് കണ്ണൂർ ശൈലി; കരുണാകരന് ശേഷം കണ്ണൂരിൽ നിന്നുദിച്ച ലീഡർ; ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും അനുനയിപ്പിക്കേണ്ട ഉത്തരവാദിത്തം വിഡിക്ക് നൽകിയതും 'ലീഡർ'

അനീഷ് കുമാർ

കണ്ണുർ: ഡി.സി സി അധ്യക്ഷ പുനഃസംഘടനയെ തുടർന്ന് കോൺഗ്രസിനുള്ളിൽ സംസ്ഥാന വ്യാപകമായി ആളിക്കത്തിയ ഗ്രൂപ്പ് പോരിന്റെ പ്രതിഫലനം കണ്ണുർ ജില്ലാ കോൺഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിലും പ്രതിഫലിച്ചതായുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നു. കണ്ണുർ ജില്ലാ കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പരിപാടിക്ക് ആശംസ നേരാൻ ഓൺലൈനായി വന്നപ്പോൾ മുൻ മന്ത്രി കെ.സി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുടെ അസാന്നിധ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

കോവിഡ് പ്രതിസന്ധിക്കിടെയിലും ആവേശത്തോടെ നടത്തിയ ഉദ്ഘാടന പരിപാടിയിൽ മുൻ കെപിസിസി അധ്യക്ഷൻ മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധിരൻ കെ.മുരളീധരൻ എന്നിവർ പങ്കെടുക്കാത്തത് കോൺഗ്രസിലെ ഗ്രൂപ്പുപോരിനെ തുടർന്നാണെന്ന ആരോപണമാണ് രാഷ്ട്രീയ എതിരാളികൾ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. ഇതിൽ കാൽ നൂറ്റാണ്ടിലേറെ കണ്ണുർ ജില്ലയിൽ നിന്നും എംഎ‍ൽഎയായി മത്സരിച്ചു വിജയിച്ച കെ.സി ജോസഫിന്റെ അസാന്നിധ്യം കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണെന്നാണ് നേതൃത്വം നൽകുന്ന സൂചന.

ഒരു കാലത്ത് ജില്ലയിലെ എ ഗ്രൂപ്പിനെ നയിച്ച ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫ് പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരായ യു.ഡി.എഫ് കൺ എം.എം ഹസൻ, കെപിസിസി സെക്രട്ടറി സോണി സെബാസ്റ്റ്യൻ ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്സൺ കെ.വി ഫിലോമിന, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ .കെ .സുധാകരന്റെ കടുത്ത വിമർശകനായ ഒരു ഉന്നത നേതാവും കോൺഗ്രസ് ഭവൻ ഉദ്ഘാടനത്തിൽ നിന്നും വിട്ടുനിന്നതായി സൂചനയുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണ് ഉന്നത നേതാക്കൾപരിപാടിയിൽ നിന്നും വിട്ടുനിന്നുവെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം പറയുന്നതെങ്കിലും പാർട്ടിയിൽ ഉരുണ്ടുകൂടിയ ഗ്രൂപ്പ് പോരും കാരണമായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ നേതാക്കൾ വിട്ടുനിന്നത് കോവിഡ് നിയന്ത്രണങ്ങളുള്ളതുകൊണ്ടാണെന്നാണ് ഡി.സി.സി നേതാക്കൾ നൽകുന്ന വിശദീകരണം. ഉദ്ഘാടന പരിപാടിയിൽ നെറ്റ് വർക്ക് സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ രാഹുൽ ഗാന്ധിയുടെ പ്രസംഗവും അൽപ്പനേരം തടസപ്പെട്ടിരുന്നു. ഇതു കൂടാതെ ഇടയ്ക്കിടെ യുണ്ടായ വൈദ്യുതി തടസവും കല്ലുകടിയായി.

എന്നാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൊടിക്കുന്നിൽ സുരേഷ് എം.എം ഹസൻ, ടി.സിദ്ദിഖ് തുടങ്ങിയ നേതാക്കൾ ഏറെക്കാലത്തിനു ശേഷം ഒരേ വേദിയിൽ അണിനിരന്നത് പ്രവർത്തകരിൽ ആവേശമുണർത്തിയിരുന്നു. കെ.സുധാകരൻ പാർട്ടിക്കുള്ളിൽ സർവാധിപതിയാകുന്നതിന്റെ തെളിവുകൾ ബാക്കിവെച്ചുകൊണ്ടാണ് കണ്ണൂർ കോൺഗ്രസ് ഭവൻ ഉദ്്ഘാടനം സമാപിച്ചത്.

ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ.കരുണാകരന് ശേഷം കണ്ണുർ രാഷ്ട്രീയത്തിന്റെ ശക്തി വിളംബരമോതി മറ്റൊരു നേതാവ് കൂടി പവർ പോയന്റായി മാറുകയാണ്. സിപിഎമ്മിനെതിരെ നടത്തിയ ഇഞ്ചോടിഞ്ച് രാഷ്ടീയ പോരാട്ടത്തിലുടെ പ്രവർത്തകരുടെ ആവേശമായ കെ.സുധാകരൻ കെപിസിസി അധ്യക്ഷനായതിനു ശേഷം ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതിയ ശേഷം തന്റെ ഇരിപ്പിടവും സ്ഥാനവും ഉറപ്പിക്കുന്ന കാഴ്‌ച്ചയാണ് കണ്ണുരിൽ കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് ഭവന്റെ ഉദ്ഘാടനത്തോടെ ദൃശ്യമായത്.

'തനിക്കു നേരെയുള്ള എതിർപ്പുകളെ മുന്നേറാനുള്ള ഊർജ്ജമാക്കി മാറ്റുന്ന പതിവ് കണ്ണൂർ ശൈലിയിലൂടെ തന്നെയാണ് സുധാകരന്റെ പ്രയാണം'-അച്ചടക്കവും ആത്മസമർപ്പണവും നിറഞ്ഞ പ്രവർത്തകരുള്ള സെമി കാഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റുമെന്ന കെ.സുധാകരന്റെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് ഗ്രൂപ്പിനതീതമായി ചിന്തിക്കുന്ന നേതാക്കളും പ്രവർത്തകരും സ്വീകരിച്ചത്.എന്നാൽ ഗ്രൂപ്പുകൾ ഒരു സജീവ സാന്നിധ്യമായ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശീലങ്ങളിലൊന്നായ ഗ്രൂപ്പുകളെ വെട്ടിമാറ്റാനുള്ള സുധാകരന്റെ ശ്രമങ്ങളിൽ മുറിവേറ്റ ഉന്നത നേതാക്കളടക്കം കടുത്ത അതൃപ്തിയിലാണിപ്പോഴും. ഇതുവരും ദിനങ്ങളിലും സുധാകരന് കടമ്പകൾ സൃഷ്ടിച്ചേക്കാം.

പാർട്ടിയിൽ സുധാകരൻ നടത്തുന്ന ശുദ്ധീകരണങ്ങൾക്ക് പുർണ പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തു വന്നതാണ് സുധാകരന് ലഭിച്ച ഏറ്റവും വലിയ പ്ളസ് പോയന്റുകളിലൊന്ന്. ഇതിനോടൊപ്പം ഇനി ഗ്രൂപ്പ് കളി അംഗീകരിക്കില്ലെന്ന മുതിർന്ന നേതാക്കൾക്കുള്ള ഹൈക്കമാൻഡിന്റെ മുന്നറിയിപ്പും സുധാകരന്റെ നീക്കങ്ങൾക്ക് ശക്തി പകരുന്നുണ്ട്. രമേശ് ചെന്നിത്തലയെ വിഡി വിളിച്ചതും സുധാകരന്റെ ഇടപെടലിലാണ്. ഉമ്മൻ ചാണ്ടിയേയും വിഡി തന്നെ അനുനയിപ്പിക്കും.

നേരത്തെ സുധാകരന്റെ അപ്രമാദിത്വം അംഗീകരിച്ചു കൊടുക്കാത്ത കെ.സി വേണുഗോപാൽനിലപാട് മാറ്റിയത് കെ.സുധാകരനെ സംബന്ധിച്ച് കരുത്ത് പകരുന്ന ഘടകമാണ്. എഐ.സി.സി ജനറൽ സെക്രട്ടറി കൂടിയ കെ.സി പാർട്ടിയിൽ ഗ്രൂപ്പുകൾ വേണ്ടെന്ന ഹൈക്കമാൻഡ് നിർദ്ദേശമാണ് പരസ്യമായി പ്രഖ്യാപിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും സുധീരന്റെയും മുല്ലപ്പള്ളിയുടെമെക്കെ അനുഭവ പരിചയം ഉൾകൊണ്ടു വേണം പാർട്ടിയെ ശക്തമാക്കാനെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി. ഒരേ ചരടിൽ കോർത്ത മുത്തുമണികൾ പോലെ ഐക്യത്തോടെ പാർട്ടിയും പ്രവർത്തകരും മുൻപോട്ടു പോകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നേരത്തെ നേരെ കണ്ടാൽ പോലും മിണ്ടാതിരുന്ന കെ.സിയും സുധാകരനും അടുത്തു ഇടപെഴുകുന്നതും പരസ്പരം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും കോൺഗ്രസിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങളെയാണ് വ്യക്തമാക്കിയത്. കീറാമുട്ടിയായിരുന്നകണ്ണൂർ കോൺഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തതോടെ പാർട്ടിക്കുള്ളിൽ ഹെവി മൈലേജാണ് സുധാകരൻ നേടിയെടുത്തത്.

കെ.സുധാകരന് പാർട്ടിക്കുള്ളിലും പുറത്തും ഏറെ പഴി കേൾക്കേണ്ടി വന്ന കാര്യങ്ങളിലൊന്നായിരുന്നു പത്തു വർഷം തട്ടിയും മുട്ടിയും ഇഴഞ്ഞു നീങ്ങിയിരുന്ന ഡി.സിസി ഓഫിസ് ഉദ്ഘാടനം പാർട്ടിക്കുള്ളിൽ നിന്നു പോലും സാമ്പത്തിക ആരോപണങ്ങൾ ഉയർന്നു വന്നു. ഏറ്റവും ഒടുവിൽ ബ്രണ്ണൻ കോളേജ് വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും സുധാകരനെതിരെ ആഞ്ഞടിച്ചത് പണ്ട് ഡി.സി.സി ഓഫിസ് നിർമ്മാണത്തിനായി സുധാകരൻ ഗൾഫിൽ നിന്നും നടത്തിയ പണപ്പിരിവിനെ കുറിച്ച് പി.രാമകൃഷ്ണൻ ഉന്നയിച്ച ആരോപണം ചുണ്ടിക്കാട്ടിയാണ്. എന്നാൽ പത്തു വർഷത്തിനിപ്പുറം കണ്ണൂരിൽ കോൺഗ്രസ് ഭവനിൽ ഉദ്ഘാടന കൊടിയേറിയപ്പോൾ അതു സുധാകരന്റെ മഹത്തായ ിജയങ്ങളിലൊന്നായും വാഴ്‌ത്തപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP