Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊളിയുന്നത് കോർപ്പറേഷനുകൾ വലതുപക്ഷത്ത് എത്തിക്കാനുള്ള നീക്കം; തിരുവനന്തപുരത്തും കോഴിക്കോട്ടും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങൾ വെട്ടിമുറിക്കപ്പെടുന്നില്ല; ഹൈക്കോടതി വിധി യുഡിഎഫിന് തിരിച്ചടിയാകുമോ?

പൊളിയുന്നത് കോർപ്പറേഷനുകൾ വലതുപക്ഷത്ത് എത്തിക്കാനുള്ള നീക്കം; തിരുവനന്തപുരത്തും കോഴിക്കോട്ടും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങൾ വെട്ടിമുറിക്കപ്പെടുന്നില്ല; ഹൈക്കോടതി വിധി യുഡിഎഫിന് തിരിച്ചടിയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാർഡ് വിഭജനത്തിലൂടെ പുതിയ മുനിസിപ്പാലിറ്റികളുടെ രൂപവത്കരണം ഹൈക്കോടതി റദ്ദാക്കുമ്പോൾ പ്രതീക്ഷ കൂടുന്നത് ഇടതു പക്ഷത്തിന്. തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകൾ ഇടതുപക്ഷത്തിന്റെ കൈയിലാണ്. ഇവിടെ വീണ്ടും അധികാരത്തിലെത്താനുള്ള ഇടതു പക്ഷ നീക്കത്തെ തടയിടാനായിരുന്നു പുതിയ മുനിസിപ്പാലിറ്റികളുടെ രൂപീകരണം. തിരുവനന്തപുരത്ത് ഇടതു മുന്നണിയുടെ ശക്തി കേന്ദ്രങ്ങളാണ് കഴക്കൂട്ടം മുൻസിപ്പാലിറ്റിയിലേക്ക് ചേർത്തത്. ഒപ്പം വലതു പക്ഷ പഞ്ചായത്തുകളും. ഇതിലൂടെ തിരുവനന്തപുരം കോർപ്പറേഷനും കഴക്കൂട്ടം മുൻസിപ്പാലിറ്റിയും പിടിക്കാമെന്ന് യുഡിഫ് കരുതി. ഇതിന് സമാനമായതാണ് കോഴിക്കോട്ടും സംഭവിച്ചത്.

വാർഡ് പുനർനിർണ്ണയ സമയത്ത് പുതിയ മുൻസിപ്പാലിറ്റികൾ രൂപീകരിക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്ന് ആദ്യം പുറത്തു കൊണ്ടു വന്നത് മറുനാടൻ മലയാളിയാണ്. അത് ശരിവയ്ക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ചില വാർഡുകൾ കൂട്ടിച്ചേർത്ത് കഴക്കൂട്ടം മുനിസിപ്പാലിറ്റിക്ക് രൂപം നൽകിയത് റദ്ദാക്കപ്പെട്ടതിലുൾപ്പെടും. കോഴിക്കോട് കോർപ്പറേഷനിലെ ചില വാർഡുകൾ ചേർത്ത് ചെറുവണ്ണൂർ, നല്ലളം എലത്തൂർ, ബേപ്പൂർ എന്നീ മൂന്ന് മുനിസിപ്പാലിറ്റികൾ രൂപവത്കരിച്ചതും റദ്ദാക്കിയിട്ടുണ്ട്. കോൺഗ്രസിന്റേയും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ താൽപ്പര്യം തന്നെയാണ് ഇതിൽ പ്രതിഫലിച്ചത്. വളരെ നാളായി തിരുവനന്തപുരവും കോഴിക്കോടും കോർപ്പറേഷൻ ഭരണം സിപിഎമ്മിനാണ്. ഇവ പിടിച്ചെടുക്കാനുള്ള യുഡിഎഫിന്റെ കുറുക്കുവഴിയാണ് ഹൈക്കോടതി ഉത്തരവിലൂടെ പൊളിയുന്നത്.

കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകുമെന്നാണ് സൂചന. കോർപ്പറേഷനിലെ വാർഡുകൾ മുനിസിപ്പാലിറ്റികളുടെ ഭാഗമാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. നേരത്തെ കോർപ്പറേഷനുകളാക്കിയ വാർഡുകളെ തിരികെ മുനിസിപ്പാലിറ്റിയിലേക്കോ പഞ്ചായത്തിലേക്കോ കൂട്ടിച്ചേർക്കുന്നത്, ആ പ്രദേശത്തിനായി മുമ്പ് ചെയ്ത നല്ല കാര്യം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വളരെ വിചിത്രമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്ന് വ്യക്തമാക്കുന്നതാണ് കോടതി ഉത്തരവ്. എന്നാൽ വീകേന്ദ്രീകൃത വികസനത്തിന് കൂടുതൽ മുൻസിപ്പാലിറ്റികൾ ഗുണം ചെയ്യുമെന്നാണ് സർക്കാർ വാദം. ഫണ്ടുകളുടെ കാര്യക്ഷമമായ വിനിയോഗം ഇതിലൂടെ കഴിയുമെന്നാണ് നിലപാട്. ഈ സാഹചര്യത്തിലാണ് അപ്പീൽ നൽകൽ.

അതിനിടെ മുസ്ലിം ലീഗിന്റേയും കോൺഗ്രസിന്റേയും കള്ളക്കളിയാണ് പൊളിഞ്ഞതെന്ന് സിപിഐ(എം) പറയുന്നു. കോഴിക്കോട് ലീഗിന്റെ വർഗ്ഗീയ അജണ്ടയായിരുന്നു പുതിയ മുൻസിപ്പാലിറ്റികളുടെ രൂപീകരണത്തിന് കാരണമെന്നാണ് സിപിഐ(എം) ആരോപണം. ഇതോടെ തിരുവനന്തപുരം കോർപ്പറേഷന്റെ അംഗ ബലം 100ആയി തുടരും. തിരുവനന്തപുരത്ത് കോടതി ഉത്തരവുണ്ടെങ്കിലും ഭരണം നിലനിർത്താൻ സിപിഎമ്മിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ബിജെപിയുടെ സാന്നിധ്യമാണ് ഇതിന് കാരണം.

തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായിരുന്നു രണ്ടാം സ്ഥാനം. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു മുന്നേറ്റം. ഇതൊക്കെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ സിപിഐ(എം) വോട്ടുകൾ ചോരും. എന്നാൽ കോഴിക്കോടിനെ ഉറച്ച് ഇടത് കോട്ടയായി നിർത്താൻ ഹൈക്കോടതി ഉത്തരവിലൂടെ സിപിഎമ്മിന് കഴിയും. ഈ രണ്ട് തീരുമാനങ്ങളും എതിർത്ത കോടതി കണ്ണൂർ മുനിസിപ്പാലിറ്റിയും ചില പഞ്ചായത്തുകളും ചേർത്ത് കണ്ണൂർ കോർപ്പറേഷൻ രൂപവത്കരിച്ചത് അംഗീകരിച്ചു. തൃക്കടവൂർ പഞ്ചായത്ത് കൂട്ടിച്ചേർത്തുകൊല്ലം കോർപ്പറേഷൻ രൂപവത്കരിച്ചതും ശരിവച്ചിട്ടുണ്ട്. പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയോട് ചേർക്കുന്നതിൽ അപാകമില്ലെന്ന വാദം അംഗീകരിച്ചാണിത്. ഇവയും സിപിഎമ്മിന് രാഷ്ട്രീയമായി ഗുണം ഉണ്ടാക്കിയേക്കും.

പഞ്ചായത്തുകളുടെ ഭാഗങ്ങൾ മുനിസിപ്പാലിറ്റിയിലേക്കും മുനിസിപ്പാലിറ്റിയുടെ ഭാഗങ്ങൾ കോർപ്പറേഷനിലും കൂട്ടിച്ചേർക്കുന്നതിൽ തെറ്റ് കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. അത്തരത്തിൽ രണ്ട് കോർപ്പറേഷനുകളുടെയും ഒരു കൂട്ടം മുനിസിപ്പാലിറ്റികളുടെയും രൂപവത്കരണം കോടതി ശരിവച്ചിട്ടുണ്ട്. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയെ വിഭജിച്ച് പുതുതായി ആന്തൂർ മുനിസിപ്പാലിറ്റിക്ക് രൂപം നൽകിയതും കോടതി അംഗീകരിച്ചു. മുക്കം, കൊടുവള്ളി, മാനന്തവാടി, പാനൂർ, കാസർകോട്ടെ നീലേശ്വരം മുനിസിപ്പാലിറ്റികളുടെ രൂപവത്കരണത്തിനെതിരായ ഹർജികളും തള്ളി. ഗ്രാമപ്രദേശത്തെ നഗരത്തോട് ചേർക്കുന്നത് ശരിയല്ലെന്ന ഹർജിഭാഗം വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വാർഡ് വിഭജനം സംബന്ധിച്ച് സർക്കാർ ഏപ്രിൽ 30ന് ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്ന അൻപതോളം ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒക്ടോബറിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP