Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹിന്ദി ഹൃദയഭൂവിലേറ്റ തിരിച്ചടി മോദി തരംഗത്തിന് അവസാനമാകുന്നതിന്റെ സൂചനകളാണോ? ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ ആണ് കഴിഞ്ഞതെന്ന് വിലയിരുത്തി കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും; തുടക്കമാകുന്നത് ബിജെപി മുക്ത ഭാരതത്തിനു എന്ന് എം.എം.ഹസൻ, മോദി പ്രധാനമന്ത്രിയായി തിരികെ എത്താനുള്ള സാധ്യതകൾ ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ തന്നെ അടഞ്ഞു കഴിഞ്ഞതായി എം.വിജയകുമാർ; മോദിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചതായി സി.പി.ജോൺ

ഹിന്ദി ഹൃദയഭൂവിലേറ്റ തിരിച്ചടി മോദി തരംഗത്തിന് അവസാനമാകുന്നതിന്റെ സൂചനകളാണോ? ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ ആണ് കഴിഞ്ഞതെന്ന്  വിലയിരുത്തി കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും; തുടക്കമാകുന്നത് ബിജെപി മുക്ത ഭാരതത്തിനു എന്ന് എം.എം.ഹസൻ, മോദി പ്രധാനമന്ത്രിയായി തിരികെ എത്താനുള്ള സാധ്യതകൾ ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ തന്നെ അടഞ്ഞു കഴിഞ്ഞതായി എം.വിജയകുമാർ; മോദിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചതായി സി.പി.ജോൺ

എം മനോജ് കുമാർ

തിരുവനന്തപുരം: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലസമയത്ത് ദൃശ്യമായ മോദി തരംഗം അവസാനിക്കുകയാണോ? അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഛത്തീസ്‌ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് അധികാരം നഷ്ടമാവുകയാണ്. ഇവിടങ്ങളിൽ എല്ലാം കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ദൃശ്യമായത്. പാർലമെന്റ് തിരഞ്ഞെടുപ്പിനു ഇനി മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ മോദി പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചു വരുമോ? അതിനുള്ള സാധ്യതകൾ ഇല്ലാതാകുകയാണ് എന്നാണ് രാഷ്ട്രീയ നേതാക്കൾ വിരൽചൂണ്ടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഡ്രസ്സ് റിഹേഴ്സൽ ആയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

മോദി എന്ന തേരിലേറിയുള്ള ബിജെപിയുടെ അശ്വമേധത്തിനു അവസാനമാവുകയാണ് എന്ന രീതിയിലേക്കാണ് വിശകലനങ്ങളും ചിന്തകളും വിരൽ ചൂണ്ടുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ എല്ലാ സജ്ജീകരണങ്ങളുമൊരുക്കി കാത്തിരുന്ന ബിജെപിയുടെ ഡൽഹിയിലെ ആസ്ഥാന മന്ദിരത്ത് തന്നെ മൂകതയാണ് ദൃശ്യമാകുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ ആസ്ഥാനത്ത് എത്തി ബിജെപി നേതാക്കളുമായി ചർച്ച നടത്താറുള്ള പ്രധാനമന്ത്രി ഇക്കുറി ബിജെപി ആസ്ഥാനത്ത് എത്തിയില്ല. പകരം ബിജെപി അധ്യക്ഷൻ അമിത് ഷായാണ് നേതാക്കളുമായി ചർച്ചകൾ തുടരുന്നത്. എല്ലാം ബിജെപി പ്രതീക്ഷിക്കാത്ത തിരിച്ചടിയായാണ് ഫലങ്ങൾ വന്നത് എന്നതിന്റെ തെളിവാകുന്നു.

മോദി അധികാരത്തിൽ എത്തിയ ശേഷം വന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രധാന തുറുപ്പ് ചീട്ട് മോദിയായിരുന്നു. മോദിയുടെ ചിറകിലേറിയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ജയങ്ങൾ എല്ലാം വന്നണഞ്ഞതും. ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ വന്ന തിരിച്ചടി ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തമാണ്. ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് അധികാരം നഷ്ടമായിരിക്കുന്നു. കോൺഗ്രസ് മുക്തഭാരതത്തിനുള്ള ബിജെപിയുടെ മറുപടിയായി നിന്ന സംസ്ഥാനങ്ങൾ ആണ് വഴിമാറി ചിന്തിക്കുന്നതായി ബിജെപിക്ക് തന്നെ സൂചന നൽകിയിരിക്കുന്നത്. ബിജെപി അധികാരത്തിൽ ഇരുന്ന കർണാടക തിരഞ്ഞെടുപ്പ് നിയമസഭാ ഫലങ്ങളും ബിജെപിക്ക് തിരിച്ചടിയായിരുന്നു. കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ് ഇപ്പോൾ കർണാടക ഭരിക്കുന്നത്.

അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ മോദിയുടെ സമ്പൂർണ്ണ ആധിപത്യത്തിന്റെ കടപുഴകലായാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും വീക്ഷിക്കുന്നത്. ബിജെപി മുക്തഭാരതത്തിനു തുടക്കമാവുകയാണ്-മുൻ കെപിസിസി അധ്യക്ഷനും ഉന്നത കോൺഗ്രസ് നേതാവുമായ എം.എം.ഹസൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപി മുക്ത ഭാരതത്തിലേക്കുള്ള വിരൽ ചൂണ്ടലാകുന്നു. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് പ്രതിഷേധമുള്ള ജനങ്ങളുടെ ഒരു ജനവിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ബിജെപിക്ക് എല്ലാ സംസ്ഥാനങ്ങളിലും തിരിച്ചടിയേറ്റിരിക്കുന്നു. പരാജയം സംഭവിച്ചിരിക്കുന്നു. ബിജെപി ഭരിച്ച രാജസ്ഥാനിൽ കോൺഗ്രസ് മുന്നിൽ വന്നിരിക്കുന്നു. ബിജെപി ഭരിച്ച മധ്യപ്രദേശിലും , ഛത്തീസ്‌ഗഡിലും കോൺഗ്രസ് മുന്നിൽ വന്നിരിക്കുന്നു. മതേതര ജനാധിപത്യ ശക്തികൾക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് കുതിക്കാൻ വലിയ പ്രതീക്ഷ നൽകുന്ന ജനവിധിയാണ് വന്നിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ പോലെയാണ് ഈ വിധി.

കോൺഗ്രസ് മുക്ത ഭാരതത്തിനു ബിജെപി ശ്രമിച്ചപ്പോൾ ബിജെപി മുക്ത ഭാരതത്തിനാണ് ആഗ്രഹിക്കുന്നത് എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ആ രീതിയിലുള്ള ജനവിധിയാണ് വന്നിരിക്കുന്നത്. മതേതര ജനാധിപത്യ ശക്തികളെ ഏകോപിപ്പിക്കാനും യോജിച്ച് പോരാടാനും കോൺഗ്രസിന് ശക്തി പകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. മോദി ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾക്കുള്ള ആഗ്രഹം തിരഞ്ഞെടുപ്പ് വിധിയിൽ വന്നിട്ടുണ്ട്. അതിന്റെ പ്രതിഫലം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ-എം.എം.ഹസൻ പറയുന്നു. എം.എം.ഹസനോട് യോജിക്കുന്ന രീതിയിലാണ് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.വിജയകുമാറും മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ്-വിജയകുമാർ പറയുന്നു. ഇനി ഒരു മൂന്നു മാസം കൂടി കഴിഞ്ഞാൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്.

പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപുള്ള വിലയിരുത്തലാണിത്, ഛത്തീസ്‌ഗഡ് എന്ന് പറഞ്ഞാൽ പഴയ മധ്യപ്രദേശ് ആണ്. നോർത്തിന്ത്യൻ ബെൽറ്റ് ബിജെപിക്ക് എതിരെ തിരിയുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ തെളിയുന്നത്. ഇതേ ഫലം തന്നെയാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തെളിയാൻ പോകുന്നത്. മോദി പ്രധാനമന്ത്രി സ്ഥാനത്ത് തിരികെ വരാനുള്ള സാധ്യതകളെ അടയ്ക്കുന്നതാണ് നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. എല്ലാ കാലത്തും ഭരിക്കാൻ തയ്യാറായ പാർട്ടിയാണ് ബിജെപി. പക്ഷെ ഒരു തവണ പൂർത്തിയാകുന്നതിനു മുൻപ് തന്നെ ബിജെപിക്ക് തിരിച്ചടിയേറ്റിരിക്കുന്നു-എം.വിജയകുമാർ പറയുന്നു. ബിജെപിയുടെ കൗണ്ട്ഡൗൺ തുടങ്ങിയതായി സിഎംപി നേതാവ് സി.പി.ജോൺ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മോദിക്കും ബിജെപിക്കും അപ്രമാദിത്വം ഉണ്ടെന്നു കരുതിയവർക്ക് പിഴച്ചിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ എഴുതിത്ത്ത്തള്ളാൻ കഴിയില്ലെന്നു മാത്രമല്ല ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് എത്താൻ കഴിയുന്ന നേതാവാണ് താനെന്നു രാഹുൽ ഗാന്ധിയും തെളിയിച്ചിരിക്കുന്നു. കോൺഗ്രസും മതേതര കക്ഷികളും ഒരുമിച്ച് നിന്നാൽ നിഷ്പ്രയാസം ബിജെപിയെ അധികാരത്തിൽ നിന്നും വലിച്ചെറിയാം, ഈ നീക്കത്തിന് ഇടതുകക്ഷികൾ പൂർണ പിന്തുണ നല്കണം-സി.പി.ജോൺ പറയുന്നു.

ബിജെപി വിരുദ്ധ തരംഗം ഇന്ത്യയിൽ അലയടിക്കുന്നതായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തികൾക്കുള്ള താക്കീതാണെന്ന് ചെന്നിത്തല. പറയുന്നു. ബിജെപിയുടെ പതനം തുടങ്ങിയെന്നാണ് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി പ്രതികരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയും പ്രതികരിക്കുന്നു. അമിത വർഗീയതയും ഏകാധിപത്യ രീതിയുമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശരശയ്യ തീർത്തത്. ഈ പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഒരുങ്ങുന്ന ബിജെപിക്ക് ഉള്ള മുന്നറിയിപ്പാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിരൽ ചൂണ്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP