Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫിറോസിന് വിനയായത് മുൻ യൂത്ത് ലീഗുകാരുടെ എതിർപ്പും കരീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും; മജീദിന്റെ സലഫി ബന്ധം എതിർത്ത് സമസ്ത; 'തോറ്റ എംഎൽഎ' വേണ്ടെന്ന തീരുമാനം രണ്ടത്താണിക്കും വിനയായി; ഖാദർ പൊട്ടിത്തെറിച്ചതോടെ പാണക്കാട് തങ്ങൾ പോലും ഞെട്ടി; രാജിവെക്കുമെന്ന് പറഞ്ഞപ്പോൾ ലത്തീഫിന് ഉറപ്പിച്ച സീറ്റും പോയി: വേങ്ങര സ്ഥാനർത്ഥിത്വത്തിനായി നടന്ന ചരടുവലികൾ ഇങ്ങനെ

ഫിറോസിന് വിനയായത് മുൻ യൂത്ത് ലീഗുകാരുടെ എതിർപ്പും കരീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റും; മജീദിന്റെ സലഫി ബന്ധം എതിർത്ത് സമസ്ത; 'തോറ്റ എംഎൽഎ' വേണ്ടെന്ന തീരുമാനം രണ്ടത്താണിക്കും വിനയായി; ഖാദർ പൊട്ടിത്തെറിച്ചതോടെ പാണക്കാട് തങ്ങൾ പോലും ഞെട്ടി; രാജിവെക്കുമെന്ന് പറഞ്ഞപ്പോൾ ലത്തീഫിന് ഉറപ്പിച്ച സീറ്റും പോയി: വേങ്ങര സ്ഥാനർത്ഥിത്വത്തിനായി നടന്ന ചരടുവലികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വേങ്ങര സീറ്റിനായി യുവജന, പ്രവാസി സംഘടനകളുടെയും മണ്ഡലം,പ്രാദേശിക നേതാക്കളുടെയും പിടിമുറുക്കം ശക്തമായതിനിടെയാണ് നാടകീയതക്കൊടുവിൽ ഇന്നുണ്ടായ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ഇന്ന് രാവിലെ ചേർന്ന പാർലമെന്ററി യോഗം വേങ്ങര സ്ഥാനാർത്ഥിയായി അഡ്വ.കെ.എൻ.എ ഖാദറിനെയാണ് തെരഞ്ഞെടുത്തത്. മത്സരിക്കാൻ യോഗ്യരായവരുടെ ബാഹുല്യം പാർട്ടി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലാക്കി. വേങ്ങര ഉറച്ച മണ്ഡലം എന്ന നിലയിൽ സ്ഥാനാർത്ഥിയാകാൻ അവസാനം വരെ ചരടുവലിച്ചവരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ സമ്മർദവും ഏറെ നാടകീയ രംഗങ്ങളും ലീഗ് നേതൃത്വം അഭിമുഖീകരിക്കേണ്ടി വന്നു. ഇഷ്ടക്കാർക്ക് സീറ്റിനായുള്ള സമ്മർദ തന്ത്രവും, താൽപര്യമില്ലാത്തവർ വരുന്നത് തടയാൻ സ്വാധീനവും പാര പണിയുമായി മാസങ്ങൾക്ക് മുമ്പ് തന്നെ നേതാക്കളിൽ ചിലർ രംഗത്തുണ്ടായിരുന്നു. എന്നാൽ പാണക്കാട് നിന്നുണ്ടാകുന്ന സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം എതിർ ശബ്ദങ്ങളുയർത്താതെ ഇത് അംഗീകരിക്കുന്ന രീതിയാണ് മുസ്ലിംലീഗിന്റെ കീഴ്‌വഴക്കം. ഭിന്നതകൾ രൂക്ഷമായ സാഹചര്യങ്ങളിൽ വരെ പരസ്യ യുദ്ധത്തിന് ആരും തയ്യാറാകാറില്ല. ഇത് പാർട്ടിയുടെ അച്ചടക്കമായി ലീഗ് ഉയർത്തിക്കാട്ടാറുണ്ടെങ്കിലും എതിരാളികളിൽ നിന്ന് പരിഹാസ്യവും നേരിടാറുണ്ട്.

മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും എംപിയുമായിരുന്ന ഇ.അഹമ്മദിന്റെ അപ്രതീക്ഷിത വിയോഗമാണ് ജില്ലയിൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്ക് സാഹചര്യം ഒരുങ്ങിയത്. വേങ്ങര എംഎ‍ൽഎയും കേരള പ്രതിപക്ഷ ഉപനേതാവുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം പാർലമെന്റ് മണ്ഡലത്തിലൂടെ രാഷ്ട്രീയ തട്ടകം ഡൽഹിയിലേക്ക് മാറ്റിയത് മുതൽ വേങ്ങരയിലെ സ്ഥാനാർത്ഥി ആരെന്ന ചർച്ച ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി ഔദ്യോഗിക, അനഔദ്യോഗിക ചർച്ചകൾ നടന്നെങ്കിലും നേതൃത്വത്തിന് മേൽ സമ്മർദവും ആശയക്കുഴപ്പവും ഏറുകയായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, കെ.എൻ.എ ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി, കെഎംസിസി യു.എ.ഇ നാഷണൽ കമ്മിറ്റി ഭാരവാഹി പുത്തൂർ റഹ്മാൻ, സി.പി ബാവ ഹാജി, കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ അസ് ലു, യൂത്ത് ലീഗ് നേതാവ് ഷരീഫ് കുറ്റൂർ എന്നീ പേരുകളായിരുന്നു ഉയർന്ന് കേട്ടിരുന്നത്. ദളിത് ലീഗ് നേതാവ് യു സി രാമൻ, മുസ്ലിം ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു.എ ലത്തീഫ് എന്നീ പേരുകളും അവസാന ഘട്ടം പരിഗണിച്ചിരുന്നു.

പാർട്ടി അണികളിലെ താൽപര്യവും പൊതുവികാരവും യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും യൂത്ത് ലീഗ് നേതാവുമായ പി.കെ ഫിറോസിന്റെ പേരായിരുന്നു യുവ രംഗത്ത് നിന്നും പരിഗണിക്കപ്പെട്ടത്. എന്നാൽ മുൻ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളിൽ ചിലരും മൂന്ന് എംഎ‍ൽഎ മാരും ഫിറോസിന് സീറ്റ് നൽക്കുന്നതിനെതിരെ രംഗത്തെത്തി. അതേ സമയം നിലവിലെ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ ഫിറോസിനായി ശക്തമായി നിലകൊള്ളുകയും ചെയ്തു. കോഴിക്കോട് ജില്ലക്കാരനായ ഫിറോസിനെ വേങ്ങരയിൽ സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടുമായി നേതൃത്വം മുന്നോട്ടു പോയതോടെ വിദ്യാർത്ഥി - യുവജന നേതാക്കൾ സമ്മർദം ശക്തമാക്കി.

ഇതിനിടെ എം.എസ്.എഫ് ദേശീയ സെക്രട്ടറി എൻ.എ കരീം യുവപ്രാതിനിധ്യം വേണമെന്നാവശ്യമുന്നയിച്ച് സ്ഥാനാർത്ഥിയാകാനിരിക്കുന്ന മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഫേസ് ബുക്കിലൂടെ രംഗത്തെത്തി. പിന്നാലെ പിന്തുണച്ച് ഏതാനും യുവ നേതാക്കൾ കൂടി രംഗത്ത് വന്നു. എന്നാൽ ഇതെല്ലാം വിപരീത ഫലമായിരുന്നു ഉണ്ടാക്കിയത്. ഫിറോസിന്റെ സ്ഥാനാർത്ഥിത്വം തടയാൻ നേരത്തെ നിലയുറപ്പിച്ച വിഭാഗം എൻ.എ.കരീമിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി. ഇതോടെ ഫിറോസിനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നു തന്നെ ഒഴിവാക്കുകയും ഫേസ് ബുക്ക് പോസ്റ്റിട്ടതിന് കരീമിനെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയുമായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത സാഹചര്യത്തിലുണ്ടായ ഈ നടപടിയിൽ യുവാക്കൾ അസംതൃപ്തരാണ്. ഇത് തെരഞ്ഞെടുപ്പിൽ എങ്ങിനെ പ്രതിഫലിക്കുമെന്നത് പ്രധാനമാണ്.

കെ.പി.എ മജീദിനെ ഉറച്ച സീറ്റായ വേങ്ങരയിൽ നന്നും നിയമസഭയിലെത്തിക്കണമെന്നത് മുതിർന്ന ലീഗ് നേതാക്കൾക്കിടയിൽ നിശ്ചയമുണ്ടായിരുന്നു. രാജ്യസഭാ സീറ്റ് മജീദിനെ ഒഴിവാക്കി വഹാബിന് നൽകിയ സാഹചര്യം കൂടി കണക്കിലെടുത്താണിത്. എന്നാൽ മജീദ് നിൽക്കുന്നതിനെതിരെ ലീഗ് അണികളിൽ നിന്നു തന്നെ കടുത്ത എതിർപ്പുണ്ടായിരുന്നു. മങ്കടയിലെയും മഞ്ചേരിയിലെയും മജീദിന്റെ തോൽവി കൂടി കണക്കിലെടുത്തായിരുന്നു അണികളുടെ എതിർപ്പ്. ആദ്യം മത്സര രംഗത്തേക്കില്ലെന്ന് അറിയിച്ച മജീദ് നേതാക്കളുടെ അഭിപ്രായം മാനിച്ച് വഴങ്ങുകയായിരുന്നു. എന്നാൽ പൊതുവികാരം മജീദിന് എതിരായി തന്നെ നിന്നു. ഇതിനിടെ മുജാഹിദ് മത വിഭാഗക്കാരനായ കെ.പി.എ മജീദിനെ മത്സരിപ്പിക്കുന്നതിനെതിരെ ഒറ്റപ്പെട്ട സമസ്ത (ഇ.കെ സുന്നി ) നേതാക്കളും രംഗത്തെത്തി ഹൈദരലി തങ്ങളെ അഭിപ്രായം അറിയിച്ചു. ഇതോടെ സാഹചര്യം അനുകൂലമാക്കുന്നതിനായി ഉന്നത നേതാക്കൾ ഇടപെട്ട് മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് മജീദിനെ കൊണ്ട് പറയിക്കുകയായിരുന്നു.

മജീദിനും ഫിറോസിനും സീറ്റ് നൽകേണ്ടതില്ലെന്ന് വന്നതോടെ സീറ്റിനായി കഴിഞ്ഞ രാത്രിയിൽ പാണക്കാടും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പാതിര വരെ ശക്തമായ ചരടുവലികൾ നടന്നു. ലിസ്റ്റിലുണ്ടായിരുന്ന അബ്ദുറഹിമാൻ രണ്ടത്താണിയെ കൂടി പിന്നീട് ഒഴിവാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി താനൂർ മണ്ഡലം നഷ്ടപ്പെട്ടത് രണ്ടത്താണിയിലൂടെയാണ്. താനൂർ തിരിച്ചുപിടിക്കുന്നതിനായി അവിടെ തന്നെ ശ്രദ്ധ ചെലുത്താനായിരുന്നു അബ്ദുറഹിമാൻ രണ്ടത്താണിക്ക് നേതാക്കൾ നൽകിയ നിർദ്ദേശം. രണ്ടത്താണി കൂടി ലിസ്റ്റിൽ നിന്ന് ഒഴിവായതോടെ കെ.എൻ.എ ഖാദറിന് പ്രതീക്ഷ കൂടി. എന്നാൽ ഖാദറിനെ വെട്ടാൻ ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു എ ലത്തീഫിനെ ഒരു വിഭാഗം നേതാക്കൾ രംഗത്തിറക്കി. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ലത്തീഫിനെ കൊണ്ടുവരാനുള്ള നീക്കം നടത്തിയത്.

എം.എസ്.എഫ്, യൂത്ത് ലീഗ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്ന യൂ.എ ലത്തീഫ് കുഞ്ഞാലിക്കുട്ടിയേക്കാൾ സീനിയറായിരുന്നു രാഷ്ട്രീയത്തിൽ. 65 പിന്നിട്ട മഞ്ചേരിക്കാരനായ ലത്തീഫിന് ഏറെക്കുറെ സാധ്യത തെളിഞ്ഞെങ്കിലും കെ.എൻ.എ ഖാദർ നേതാക്കൾക്ക് മുന്നിൽ അതിരൂക്ഷമായ രീതിയിൽ പൊട്ടിത്തെറിച്ചത് വിനയായി. തന്നെ എന്തുകൊണ്ട് ഒഴിവാക്കിയെന്നുള്ള വിശദീകരണം വേണമെന്നും അല്ലങ്കിൽ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുകയാണെന്നും തങ്ങൾ അടക്കമുള്ള നേതാക്കളോട് ഖാദർ യോഗം തുടങ്ങുന്നതിന് മുമ്പ് അറിയിച്ചതോടെ നേതൃത്വം പ്രതിസന്ധിയിലായി. ഖാദറിന് വേണ്ടി ഇ ടി മുഹമ്മദ് ബഷീറും, പി.വി അബ്ദുൽ വഹാബും രംഗത്തെത്തി. പിന്നീട് പ്രതിസന്ധി പരിഹരിക്കാനായി ഖാദറിനെ സ്ഥാനാർത്ഥിയാക്കാനും യു.എ ലത്തീഫിനെ ജില്ലാ സെക്രട്ടറിയാക്കാനുമുള്ള ധാരണ പാർലമെന്ററി യോഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.

ഒക്ടോബർ 11നാണ് വേങ്ങര നിയോജക മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. എൽ.ഡി.എഫ് സിപിഎമ്മിന്റെ അഡ്വ.പി.പി.ബഷീറിനെയാണ് രംഗത്തിറങ്ങുന്നത്. ബഷീർ കഴിഞ്ഞ തവണ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ലീഗ് നേരത്തെയെത്തിയെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിലുണ്ടായ കല്ലുകടിയും യുവാക്കളെ തഴഞ്ഞതും മുഴച്ചു തന്നെ നിൽക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP