Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാര്യത്തോട് അടുത്തപ്പോൾ വെള്ളാപ്പള്ളിക്കും മതേതര രോഗം; ഒട്ടേറെ സമുദായ സംഘടനകളും ആളില്ലാ പാർട്ടികളും എസ്എൻഡിപിയുടെ പാർട്ടിയിൽ ചേരാൻ റെഡി; വെള്ളാപ്പള്ളി വിരുദ്ധരെ ഒരു കുടക്കീഴിൽ ആക്കി എസ്എൻഡിപിയുടെ നേതൃത്വം പിടിക്കാൻ സിപിഎമ്മും; വെള്ളാപ്പള്ളിയെ തളയ്ക്കാൻ സുധീരനും സിപിഎമ്മിനെ തുണയ്ക്കും

കാര്യത്തോട് അടുത്തപ്പോൾ വെള്ളാപ്പള്ളിക്കും മതേതര രോഗം; ഒട്ടേറെ സമുദായ സംഘടനകളും ആളില്ലാ പാർട്ടികളും എസ്എൻഡിപിയുടെ പാർട്ടിയിൽ ചേരാൻ റെഡി; വെള്ളാപ്പള്ളി വിരുദ്ധരെ ഒരു കുടക്കീഴിൽ ആക്കി എസ്എൻഡിപിയുടെ നേതൃത്വം പിടിക്കാൻ സിപിഎമ്മും; വെള്ളാപ്പള്ളിയെ തളയ്ക്കാൻ സുധീരനും സിപിഎമ്മിനെ തുണയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയം തിളച്ചു മറിയുകയാണ്. എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടീ തീരുമാനവും അതിനോടുള്ള സമുദായ സംഘടനകളുടെ നിലപാടുകളുമെല്ലാം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിരീക്ഷണത്തിലാണ്. എസ്എൻഡിപിയുണ്ടാക്കിയെടുക്കാൻ പോകുന്ന ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകളിൽ വിലപേശലുകളും സജീവമാണ്. ചെറു സമുദായ സംഘടനകളും മുന്നണികളാൽ അവഗണിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുമെല്ലാം വീണ്ടും സജീവമാകുന്നു. ഇതിനൊപ്പം വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ മോഹങ്ങൾക്ക് തിരിച്ചടി നൽകാൻ സിപിഐ(എം) കരുക്കൾ നീക്കി രംഗത്തുണ്ട്. കെപിസിസി അധ്യക്ഷൻ വി എം സുധീരനും ഇക്കാര്യത്തിൽ സിപിഎമ്മിനൊപ്പമാണ്. ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകൾ തേടി എസ്എൻഡിപിയുടെ നീക്കത്തെ പിന്തുണയ്ക്കുന്ന ബിജെപി പ്രതീക്ഷയിലാണ്. എന്നാൽ അവരേയും ഞെട്ടിച്ചാണ് ഭൂരിപക്ഷ രാഷ്ട്രീയ വാദത്തെ മതേതര രാഷ്ട്രീയത്തിലേക്ക് വെള്ളാപ്പള്ളി മാറ്റുന്നത്. ഭൂരിപക്ഷ രാഷ്ട്രീയത്തേക്കാൾ കേരളത്തിൽ വേരുറപ്പിക്കാൻ മതേതരമെന്ന വക്കാണ് നല്ലതെന്ന് വെള്ളാപ്പള്ളിയുടെ പുതിയ വിലയിരുത്തൽ.

എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് ഡിസംബറിൽ പാർട്ടി പ്രഖ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുകൂട്ടായ്മയ്ക്ക് പകരം മതേതര ചിന്തയോടെയുള്ള പാർട്ടി രൂപീകരണമാണ് വേണ്ടതെന്നതാണ് ചേർത്തലയിൽ നടന്ന ചർച്ചയിലുണ്ടായ പൊതു അഭിപ്രായം. ഇടത്-വലത് രാഷ്ട്രീയ കക്ഷികൾ കൂട്ടായ്മയെ തകർക്കാൻ ഗൂഢാലോചന നടത്തുകയാണ്. മതേതര ചിന്തയോടെ മറ്റുള്ളവർക്കും ഇടം നൽകിയാലേ സാമൂഹിക നീതി നടപ്പാക്കാൻ കഴിയൂ. എൻ.എസ്.എസ്. ഒഴികെ നായർ സമുദായത്തിലെ മറ്റു സംഘടനകളും ചർച്ചയിൽ പങ്കെടുത്തതായും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ ഇന്നലെ നടന്ന യോഗത്തിൽ എല്ലാ സാധ്യതകളും വെള്ളാപ്പള്ളി തേടി. പൊതുചർച്ച ആരംഭിക്കുന്നതിന് മുമ്പ് വെള്ളാപ്പള്ളിയും യോഗം നേതാക്കളുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി.

രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. എ. ജയശങ്കർ, എൻ.എം. പിയേഴ്‌സൺ, ഫിലിപ് എം. പ്രസാദ്, പി. രാജൻ, ഡോ. ജയപ്രസാദ് എന്നിവരാണു ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. എ. ജയശങ്കർ ഉൾപ്പെടെയുള്ളവർ പാർട്ടി രൂപീകരിക്കുമ്പോഴുണ്ടാകാവുന്ന പ്രതിസന്ധികളും സാഹചര്യങ്ങളും നേട്ടങ്ങളും കോട്ടങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും വിശദീകരിച്ചു. പിയേഴ്‌സണും പി. രാജനും ഫിലിപും ജയപ്രസാദും ഇതേതരത്തിലുള്ള അഭിപ്രായമാണ് പങ്കുവച്ചത്. ഇതിൽ ജയപ്രസാദ് സംഘപരിവാറുമായി അടുത്തു നിൽക്കുന്ന വ്യക്തിയാണ്. ഇവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് രാഷ്ട്രീയ പാർട്ടിയെന്ന ലക്ഷ്യത്തിലെത്തുന്നത്. മതേതര പാർട്ടിയെന്ന മുഖം നേടിയെടുത്ത് കഴിയുന്നത്ര ആളുകളെ കൂടെ നിർത്താനാണ് നീക്കം. നിലവിൽ ബിജെപി മുന്നണിയോടാണ് താൽപ്പര്യം. എന്നാൽ ഭാവിയിൽ എന്ത് രാഷ്ട്രീയ നീക്കത്തിനും താൻ തയ്യാറാണെന്ന സൂചനയാണ് വെള്ളാപ്പള്ളി നൽകുന്നത്. ഇടതു പക്ഷ വോട്ട് ബാങ്ക് തന്നിൽ നിന്ന് ചോരുമോ എന്ന ഭയവും വെള്ളാപ്പള്ളിക്കുണ്ട്്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ നീങ്ങൂ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന് എസ്.എൻ.ഡി.പി. പ്രാധാന്യം കൽപ്പിക്കുന്നില്ല. ഇരുമുന്നണികളിലുമുള്ള യോഗം പ്രവർത്തകർക്കു സ്ഥാനാർത്ഥിത്വം കിട്ടിയാൽ മൽസരിക്കാം. മറ്റുള്ളവർ മൽസരിക്കുമ്പോൾ സ്വതന്ത്രചിഹ്‌നത്തിലാകണമെന്നാണു നിർദ്ദേശം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം സഹായിച്ചാൽ തിരിച്ചും സഹായിക്കും. എസ്.എൻ.ഡി.പിയുടെ നിലപാട് അംഗീകരിക്കുന്ന നല്ല കമ്യൂണിസ്റ്റുകാരുമുണ്ട്. ജി. സുധാകരൻ മുൻകൈയെടുത്ത് എസ്.എൻ.ഡി.പിയെ എൽ.ഡി.എഫിന്റെ ഘടകകക്ഷിയാക്കണം. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി. അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഡിസംബറിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തുഷാർ സമ്മതം അറിയിച്ചിട്ടുണ്ട്. തദ്ദേശത്തിൽ വലിയ വിലപേശലുകൾക്ക് നിൽക്കാതെ നിയമസഭയിലേക്ക് കണ്ണുവയ്ക്കാൻ തന്നെയാണ് നീക്കം. കഴിയുന്നത്ര സാമുദായിക സംഘടനകളെ ഇതിനൊപ്പം ചേർക്കും. നായാടി മുതൽ നമ്പൂതിരി വരെ എന്ന പ്രയോഗം തൽക്കാലത്തേക്ക് മാറ്റി വയ്ക്കും. എന്നാൽ പരോക്ഷമായി ഹൈന്ദവ വോട്ട് ബാങ്ക് തന്നെയാണ് ലക്ഷ്യവും.

അതിനിടെ എസ്എൻഡിപി യോഗത്തെ സംഘപരിവാർ സംഘടനകൾക്ക് അടിയറ വയ്ക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ കൊച്ചിയിൽ ചേർന്ന വിമതരുടെ യോഗം തീരുമാനിച്ചു. എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി കെ. ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ദേവസ്വം സെക്രട്ടറി കാവ്യാട് മാധവൻകുട്ടി, എസ്എൻ ട്രസ്റ്റ് മുൻ എക്‌സിക്യൂട്ടീവ് അംഗം കെ.പി. രത്‌നാകരൻ, ടി.എൻ. ബാലൻ, ഷാജി നെട്ടൂരാൻ, അഡ്വ. ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഒരു ലക്ഷം സമുദായാംഗങ്ങൾ ഒപ്പിട്ട നിവേദനം സർക്കാരിനു നൽകാനും കേരളത്തിലെ മുഴുവൻ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് 10000 പേർ പങ്കെടുക്കുന്ന കൺവൻഷൻ നടത്തും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി - ബിജെപി സഖ്യ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തും. പ്രചാരണ പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും സമുദായാംഗങ്ങളുടെ സമ്മേളനം നടത്താനും തീരുമാനിച്ചു. 'ഈഴവ സമുദായ സ്‌നേഹിതർ' എന്ന പേരിലാണ് എസ്.എൻ.ഡി.പി വിരുദ്ധരുടെ യോഗം നടന്നത്. സിപിഎമ്മിന്റേയും കെപിസിസി അധ്യക്ഷൻ വി എം സുധീരന്റേയും പിന്തുണയും ഈ യോഗത്തിനുണ്ടായിരുന്നു.

മതേതര പാർട്ടിയെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നീങ്ങിയാലും വർഗ്ഗീയതയുടെ മുഖം അതിന് നൽകാനാണ് സിപിഐ(എം) തീരുമാനം. വി എസ് അച്യൂതാനന്ദനെ മുൻനിർത്തിയുള്ള പ്രചരണം തുടരും. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ വിഎസിന് പിന്തുണയുമായെത്തും. സിപിഎമ്മിന്റെ ആക്രമണം ഫലം കണ്ടുവെന്നാണ് സിപിഐ(എം) ഈ ഘട്ടത്തിൽ കാണുന്നത്. ഹിന്ദു പാർട്ടിയെന്ന നിലയിൽ നിന്ന് മതേതരത്വത്തിലേക്കുള്ള മാറ്റത്തെ ഇതിന്റെ ഭാഗമായി കാണുന്നു. എന്നാൽ ക്രൈസ്തവ-ഇസ്ലാം കൂട്ടായ്മകളൊന്നും ഈ മുദ്രാവാക്യത്തിൽ വീഴുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കും. പരമാവധി സംഘടനകളെ ഒപ്പം കൂട്ടാനാണ് നീക്കം. തദ്ദേശത്തിൽ സിപിഐ(എം) കരുത്ത് കാട്ടിയാൽ വെള്ളാപ്പള്ളിയുടെ സംഘടനയുടെ കരുത്ത് ചോരുമെന്നും ഇടത് പക്ഷ നേതാക്കൾക്ക് അറിയാം. തദ്ദേശത്തിൽ കോൺഗ്രസ്-ഇടതുപക്ഷ മത്സരം ഉറപ്പാക്കാനാണ് കെപിസിസിയുടെ ലക്ഷ്യം. മറ്റുള്ളവർ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാണെന്ന് വരുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടുകളും മാറും. ബിജെപിയെ ശക്തിയായി ഒരിക്കലും ഉയർത്തിക്കാട്ടില്ല. ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകൾ അങ്ങനെ അടയ്ക്കണമെന്നാണ് സുധീരന്റെ നിലപാട്.

അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിശ്വകർമ സമുദായത്തിനു മതിയായ പ്രാതിനിധ്യം നൽകുന്ന രാഷ്ട്രീയ പാർട്ടികളെ മുന്നണി പരിഗണിക്കാതെ പ്രാദേശികമായി സഹായിക്കുമെന്നു കേരള വിശ്വകർമ സഭ സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് പറഞ്ഞു. പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭരണ പങ്കാളിത്തം അനുവദിക്കുന്നതിന്റെ കൂടി അടിസ്ഥാനത്തിലാകും നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാടു കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ സമുദായാംഗങ്ങൾക്കു വിവിധ രാഷ്ട്രീയ പാർട്ടികൾ അർഹമായ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ ധീവരസഭയുടെ നേതൃത്വത്തിൽ മുൻപ് ആരംഭിച്ചതും ഇപ്പോൾ മരവിപ്പിച്ചു നിർത്തിയിരിക്കുന്നതുമായ ഡെമോക്രാറ്റിക് ലേബർ പാർട്ടിയെ (ഡിഎൽസി) പുനരുജ്ജീവിപ്പിക്കുമെന്നു ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു. എസ്എൻഡിപി വിളിച്ചു ചേർത്തിരിക്കുന്ന ഐക്യത്തിലേക്കു പോയ പല സമുദായസംഘടനകളും മാതൃസംഘടനകളിൽനിന്നു പിളർന്നുവന്നവരും കാര്യമായ ആൾബലം ഇല്ലാത്തവരുമാണ്. ഈ ഐക്യം അധികകാലം നിലനിൽക്കില്ലെന്നാണു പൂർവചരിത്രം തെളിയിക്കുന്നതെന്നും ദിനകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP