Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോണ്ടിച്ചേരിയും മിസോറാമും പഞ്ചാബും കർണാടകയും മാത്രം കയ്യിലുള്ളപ്പോൾ വെല്ലുവിളിയോടെ പ്രസിഡന്റ് പദവി ഏറ്റെടുത്തു; ഗുജറാത്തിൽ യുദ്ധം ചെയ്തു തലനാരിഴയ്ക്ക് തോറ്റു പടനായകനായി; ഉപതിരഞ്ഞെടുപ്പുകളിൽ മിന്നൽ പ്രകടനം നടത്തി കൊടുങ്കാറ്റായി; പ്രാദേശിക നേതാക്കളെ മൂലക്കിരുത്തി ഹിന്ദിയുടെ ഹൃദയഭൂമി കീഴടക്കി; ഒന്നിനും അമിതാവേശം കാട്ടാതെ എല്ലാം ശാന്തമായി നേരിട്ടു രാഹുൽ ഗാന്ധി ശരിക്കുള്ള നേതാവായത് ഇങ്ങനെ: ഇന്ത്യ മോദി തരംഗത്തിലൂടെ വിടചൊല്ലി രാഹുൽ തരംഗത്തിൽ അഭയം തേടുമ്പോൾ

പോണ്ടിച്ചേരിയും മിസോറാമും പഞ്ചാബും കർണാടകയും മാത്രം കയ്യിലുള്ളപ്പോൾ വെല്ലുവിളിയോടെ പ്രസിഡന്റ് പദവി ഏറ്റെടുത്തു; ഗുജറാത്തിൽ യുദ്ധം ചെയ്തു തലനാരിഴയ്ക്ക് തോറ്റു പടനായകനായി; ഉപതിരഞ്ഞെടുപ്പുകളിൽ മിന്നൽ പ്രകടനം നടത്തി കൊടുങ്കാറ്റായി; പ്രാദേശിക നേതാക്കളെ മൂലക്കിരുത്തി ഹിന്ദിയുടെ ഹൃദയഭൂമി കീഴടക്കി; ഒന്നിനും അമിതാവേശം കാട്ടാതെ എല്ലാം ശാന്തമായി നേരിട്ടു രാഹുൽ ഗാന്ധി ശരിക്കുള്ള നേതാവായത് ഇങ്ങനെ: ഇന്ത്യ മോദി തരംഗത്തിലൂടെ വിടചൊല്ലി രാഹുൽ തരംഗത്തിൽ അഭയം തേടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2017 സെപ്റ്റംബർ മാസം 17ാം തീയ്യതി: അമേരിക്കയിലെ ബെർക്കല യൂണിവേഴ്‌സിറ്റി ഓഫ് കാലഫോർണിയയിൽ സായിപ്പന്മാരും ഇന്ത്യൻ വംശജനും വിദ്യാർത്ഥികളും അടങ്ങുന്ന സദസ്സിനെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ അഭിസംബോധന ചെയ്തു.  സംസാരിച്ചത് ഇന്ത്യയെ കുറിച്ചായിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് അദ്ദേഹം വാചാലനായത്. തന്റെ പൂർവ്വികരെ കുറിച്ചും സ്വന്തം പിതാവിനെ നഷ്ടപ്പെട്ട മകനെന്ന വികാരവും ഭാവിയിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളെ കുറിച്ചും ആ രാഷ്ട്രീയക്കാരൻ മനസു തുറന്നു. ആകാംക്ഷയോടെ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരുന്ന സദസ്സ് ഒടുവിൽ എഴുനേറ്റു നിന്നും കൈയടിച്ചു. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പാർട്ടിയുടെ ഉപാധ്യക്ഷൻ എന്ന നിലയിൽ രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനായിരുന്നു അന്ന് അവിടെ സംസാരിച്ചത്. അന്ന് രാഹുലിന്റെ പ്രസംഗം കേട്ടവർ ഒരുകാര്യം മനസിൽ ഉറപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാവി ഈ യുവാവിന്റെ കൈകളിൽ ശോഭനമാണെന്ന്.

അമേരിക്കയിൽ നിന്നും രാഹുൽ ഗാന്ധി തിരിച്ചെത്തി. പിന്നീട് മോദിയുടെ ഗുജറാത്തിനെ ഇളക്കിമറിച്ചു കൊണ്ടുള്ള പ്രചരണങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയത്. ഇതോടെ മോദിയും അമിത്ഷായും സംഘവും ഒരു കാര്യം ഉറപ്പിച്ചു. രാഹുൽ ഗാന്ധി പപ്പുമോൻ എന്ന ആക്ഷേപ വാക്കുകളിൽ ഒതുങ്ങുന്ന വ്യക്തിയല്ല. ബിജെപിയുടെ കാപട്യവും രാഷ്ട്രീയ നയവൈകല്യങ്ങളും അഴിമതിയും ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രചരണം. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാൻ മൃദുഹിന്ദുത്വ സമീപനങ്ങളും ഉയർത്തി പ്രചരണം കൊഴുപ്പിച്ചു. എങ്കിലും അവസാന നിമിഷം ഭരണം കൈയെത്തിപ്പിടിക്കാൻ കഴിയാതെ വന്നതോടെ രാഹുൽ ഗാന്ധിയെ പരിഹസിച്ചവരും ഏറെ. എന്നാൽ കോൺഗ്രസിന് വ്യക്തമായിരുന്നു അദ്ദേഹമാണ് പാർട്ടിയുടെ പടനായകനെന്ന്.

വെല്ലുവിളികൾക്കിടയിൽ പാർട്ടി അധ്യക്ഷ പദവിയിലേക്ക്

ഗുജറാത്ത തിരഞ്ഞെടുപ്പിന് ശേഷം കടുത്ത വെല്ലുവിളിയെന്ന നിലയിലാണ് കോൺഗ്രസ് അധ്യക്ഷ പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നത്. അന്ന് കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങൾ നാലെണ്ണം മാത്രം. പോണ്ടിച്ചേരിയും മിസോറാമും പഞ്ചാബും കർണാടകയും അടക്കം ചുരുക്കം ചില സംസ്ഥാനങ്ങളിലായിരുന്നു കോൺഗ്രസിന് ഭരണമുണ്ടായിരുന്നത്. നെഹ്രു കുടുംബത്തിൽ മറ്റാർക്കും പാർട്ടിയെ ഉടച്ചുവാർത്ത് അധികാരത്തിലേക്ക് എത്തേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. 'കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യവുമായി അമിത്ഷായും സംഘവും അണിനിരന്നപ്പോഴാണ് രാഹുൽ അധ്യക്ഷ പദവിയിൽ എത്തുന്നത്.

തകർന്നു കിടക്കുന്ന പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ക്ഷമകരമായ ദൗത്യം തന്നെയാണ് രാഹുൽ നേരിട്ടത്. 1998 ൽ സോണിയഗാന്ധി പ്രസിഡന്റാവുമ്പോൾ കോൺസ്രിന്റെ നില പരുങ്ങലിലായിരുന്നു. നെഹ്രുവിനോ ഇന്ദിരയ്‌ക്കോ രാജീവിനോ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. 2004 ലെ തിരഞ്ഞെടുപ്പിൽ സോണിയ നേതൃത്വം നൽകുന്ന കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അന്നത്തെ ഒട്ടു മിക്ക കോൺഗ്രസ് നേതാക്കളും വിശ്വസിച്ചിരുന്നില്ല. സഖ്യകക്ഷി നേതാക്കളായിരുന്ന ലാലുപ്രസാദ് യാദവും കരുണാനിധിയുമാണ് അന്ന് സോണിയയുടെ നേതൃത്വത്തിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ലോക്‌സഭയിൽ പ്രതിപക്ഷ നേതൃ സ്ഥാനം അവകാശപ്പെടാൻ പോലുമാവാതെ 44 എന്ന ദുർബ്ബല അംഗസംഖ്യയിലേക്ക് ഒതുക്കപ്പെട്ട കോൺഗ്രസിന്റെ തലപ്പത്തേക്കാണ് ഇപ്പോൾ രാഹുൽ കടന്നുവരുന്നത്. പരാജയങ്ങളുടെ മുനമ്പിൽ അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തിയ രാഹുൽ തന്നെയാണ് പ്രതിപക്ഷ ഐക്യമെന്ന ആശയം കൂടുതൽ ശക്തമാക്കിയത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുൽ അവസാന പിടിവള്ളിയയിരുന്നു.

സോണിയയുടെ അനാരോഗ്യാവസ്ഥയിൽ ഇന്നിപ്പോൾ കോൺഗ്രസിനെ ഒന്നിച്ചുനിർത്താൻ രാഹുലല്ലാതെ മറ്റൊരാളില്ലെന്ന് എല്ലാവർക്കും ബോധ്യമുണ്ടായിരുന്നു. കോൺഗ്രസിനെ രാഹുൽ എങ്ങിനെ നയിക്കും എന്നിടത്തായിരുന്നു കോൺഗ്രസിന്റെ ഭാവി. പ്രാദേശികതലത്തിൽ ശക്തമായ കോൺഗ്രസ് നേതൃത്വമുടലെടുത്താൽ മാത്രമേ മോദിയേയും ബിജെപിയേയും പിടിച്ചുകെട്ടാനാവുകയുള്ളുവെന്ന യാഥാർത്ഥ്യം രാഹുൽ ഉൾക്കൊണ്ട. അതാണ് കർണാടകത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റിനിർത്തിയ തന്ത്രത്തിലൂടെ വ്യക്തമായതും.

കർണാടകത്തിൽ ബിജെപിക്ക് ഷോക്ക് നൽകിയ തന്ത്രജ്ഞൻ

രാഹുൽ അധ്യക്ഷനായ ശേഷം നടന്ന നിർണായക തിരഞ്ഞെടുപ്പായിരുന്നു കർണാടകത്തിലേത്. ഇവിടെയാണ് രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങൾ ബിജെപിക്ക് കനത്ത പ്രഹരം നൽകിയത്. സിദ്ധരാമയ്യയെ മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രചരണവും തന്ത്രവും മെനഞ്ഞത് രാഹുൽ ഗാന്ധി ആയിരുന്നു. ഏറ്റവും ഒടുവിൽ ബിജെപി ഏറ്റവും വിലയി ഒറ്റകക്ഷി ആയതോടെ അപ്രതീക്ഷിത നീക്കത്തിലൂടെ ജനതാദളിനെ മുഖ്യമന്ത്രി സ്ഥാനം നൽകി രാഹുൽ കർണാടകത്തിൽ അധികാരം നിലനിർത്തി. രാഹുൽ ഗാന്ധിയെ വിലകുറച്ച് കണ്ടവർക്കുള്ള കനവത്ത പ്രഹരമായിരുന്നു ഈ നീക്കം. ഇതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എല്ലാം വലിയ നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വൻ വിജയം നേടി.

ഇതിനിടെ മോദി സർക്കാറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു കൊണ്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അന്ന് അവിശ്വാസ പ്രമേയത്തിൽ പ്രസംഗിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നരേന്ദ്ര മോദിയെ സഭയിൽ ഇരുത്തിക്കൊണ്ടാണ് രാഹുൽ ഗാന്ധി അന്ന് ആഞ്ഞടിച്ചത്. മോദി പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്നെന്ന് രാഹുൽ ആരോപിച്ചു. കടുത്ത ആരോപണങ്ങളുമായി രാഹുലിന്റെ പ്രസംഗം പുരോഗമിക്കവേ ബിജെപി അംഗങ്ങൾ ബഹളവുമായി എഴുനേറ്റു. ഇതോടെ രാഹുലിന്റെ പ്രസംഗം തടസപ്പെട്ടു. സ്പീക്കർ ഇടപെട്ട ശേഷമാണ് പ്രസംഗം പുരോഗമിച്ചത്.

ബിജെപി സർക്കാറിന്റെ വാഗ്ദാന ലംഘനങ്ങൾ എണ്ണിറഞ്ഞു കൊണ്ടായിരുന്നു രാഹുൽ വിമർശനം ഉന്നയിച്ചത്. മോദി ജനങ്ങളെ വഞ്ചിച്ചു എന്നാണ് ആരോപിച്ചത്. എവിടെ അദ്ദേഹം വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ അവസരങ്ങൾ? ഈ തൊഴിൽ വാഗ്ദാനത്തിലൂടെ യുവജനങ്ങളെ വഞ്ചിക്കുകയാണ് മോദി ചെയ്തത്. ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും രാഹുൽ ഗാന്ധി ചോദിച്ചു. റാഫേൽ വിമാന ഇടപാടിൽ അഴിമതി നടന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. മോദിയുടെ സുഹൃത്തിനാണ് ഈ ഇടപാടുകൊണ്ട് നേട്ടമുണ്ടായ്. 4500 കോടിയുടെ നേട്ടമാണ് ഈ സുഹൃത്ത് ഉണ്ടാകിയതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തിനു വിശദീകരണം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

അമിത്ഷായുടെ മകൻ അനധികൃതമായി വരുമാനം 16,000 ഇരട്ടി വർധിപ്പിച്ചപ്പോൾ, ഇന്ത്യയുടെ കാവൽക്കാരന് മിണ്ടാട്ടം മുട്ടിയെന്നും രാഹുൽ ആരോപിച്ചു. വൻകിട ബിസിനസുകാരെയാണ് മോദി സർക്കാർ സഹായിക്കുന്നത്. സാധാരണക്കാരുടെ കാര്യത്തിൽ സർക്കാർ പരാജയമാണ്.
നോട്ടുനിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായങ്ങളെ തകർത്തുവെന്നും രാഹുൽ പറഞ്ഞു. കോട്ടിട്ടവർക്കകാണ് നേട്ടമെന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ പറഞ്ഞത്. ഇതിനൊക്കെ ശേഷം അന്ന് മോദിയെ ആംലിംഗനം ചെയ്ത് തനിക്ക് ആരോടും പരിഭവമില്ലെന്ന് പറഞ്ഞും ഞെട്ടിച്ചു രാഹുൽ.

റാഫേലും ജിഎസ്ടിയും കർഷകരോഷവും ആയുധമാക്കി ബിജെപിയെ വീഴ്‌ത്തി

ഇന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ബിജെപിക്ക് കനത്ത പ്രഹരമാണ് രാഹുൽ നൽകിയത്. പപ്പുവെന്ന് വിളിച്ച് പരിഹസിച്ചവർക്ക് മുന്നിൽ കരുത്തനായി രാഹുൽ മാറി. ഹിന്ദി ഹൃദയഭൂമിയിൽ മോദിയോട് നേരിട്ട് മുട്ടി വിജയിച്ചിരിക്കയാണ് രാഹുൽ. ഈ വിജയത്തോടെ രാഹുൽ ഒരു കാര്യം വ്യക്തമാക്കി. താൻ തന്നെയാകും പ്രതിപക്ഷ ഐക്യത്തെ നയിക്കുന്ന നേതാവ് എന്ന്. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുന്നത് വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടികൾ ഉണ്ടാക്കും. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയിൽ തന്നെ മൃദുഹിന്ദുത്വ പാർട്ടിയായി സ്വയം അവതരിപ്പിച്ചാണ് കോൺഗ്രസ് പോരാടുന്നത്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ്സിന് മഹാ സഖ്യം വേണ്ടി വരുമെന്നതിൽ സംശയമില്ല. ഈ മുന്നണിയിൽ കാര്യങ്ങൾ നിശ്ചയിക്കാനുള്ള ശേഷി കോൺഗ്രസ്സിന് കിട്ടണമെങ്കിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസ് ജയിച്ചേ തീരുമായിരുന്നുള്ളൂ. പ്രാദേശിക നേതാക്കളെ ഒപ്പം നിർത്തി രാഹുൽ ഗാന്ധി മുന്നിൽ നിന്നാണ് അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടത്.
രാജസ്ഥാനിലല്ല, മധ്യപ്രദേശിലായിരുന്നു ബിജെപിയുടെ അഭിമാനപ്പോരാട്ടം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ തട്ടകമാണിത്. മദ്ധ്യപ്രദേശിൽ ബിജെപി. പരാജയപ്പെട്ടാൽ ആത്യന്തികമായി മോദിയോ ശിവ് രാജ്സിങ് ചൗഹാനോ അല്ല ആർഎസ്എസ്. തന്നെയാവും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരിക.

രണ്ടും കൽപിച്ചുള്ള കളിയിലാണ് കോൺഗ്രസ് ഈ സംസ്ഥാനങ്ങലിൽ കളിച്ചത്. കർഷകരോഷം പറയേണ്ടിടത്ത് അത് എടുത്തു പറഞ്ഞു. റാഫിൽ വിമാന ഇടപാടിൽ മോദിയെ പ്രതിക്കൂട്ടിൽ നിർത്തിക്ക1ണ്ടാണ് അദ്ദേഹം പറഞ്ഞത്. കർഷകർക്കൊപ്പമാണ് കോൺഗ്രസ് എന്ന് എടുത്തുപറയുകയായിരുന്നു രാഹുൽ.

ബിജെപിയുടെ ഹിന്ദുത്വയെ നേരിടാൻ രാഹുലിന്റെ ശിവഭക്തി കോൺഗ്രസ് ആയുധമാക്കിയത് വെറുതെയല്ല. എല്ലാ ഗ്രാമത്തിലും ഗോശാലകൾ തീർക്കുമെന്നതാണ് കോൺഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം. പശുസംരക്ഷണത്തിനായി മാത്രം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാർ ചെലവാക്കിയത് 45 കോടി രൂപയാണെന്നത് വിസ്മരിക്കരുത്. വനവാസക്കാലത്ത് ശ്രീരാമൻ നടന്നതായി കരുതപ്പെടുന്ന വഴികൾ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും കോൺഗ്രസ് മുന്നോട്ടുവെച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ബിജെപി. മുഖ്യ അജണ്ടയാക്കുമ്പോൾ രാമനെ കൈവിട്ടുള്ള ഒരു കളിക്ക് മധ്യപ്രദേശിൽ കോൺഗ്രസ്സും തയ്യാറല്ലെന്നർത്ഥം. പശു രാഷ്ട്രീയം ബിജെപി പറഞ്ഞപ്പോൾ രാഹുൽ ഗാന്ധി ഗാന്ധിജിയുടെ പശു രാഷ്ട്രീയം തന്നെ എടുത്ത് ആയുധമാക്കി.

പഞ്ചാബിലെപ്പോലെ ഒരൊറ്റ നേതാവിനെ മുൻനിർത്തിയല്ല കോൺഗ്രസ് മധ്യപ്രദേശിൽ കളിച്ചത്. കമൽനാഥിനും ദിഗ് വിജയ്സിങ്ങിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമിടയിൽ അങ്ങിനെയൊരു കളി കളിക്കാൻ കോൺഗ്രസ്സിന് ആവുമായിരുന്നില്ല. ഈ അഞ്ചു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന്റെ മുഖ്യതാരം രാഹുൽ ഗാന്ധിയായിരുന്നു. നരേന്ദ്ര മോദിക്ക് തങ്ങളുടെ ബദൽ രാഹുൽ തന്നെയാണെന്ന മുദ്രാവാക്യമാണ് കോൺഗ്രസ് ഉയർത്തിയത്. പ്രിയങ്കയെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം പഴങ്കഥയായിരിക്കുന്നു. ഇനിയിപ്പോൾ പപ്പുവില്ല. പപ്പുവിന്റെ അസ്തമനവും രാഹുലിന്റെ ഉദയവുമാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ഇപ്പോഴത്തെ നിലയിൽ ഒരു കാര്യം വ്യക്തമാണ് ഈ കളിയിൽ മായാവതിയോ മമതയോ ശരദ് പവാറോ ചന്ദ്രബാബു നായിഡുവോ ചന്ദ്രശേഖർറാവുവോ അല്ല, രാഹുൽ തന്നെയായിരിക്കും പ്രതിപക്ഷ നിരയുടെ നായകൻ.

ഹാട്രിക് വിജയം വന്നത് അധ്യക്ഷ പദവിയിലെ ഒന്നാം വാർഷികത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മിന്നുന്ന ജയം രാഹുൽഗാന്ധിക്ക് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന്റെ സമ്മാനമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് (2017 ഡിസംബർ 11) രാഹുൽഗാന്ധി കോൺഗ്രസ് പ്രസിഡന്റായത്. ഒരു തെരഞ്ഞെടുപ്പ് പോലും പാർട്ടിക്ക് നേടിക്കൊടുക്കാൻ സാധിക്കുന്നില്ലെന്ന ആരോപണത്തിനാണ് രാഹുൽ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ആഴത്തിൽ വേരുകളുള്ള സംസ്ഥാനങ്ങളിലാണ് രാഹുൽ ഗാന്ധിക്ക് നേതൃത്വത്തിൽ കോൺഗ്രസ് അജയ്യരായിരിക്കുന്നത്.

രാജസ്ഥാനിൽ സച്ചിൻപൈലറ്റിനെ കോൺഗ്രസിന്റെ സാരഥ്യം ഏൽപ്പിച്ചതും മധ്യപ്രദേശിലെ നേതാക്കൾക്കിടയിലെ തർക്കം അവസാനിപ്പിച്ച് ബിജെപിയുടെ തീവ്രഹിന്ദുത്വത്തിനെതിരെ മൃദുഹിന്ദുത്വം പയറ്റിയതും രാഹുലിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി രാഹുൽഗാന്ധി പ്രചാരണം നടത്തിയതും കർഷക സ്വാധീനമുള്ള മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അനുകൂലമായി.

മോദി തരംഗം മായുന്നു ഇനി രാഹുൽ തരംഗം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചത് മോദി തരംഗമായിരുന്നു. അന്ന് മോദി ഹിന്ദി ഹൃദയഭൂമിയുടെ നായകനായിരുന്നു. എന്നാൽ, ഇന്ന് ചിത്രം മാറി. അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാറിനെതിരെ ജനവികാരം ശക്തമാണ്. കാർഷിക പ്രശ്‌നങ്ങൾ തന്നെയാണ് ഇതിൽ പ്രധാനം. തൊഴിൽ ഇല്ലായ്മയും വാഗ്ദാന ലംഘനങ്ങളും രാഹുൽ ഗാന്ധി ആയുധങ്ങളാക്കി മാറ്റിയപ്പോൾ ചിത്രം മാറി. അങ്കം രാഹുൽ വിജയിക്കുന്ന അവസ്ഥയിൽ എത്തി.

പൊതുതിരഞ്ഞെടുപ്പിന്റെ അരങ്ങിലേക്കു അടുത്തവർഷം കടക്കുമ്പോൾ ബിജെപിക്ക് പുതിയ പോർമുനകൾ രാകി മിനുക്കേണ്ടി വരുമെന്നാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനലായി വിശേഷിപ്പിച്ച അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന. എക്കാലത്തെയും വലിയ ജനകീയ നേതാവെന്ന് പാർട്ടി ഉറപ്പിച്ചു പറയുന്ന മോദിയുടെ തോളിലേറി മാത്രം പടുകൂറ്റൻ ജയമെന്ന ആത്മവിശ്വാസം പോയ്‌പോകുന്നു. സർക്കാരിന്റെ നേട്ടങ്ങളായി കൊട്ടിഘോഷിക്കുന്ന നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങൾ തിരിച്ചടിയാകുന്ന അവസ്ഥയാണ് നിലവിൽ. രാഹുലിന്റെ ജനപ്രിയത വർദ്ധിക്കുന്നത് ഒരു കാര്യം വ്യക്തമാക്കുന്നതാണ്. വരാനിരിക്കുന്നത് രാഹുൽ ഗാന്ധിയുടെ നാളുകളാണ് എന്ന്. ഈ രാഹുൽ തരംഗത്തിന് രാജ്യം കാതോർക്കുന്നു എന്നതും വ്യക്തമാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP