Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പാലാ സീറ്റിൽ ജോസ് കെ മാണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് മാണി സി കാപ്പൻ; മാണിയുടെ മരുമകന്റേത് നയപരമായ തീരുമാനമെന്ന് പിജെ ജോസഫ്; പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന സൂചന നൽകി സിപിഎമ്മും സിപിഐയും; നിർണ്ണായക നീക്കവുമായി സുരേഷ് ഗോപിയും; പാലായിലെ മാണിക്യമാകാൻ 'ത്രികോണ പോര്'

പാലാ സീറ്റിൽ ജോസ് കെ മാണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് മാണി സി കാപ്പൻ; മാണിയുടെ മരുമകന്റേത് നയപരമായ തീരുമാനമെന്ന് പിജെ ജോസഫ്; പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന സൂചന നൽകി സിപിഎമ്മും സിപിഐയും; നിർണ്ണായക നീക്കവുമായി സുരേഷ് ഗോപിയും; പാലായിലെ മാണിക്യമാകാൻ 'ത്രികോണ പോര്'

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണിയുടെ വിയോഗമുണ്ടാക്കിയ ഒഴിവിൽ അട്ടിമറി വിജയം നേടിയ എൻസിപി നേതാവാണ് മാണി സി കാപ്പൻ. പാലായെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത കെ എം മാണിയുടെ കേരളാ കോൺഗ്രസ് പാരമ്പര്യം അവിടെ തോറ്റു. എന്നാൽ യുഡിഎഫിലെ തമ്മിലടിയായിരുന്നു കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അതുകൊണ്ട് തന്നെ ഇടതു പക്ഷത്ത് ജോസ് കെ മാണി എത്തുമ്പോൾ പാല വീണ്ടും കേരള കോൺഗ്രസിന് സ്വന്തമാകുമെന്നാണ് വിലയിരുത്തൽ.

എന്നാൽ ജോസ് കെ മാണിക്ക് വിട്ടുകൊടുക്കാൻ മാണി സി കാപ്പന് ഇനിയും മനസ്സു വന്നിട്ടില്ല. എന്നാൽ ജോസ് കെ മാണി തന്നെയാകും പാലായിലെ സ്ഥാനാർത്ഥിയെന്ന സൂചന ഇടതു നേതാക്കളും പ്രത്യേകിച്ച് സിപിഎമ്മും നൽകുന്നു. ഇതിനിടെയിലും പാലാ സീറ്റിൽ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം എൽഎ മാണി സി കാപ്പൻ പ്രതികരിക്കുന്നത് രാഷ്ട്രീയ കൗതുകമാകുകയാണ് . സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളിൽ എൻസിപി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇടതു മുന്നണിയിൽ വിശ്വാസമെന്നും മാണി സി കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. 'പാലാ'യിൽ വിട്ടുവീഴ്ചയില്ലെന്നാണ് മാണി സി കാപ്പൻ ആവർത്തിക്കുന്നത്. പാലാ കിട്ടിയില്ലെങ്കിൽ ഒരു ഘട്ടത്തിൽ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി മാണി സി കാപ്പനെ സന്ദർശിച്ചതും ചർച്ചയാകുന്നു. തുടക്കത്തിൽ കാപ്പനോട് യുഡിഎഫിന് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് മാറി. മാണിയുടെ മരുമകനായ എംപി ജോസഫ് മത്സര സന്നദ്ധത അറിയിച്ചതോടെയാണ് ഇത്.

ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ചരടു വലിക്കുന്നത് പിജെ ജോസഫാണ്. മാണി വികാരം യുഡിഎഫിന് ഒപ്പം നിർത്താനുള്ള തന്ത്രം. അതിനിടെ ജോസ് കെ. മാണിയുടെ സഹോദരി ഭർത്താവ് എംപി. ജോസഫ് ഐഎഎസ് യുഡിഎഫിന് പിന്തുണയുമായി എത്തിയത് നയപരമായ തീരുമാനമാണെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ മണിയുടെ നിലപാടിൽ കേരള കോൺഗ്രെസ്സിൽ ഭൂരിപക്ഷംപേർക്കും അതൃപ്തിയാണ്. കൂടുതൽ പേർ ജോസ് കെ മാണി വിഭാഗം വിട്ട് പുറത്ത് വരും. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ ആദ്യ പരിഗണന നൽകേണ്ടത് തങ്ങൾക്കാണ് എന്നും പി ജെ ജോസഫ് പറഞ്ഞു.

എം പി ജോസഫുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്. എപ്പോഴും എന്നും യുഡിഎഫിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്നും അത് തുടരുമെന്നും എം പി ജോസഫ് പ്രതികരിച്ചു. കെ എം മാണി ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്നയാളാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് മാണി സാർ. അദ്ദേഹം എൽഡിഎഫിലേക്ക് പോകാൻ താല്പര്യപ്പെട്ടിരുന്നില്ല. പാലായിൽ കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും എം പി ജോസഫ് പറഞ്ഞു. എംപി. ജോസഫ് ഇന്ന് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാകും കൂടിക്കാഴ്‌ച്ച. ഇതോടെ തന്റെ യുഡിഎഫ് സാധ്യത അവസാനിച്ചുവെന്ന് മാണി സി കാപ്പൻ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം.

മാണി സി കാപ്പൻ അറിയപ്പെടുന്ന സിനിമാ നിർമ്മതാവാണ്. സുരേഷ് ഗോപിയുമായി അടുപ്പമുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ ഇടപെടലുകൾ. മാണി സി കാപ്പനെ എൻഡിഎയിൽ എത്തിക്കാൻ കഴിയുമോ എന്നതാണ് പരിശോധിക്കുന്നത്. പാലായിൽ ബിജെപി സ്ഥാനാർത്ഥിയായി മാണി സി കാപ്പനെ അവതരിപ്പിക്കാനാണ് നീക്കം. ഇതിലൂടെ പാലായിൽ വൻ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും വിലയിരുത്തുന്നു. കോട്ടയത്ത് ക്രൈസ്ത സ്ഥാനാർത്ഥികളെ പരമാവധി മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. എന്നാൽ മാണി സി കാപ്പൻ മനസ്സ് തുറന്നിട്ടില്ല.

ഇടതുമുണണിയിലേക്കെന്ന് പ്രഖ്യാപിച്ച് ഒൻപതാം ദിവസമാണ് കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായത്. വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഐകകണ്ഠ്യേനയാണ് തീരുമാനം. നിലവിൽ പത്തുകക്ഷികളുള്ള ഇടതുമുന്നണിയിൽ പതിനൊന്നാമത്തെ കക്ഷിയായാണ് ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം) എത്തുന്നത്. കൺവീനർ എ വിജയരാഘവനാണ് ജോസ് പക്ഷം യുഡിഎഫ് വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു കത്തുനൽകിയതായി അറിയിച്ചത്. കത്ത് ലഭിച്ച സാഹചര്യത്തിൽ അവരെ മുന്നണിയോട് സഹകരിപ്പിക്കുന്നതിൽ ഘടകകക്ഷികൾ അഭിപ്രായം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.

ജോസ് വിഭാഗം പ്രഖ്യാപിച്ച രാഷ്ട്രീയനിലപാട് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഇടതുസർക്കാരിന്റെ നയസമീപനങ്ങളോട് അവർ യോജിക്കുന്ന സാഹചര്യവും ഇരുവരും വിശദീകരിച്ചു. ആദ്യം പ്രതികരിച്ചത് സിപിഐ. മുന്നണി പൊതുവായെടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. മുന്നണിയിലെ പ്രധാന കക്ഷികൾ നിലപാട് വ്യക്തമാക്കിയതോടെ പൊതുവികാരം വ്യക്തമായി. പിന്നാലെ സംസാരിച്ച ഘടകകക്ഷികളെല്ലാം ജോസ് വിഭാഗത്തെ ഉൾപ്പെടുത്തുന്നതിനെ പിന്തുണച്ചു. ഘടകകക്ഷിയായിത്തന്നെ അവരെ ഉൾപ്പെടുത്തണമെന്ന അഭിപ്രായം യോഗം അംഗീകരിച്ചു.

ഇതിനിടെ, പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്ന തരത്തിലുള്ള പത്രവാർത്തകളിൽ തങ്ങൾക്കാശങ്കയുണ്ടെന്ന് എൻസിപി പ്രസിഡന്റ് ടി പി പീതാംബരൻ പറഞ്ഞു. പറഞ്ഞ് അവസാനിപ്പിക്കും മുമ്പുതന്നെ മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. ഇതൊക്കെ വെറും ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗം ഒരു തരത്തിലുമുള്ള ഡിമാൻഡോ അവകാശവാദമോ ഉന്നയിച്ചിട്ടല്ല വരുന്നത്. പിന്നെയെന്തിന് നിങ്ങൾ അനാവശ്യകാര്യങ്ങൾ ചർച്ച ചെയ്യാൻ വരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതോടെ എൻസിപി പിൻവാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP