Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

14 നിയമസഭാ സീറ്റുകളിൽ നിർണ്ണായകമെന്ന് ഉറപ്പായതോടെ എന്തു വില കൊടുത്തും ജോസിനെ തിരികെ കൊണ്ടു വരാൻ കച്ചകെട്ടിറങ്ങി കോൺഗ്രസ്; ജോസഫുമായി ഒത്തുതീർപ്പിലെത്താൻ ജോസിന്റെ മേൽ കത്തോലിക്കാ മെത്രാന്മാരുടെ സമ്മർദ്ദവും; വരുന്നുണ്ടെങ്കിൽ ഇപ്പോൾ വരണം എന്നു പറഞ്ഞ് വേഗത കൂട്ടി സിപിഎം; രണ്ടിലയും എമ്മും ഉപേക്ഷിച്ച് ജോസഫിന്റെ തുടക്കം; പാർട്ടിയുടേയും രണ്ടിലയുടേയും അവകാശം ഉറപ്പിച്ചതോടെ ജോസ് കെ മാണിക്ക് വൻ ഡിമാൻഡ്

14 നിയമസഭാ സീറ്റുകളിൽ നിർണ്ണായകമെന്ന് ഉറപ്പായതോടെ എന്തു വില കൊടുത്തും ജോസിനെ തിരികെ കൊണ്ടു വരാൻ കച്ചകെട്ടിറങ്ങി കോൺഗ്രസ്; ജോസഫുമായി ഒത്തുതീർപ്പിലെത്താൻ ജോസിന്റെ മേൽ കത്തോലിക്കാ മെത്രാന്മാരുടെ സമ്മർദ്ദവും; വരുന്നുണ്ടെങ്കിൽ ഇപ്പോൾ വരണം എന്നു പറഞ്ഞ് വേഗത കൂട്ടി സിപിഎം; രണ്ടിലയും എമ്മും ഉപേക്ഷിച്ച് ജോസഫിന്റെ തുടക്കം; പാർട്ടിയുടേയും രണ്ടിലയുടേയും അവകാശം ഉറപ്പിച്ചതോടെ ജോസ് കെ മാണിക്ക് വൻ ഡിമാൻഡ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെറുതോണിയിൽ നടത്തുന്ന നിരാഹാരസമര പന്തലിലെ ബോർഡിൽനിന്ന് പാർട്ടിയുടെ 'എം' അപ്രത്യക്ഷമായി. പാർട്ടിചിഹ്നവും ഇല്ല. ഇതു രണ്ടും ജോസ് വിഭാഗത്തിന് സ്വന്തമാക്കാമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയോടെ ജോസഫ് ഇതു രണ്ടും ഉപേക്ഷിക്കുകയാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനനത്തിൽ അയോഗ്യതാ ഭയവും ഉണ്ട്. പിജെ ജോസഫിനും മോൻസ് ജോസഫിനും എതിരെ പരാതി നൽകാനാണ് ജോസ് കെ മാണിയുടെ തീരുമാനം. ഏതായാലും കേരളാ കോൺഗ്രസ് എമ്മിന്റെ ചെയർമാൻ ജോസ് കെ മാണിയാണെന്ന് രാഷ്ട്രീയ കേരളം സമ്മതിക്കുകയാണ്. അതിനിടെ ആയോഗ്യതാ പേടിയിൽ നിന്ന് രക്ഷപ്പെടാൻ ജോസ് കെ മാണിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുകയാണ് പിജെ ജോസഫ്.

അതിനിടെ ജോസ് കെ.മാണി വിഷയത്തിൽ സമ്പൂർണ യുഡിഎഫ് യോഗത്തിൽ ആലോചിച്ച ശേഷം മാത്രമേ ചർച്ചയുള്ളൂവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ഇതു സംബന്ധിച്ച നടത്തിയ ചർച്ചകളിൽ നിർഭാഗ്യവശാൽ തീരുമാനത്തിലെത്താനായില്ലെന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇനിയെന്തു ചെയ്യണം എന്നത് എല്ലാവരും കൂടിയാലോചിച്ചു തീരുമാനിക്കേണ്ടതുണ്ട്. വെർച്വൽ അല്ലാതെ നേതാക്കൾ നേരിട്ടു പങ്കെടുക്കുന്ന യോഗത്തിൽ ആലോചിക്കാനാണു ധാരണ. അടുത്ത യുഡിഎഫ് സമ്പൂർണ യോഗത്തിന്റെ തീരുമാനപ്രകാരം മാത്രമേ അടുത്തഘട്ടം ചർച്ചയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി നേരിട്ട് തന്നെ ജോസ് കെ മാണിയുമായി അനുനയ ചർച്ച നടത്തും.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് കിട്ടിയതോടെ കോൺഗ്രസും വെട്ടിലായി. 14 സീറ്റുകളിൽ ജോസ് കെ മാണിയുടെ നിലപാട് നിർണ്ണായകമാണ്. കോട്ടയത്തും പത്തനംതിട്ടയിലും ഭൂരിഭാഗം സീറ്റുകളും ജയിക്കാൻ ജോസിനെ ഒപ്പം നിർത്തണമെന്ന വികാരം യുഡിഎഫിലും സജീവമാണ്. മുസ്ലിം ലീഗാണ് ജോസ് പക്ഷത്തിന് വേണ്ടി നീക്കം നടത്തുന്നത്.

ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തിൽ മുന്നണിയുടെ തീരുമാനത്തിനായി കാക്കാൻ കോൺഗ്രസ് നലിപാട് എടുത്തത്. ജോസ് കെ. മാണി വിഭാഗത്തെ മുന്നണി യോഗത്തിൽനിന്നു മാറ്റിനിർത്താൻ തീരുമാനിച്ചത് മുന്നണി നേതൃത്വമാണ്. ആ സ്ഥിതിയിൽ തുടർന്നുള്ള കാര്യവും മുന്നണിതന്നെ തീരുമാനിക്കട്ടേയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

ഇക്കാര്യത്തിൽ ധൃതിപിടിച്ചൊരു നിലപാടിലേക്ക് പോകേണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ജോസ് വിഭാഗവുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിലെ തീരുമാനമനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ ഇനി മുന്നോട്ടുപോകുകയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിശദീകരിച്ചു. ഉടനെയൊരു അനുരഞ്ജനസംഭാഷണം ഉദ്ദേശിക്കുന്നില്ലെന്നാണ് ലീഗ് നേതാവിന്റെയും നിലപാട്. ബുധനാഴ്ച ചേരാനിരുന്ന യു.ഡി.എഫ്. യോഗം മാറ്റിവെച്ചിരിക്കയാണ്. പുതിയ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും അധികം വൈകാതെ യോഗം ചേരും.

കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് വിഭാഗം മേൽക്കൈ നേടിയതിനാൽ യു.ഡി.എഫിലേക്ക് മടങ്ങണമെങ്കിൽത്തന്നെ അവർ കടുത്ത വിലപേശൽ നടത്തും. അതിനിടെ ജോസ് പക്ഷത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ കത്തോലിക്കാ മെത്രാന്മാരും നീക്കം നടത്തുന്നുണ്ട്. പിജെ ജോസഫിനെ പിണക്കരുതെന്നും ഒപ്പം നിർത്തണമെന്നുമാണ് അവരുടെ ആവശ്യം.

നിയമസഭാ, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ പാർട്ടിയെന്ന നിലയിൽ കേരള കോൺഗ്രസിന് കഴിഞ്ഞ പ്രാവശ്യം അനുവദിച്ച സീറ്റുകൾ തങ്ങൾക്കുതന്നെ നൽകണമെന്ന നിലപാടായിരിക്കും യുഡിഎഫുമായുള്ള ചർച്ചകളിൽ ജോസ് സ്വീകരിക്കുക. ചങ്ങനാശ്ശേരി, കടുത്തുരുത്തി സീറ്റുകളുടെ കാര്യത്തിൽ കടുംപിടിത്തം പിടിക്കും. ഇവിടത്തെ സിറ്റിങ് എംഎ‍ൽഎ.മാർ ജോസഫിനൊപ്പമായതാണ് ഇതിന് കാരണം. ഇതിനിടെ ജോസ് കെ മാണിക്ക് വേണ്ടി സിപിഎമ്മു ചരടു വലികൾ സജീവമാക്കിയിട്ടുണ്ട്. ഇപ്പോൾ വന്നാൽ മുന്നണിയിൽ എടുക്കാം എന്നാണ് വാഗ്ദാനം.

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് കേരളാ കോൺഗ്രസിനെ യുഡിഎഫുമായി അകറ്റിയത്. മുന്നണിയുമായുണ്ടാക്കിയ ധാരണ അനുസരിക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന ന്യായമാണ് കോൺഗ്രസിന്റേത്. ജോസഫ് പക്ഷത്തിന് നൽകാനായിരുന്നു നീക്കം. എന്നാൽ ചിഹ്നവും പേരും ജോസ് കെ മാണിക്ക് ആയതോടെ ഈ നീക്കം ചോദ്യം ചെയ്യപ്പെടുകയാണ്. ഇടതുമുന്നണിയും തങ്ങൾക്ക് അനുകൂല നിലപാടിലേക്ക് വരുന്നതായാണ് ജോസ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ. പാർട്ടിക്ക് അംഗീകാരം ലഭിച്ചതിനാൽ മറുകണ്ടം ചാടാൻ നിന്നവരും ഒപ്പംനിൽക്കുമെന്ന ജോസ് കരുതുന്നു.

മധ്യതിരുവിതാംകൂറിലടക്കം കഴിയുന്നത്ര സീറ്റുകൾനൽകി തദ്ദേശ തിരഞ്ഞെടുപ്പിലുള്ള സഹകരണമാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. ഇത് കോൺഗ്രസിനും അറിയാം. ഇത് മനസ്സിലാക്കിയാണ് എങ്ങനേയും ജോസ് പക്ഷത്തെ ഒപ്പം നിർത്താനുള്ള നീക്കം. അതിനിടെ രണ്ടില ചിഹ്നത്തിൽ മത്സരിച്ചുവിജയിച്ച് പ്രാദേശിക ജനപ്രതിനിധികളായവരുടെ യോഗം വിളിച്ചുചേർക്കാൻ ജോസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ പിടിമുറുക്കാനുള്ള ഇവരുടെ നീക്കം.

പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ അംഗങ്ങളായ പാർട്ടിയിലെ ഒരുവിഭാഗം നിലവിൽ ജോസഫിനൊപ്പമാണ്. ഔദ്യോഗികവിഭാഗമെന്നനിലയിൽ തങ്ങൾക്ക് ഇവരുടെ യോഗം വിളിച്ചുചേർക്കാൻ അധികാരമുണ്ടെന്നാണ് ജോസ് വിഭാഗം പറയുന്നത്. മുന്നണിയിൽനിന്ന് മത്സരിച്ചവരെയും, ഒറ്റയ്ക്ക് രണ്ടില ചിഹ്നത്തിൽ മത്സരിച്ചവരെയും യോഗത്തിലേക്ക് വിളിക്കും. പങ്കെടുത്തില്ലെങ്കിൽ നടപടികളുണ്ടാകുമെന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ചെയർമാന്റെ നിർദ്ദേശപ്രകാരം അതത് മണ്ഡലം കമ്മിറ്റികളായിരിക്കും യോഗം വിളിക്കുക. ജനപ്രതിനിധികളുടെ പട്ടിക തയ്യാറാക്കിനൽകാൻ സംസ്ഥാനനേതൃത്വം നിലവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP