Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ എന്റെ മാതൃക കാണിച്ചു..ബാക്കിയുള്ളവർ ഫോളോ ചെയ്യണോയെന്ന് അവർ തീരുമാനിക്കട്ടെ': ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ പദവി ഒഴിഞ്ഞതിന് പിന്നാലെ പ്രചാരണ സമിതി ചെയർമാൻ സ്ഥാനം കെ.മുരളീധരൻ രാജി വച്ചത് കോൺഗ്രസിലെ ഇരട്ടപ്പദവി പ്രശ്‌നം ചൂടാക്കാൻ; കെ.സുധാകരനെയും കൊടിക്കുന്നിലിനെയും ലക്ഷ്യമിട്ടുള്ള നീക്കത്തിൽ ഒരമ്പ് മുല്ലപ്പള്ളിക്ക് നേരേയും; അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന മത്സരവും മുറുകിയതോടെ എ-ഐ ഗ്രൂപ്പുകൾ പൊരിഞ്ഞ യുദ്ധത്തിൽ; കോൺഗ്രസിൽ വീണ്ടും കലഹകാലം

'ഞാൻ എന്റെ  മാതൃക കാണിച്ചു..ബാക്കിയുള്ളവർ ഫോളോ ചെയ്യണോയെന്ന് അവർ തീരുമാനിക്കട്ടെ': ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ പദവി ഒഴിഞ്ഞതിന് പിന്നാലെ പ്രചാരണ സമിതി ചെയർമാൻ സ്ഥാനം കെ.മുരളീധരൻ രാജി വച്ചത് കോൺഗ്രസിലെ ഇരട്ടപ്പദവി പ്രശ്‌നം ചൂടാക്കാൻ; കെ.സുധാകരനെയും കൊടിക്കുന്നിലിനെയും ലക്ഷ്യമിട്ടുള്ള നീക്കത്തിൽ ഒരമ്പ് മുല്ലപ്പള്ളിക്ക് നേരേയും; അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന മത്സരവും മുറുകിയതോടെ എ-ഐ ഗ്രൂപ്പുകൾ പൊരിഞ്ഞ യുദ്ധത്തിൽ; കോൺഗ്രസിൽ വീണ്ടും കലഹകാലം

എം മനോജ് കുമാർ


തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുമുള്ള ബെന്നി ബഹന്നാന്റെ രാജി കോൺഗ്രസിൽ വൻ പ്രകമ്പനങ്ങൾക്ക് തുടക്കമിട്ടേക്കും. ഈ പ്രകമ്പനങ്ങളുടെ ഭാഗമായി ആദ്യമായി സ്ഥാനനഷ്ടം സംഭവിക്കുക കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷിനുമാകും. ബെഹന്നാന്റെ രാജി പ്രശ്‌നത്തിൽ ഉത്ഭവിച്ച ഇരട്ട പദവി പ്രശ്‌നമാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് പദവികൾ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷിനും നഷ്ടമായേക്കാൻ സാധ്യതകൾ വർദ്ധിക്കുന്നത്. കൊടിക്കുന്നിലിനെയും, സുധാകരനെയും സമ്മർദ്ദത്തിലാക്കാൻ കൂടി വേണ്ടിയാണ് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും ഇന്നലെ കെ.മുരളീധരൻ രാജിവെച്ചത്. ആലങ്കാരിക പദവി തനിക്ക് അവശ്യമില്ലെന്ന് അടുപ്പക്കാരോടു പറഞ്ഞു കെ.മുരളീധരൻ രാജി വയ്ക്കുന്നത് രണ്ടു കാര്യങ്ങൾ മനസ്സിൽ കണ്ടു കൊണ്ടാണ്. ബെന്നി ബഹന്നാന്റെ രാജിയോടെ ഉയർന്നുവന്ന ഇരട്ടപ്പദവി പ്രശ്‌നത്തിൽ കുരുക്കി കെ.സുധാകരന്റെയും കൊടിക്കുന്നിലിന്റെയും കെപിസിസി വർക്കിങ് പ്രസിഡന്റ് ചെയർമാൻ സ്ഥാനം
തെറിപ്പിക്കുക, രണ്ടാമത് കെപിസിസി പുനഃസംഘടനയിൽ താൻ ആവശ്യപ്പെട്ട പദവികൾ ഒന്നും പോലും നൽകാതെ തന്നെ മൂലക്കിരുത്തിയ മുല്ലപ്പള്ളിക്ക് ഇട്ട് ഒരു കൊട്ട് കൊടുക്കുക.

തനിക്ക് താത്പര്യമുള്ള കോഴിക്കോട്ടുകാരായ ചിലരെ കെപിസിസി ഭാരവാഹികൾ ആക്കാൻ മുരളീധരൻ ശഠിച്ചിരുന്നു. പക്ഷെ ഇവരൊന്നും ലിസ്റ്റിൽ വന്നില്ല. ഇത് മുരളീധരനെ ചൊടിപ്പിച്ചിരുന്നു. ബെഹന്നാന്റെ രാജി പ്രശ്‌നത്തോടെ വന്ന ഇരട്ടപ്പദവി പ്രശനം കെ.മുരളീധരൻ സമർഥമായി ഉപയോഗിക്കുകയാണ് ചെയ്തത്. ഞാൻ എന്റെ മാതൃക കാണിച്ചു. ബാക്കിയുള്ളവർ ഫോളോ ചെയ്യണോയെന്ന് അവർ തീരുമാനിക്കണം എന്നാണ് രാജിവെച്ചപ്പോൾ മുരളീധരൻ പറഞ്ഞത്. മുരളീധരന്റെ രാജിയുടെ ഇരട്ടപദവി പ്രശ്‌നത്തിൽ സുധാകരനും കൊടിക്കുന്നിലിനും മുന്നിൽ സമ്മർദ്ദം ശക്തമാവുകയാണ്.

എംപിമാർ എന്ന നിലയിൽ സുധാകരനും കൊടിക്കുന്നിലും കെപിസിസി വർക്കിങ് പ്രസിഡന്റ് ആയി തുടരുന്നതും കെ.മുരളീധരൻ പ്രചാരണ സമിതി ചെയർമാൻ സ്ഥാനം വഹിക്കുന്നതും ചൂണ്ടിക്കാണിച്ചാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ട് പോലും ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാതിരുന്നത്. എന്നാൽ എ ഗ്രൂപ്പിൽ നിന്നും സമ്മർദ്ദം ശക്തമായപ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെപോലും അറിയിക്കാതെ ബഹന്നാൻ തന്റെ രാജി നേരിട്ട് ഹൈക്കമാൻഡിനു നൽകുകയായിരുന്നു. യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെക്കാൻ ബെന്നി ബഹന്നാൻ സ്വീകരിച്ച വഴികൾ എ ഗ്രൂപ്പിൽ കടുത്ത ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തനാണ് കൺവീനർ സ്ഥാന പ്രശ്‌നത്തിൽ ഇടഞ്ഞത്. ഉമ്മൻ ചാണ്ടിയോ എ ഗ്രൂപ്പോ കണക്കുകൂട്ടാത്ത തരത്തിലാണ് ബെഹന്നാൻ തന്റെ രാജിക്കത്ത് ഹൈക്കമാൻഡിനു നേരിട്ട് നൽകിയത്. ഇതിനു ചെന്നിത്തലയുടെ ആശീർവാദമുണ്ടെന്ന പ്രശ്‌നമാണ് എ ഗ്രൂപ്പ് കണക്കിലെടുത്തിരിക്കുന്നത്.

കെ.മുരളീധരനെ യുഡിഎഫ് കൺവീനർ സ്ഥാനത്തുകൊണ്ടുവരാനാണ് ഉമ്മൻ ചാണ്ടി തയ്യാറെടുത്തത്. ഈ നീക്കമാണ് അന്ന് ചെന്നിത്തല വെട്ടിയത്. മുരളീധരന്റെ പേര് വന്നപ്പോൾ ചെന്നിത്തല ബഹന്നാന്റെ പേരുകൂടി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത് താൻ തുടരുമ്പോൾ മുരളീധരൻ കൺവീനർ സ്ഥാനത്ത് വന്നാൽ അത് വലിയ ഭീഷണിയാകും എന്ന് മനസിലാക്കിയാണ് ചെന്നിത്തല ഈ നീക്കം നടത്തിയത്. പി.പി.തങ്കച്ചൻ ക്രിസ്ത്യൻ ആയതിനാൽ യുഡിഎഫ് കൺവീനർ സ്ഥാനത്ത് മറ്റൊരു ക്രിസ്ത്യൻ എന്ന ഫോർമുലയാണ് ചെന്നിത്തല മുന്നോട്ടു വെച്ചത്. ഈ ഫോർമുല ഉമ്മൻ ചാണ്ടിക്കും വെട്ടാൻ പ്രയാസമായിരുന്നു. തന്നെ നിയമിച്ചത് ഹൈക്കമാൻഡ് ആണെന്ന് പറഞ്ഞാണ് ബെഹന്നാൻ രാജിക്കത്ത് ഹൈക്കമാൻഡിനു കൈമാറിയത്. പക്ഷെ തീരുമാനം എടുത്തത് ഹൈക്കമാൻഡ് ആണെങ്കിലും തീരുമാനം പോയത് കേരളത്തിൽ നിന്നും തന്നെയാണ്. ഈ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുകയാണ് ചെയ്തത്. അപ്പോൾ ബഹന്നാൻ പറയുന്നതിലും തെറ്റുണ്ട്. കേരളത്തിൽ നിന്നും പോയ തീരുമാനമാണ് ഹൈക്കമാൻഡ് അംഗീകരിച്ചത്. തീരുമാനം ഹൈക്കമാൻഡിന്റെത് അല്ല. കേരളത്തിലെയാണ്. ഇതറിയാവുന്ന നേതാവ് തന്നെയാണ് ബെന്നി ബഹന്നാൻ. പക്ഷെ പറഞ്ഞത് തന്നെ തിരഞ്ഞെടുത്ത ഹൈക്കമാൻഡിനു തന്നെ രാജി നൽകി എന്നും.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പായിരിക്കെയാണ് കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധത്തിനു തുടക്കമാകുന്നത്. ഈ യുദ്ധത്തിന്റെ ഭാഗമായാണ് യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ബെഹന്നാന്റെ രാജിയും കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിനിന്നും കെ.മുരളീധരന്റെ രാജിയും വന്നിരിക്കുന്നത്. അതേസമയം യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി പദവിക്ക് എ ഗ്രൂപ്പ് സമ്മർദ്ദം ശക്തമാക്കും. ഉമ്മൻ ചാണ്ടി തന്നെ മുഖ്യമന്ത്രിയാകണം എന്നാണ് എ ഗ്രൂപ്പിൽ നിന്നും തത്വത്തിൽ വന്ന തീരുമാനം. പക്ഷെ ഇടത് ഭരണത്തിന്റെ അടിത്തറയിളക്കിയ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രി പദവി ചെന്നിത്തലയ്ക്ക് നൽകണം എന്ന് ഗ്രൂപ്പ് ഭേദമന്യേ കോൺഗ്രസിൽ നിന്നും ആവശ്യം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ, ലീഗ് അടക്കമുള്ള പാർട്ടികളുടെ പിന്തുണ പോലുമില്ലാതെ പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് നടത്തിയ പോരാട്ടമാണ് വിജയവഴിയിലേക്ക് കോൺഗ്രസിനെ നയിച്ചത് എന്ന വിലയിരുത്തൽ ആണ് കോൺഗ്രസിൽ ശക്തമാകുന്നത്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് രണ്ടര വർഷം നൽകി ബാക്കിയുള്ള രണ്ടര വർഷം ചെന്നിത്തലയ്ക്ക് നൽകണം എന്ന ഫോർമുലയും എ ഗ്രൂപ്പിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നുണ്ട്. എന്തായാലും മുഖ്യമന്ത്രി പദവിക്ക് നീക്കങ്ങൾ ശക്തമാക്കാനാണ് എ ഗ്രൂപ്പിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനം. അതേസമയം എംപിമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകരുത് എന്ന അഭിപ്രായവും കോൺഗ്രസിൽ ശക്തിപ്രാപിച്ചിട്ടുണ്ട്. എംപിമാർക്ക് രാജി വയ്ക്കാൻ അവസരം നൽകിയാൽ മണ്ഡലം തന്നെ കോൺഗ്രസിന് നഷ്ടമാകുമെന്നാണ് ഗ്രൂപ്പ് ഭേദമന്യേയുള്ള ചൂണ്ടിക്കാട്ടൽ വരുന്നത്. അതിനാൽ എംപിമാർക്ക് ഒരു തരത്തിലും രാജി വയ്ക്കാനുള്ള അവസരം നൽകരുതെന്ന തീരുമാനം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരും എന്ന സൂചനകളാണ് എംപിമാരെ രാജി വയ്ക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ എംപിമാർക്ക് രാജി വയ്ക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയേക്കില്ല.

അതേസമയം കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച് അഞ്ച് എംപിമാർ കോൺഗ്രസ് ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ എന്നിവരാണ് പരാതി അറിയിച്ച് കത്ത് നൽകിയത്. തങ്ങൾ നൽകിയ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും പരാതിയിലുണ്ട്. ടി.എൻ. പ്രതാപൻ, ആന്റോ ആന്റണി, എം കെ രാഘവൻ എന്നിവരും ഹൈക്കമാൻഡിനെ പരാതി അറിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിർവ്വഹക സമിതി അംഗങ്ങളെയും നിശ്ചയിച്ചതിലാണ് പരാതി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം മാത്രം കേൾക്കുന്നു എന്നും എംപിമാർ പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം, കോൺഗ്രസ് പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്നാണ് കെ മുരളീധരൻ നിലപാട്. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നാണ് മുരളീധരൻ പറഞ്ഞത്. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന ഇല്ല. പല കാര്യങ്ങളും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP