Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202230Wednesday

ശൈത്യയുറക്കത്തിലാർന്ന ഹിമക്കരടികളെപ്പോലെയാണ് മിക്കപ്പോഴും മുസ് ലിം സംഘടനകൾ; അവർക്ക് ഉണർന്നെഴുന്നേൽക്കാൻ ലഭിച്ച വിഷയമായി ലിംഗ സമത്വ യൂണിഫോം രൂപാന്തരപ്പെടുമ്പോൾ മുനീറിനു പിന്നിൽ പി എം എ സലാമും ഇ ടി മുഹമ്മദ് ബഷീറുമെല്ലാം അണിനിരക്കുന്നു; പള്ളികളിൽ പ്രചാരണവുമായി സമസ്തയും

ശൈത്യയുറക്കത്തിലാർന്ന ഹിമക്കരടികളെപ്പോലെയാണ് മിക്കപ്പോഴും മുസ് ലിം സംഘടനകൾ; അവർക്ക് ഉണർന്നെഴുന്നേൽക്കാൻ ലഭിച്ച വിഷയമായി ലിംഗ സമത്വ യൂണിഫോം രൂപാന്തരപ്പെടുമ്പോൾ മുനീറിനു പിന്നിൽ പി എം എ സലാമും ഇ ടി മുഹമ്മദ് ബഷീറുമെല്ലാം അണിനിരക്കുന്നു; പള്ളികളിൽ പ്രചാരണവുമായി സമസ്തയും

എം എ എ റഹ്‌മാൻ

കോഴിക്കോട്: മുസ് ലിം സംഘടനകൾക്ക് ആയകാലം മുതലേ വിഷയദാരിദ്ര്യം വലിയ പ്രശ്‌നമാണ്. അതിന്നോ, ഇന്നലെയോ തുടങ്ങിയ പ്രതിഭാസമൊന്നുമല്ല. പതിറ്റാണ്ടുകളുടെ പഴക്കം അതിനുണ്ട്. ശൈത്യയുറക്കത്തിലാർന്ന ഹിമക്കരടികളെപ്പോലെയാണ് മിക്കപ്പോഴും മുസ് ലിം സംഘടനകൾ. മുസ് ലിം ലീഗ് അതിന്റെ മൂർധന്യത്തിലുള്ള രാഷ്ട്രീയ രൂപമായതിനാൽ അത്രക്കങ്ങ് ഉറങ്ങാറില്ലെന്നു മാത്രം. എന്നാലും പൊതുവിൽ പ്രതിപക്ഷത്താവുന്ന കാലത്ത് മിക്കപ്പോഴും നേതാക്കളും അണികളുമെല്ലാം അവരുടെ ബിസിനസുകളിലും കൃഷിയിലും മറ്റ് വ്യവഹാരങ്ങളിലുമെല്ലാം ഏർപ്പെടുന്നതാണ് കാണാറ്.

ചിലരെല്ലാം അടിക്കടി ഗൾഫ് നാടുകളിലേക്കു പറക്കും. സ്വന്തം ബിസിനസ് നോക്കി നടത്താനും പാർട്ടിക്കായി ഫണ്ട് പിരിക്കാനും. പിണറായി വിജയൻ സർക്കാർ രണ്ടാം ബാറ്റിങ്ങിന് ഇറങ്ങിയതോടെ കുഞ്ഞാപ്പയെയും മുസ്ലിം ലീഗിനെ ആരും ഒരു സമരമുഖത്തും കണ്ടിട്ടില്ല. എന്തിനും ഏതിനും നേതാക്കളുടെ ആഹ്വാനം ശിരസാവഹിച്ച് തല്ലുകൊള്ളുന്ന പണിക്കെല്ലാം ഇപ്പോൾ യൂത്ത് ലീഗുകാരെ കാര്യമായി കിട്ടാറുമില്ല. യു ഡി എഫിൽ ഇതിനെതിരേ ശക്തമായ അമർഷവുമുണ്ട്. ഇടക്കെല്ലാം അത് പുറത്തേക്കു പൊട്ടിയൊഴുകാറുമുണ്ട്.

ലിംഗ സമത്വ യൂണിഫോം തങ്ങൾ നടത്തുന്ന വിദ്യാലയങ്ങളിലെന്നല്ല, നാട്ടിലൊരിടത്തും അനുവദിക്കില്ലെന്ന നിലപാടുമായാണ് ലീഗും അവർക്കൊപ്പമുള്ള മുസ് ലിം മത സംഘടനകളും നിലയുറപ്പിച്ചിരിക്കുന്നത്. ലിംഗസമത്വ യൂണിഫോമും ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നോ, അല്ലാതെയോ ഇരിക്കുകയും ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമെന്നാണ് ഇവരുടെയെല്ലാം പൊതുവായ നിലപാട്.

മുതിർന്ന നേതാവും എം പിയുമെല്ലാമായ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീറിന് ലിംഗസമത്വമെന്ന പ്രയോഗം തന്നെ ബാലിശമാണെന്ന അഭിപ്രായമാണ്. പി എം എ സലാമെന്ന ലീഗ് ജനറൽ സെക്രട്ടറിയിലേക്കെത്തിയാൽ സംഭവം നടപ്പായാൽ കുട്ടികൾ ക്ലാസ് മുറിയിൽതന്നെ പ്രസവിക്കുന്നത്രയും അരാജകത്വവും സ്വതന്ത്ര ലൈംഗികതയുമെല്ലാമാണ് സംഭവിക്കുക. എം കെ മുനീറെന്ന എം ബി ബി എസ് ഡോക്ടറുടെ ഈ വിഷയങ്ങളിലെ നിലപാട് അദ്ദേഹം പറയുകയും തിരുത്തുകയും ചെയ്യുന്നത് തുടരുകയാണ്.

സമസ്തക്കിപ്പോൾ അൽപം വില വർധനവ് ഒരു സമ്മർദ ഗ്രൂപ്പെന്ന നിലയിൽ സംഭവിച്ചിട്ടുണ്ട്. വഖഫ് വിഷയത്തിൽ പിണറായിയെ മൂക്കുകയറിട്ടു പിടിച്ചുകെട്ടിയത് തങ്ങളാണെന്ന് അവരുടെ നേതാക്കൾ പരസ്പരം കാണുമ്പോഴും സംസാരിക്കുമ്പോഴും ഓർമ്മിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് വഖഫ് വിഷയത്തിൽ പയറ്റിയ അതേ അങ്കച്ചുവട് യൂണിഫോം വിഷയത്തിലും അവർ പയറ്റാൻ തീരുമാനമെടുത്തിരിക്കുന്നത്. പള്ളികൾതോറും വെള്ളിയായഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ലിംഗ സമത്വ യൂണിഫോം വിദ്യാലയങ്ങളിൽ വന്നാൽ ഖിയാമന്നാളാ (അവസാനദിനം)ണെന്നാണ് മിംബറിൽ കയറിനിന്നുള്ള മതഉദ്‌ഭോധനങ്ങളുടെ കാതൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ ഇത്തരം പള്ളി കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. മുസ് ലിം പണ്ഡിത സഭയായ സമസ്തയുടെ മുശാവറ ചേളാരിയിൽ യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്.

സുന്നികളായ ഇ കെ വിഭാഗവും എ പി വിഭാഗവും മുജാഹിദിലെ വിരുദ്ധ ധ്രുവങ്ങളിലുള്ള സംഘടനകളുമെല്ലാം അണികളെ ഉണർത്തുന്നത് ജില്ലാ സംസ്ഥാന സമ്മളനങ്ങളിലൂടെയും ചില കാമ്പയിനുകളിലൂടെയുമെല്ലാമാണ്. മുത്തലാഖായാലും ശരീഅത്ത് നിയമത്തിലെ കൈകടത്തലായാലും മുസ് ലിം വ്യക്തി നിയമത്തിലെ ഇടപെടലുകളായാലും ഒടുവിൽ അടുത്തിടെ സംഭവിച്ച വഖഫ് ബോർഡ് നിയമന വിഷയമായാലും ഏറ്റവും ഒടുവിൽ രംഗത്തുള്ള ലിംഗ സമത്വ യൂണിഫോമായാലും അതെല്ലാം സംഘനടയുടെ അണികളെ തട്ടിവിളിച്ചു ഉറക്കമുണർത്തുന്നവയാണ്. ഒരു പരിപാടിയും ഇല്ലാതിരുന്നാൽ സംഘടന നാട്ടിലുണ്ടെന്ന് ആരുമറിയില്ല. അങ്ങനെ വന്നാൽ ഇന്ധനമായ സംഭവനകളും എത്തില്ല.

നിലവിലെ സാഹചര്യത്തിൽ ഉറക്കംവിട്ടുണരേണ്ടത് മുസ് ലിം സംഘടനകളുടെ രാഷ്ട്രീയ രൂപമായ മുസ് ലിം ലീഗ് തന്നെയാണ് ഏറെ ആവശ്യം. അവർക്ക് പൊതുവിൽ പിണറായിക്കെതിരേ എന്തെങ്കിലും ചെയ്യാൻ താൽപര്യമില്ല. അണികളുടെ പ്രശ്‌നമല്ല, നേതാക്കളുടെ നിലപാടാണ്. ഭരണമില്ലാത്തപ്പോൾ സ്വസ്ഥമായിരിക്കുക. ആരോഗ്യം പരിപോഷിപ്പിക്കുക. ഇതിനിടയിലേക്കാണ് ലിംഗ സമത്വ യൂണിഫോം എന്ന ഇടതു സർക്കാരിന്റെ നയം എത്തിയിരിക്കുന്നത്.

സാമുദായിക സംഘടനകൾ ഒന്നിച്ചെതിർത്താൽ മറ്റൊരു വിമോചന സമരമായി ഇത് പരിണമിക്കുമോയെന്ന ഭയം എൽ ഡി എഫ് നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചും വല്ല്യേട്ടനായ സി പി എമ്മിന്. അത് മുന്നിൽ കണ്ടു തന്നെയാണ് ഒന്നിലധിക തവണ ലിംഗ സമത്വ യൂണിഫോമിൽ ധൃതിപിടിച്ചു തീരുമാനം കൈക്കൊള്ളില്ലെന്നും ആരെയും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്നുമെല്ലാം സി പി എമ്മിന്റെ മുതിർന്ന നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി അർഥശങ്ക്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. എന്നാൽ അതൊന്നും ലീഗിനും സമസ്തക്കും എന്തിനധികം എ പി സുന്നിക്കാർക്കുവരെ തൃപ്തി നൽകിയിട്ടില്ല.

യൂണിഫോം വിഷയം കത്തിച്ചുനിർത്തേണ്ടത് ലീഗിന്റെ ആവശ്യമാണ്. ഈ വിഷയത്തിൽ ഞാനൊന്നുമറിഞ്ഞീലായെന്ന നിലപാടാണ് മുഖ്യ പാർട്ടിയായ കോൺഗ്രസിന് പ്രത്യക്ഷത്തിലെങ്കിലും ലീഗിനെയും ക്രിസ്ത്യൻ സാമുദായിക നേതൃത്വത്തെയുമെല്ലാം തങ്ങളാൽ ആവുന്ന വിധത്തിൽ പ്രതിഷേധങ്ങളും എതിർ പ്രസ്താവനകളുമെല്ലാമായി രംഗത്ത് സജീവമാക്കാൻ യു ഡി എഫ് നേതൃത്വം പണികൾ പലതും പയറ്റുന്നുണ്ട്. എന്താവും ഇതിന്റെയൊന്നും പരിണിതഫലമെന്ന കാര്യത്തിൽ ആർക്കും വലിയ നിശ്ചയമൊന്നുമില്ല. പക്ഷേ ഏതെങ്കിലും ഒരു ഏറ് മർമ്മത്തിൽ കൊണ്ടാൽ പിണറായി സർക്കാർ വീഴുമോയെന്നതിലാണ് നോട്ടമെന്നു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP