Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോണിയയും രാഹുലും വെയിലു കൊണ്ടത് വെറുതേ ആകുമോ? രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ മോദി ജയലളിതയുടെ പിന്തുണ തേടിയെന്ന് സൂചന; കൂടിക്കാഴ്‌ച്ച തെരഞ്ഞെടുപ്പ് സഖ്യത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തൽ

സോണിയയും രാഹുലും വെയിലു കൊണ്ടത് വെറുതേ ആകുമോ? രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ മോദി ജയലളിതയുടെ പിന്തുണ തേടിയെന്ന് സൂചന; കൂടിക്കാഴ്‌ച്ച തെരഞ്ഞെടുപ്പ് സഖ്യത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തൽ

ചെന്നൈ: മോദിക്കും ബിജെപി സർക്കാറിനും എതിരെ കൊടിപിടിച്ച് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പാർലമെന്റിന് വെളിയിൽ നിന്ന് വെയിലുകൊണ്ടത് വെറുതേയാകുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി തമ്മിൽ ചെന്നൈയിൽ വച്ച് കൂടിക്കാഴ്‌ച്ച നടത്തിയതോടെ രാഷ്ട്രീയകേന്ദ്രങ്ങളിൽ ഈ ചോദ്യം ശക്തമായി ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കാരണം തമിഴ്‌നാട് തെരഞ്ഞെടുപ്പ് കൂടി അടുത്തുവരുന്ന സാഹചര്യത്തിൽ ഒരു രാഷ്ട്രീയ സഖ്യത്തിലേക്ക് പോലും ബിജെപിയും എഐഎഡിഎംകെയും നീങ്ങിയേക്കുമെന്ന സൂചന നൽകുന്നതായിരുന്നു ഇന്നത്തെ കൂടിക്കാഴ്‌ച്ച.

ദേശീയ കൈത്തറി ദിനം പ്രഖ്യാപിക്കുന്നതിനായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയലളിതയുടെ വസതിയിലായിരുന്നു ഇന്ന് ഉച്ചയൂണ്. ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഉച്ചയോടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലാണ് നരേന്ദ്ര മോദി ഉച്ചഭക്ഷണത്തിനായി എത്തിയത്. മദ്രാസ് യൂണിവേഴ്‌സിറ്റിയിലാണ് ദേശീയ കൈത്തറി ദിനം പ്രഖ്യാപന ചടങ്ങുകൾ. നേരത്തെ ചെന്നൈയിൽ വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ ജയലളിത വിമാനത്താവളത്തിലെത്തി സ്വീകരിക്കുകയും ചെയ്തിരുന്നു. നേരത്തെ മുതൽ തന്നെ നല്ല സുഹൃത്തുക്കളാണ് മോദിയും ജയലളിതയും. അതുകൊണ്ട് തന്നെ മോദിക്ക് ഊഷ്മള സ്വീകരണമാണ് അവർ ഒരുക്കിയത്.

ഏറെ നാളായി വീടിന് പുറത്ത് പൊതുപരിപാടികൾ ഒഴിവാക്കി വരികയായിരുന്നു ജയലളിത. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും ജയലളിത എത്തിയിരുന്നില്ല. ജയലളിതയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നരേന്ദ്ര മോദി ചെന്നൈയിൽ എത്തിയപ്പോൾ ജയലളിത പ്രൊട്ടോക്കോൾ പ്രകാരം വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി. തുടർന്ന് ഇരുനേതാക്കളും 15 മിനുട്ടോളം കൂടിക്കാഴ്ച നടത്തി. രാജ്യസഭയിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നരേന്ദ്ര മോദി ജയലളിത ചർച്ചകൾ വൻ പ്രാധാന്യമുള്ളതാണ് ലോക്‌സഭയിൽ മൃഗീയഭൂരിപക്ഷമുണ്ടെങ്കിലും പ്രധാന ബില്ലുകൾ പാസാക്കാൻ ബിജെപിക്ക് ഇപ്പോൾ സാധിക്കുന്നില്ല.

കൂടിക്കാഴ്‌ച്ചയിൽ രാജ്യസഭയിൽ കോൺഗ്രസിനെ സഹായിക്കണമെന്ന അഭ്യർത്ഥന മോദി നടത്തിയെന്ന സ്ഥിരികരിക്കാത്ത വാർത്തകൾ പുറത്തുവരുന്നുണ്ട്. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴനാട്ടിൽ സ്വാധീനം ഉറപ്പിക്കുകയാണ് മോദിയുടേയും ബിജെപിയുടേയും ലക്ഷ്യം. അതുംകൂടി മുന്നിൽ കണ്ടാണ് മോദി ജയയെ കാണാൻ എത്തിയതെന്നും രാഷ്ട്രീയ കേന്ദ്രങ്ങൽ വിലയിരുത്തുന്നു. സാധാരണ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ അങ്ങോട്ട് ചെന്ന് കാണുകയാണ് പതിവ്. എന്നാൽ, മോദി ആ പതിവ് പ്രോട്ടോക്കോൾ തെറ്റിക്കുകുയും ജയയെ അങ്ങോട്ട് ചെന്ന് കാണുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി തന്ത്രപ്രധാനമായ സഖ്യമുണ്ടാക്കുക എന്നത് തന്നെയാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദക്ഷിണേന്ത്യയിൽ തമിഴ്‌നാട്ടിൽ മാത്രമാണ് നിലവിൽ ബിജെപിക്ക് സ്വാധീനമില്ലാത്തത്. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി ചെന്നൈയിലെത്തുന്നത്. മുമ്പ് ഒരു തവണ പൊയസ് ഗാർഡനിൽ എത്തിയിരുന്നു. എന്നാലത് ജയയെ കാണാനായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജയയുടെ അയൽക്കാരനും തമിഴ് സൂപ്പർ താരവുമായ രജനികാന്തിനെ കാണാനായിരുന്നു. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ തമിഴ്‌നാട്ടിൽ ശക്തി ക്ഷയിച്ചു നിൽക്കുന്ന സമയമായതിനാൽ തന്നെ ജയയുടെ സഹായത്തോടെ തമിഴ്‌നാട്ടിൽ വേരുറപ്പിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39ൽ 37 സീറ്റും ജയലളിത നേടിയിരുന്നു. ജയ മോദിയുടെ സർക്കാരിൽ ചേർന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളും വന്നിരുന്നതാണ്. എന്നാൽ, പല കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. എന്നാലും മോദിയുമായി ജയയ്ക്ക് നല്ല ബന്ധം തന്നെയാണുള്ളത്. തമിഴ്‌നാട്ടിൽ ഇപ്പോഴത്തെ സ്ഥിതിൽ കോൺഗ്രസ് തീർത്തും ദുർബലമായിരിക്കയാണ്. അതുകൊണ്ട് തന്നെ ഡിഎംകെയുമായി സഖ്യത്തിൽ ഏർപ്പെട്ടാൽ പോലും കരുണാനിധിക്കും കൂട്ടർക്കും രക്ഷയില്ലെന്നും വിലയിരുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP