Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

എസ് എൻ സർവ്വകലാശാല വിഷയത്തിൽ ബിജെപിയും വെള്ളാപ്പള്ളിയും ഇടഞ്ഞപ്പോൾ ആശ്വാസമായെത്തിയത് ലീഗ്; ജോസ് കെ മാണി ഇടതിനൊപ്പം കൂടിയപ്പോൾ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വിള്ളൽ; സ്വപ്‌നയും സ്വർണ്ണ കടത്തും ഉണ്ടാക്കിയ കടുത്ത പ്രതിസന്ധിക്കിടയിൽ ആശ്വാസത്തിന്റെ പച്ചതുരുത്ത് കണ്ടെത്തി സിപിഎം; പിണറായി വിരുദ്ധ വികാരം കത്തിപടർന്നിട്ടും മാണിയുടെ മകനെ തകർക്കാൻ അമിതാവേശം കാട്ടി വെട്ടിലായ ആശങ്കയിൽ കോൺഗ്രസും

എസ് എൻ സർവ്വകലാശാല വിഷയത്തിൽ ബിജെപിയും വെള്ളാപ്പള്ളിയും ഇടഞ്ഞപ്പോൾ ആശ്വാസമായെത്തിയത് ലീഗ്; ജോസ് കെ മാണി ഇടതിനൊപ്പം കൂടിയപ്പോൾ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വിള്ളൽ; സ്വപ്‌നയും സ്വർണ്ണ കടത്തും ഉണ്ടാക്കിയ കടുത്ത പ്രതിസന്ധിക്കിടയിൽ ആശ്വാസത്തിന്റെ പച്ചതുരുത്ത് കണ്ടെത്തി സിപിഎം; പിണറായി വിരുദ്ധ വികാരം കത്തിപടർന്നിട്ടും മാണിയുടെ മകനെ തകർക്കാൻ അമിതാവേശം കാട്ടി വെട്ടിലായ ആശങ്കയിൽ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യുഡിഎഫിന്റെ ഉരുക്കു കോട്ടയാണ് മധ്യ കേരളം. തെക്കും വടക്കുമെല്ലാം കാര്യങ്ങൾ മാറി മറിയും. വടക്ക് മുസ്ലിംലീഗിന് മാത്രമാണ് അതിശക്തമായ കോട്ടയുള്ളത്. കോൺഗ്രസിന് ഇനിയും മലബാറിൽ അതിശക്തരാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മധ്യ കേരളത്തിലെ ഓരോ വോട്ടും കോൺഗ്രസിന് നിർണ്ണായകമാണ്. ഈ മേഖലയിലേക്കാണ് സിപിഎം നോട്ടമിടുന്നത്. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിച്ചതും ഈ വോട്ടുകൾ അനുകൂലമാക്കാനാണ്. സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ വെട്ടിലായ പിണറായി സർക്കാരിന് ഇതൊരു ആവേശമാണ്. ന്യൂനപക്ഷ വോട്ടുകളിലേക്ക് നുഴഞ്ഞു കയറാനുള്ള സമർത്ഥമായ കളി. അതിന് കഴിഞ്ഞാൽ ഇനിയും ഭരണ തുടർച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പിണറായിയുടെ കണക്കു കൂട്ടൽ.

എസ് എൻ സർവ്വകലാശാല വിഷയത്തിൽ ബിജെപിയും വെള്ളാപ്പള്ളിയും ഇടഞ്ഞപ്പോൾ ആശ്വാസമായെത്തിയത് മുസ്ലിം ലീഗാണ്. മുസ്ലിം രാഷ്ട്രീയത്തിൽ സിപിഎം ഉണ്ടാക്കിയ ചലനങ്ങളാണ് ലീഗിനെ പോലും വെള്ളാപ്പള്ളിയെ തള്ളിപ്പറയാൻ പ്രാപ്തമാക്കിയത്. ഇതിനൊപ്പം ജോസ് കെ മാണി ഇടതിനൊപ്പം കൂടിയപ്പോൾ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വിള്ളലുണ്ടാവുകയാണ്. സ്വപ്‌നയും സ്വർണ്ണ കടത്തും ഉണ്ടാക്കിയ കടുത്ത പ്രതിസന്ധിക്കിടയിൽ ആശ്വാസത്തിന്റെ പച്ചതുരുത്ത് കണ്ടെത്തുകയാണ് അങ്ങനെ സിപിഎം. പിണറായി വിരുദ്ധ വികാരം കത്തിപടർന്നിട്ടും മാണിയുടെ മകനെ തകർക്കാൻ അമിതാവേശം കാട്ടി വെട്ടിലായ ആശങ്കയിൽ കോൺഗ്രസും കോട്ടയത്ത് നിറയുന്നു. ആർക്കാരും ഇനി ജയമെന്നത് വോട്ടർമാരുടെ കൈയിലാണ്. ജാതി മത സമാവാക്യങ്ങൾ അത് നിശ്ചയിച്ചാൽ തുടർ ഭരണത്തിൽ എത്താൻ പിണറായിക്ക് കഴിയും.

ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി കൂടാരത്തിലേക്ക് എത്തുമ്പോൾ സിപിഎമ്മിന് രാഷ്ട്രീയമായി അത് നൽകുന്ന ആശ്വാസം ചെറുതല്ല. സിപിഎമ്മിൽനിന്ന് ചില നല്ല ഉറപ്പുകൾ മുൻകൂട്ടി നേടിയശേഷംതന്നെയാണ് ഈ കൂടുമാറ്റം. സിപിഐ അടക്കമുള്ള ഘടകകക്ഷികളും ജോസ് കെ മാണിയെ പരസ്യമായി എതിർക്കില്ല. സ്വർണക്കടത്തുമുതൽ ലൈഫ് മിഷനിലെ കമ്മിഷൻവരെയുള്ള കാര്യങ്ങളെച്ചൊല്ലി വാർത്തകളും ചർച്ചകളുമെല്ലാം സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ പേരുദോഷമാണ് ഉണ്ടാക്കിയത്. ഇത്തരം വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് സിപിഎം. തീരുമാനിച്ചതിനു പിന്നിലും ഇവ കൂടുതൽ ചർച്ചചെയ്യപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതിനൊപ്പം ജോസ് കെ മാണിയും എത്തുന്നു. എൻ.സി.പി.യിലെ മാണി സി. കാപ്പൻ പാലാ സീറ്റിനെച്ചൊല്ലി ഉയർത്തുന്ന അവകാശവാദങ്ങളെയെല്ലാം തള്ളി കളഞ്ഞാണ് ജോസ് കെ മാണിയെ സ്വീകരിക്കുന്നത്.

ചില സീറ്റുകളെച്ചൊല്ലി സിപിഐ. കോട്ടയം ജില്ലാ നേതൃത്വം ഉയർത്തിയ അവകാശവാദങ്ങളും സിപിഎം. ഗൗരവത്തിൽ എടുക്കുന്നില്ല. ഇടതുപക്ഷമാണ് ശരി എന്ന ജോസ് കെ. മാണിയുടെ പ്രഖ്യാപനത്തെ മലയോരമേഖലകളിലും ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിലും രാഷ്ട്രീയ മുദ്രാവാക്യമായി ഉയർത്താനായിരിക്കും ഇനി സിപിഎമ്മിന്റെ ശ്രദ്ധ. ഇതിനൊപ്പം മലപ്പുറത്തെ മുസ്ലിം വോട്ട് ബാങ്കിലും വിള്ളലുണ്ടാക്കാൻ ശ്രമിക്കും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. മുബാറക് പാഷയെ നിയമിച്ചതിനെതിരേ ആദ്യം ബിജെപി.യും പിന്നീട് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വലിയ വിമർശനമാണ് ഉന്നയിച്ചത്. ഈ വിമർശനങ്ങൾക്കെതിരേ മുസ്ലിം ലീഗ് മുഖപത്രം എഴുതിയ മുഖപ്രസംഗം ഒരർഥത്തിൽ സിപിഎമ്മിനും പിണറായിക്കുമുള്ള അംഗീകാരമാണ്. മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സർക്കാരിന് അനുകൂലമായ മനസ്സുണ്ടായതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു.

യു.ഡി.എഫിൽനിന്ന് നേരത്തേ എത്തിയ ലോക് താന്ത്രിക് ജനതാദളിന്റെ സാന്നിധ്യവും ഇടതുജനാധിപത്യ മുന്നണിക്ക് മുൻതൂക്കം നൽകും. കോഴിക്കോട്ടും വയനാടും ലോക് താന്ത്രിക് ജനതാദളിന് വോട്ട് ബലമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഈ പാർട്ടികളുടെയെല്ലാം ജനപിന്തുണ അളക്കാൻകൂടി സിപിഎം. ഉപയോഗിക്കും. ഈ ഫോർമുലകൾ വിജയിച്ചാൽ അത് യുഡിഎഫിന് വലിയ തിരിച്ചടിയാകും. പിജെ ജോസഫിന് വേണ്ടി ജോസ് കെ മാണിയെ പിണക്കിയത് ശരിയായില്ലെന്ന വാദം കോൺഗ്രസിലും സജീവമാണ്. കോട്ടയത്തെ കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാൻ സീറ്റ് ഉണ്ടാക്കാൻ ഇത്രയും കടന്ന കൈ വേണ്ടിയിരുന്നില്ലെന്നതാണ് ഉയരുന്ന ചർച്ച. പിജെ ജോസഫിന്റെ ജനപിന്തുണയിലും സംശയമുണ്ട്.

ഡിസംബറിൽ വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും തൊട്ടു തന്നെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ഒപ്പം നിൽക്കുമെന്ന് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. സ്വർണ്ണക്കടത്തിൽ സർക്കാരിലെ ഉന്നതർക്ക് ബന്ധമുണ്ടെന്ന വസ്തുത വെളിയിൽ വന്നതും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയമായ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് തുടർ ഭരണ സാധ്യതകൾ മങ്ങിയിട്ടില്ലെന്നാണ് ഇടത് മുന്നണി വിലയിരുത്തൽ. ശക്തമായ മുന്നണി ബന്ധങ്ങളും പരമ്പരാഗത വോട്ടുബാങ്കുകളിൽ നിലവിലെ പ്രശ്നങ്ങളും ഒരു ചലനവും സൃഷ്ടിക്കാത്തതും തിരഞ്ഞെടുപ്പിൽ മുന്നണിയെ തുണയ്ക്കും എന്ന് തന്നെയാണ് മുന്നണിയുടെ വിലയിരുത്തൽ.

ജലീൽ പ്രശ്നത്തിൽ മുസ്ലിം സമൂഹത്തിൽ മന്ത്രി ജലീലിനു അനുകൂലമായി ചലനം വന്നിട്ടുണ്ട്. ഇത് ഇടതുമുന്നണിയെ ലോക്കൽ ബോഡിയിലും നിയമസഭാ തിരഞ്ഞെടുപ്പിലും തുണയ്ക്കും. ജോസ് കെ മാണിയുടെ വരവ് നാല് നിയമസഭാ സീറ്റ് എങ്കിലും ഇടത് മുന്നണിക്ക് അധികം ലഭിക്കും. സ്വർണ്ണക്കടത്ത് ക്ഷീണമുണ്ടാക്കിയെങ്കിലും ആശാവഹമായ ചില കാര്യങ്ങൾ കേരള രാഷ്ട്രീയത്തിൽ സംഭാവിച്ചിട്ടുണ്ട്. ഇത് മുന്നണിക്ക് അനുകൂലമാണ്. തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനും ഭരണം തിരികെ പിടിക്കാനും ഈ രാഷ്ട്രീയ സംഭവങ്ങൾ സഹായിക്കും എന്നാണ് മുന്നണിയുടെ വിലയിരുത്തൽ. രാഷ്ട്രീയ ഘടകങ്ങൾ ഇടത് മുന്നണിക്ക് അനുകൂലമാണ്. വട്ടിയൂർക്കാവും കോന്നിയും യുഡിഎഫ് കയ്യിലിരുന്ന നിയമസഭാ സീറ്റുകളാണ്. ഉപ തിരഞ്ഞെടുപ്പ് വന്നപ്പോൾ രണ്ടു സീറ്റും തിരികെ പിടിച്ചത് ഇടതുമുന്നണിയാണ്. സ്വർണ്ണക്കടത്ത് കേസിലും അനുബന്ധ സംഭവങ്ങളിലും പ്രതിച്ഛായ നഷ്ടമായെങ്കിലും പരമ്പരാഗത വോട്ടു ബാങ്കുകളിൽ ഇത് ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ ശക്തമായ മുൻതൂക്കം നിലവിൽ ഇടത് മുന്നണിക്ക് തന്നെയാണ്. പ്രാദേശിക പ്രശ്നങ്ങൾ ആണ് ഈ തിരഞ്ഞെടുപ്പിൽ ജയസാധ്യതകൾ നിർണ്ണയിക്കുന്നത് എന്നതിനാൽ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ പ്രയാസമില്ലെന്നാണ് വിലയിരുത്തൽ. ജോസ് കെ മാണിയെ പിണക്കിയത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കടുത്ത തിരിച്ചടിക്ക് വഴിവെക്കും. മധ്യ കേരളത്തിൽ ഇടതുമുന്നണിയുടെ നില ശക്തമാക്കാൻ കേരളാ കോൺഗ്രസ് ഒപ്പമുള്ളത് സഹായിക്കും. ശക്തമായ പാർട്ടികൾ ഒപ്പമുള്ളത് കൂടാതെ ജോസ് കെ മാണികൂടി ഇടതുമുന്നണിക്ക് ഒപ്പം വന്നത് ജയസാധ്യതകൾ ഭദ്രമാക്കിയിട്ടുണ്ട്.

ആദ്യം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും അത് ആയുധമാക്കി നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം കൊയ്യാൻ കഴിയും എന്നാണ് മുന്നണി വിലയിരുത്തൽ. ലോക്ക് ഡൗൺ കാലത്ത് തുടർച്ചയായി സൗജന്യ റേഷൻ നല്കിയതും കിറ്റ് വിതരണം തുടരുന്നതുമെല്ലാം താഴത്തെ തട്ടിൽ സ്ഥിതി ഭദ്രമാക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നമല്ല. ലോക്ക് ഡൗൺ കാലത്ത് സഹായ വിതരണങ്ങൾ ഒരു മുടക്കവും കൂടാതെ നടത്തിയിട്ടുണ്ട്. ക്ഷേമ പെൻഷൻ വിതരണവും പെൻഷൻ വിതരണവും ഒന്നും മുടങ്ങിയിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ടു സൗജന്യ കിറ്റ് വിതരണം നാല് മാസത്തേക്ക് നീട്ടിയതും സർക്കാരിനെ തുണയ്ക്കാൻ പര്യാപ്തമാണ്.

മുസ്ലിം ലീഗ് യുഡിഎഫിന് ഒപ്പമാണെങ്കിലും സ്വർണ്ണക്കടത്തിലെ ഖുറാൻ വിവാദം ലീഗിനും യുഡിഎഫിനും കനത്ത തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. ഈ രാഷ്ട്രീയ തിരിച്ചടി മനസിലാക്കിയാണ് ഖുറാൻ വിവാദത്തിൽ ലീഗ് നേതാക്കൾ പിന്നോക്കം പോയത്. ഇത് ഇടതുമുന്നണിക്ക് മുസ്ലിം വോട്ടു ബാങ്കുകളിൽ പിന്തുണ ഉയർത്താൻ പര്യാപ്തമാക്കിയിട്ടുണ്ട്. നയതന്ത്ര വഴിയിൽ ഖുറാന് ഒപ്പം സ്വർണം വന്നു എന്ന് ലീഗ് നേതാക്കൾ കൂടി ഏറ്റു പിടിച്ചത് മുസ്ലിം ജനസാമാന്യത്തിൽ ശക്തമായ വികാരം ലീഗിനും യുഡിഎഫിനും എതിരെ വന്നിട്ടുണ്ട്. ഇത് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് അനുകൂല വോട്ടുകൾ ആയി മാറും. പൗരത്വ പ്രശ്നത്തിൽ മുസ്ലിം വിഭാഗത്തിനൊപ്പം ശക്തമായി നിലകൊണ്ടത് സിപിഎമ്മാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കൂടി പിണക്കിയാണ് ഗവർണറുടെ അനുമതി പോലും തേടാതെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതും മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഇടതുമുന്നണിക്കുള്ള പിന്തുണ ഉറച്ചതാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വരുന്ന ലോക്കൽ ബോഡി-നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഒപ്പം നിൽക്കുമെന്ന് ഇടതു മുന്നണിയുടെ കണക്കുകൂട്ടൽ വരുന്നത്.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചാൽ ആത്മവിശ്വാസത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയും. യുഡിഎഫ് എന്നാൽ കോൺഗ്രസും ലീഗും മാത്രമായി മാറി. മറ്റുള്ളത് താരതമ്യേന ചെറിയ കക്ഷികളാണ്. കോൺഗ്രസും ലീഗും കേരളാ കോൺഗ്രസും അടങ്ങുന്ന ശക്തമായ യുഡിഎഫ് ആയിരുന്നു മുൻപ് ഉണ്ടായിരുന്നത്. ശാക്തിക ബലാബലത്തിൽ ഇപ്പോൾ ശക്തമായി നിലകൊള്ളുന്നത് ഇടത് മുന്നണിയാണ്. നിലവിലെ കക്ഷികൾ ഒന്നും ഇടത് മുന്നണിയെ വിട്ടു പോയിട്ടില്ല. മറിച്ച് കൂടുതൽ യുഡിഎഫ് കക്ഷികൾ ഇടതുമുന്നണിയിലേക്ക് എത്തുകയാണ് ചെയ്തത്. പല മണ്ഡലങ്ങളിലും എൽജെഡിക്ക് ശക്തമായ വോട്ടു ബാങ്ക് ഉണ്ട്. സിപിഎമ്മിന് ശക്തി കുറഞ്ഞ മണ്ഡലങ്ങളിൽ വിജയത്തിന് ഈ വോട്ടുകൾ ഇടതുമുന്നണിക്ക് ജയം നൽകാൻ പര്യാപ്തമാണ്. ജനതാദൾ സെക്യുലറും ഇടത് മുന്നണിക്ക് ഒപ്പം അടിയുറച്ച് നിലകൊള്ളുന്നു. പല മണ്ഡലങ്ങളിലും ജനതാദളിന് സ്വാധീനമുണ്ട്. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള രണ്ടു ജനതാദളും ഇടത് മുന്നണിയിലാണ്.

ആർഎസ്‌പിയുടെ കോവൂർ കുഞ്ഞുമോൻ വിഭാഗവും ഇടത് മുന്നണിയിലുണ്ട്. മറ്റൊരു ന്യൂനപക്ഷ കക്ഷിയായ ഐഎൻഎല്ലിനും പല നിയമസഭാ മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നു ആരോപണം വന്നെങ്കിലും കാരാട്ട് റസാഖിനും പി.ടി.എ.റഹിമിനുമൊക്കെ പല ലീഗ് നേതാക്കളെക്കാൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ട്. ബാലകൃഷ്ണപിള്ള ഇപ്പോഴും ഇടതു മുന്നണിയിൽ തന്നെയാണ്. എൻഎസ്എസ് വോട്ടുകൾ ചില മണ്ഡലങ്ങളിൽ പിള്ളയുടെ വഴിയെ വരും. കാന്തപുരം സിപിഎമ്മിന് ഒപ്പമാണ്. കാന്തപുരവും സിപിഎമ്മും തമ്മിലെ പാലമാണ് കെ.ടി.ജലീൽ. ഈ ബന്ധത്തിന്റെ പുറത്ത് തന്നെയാണ് സ്വർണ്ണക്കടത്ത് കേസിൽ ജലീലിനെ കേന്ദ്ര ഏജൻസികൾ പിടിവിടാതെ പിന്നാലെ കൂടുന്നത്. പക്ഷെ ഇതൊന്നും സിപിഎം കണക്കിലെടുത്തിട്ടില്ല. അങ്ങനെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പിണറായിയും സിപിഎമ്മും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP