Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡി.കെ ശിവകുമാറിനൊപ്പം ആദ്യാവസാനം തന്ത്രങ്ങൾ മെനഞ്ഞു; ദേശീയ വിഷയങ്ങൾ ഉയർത്തിയുള്ള ബിജെപി പ്രചരണ കെണിയിൽ വീഴരുതെന്ന് നേതാക്കളെ ഉപദേശിച്ചു; അഴിമതി അടക്കം ഉയർത്തിയ പ്രചരണ തന്ത്രത്തിനും ചുക്കാൻ പിടിച്ചു; കർണാടകത്തിൽ കോൺഗ്രസ് ചരിത്ര വിജയം നേടുമ്പോൾ കെ സി വേണുഗോപാലിനും അഭിമാനിക്കാനേറെ

ഡി.കെ ശിവകുമാറിനൊപ്പം ആദ്യാവസാനം തന്ത്രങ്ങൾ മെനഞ്ഞു; ദേശീയ വിഷയങ്ങൾ ഉയർത്തിയുള്ള ബിജെപി പ്രചരണ കെണിയിൽ വീഴരുതെന്ന് നേതാക്കളെ ഉപദേശിച്ചു; അഴിമതി അടക്കം ഉയർത്തിയ പ്രചരണ തന്ത്രത്തിനും ചുക്കാൻ പിടിച്ചു; കർണാടകത്തിൽ കോൺഗ്രസ് ചരിത്ര വിജയം നേടുമ്പോൾ കെ സി വേണുഗോപാലിനും അഭിമാനിക്കാനേറെ

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: കർണാടക രാഷ്ട്രീയത്തിലെ അതികായകന്മാരാണ് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും. ഇരുവരെുയും ഒരുമിച്ചു കൊണ്ടുപോകുക എന്നത് ശ്രമകരമായ കാര്യം തന്നെയായിരുന്നു. എന്നാൽ, ആ ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ചതിൽ കെ സി വേണുഗോപാൽ എന്ന മലയാളി നേതാവിനുള്ള പങ്ക് ചെറുതല്ല. മുമ്പ് കോൺഗ്രസിനൊപ്പം നിന്ന് നടത്തിയ നീക്കങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഒട്ടേറെ കല്ലേറ് ഏൽക്കേണ്ടി വന്ന നേതാവാണ് കെ സി. എന്നാൽ, ഇക്കുറി കോൺഗ്രസ് ചരിത്ര വിജയം നേടുമ്പോൾ കെ സി വേണുഗോപാലിനും അഭിമാനിക്കാൻ വഴികൾ ഏറെയാണ്.

ഡികെ ശിവകുമാറിനൊപ്പം നിന്നു തെരഞ്ഞെടുപ്പു പ്രചരണ തന്ത്രങ്ങൾ മെനഞ്ഞതും മണ്ഡലത്തിന് അനുകൂലമായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നതിൽ അടക്കം കെ സിക്ക് കൃത്യമായ റോളുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തി കർണാടകയിലെ പ്രാദേശിക വിഷയങ്ങളെ അവഗണിക്കാൻ ബിജെപി പരാമാവധി ശ്രമിച്ചിരുന്നു. എന്നാൽ, ഇത് കെണിയാണെന്ന് തിരിച്ചറിഞ്ഞ് ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളിൽ ഊന്നി പ്രചരണം നടത്താൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയത് കെ സിയായിരുന്നു. ഇതോടെ കോൺഗ്രസ് ബിജെപിയുടെ അഴിമതിയും വികസന വിഷയങ്ങളും ഉയർത്തി പ്രചരണം ശക്തമാക്കുകയാണ് ഉണ്ടായത്.

കുറച്ചു കാലമായി തന്നെ കന്നഡ രാഷ്ട്രീയത്തിൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതിനാൽ നേതാക്കൾക്കിടയിലെ ഐക്യം ഉറപ്പിക്കുന്നതിൽ കെ സി വിജയിച്ചു. രാഹുൽ ഗാന്ധിയുടെ മനസ്സറിഞ്ഞുള്ള ഇടപെടുകൾ നടത്താനും അദ്ദേഹത്തിന് സാധിച്ചു. റോജി എം ജോൺ, പി സി വിഷ്ണുനാഥ് തുടങ്ങിയ തന്റെ വിശ്വസ്തനെ ഓരോ ചുമതലയും കെ സി ഏൽപ്പിച്ചിരുന്നു. കേരളത്തിൽ നിന്നും ശശി തരൂർ അടക്കമുള്ളവരെയും പ്രചരണത്തിന് അദ്ദേഹം എത്തിച്ചു. രമേശ് ചെന്നിത്തല, ടി സിദ്ധീഖ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും കർണാടകത്തിൽ പ്രചരണത്തിന് എത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും കർണാടകയിൽ പ്രചരണത്തിൽ സജീവമായിരുന്നു.

വോട്ടെണ്ണും മുമ്പ് തന്നെ കോൺഗ്രസ് വിജയിക്കുമെന്ന് തീർത്തു പറഞ്ഞ നേതാവും കെ സി വേണുഗോപാലായിരുന്നു. കോൺഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന ആത്മവിശ്വാസമാണ് എഐസിസി ജനറൽ സെക്രട്ടറി പങ്കുവെച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഐക്യത്തോടെയുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചത്. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണം ആദ്യ ക്യാബിനറ്റിൽ തന്നെ നടപ്പാക്കുമെന്നും വിജയിക്കാനാവുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനാധിപത്യത്തെ തകർക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തിയതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. ഇതുവരെ കാണാത്ത ഐക്യത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലമായി കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രവർത്തനം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമുള്ള പ്രചാരണം എന്ന ശൈലി മാറ്റി നിരന്തരമായ പ്രചാരണം നടത്തി. ബിജെപിയുടേത് അഴിമതിനിറഞ്ഞ ഭരണമാണെന്നും ജനങ്ങൾക്ക് മടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർണാടകയിൽ കമ്മീഷൻ സർക്കാരാണ് ഉള്ളതെന്നാണ് ബിജെപി എംഎൽഎമാർ പോലും ആരോപിക്കുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർക്കുകയുണ്ടായ.

ഇത് കോൺഗ്രസിന്റെ തിരിച്ചുവരവാണെന്നും എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും കെ.സി.വേണുഗോപാൽ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ അടക്കം കെ സി വേണുഗോപാലിന് റോൾ ഉണ്ടാകും. അതേസമയം വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്നും പ്രതിപക്ഷ ഐക്യത്തിന്റെ സമയമാണിതെന്നും ശശി തരൂർ പ്രതികരിച്ചു. കോൺഗ്രസിന്റേത് ചരിത്ര വിജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ആവേശമാണ് കർണാടക ഫലം. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ജയം കോൺഗ്രസിന്റെ നേട്ടമാണ്. മോദിയെ നേരിടാൻ കോൺഗ്രസ് ഉണ്ടെന്ന് ഒരിക്കൽകൂടി തെളിഞ്ഞുവെന്നും എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിച്ച് നിർത്താനുള്ള ജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

കെ സി വേണുഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചത്:

കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവിന്റെ ചരിത്രം ആവർത്തിക്കുകയാണ് കർണാടകയുടെ മണ്ണ്. വൻ തകർച്ചയിൽ നിന്ന് 1970 കളുടെ അവസാനം കോൺഗ്രസ് ഉയർത്തെഴുന്നേൽപിന്റെ ചരിത്രം കുറിച്ച ആ നാളുകൾ ആവർത്തിക്കുന്നു. 1978 ൽ കർണാടകയിലെ ചിക്കമംഗളൂരു ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി നേടിയ ഉജ്വല വിജയം കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന്റെ കഥ കൂടിയാണല്ലോ.

അതൊരു തുടക്കം കൂടിയായിരുന്നു. പിന്നീട് രാജ്യം കണ്ടതു കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവാണ്. കർണാടകയിലെ ഇപ്പോഴത്തെ ജനവിധിയും പുതിയൊരു തുടക്കമാണ്.
വ്യക്തമായ ഭൂരിപക്ഷത്തോടെ കർണാടകയിൽ ഭരണം തിരിച്ചുപിടിച്ച ഉജ്വല വിജയം 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ രാജ്യം എങ്ങോട്ടു സഞ്ചരിക്കുമെന്നതിന്റെ കൃത്യമായ ദിശാസൂചികയാണ്.

കോൺഗ്രസിനു കർണാടക നൽകിയതു സത്യത്തിന്റെ വിജയം കൂടിയാണ്. പണവും അധികാരവും ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിച്ചു അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു അഹങ്കരിച്ച ഏകാധിപതികളുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ് കർണാടകയിൽ കണ്ടത്.

തിരഞ്ഞെടുപ്പു കമ്മിഷനെയും മറ്റു ജനാധിപത്യ- സർക്കാർ സംവിധാനങ്ങളെയും വരുതിയിൽ നിർത്തിയാൽ വിജയം കൊയ്യാമെന്ന മിഥ്യാധാരണയിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ഫാസിസ്റ്റ് ശക്തികളെ ജനങ്ങൾ അവരുടെ ഏറ്റവും വലിയ ജനാധിപത്യാവകാശം ഉപയോഗിച്ചു തൂത്തെറിഞ്ഞിരിക്കുന്നു. ഈ നിമിഷത്തോളം മനോഹാരിത മറ്റൊന്നിനുമുണ്ടാവില്ല. അഴിമതിയുടെ കൂത്തരങ്ങായി മാറിയ ബിജെപി സർക്കാർ ഈ നാട്ടിൽ വേണ്ടെന്നു ജനങ്ങൾ എന്നേ തീരുമാനമെടുത്തിരുന്നു. അവർ അർപ്പിച്ച വിശ്വാസമാണ് കോൺഗ്രസ് കുറിച്ച ഈ ചരിത്ര വിജയത്തിന് നാന്ദി കുറിച്ചത്.


പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതൃത്വം ഒറ്റക്കെട്ടായി വന്മതിൽ പോലെ നിലയുറപ്പിച്ച തിരഞ്ഞെടുപ്പാണ് കർണാടക കണ്ടത്. ഞങ്ങൾ നൽകിയ പിന്തുണയിൽ സിദ്ധാരാമയ്യയും ഡി.കെ ശിവകുമാറും അടക്കമുള്ള സംസ്ഥാന നേതൃത്വം ഒരു പിഴവുകളുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ സത്യത്തിന്റെയും നീതിയുടെയും പാതയിൽ ജനങ്ങൾ കോൺഗ്രസിനൊപ്പം ഒറ്റക്കെട്ടായി നിന്നു. രൺദീപ് സിങ് സുർജേവാലയുടെ നേതൃത്വത്തിലുള്ള എ.ഐ.സി.സി ടീമും പ്രചാരണച്ചുമതല വിജയകരമായി നിറവേറ്റി.

സത്യം വിളിച്ചുപറഞ്ഞതിന് എംപി സ്ഥാനം വരെ ത്യജിക്കേണ്ടി വന്ന രാഹുൽ ഗാന്ധിയെ ജനങ്ങൾ ഹൃദയത്തോട് ചേർത്തുപിടിച്ച കാഴ്ചയും കർണാടകയിലെ ആഹ്ലാദം ഇരട്ടിയാക്കുന്നു. രാജ്യത്തു ചരിത്രമെഴുതി രാഹുൽ നയിച്ച 'ഭാരത് ജോഡോ യാത്ര' കർണാടകയിലൂടെ കടന്നുപോയ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വൻ വിജയം നേടിയെന്നതും രാജ്യമാകെ അലയടിക്കുന്ന രാഹുൽ തരംഗത്തിന്റെ സൂചനയാണ്. ഭാരത് ജോഡോ യാത്ര പകർന്നു നൽകിയ ഊർജവും ആവേശവും ഐക്യവും ഏറ്റെടുത്തു കോൺഗ്രസിനെ വൻ വിജയത്തിലേക്കു നയിച്ച കർണാടക ജനത രാജ്യത്തു കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുമെന്നു നിസ്സംശയം പറയാം. ചിക്കമംഗളൂരുവിൽ അന്നു കുറിച്ച ചരിത്രം പോലെ പുതിയൊരു ജൈത്രയാത്രയ്ക്കു കോൺഗ്രസിനു ആത്മവിശ്വാസം പകരുന്ന വിജയമാണിത്.

തിരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസ് നൽകിയ ഉറപ്പുകൾ- ഗ്യാരന്റികൾ ഒന്നൊന്നായി നടപ്പാക്കുന്ന സർക്കാരിനെയാണു കർണാടക ഇനി കാണാൻ പോകുന്നത്. അഴിമതി ഇല്ലാത്ത, മതേതര- ജനാധിപത്യ സർക്കാർ കന്നഡ മണ്ണിനെ വികസനത്തിന്റെ പുതിയ ചക്രവാളത്തിലേക്കു നയിക്കും. അതിനായി വോട്ടവകാശം വിനിയോഗിച്ച കർണാടകയിലെ ഓരോ ജനാധിപത്യ വിശ്വാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP