Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിവിൽ നിന്ന് വിപരീതമായി എതിർദിശയിൽ ശക്തമായ കാറ്റ് വീശുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തുന്നതിൽ പിശക് വന്നെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; എല്ലാറ്റിനും ശിവശങ്കറിനെ പഴിക്കാമെങ്കിലും സർക്കാരിന്റെ ഇമേജിന് കോട്ടംവന്നുവെന്ന് വിമർശനം; യെച്ചൂരിയും കാരാട്ടും ഒരുപോലെ മുഖം തിരിക്കുന്നതും ഇതാദ്യം; പ്രതിപക്ഷത്തിന് അടിക്കാൻ കൊടുത്തത് മുട്ടൻ വടി; രാജിയല്ലാതെ വഴിയില്ലെന്ന് ചെന്നിത്തല വാശി പിടിക്കുമ്പോൾ പിണറായിക്കും ക്ഷീണം

പതിവിൽ നിന്ന് വിപരീതമായി എതിർദിശയിൽ ശക്തമായ കാറ്റ് വീശുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തുന്നതിൽ പിശക് വന്നെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; എല്ലാറ്റിനും ശിവശങ്കറിനെ പഴിക്കാമെങ്കിലും സർക്കാരിന്റെ ഇമേജിന് കോട്ടംവന്നുവെന്ന് വിമർശനം; യെച്ചൂരിയും കാരാട്ടും ഒരുപോലെ മുഖം തിരിക്കുന്നതും ഇതാദ്യം; പ്രതിപക്ഷത്തിന് അടിക്കാൻ കൊടുത്തത് മുട്ടൻ വടി; രാജിയല്ലാതെ വഴിയില്ലെന്ന് ചെന്നിത്തല വാശി പിടിക്കുമ്പോൾ പിണറായിക്കും ക്ഷീണം

എം മനോജ് കുമാർ

 തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കുരുങ്ങി മുഖ്യമന്ത്രിയുടെ തല ഉരുളുമോ? അധികാര സോപാനത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താകുമോ എന്ന ചോദ്യമാണ് പതിവിനു വിപരീതമായി ഇപ്പോൾ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. അധികാരത്തിലേറി നാല് വർഷത്തിന്നിടെ ആദ്യമായാണ് മുഖ്യമന്ത്രി പദവിക്ക് ഭീഷണിയാകുന്ന ഒരാരോപണം മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. അന്താരാഷ്ട്ര മാനങ്ങളുള്ള കള്ളക്കടത്ത് കേസുമായി സ്വന്തം ഓഫീസിനു ബന്ധം വരുമ്പോൾ ഒരു മുഖ്യമന്ത്രിക്കും സ്വന്തം കസേരയിൽ ഉറച്ചിരിക്കാൻ കഴിയില്ല. സ്വർണ്ണക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാൾക്ക് ബന്ധം വരുമ്പോൾ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനും കഴിയില്ല. പ്രതിസന്ധിയിൽ പിന്തുണ തേടി പാർട്ടി ആസ്ഥാനത്തേക്ക് കണ്ണയക്കുമ്പോൾ ഒരു പിന്തുണയും മുഖ്യമന്ത്രിക്ക് ലഭിക്കുന്നുമില്ല. ഇതൊക്കെയാണ് സാഹചര്യങ്ങളെ മാറ്റി മറിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി ശക്തമായി സാന്നിധ്യമായി മറുവശത്ത് പ്രതിപക്ഷവുമുണ്ട്. തിളക്കമാർന്ന പ്രതിച്ഛായയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈവന്നിരിക്കുന്നത്. സ്പ്രിങ്ലർ, ഇ-മൊബിലിറ്റി, തുടങ്ങി ഇപ്പോൾ സ്വർണ്ണക്കടത്തിൽ വരെ അദ്ദേഹം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുകയും വിമർശിക്കുകയുമാണ്. ഇതൊക്കെ തന്നെ സ്വർണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിക്ക് കടുത്ത അസ്വസ്ഥതതയാണ് സൃഷ്ടിക്കുന്നത്.

പാർട്ടി കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും മുഖം തിരിച്ചു നിൽക്കെ പിന്തുണയുമായി ആകെ രംഗത്തുള്ളത് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള മാത്രമാണ്. വിമർശനം ഉയരുമ്പോൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി നിൽക്കാറുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി പ്രതീക്ഷിച്ച പിന്തുണ മുഖ്യമന്ത്രിക്ക് നൽകിയില്ല എന്ന് മാത്രമല്ല കടുത്ത വിമർശനം ഈ കാര്യത്തിൽ ഉയർത്തുകയും ചെയ്തു. സ്വർണ്ണക്കടത്ത് കേസ് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ രാഷട്രീയ നേതൃത്വത്തിന് പിശക് പറ്റി എന്നും വിമർശനവും സെക്രട്ടറിയെറ്റ് ഉതിർത്തു. രണ്ടും മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയും താക്കീതുമാണ്. മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.

രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾ ആവശ്യപ്പെടുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു ശക്തി പകരുന്ന നിരീക്ഷണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റിൽ നിന്നും പുറത്ത് വരുന്നതും. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു വന്ന പത്മവ്യൂഹത്തിൽ മുഖ്യമന്ത്രിക്ക് പുറത്ത് കടക്കാൻ പ്രയാസമാകുമെന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഈ സാഹചര്യം മനസിലാക്കി തന്നെയാണ് അനുകൂലാവസ്ഥ സമർഥമായി ഉപയോഗിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നത്. സ്പ്രിങ്‌ളർ, മണൽക്കടത്ത്, ഇ-മൊബിലിറ്റി പദ്ധതിയിൽ എല്ലാം മുഖ്യമന്ത്രിയെ നിലംപരിശാക്കിയ ചെന്നിത്തല സ്വർണ്ണക്കടത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം പരമാവധി ഉപയോഗിക്കാനാണ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തിയുള്ള പ്രമേയവും സ്പീക്കറിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയവും സഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നത്.

സംസ്ഥാനത്തിന്റെ യശസിന് തന്നെ കളങ്കം ഉണ്ടാക്കിയ സംഭവമാണ് സ്വർണ്ണക്കള്ളക്കടത്ത്. സംസ്ഥാന ഭരണത്തിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും മറ്റ് അനധികൃത പ്രവർത്തനങ്ങൾക്കും കേന്ദ്രമാകുന്നുവെന്നത് അപമാനകരമാണ്. രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളുകളെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിന്റെയെല്ലാം ഉത്തരവാദിത്വം കൈവരുകയാണ്. ആരോപണ വിധയനായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി നിർത്തിയതുകൊണ്ട് എല്ലാമാവസാനിക്കുന്നു എന്നുള്ള ധാരണ പൊതുസമൂഹത്തിനില്ല. അതുകൊണ്ട് സി ബിഐ അന്വേഷണം വേണം. ഇതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ പ്രിൻസപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചീഫ് സെക്രട്ടറിയോ ധനകാര്യ സെക്രട്ടറിയോ അന്വേഷിച്ചതുകൊണ്ട് കാര്യമില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കള്ളക്കടത്ത് വിഷയത്തിൽ വരേണ്ടത്. നാല് വർഷക്കാലം ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കുമൊപ്പം പ്രവർത്തിച്ചയാളാണ് ശിവശങ്കരൻ. ഇത് ആരോപണങ്ങളെ ഗൗരവതരമാക്കുന്നു.

തുടക്കം മുതൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയത് കള്ളക്കളിയാണ്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിൽ നിന്നാരും ബന്ധപ്പെട്ടിരുന്നില്ല എന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞു. എന്നാൽ പിന്നീട് മുഖ്യമന്ത്രി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞു. തുടക്കം മുതൽ തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. നിവൃത്തിയില്ലാത്ത ഘട്ടം വന്നപ്പോൾ മാറ്റി നിർത്തി. പിന്നീട് ലീവ് അനുവദിച്ച് നൽകി. മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിച്ച ശിവശങ്കരനെ രക്ഷിക്കാനുള്ള വഴികൾ എന്നും മുഖ്യമന്ത്രി തേടി. സ്വർണ്ണക്കടത്ത് വന്നപ്പോൾ ഒരു വിവാദ സ്ത്രീയുമായിട്ടുള്ള ബന്ധമാണ് ശിവശങ്കരനെ മാറ്റി നിർത്താനുള്ള കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കാബിനറ്റും നിയമവകുപ്പും, ഇടതുമുന്നണിയും പാർട്ടിയുമൊന്നുമറിയാതെ അമേരിക്കൻ കമ്പനിയായ സ്പ്രിങ്‌ളറുമായി ശിവശങ്കരൻ കരാർ ഒപ്പിട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി് സംരക്ഷിച്ചു നിർത്തി. സിപിഐ അവശ്യപ്പെട്ടിട്ട് പോലും ശിവശങ്കരനെ നീക്കിയില്ല. .

വിവാദസത്രീയെ സ്‌പേസ് പാർക്കിൽ നിയമിച്ചത് താനറിഞ്ഞില്ലന്നും ഏതോ പ്‌ളേസ്‌മെന്റ് ഏജൻസിയാണ് നിയമിച്ചതെന്നും പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചങ്കിലും പ്രതിപക്ഷവും മാധ്യമങ്ങളും സമൂഹവും ശക്തമായ നിലപാട് സ്വീകരിച്ചത് തിരിച്ചടിയായി. തുടക്കം മുതൽ കള്ളക്കളത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ഉന്നത സ്ഥാനമാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ഉള്ളത്. അങ്ങിനെയൊരു ഓഫീസിനാണ് സ്വർണ്ണക്കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെട്ടത്. സ്പ്രിങ്‌ളർ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷം ആരോപണമുന്നയിച്ചപ്പോൾ മാധവൻ നമ്പ്യാരെയും രാജീവ് സദാന്ദനെയും അന്വേഷിക്കാൻ ചുതമലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് മാസമായി. ഒരന്വേഷണവും നടന്നില്ല. ഇപ്പോൾ രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കി. സ്പ്രിങ്‌ളർ ഇടപാട് ഇനി ആര് അന്വേഷിക്കും. .

ഐ ടി വകുപ്പിനെ സ്വർണ്ണഖനിയായി കരുതിയതിനാൽ അനധികൃതമായ കരാറുകളും നിയമനങ്ങളും നടന്നു. ഇവയൊക്കെ കുറിച്ചൊക്കെ വിശദമായ അന്വേഷണം വേണം. കെ ഫോൺ, സ്‌പേയസ് പാർക്ക്, ഇ മൊബിലിറ്റി, വ്യവസായ പാർക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമനങ്ങളെപ്പറ്റി വിശദമായ അന്വേഷണം വേണം. ശിവശങ്കരൻ ചെയർമാനായ 24 ഓളം കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റകളെക്കുറിച്ചും അന്വേഷണം അനിവാര്യമാണ്. ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട വലിയ ആരോപണങ്ങൾ പ്രതിപക്ഷമുന്നയിച്ചിട്ടും ഇതുവരെ അന്വേഷിക്കാൻ സർക്കാർ തയ്യാറായില്ല. പിഡബ്ല്യുസിയുടെ ഓഫീസ് സെക്രട്ടറിയേറ്റിൽ തുടങ്ങാനുള്ള നിർദ്ദേശം വന്നത് ഇ മൊബിലിറ്റിയുടെ ഫയിലിലൂടെ ആണ്. ഇത് ഒറിജിനേറ്റ് ചെയ്തത് ഐ ടി വകുപ്പിലാണ്. ഇതിനെക്കുറിച്ചെല്ലാം അന്വേഷണം വേണം. ഈ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെങ്കിൽ സി ബി ഐ തന്നെ വേണം. ഇതൊക്കെയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതെല്ലാം മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനാണ് തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP