Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമതയെ വേദനിപ്പിക്കൽ; ഒപ്പം ജാട്ടുകളെ അടുപ്പിക്കൽ; മോദിയും അമിത് ഷായും ആർ എസ് എസും ചേർന്നെടുത്ത അതീവ രഹസ്യ തീരുമാനം; രാജസ്ഥാനിലും ഭരണം പിടിക്കാനുള്ള തന്ത്രമൊരുക്കൽ; കർഷക പുത്രനെ ഉയർത്തുന്നതും പ്രതിപക്ഷത്തെ വെട്ടിലാക്കുന്ന രാഷ്ട്രീയ തന്ത്രം; നിരാശനായി ആരിഫ് മുഹമ്മദ് ഖാൻ; മുസ്ലിം നേതാക്കളെ തഴഞ്ഞ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയാകുമ്പോൾ

മമതയെ വേദനിപ്പിക്കൽ; ഒപ്പം ജാട്ടുകളെ അടുപ്പിക്കൽ; മോദിയും അമിത് ഷായും ആർ എസ് എസും ചേർന്നെടുത്ത അതീവ രഹസ്യ തീരുമാനം; രാജസ്ഥാനിലും ഭരണം പിടിക്കാനുള്ള തന്ത്രമൊരുക്കൽ; കർഷക പുത്രനെ ഉയർത്തുന്നതും പ്രതിപക്ഷത്തെ വെട്ടിലാക്കുന്ന രാഷ്ട്രീയ തന്ത്രം; നിരാശനായി ആരിഫ് മുഹമ്മദ് ഖാൻ; മുസ്ലിം നേതാക്കളെ തഴഞ്ഞ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ എത്തുമെന്ന് ഉറപ്പാകുമ്പോൾ നിരാശനാകുന്നത് കേരളാ ഗവർണ്ണർ. പശ്ചിമ ബംഗാൾ ഗവർണ്ണറെ ഉപരാഷ്ട്രപതിയായി ബിജെപി ഉയർത്തുന്നതും വ്യക്തമായ പദ്ധതിയുടെ ഭാഗമായാണ്. എല്ലാവരുടെയും അഭിപ്രായം മാനിച്ച് ബിജെപിയുടെയും എൻഡിഎയുടെയും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി 'കർഷക പുത്രനായ' ജഗ്ദീപ് ധൻകറിനെ പ്രഖ്യാപിക്കുന്നു.'' സ്ഥാനാർത്ഥി നിർണയത്തിലെ സൂക്ഷ്മതയിൽ എന്നും അദ്ഭുതപ്പെടുത്തിയിട്ടുള്ള ബിജെപി ഇത്തവണയും അത് കൈവിട്ടില്ല. ഗ്രോത വിഭാഗത്തിൽനിന്നുള്ള ആദ്യ വനിത രാഷ്ട്രപതി സ്ഥാനാർത്ഥിക്കു പിന്നാലെ കർഷക കുടുംബത്തിൽനിന്നുള്ള ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലെ തീരുമാനം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. നിലവിൽ ബംഗാൾ ഗവർണറായ ജഗ്ദീപ് മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള പോരിലൂടെയാണ് വാർത്തകളിൽ ഇടം നേടിയത്.

മുസ്ലിം നേതാവ് ഉപരാഷ്ട്രപതിയാകുമെന്നായിരുന്നു പ്രചരണം. ഉപരാഷ്ട്രപതിയെ നിശ്ചയിക്കാൻ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ട്. ഈ സാഹര്യത്തിൽ മുക്താസ് നഖ് വിയോ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനോ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുസ്ലീമിനെ ഉയർത്തിക്കാട്ടുന്നതിനോട് ചില പരിവാർ നേതാക്കൾക്ക് വിയോജിപ്പുണ്ടായിരുന്നു. ഭയം കാരണം ബിജെപി ചെയ്യുന്ന നീക്കമായി അതിനെ വിലയിരുത്തുമെന്നും വാദമുയർന്നു. ഇതോടെയാണ് മറ്റ് പേരുകളിലേക്ക് ചർച്ച എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മാത്രമാണ് തീരുമാനങ്ങളിൽ പങ്കാളിയായത്. ബാക്കിയെല്ലാവരേയും ബിജെപി പാർലമെന്ററീ പാർട്ടി യോഗത്തിലാണ് ആരാണ് സ്ഥാനാർത്ഥിയെന്ന് അറിയിച്ചത്. പശ്ചിമ ബംഗാൾ മമതാ ബാനർജിക്ക് തിരിച്ചടിയാണ് ഇത്. രാജസ്ഥാനിലേക്കുള്ള ബിജെപിയുടെ താൽപ്പര്യവും ധൻകറിനെ തുണച്ചു.

ബിജെപി ദേശീയ ആസ്ഥാനത്തു ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ധൻകറിനെ തിരഞ്ഞെടുത്തത്. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ പേരുകളും ആദ്യഘട്ടം മുതൽ സ്ഥാനാർത്ഥിപദത്തിലേക്ക് ഉയർന്നുവന്നിരുന്നത്. ഇവരെയെല്ലാം പിന്തള്ളിയാണ് ധൻകർ സ്ഥാനാർത്ഥിയാകുന്നത്.

കേരളാ സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാനും. എന്നാൽ കേന്ദ്ര സർക്കാരിന് ബംഗാളിനോടുള്ള അത്ര പ്രശ്‌നങ്ങൾ പിണറായി സർക്കാരുമായില്ല. ഈ സാഹചര്യവും ആരിഫ് മുഹമ്മദ് ഖാന് വിനയായി. ബംഗാൾ രാഷ്ട്രീയത്തിലെ പ്രത്യേക താൽപ്പര്യവും തീരുമാനത്തിൽ നിർണ്ണായകമായി. ഗവർണറുമായി പോരടിക്കുമ്പോഴെല്ലാം ജഗ്ദീപ് ധൻകർ 'ബംഗാളിന്റെ അതിഥി'യാണെന്ന പതിവുരാഷ്ട്രീയ തന്ത്രം തന്നെയാണു മമതാ ബാനർജി പുറത്തെടുത്തിരുന്നത്. രാജ്ഭവനിലേക്കു തേനൂറുന്ന മാൾഡ മാമ്പഴവും സമ്മാനങ്ങളും കൊടുത്തയക്കുന്ന മമത തൊട്ടടുത്ത സന്ദർഭത്തിൽ ഗവർണർക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം ഡാർജിലിങ്ങിലെ വേനൽക്കാല വസതിയിലെത്തി ഗവർണറെ മമതാ ബാനർജി കണ്ടിരുന്നു.

രാജസ്ഥാനിലെ കിതാന ഗ്രാമത്തിൽ ജനിച്ച ജഗ്ദീപ് ധൻകർ, സൈനിക് സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ജയ്പൂരിൽ ഫിസിക്‌സ് ഓണേഴ്‌സിനു ചേർന്നു.രാജസ്ഥാൻ സർവകലാശാലയിൽനിന്നു എൽഎൽബി പാസായശേഷം 1979 നവംബർ 10 നു അഭിഭാഷകനായി എന്റോൾ ചെയ്തു. സുപ്രീം കോടതിയിലും രാജസ്ഥാൻ ഹൈക്കോടതിയിലും മികവു തെളിയിച്ച അഭിഭാഷകനായ ധൻകർ ജനതാദൾ ടിക്കറ്റിലാണ് 1989 ൽ രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തിയത്. 1990 ൽ കേന്ദ്രമന്ത്രിയായി. 1993 ൽ കോൺഗ്രസിൽ ചേർന്നു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗറിൽ നിന്നു നിയമസഭയിലെത്തി. 2003 ൽ ആണ് ബിജെപിയിൽ ചേരുന്നത്.

കായികരംഗവുമായി അടുത്ത ബന്ധമാണുള്ളത്. രാജസ്ഥാൻ ഒളിംപിക് അസോസിയേഷന്റെയും ടെന്നിസ് അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. ഐസിസി ഇന്റർനാഷണൽ കോർട്ട് ഓഫ് ആർബിട്രേഷൻ അംഗവുമായിരുന്നു. രാഷ്ട്രീയത്തിനൊപ്പം അഭിഭാഷരംഗത്തും അദ്ദേഹം സജീവമായിരുന്നു. 1993 മുതൽ 1998 വരെ കിഷാൻഗർ മണ്ഡലത്തെ പ്രതിനിധീകരിച്ച് രാജസ്ഥാൻ വിദാൻ സഭയിലും അംഗമായി. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിക്കുന്നത്. ഭാര്യ സുദേഷ ധൻകർ. ഒരു മകളുണ്ട്. തൃണമൂൽ നേതൃത്വം ജഗ്ദീപിനെ 'ബിജെപി ഏജന്റാ'യി കണക്കാക്കിയപ്പോൾ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന മികച്ച ഗവർണറായി സംസ്ഥാന ബിജെപിയും അദ്ദേഹത്തെ വാഴ്‌ത്തി. മമതാ ബാനർജിക്കെതിരെ പോരടിക്കാനല്ല മറിച്ച് മമത സർക്കാരിന്റെയും സംസ്ഥാന നിയമസഭയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്യുന്നതെന്നാണ് ധൻകർ പറയുന്നത്.

രാജസ്ഥാനിലെ ജാട്ട് വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതിനായാണ് ധൻകറിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജാട്ട് സമൂഹം കർഷക പ്രതിഷേധം രാജ്യത്ത് ശക്തമായ സമയത്തും ബിജെപിക്കൊപ്പം നിന്നിരുന്നു. സംസ്ഥാനത്ത് ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച വോട്ടുവിഹിതത്തിലും ഇത് പ്രതിഫലിച്ചു. മാത്രമല്ല അടുത്ത വർഷം രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജാട്ട് വിഭാഗം നിർണായക പങ്കുവഹിക്കുന്ന തിരഞ്ഞെടുപ്പിൽ ധൻകറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ബിജെപി പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നേട്ടമാണ്.

ഹരിയാനയിൽനിന്നുള്ള കർഷക നേതാവ് ചൗധരി ദേവി ലാലിന്റെ അനുയായിയാണ് ധൻകറിന്റെയും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയുടെ ഉപ പ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്നു ദേവിലാൽ. ജുൻജുനുവിലെ ലോക്‌സഭാ സ്ഥാനാർത്ഥിയായി 1989ൽ ധൻകറിനെ നിർദേശിക്കുന്നതും ദേവി ലാലാണ്. എന്നാൽ പിന്നീട് ഇദ്ദേഹത്തെ വിട്ട് ധൻകർ കോൺഗ്രസിനൊപ്പം ചേർന്നു. പി.വി.നരസിംഹ റാവുവിന്റെ കാലത്തായിരുന്നു ഇത്. എന്നാൽ രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെലോട്ട് ശക്തനായതോടെ അദ്ദേഹം ബിജെപിയിലേക്കു മാറി. വൈകാതെ വസുന്ധര രാജെയുടെ വിശ്വസ്തനാവുകയും ചെയ്തു.

ജാട്ട് വിഭാഗത്തിനുൾപ്പെടെ ഒബിസി പദവി നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച നേതാവാണ് ധൻകർ. അതിനാലാകണം ജെ.പി. നഡ്ഡ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ 'കർഷക പുത്രൻ' എന്ന് എടുത്തു പറഞ്ഞതും. രാജസ്ഥാൻ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്നു സൂചിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ധൻകർ ഉപരാഷ്ട്രപതിയായാൽ ലോക്‌സഭയും രാജ്യസഭയും നിയന്ത്രിക്കുന്നവർ രാജസ്ഥാനിൽനിന്നാകും. ലോക്‌സഭ സ്പീക്കർ ഓം ബിർല രാജസ്ഥാനിലെ കോട്ടബൻഡി മണ്ഡലത്തിൽനിന്നുള്ള എംപിയാണ്. രാജ്യസഭ നിയന്ത്രിക്കുക ഉപരാഷ്ട്രപതിയാണ്.

ധൻകർ ആദ്യമായി ലോക്‌സഭയിലേക്കെത്തിയ ജുൻജുനുവിലായിരുന്നു ഇത്തവണത്തെ ആർഎസ്എസിന്റെ ദേശീയ സമ്മേളനം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ധൻകറിന്റെ ജന്മസ്ഥലവും ജുൻജുനു ജില്ലയിലാണ്. ഇത്തരത്തിൽ, നേരത്തേത്തന്നെ ബിജെപിയും ആർഎസ്എസും ധൻകറിന്റെ ഉപരാഷ്ട്രപതി സ്ഥാനം സംബന്ധിച്ച കൃത്യമായ ധാരണയിലെത്തിയെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP