Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനത്തെ പറ്റിച്ചു കഴിയുന്ന നേതാക്കൾക്ക് ഒരുപോലെ ഭയം; കുത്തക മുതലാളിമാർക്ക് ചങ്കിടിപ്പ്; കുത്തക മാദ്ധ്യമങ്ങൾക്ക് പേടി സ്വപ്നം: ഡൽഹിയിൽ നിന്നും ഗോവയും പഞ്ചാബും വഴിപടരുന്ന തീപ്പൊരി കെടുത്താൻ കള്ളക്കേസുകളുടെ കുത്തൊഴുക്ക്: എന്തുകൊണ്ടാണ് കെജ്രിവാളിനെ എല്ലാവരും ഒരുപോലെ ഭയപ്പെടുന്നത്?

ജനത്തെ പറ്റിച്ചു കഴിയുന്ന നേതാക്കൾക്ക് ഒരുപോലെ ഭയം; കുത്തക മുതലാളിമാർക്ക് ചങ്കിടിപ്പ്; കുത്തക മാദ്ധ്യമങ്ങൾക്ക് പേടി സ്വപ്നം: ഡൽഹിയിൽ നിന്നും ഗോവയും പഞ്ചാബും വഴിപടരുന്ന തീപ്പൊരി കെടുത്താൻ കള്ളക്കേസുകളുടെ കുത്തൊഴുക്ക്: എന്തുകൊണ്ടാണ് കെജ്രിവാളിനെ എല്ലാവരും ഒരുപോലെ ഭയപ്പെടുന്നത്?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ്സിനെ ഭയക്കുന്നതിനെക്കാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആംആദ്മിയെയും കെജ്രിവാളിനേയും ഭയക്കുന്നുണ്ടോ? ഉണ്ടെന്ന് തന്നെ കരുതേണ്ടി വരും കെജ്രിവാളിനെതിരായ പ്രതികാര നടപടിയുമായി മുന്നോട്ടു പോകുമ്പോൾ. നരേന്ദ്ര മോദിയുടെ മൂക്കിനുകീഴിൽ ഡൽഹിയിൽ ബിജെപിയേയും കോൺഗ്രസ്സിനേയും തൂത്തെറിഞ്ഞ് ഭരണം നേടിയ കെജ്രിവാളിനേയും അദ്ദേഹത്തിന്റെ പാർട്ടിയായ ആം ആദമിയേയുംമാണ് മോദിയും ബിജെപിയും ഭയക്കുന്നതെന്ന വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കെജ്രിവാളിനെ അധികാര ഭ്രഷ്ഠനാക്കാൻവേണ്ടി കുത്ത മാദ്ധ്യമങ്ങളും വൻകിട മുതലാളിമാരും ഒരുമിച്ച് കൈകോർത്തിരിക്കയാണ്. ഡൽഹിയിൽ ജനഹിത ഭരണം കാഴ്ചവയ്ക്കുന്ന കെജ്രിവാളിന്റെ ഇനിയുള്ള ലക്ഷ്യങ്ങൾ പഞ്ചാബും ഗോവയും പിന്നെ ഗുജറാത്തുമാണ് എന്നതുതന്നെയാണ് അദ്ദേഹത്തെ മാദ്ധ്യമങ്ങൾക്കും ഭരണപ്പാർട്ടിക്കും അദ്ദേഹത്തിന്റെ ശത്രുവാക്കിയത്.

ലാളിതവും ജനഹിതമറിഞ്ഞുള്ളതുമായ പരിഷ്‌കാരങ്ങൾ വരുത്തിയാണ് കെജ്രിവാൾ ഡൽഹിക്കാർക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഭരണം നയിക്കുന്നത്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ നിലപാട് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നു. ജനങ്ങളുടെ പോക്കറ്റുകീറിയുള്ള നികുതിപിരിവിന് പകരം വെള്ളക്കരവും വൈദ്യുതി ചാർജും ഉൾപ്പെടെയുള്ളവ കുറച്ചും പകരം വ്യാപാരികളുടേയും വ്യവസായികളുടേയും ബില്ലിംഗും കൃത്യമായ നികുതിയടവും ഉറപ്പുവരുത്തിയും ആണ് ഖജനാവിന് കരുത്തു പകരുന്നത്. ഇത്തരത്തിൽ സർക്കാർ ജനക്ഷേമത്തിനായിരിക്കണം ആദ്യ പരിഗണന നൽകേണ്ടതെന്ന ശക്തമായ സന്ദേശം ഉയർത്തിയാണ് കെജ്രിവാൾ മാതൃക കാട്ടുന്നത്. ഇനി തങ്ങളുടെ നീക്കം അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലേക്കും ഗോവയിലേക്കും ആയിരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ കെജ്രിവാൾ അതിനുള്ള നീക്കങ്ങൾ ശക്തമാക്കിക്കഴിഞ്ഞു.

ഗോവയിൽ ഒരാഴ്ച മുമ്പ് സംസ്ഥാനത്തെ ചെറുകിട ഹോട്ടൽ വ്യവസായികളുമായി അദ്ദേഹം സംവാദം നടത്തി. സെക്‌സ്, ഡ്രഗ്‌സ്, വ്യഭിചാരം എന്നിവയാൽ ഗോവയിലെ വിനോദസഞ്ചാരമേഖല അപമാനിക്കപ്പെട്ടിരിക്കുയാണെന്നും ഇപ്പോഴുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു സംവാദത്തിൽ കെജ്രിവാൾ പറഞ്ഞത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മി സംസ്ഥാനത്ത് ഇത്തരം സംവാദങ്ങളിലൂടെ ചുവടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. പഞ്ചാബിലും വൻ സ്വീകരണമാണ് അടുത്തിടെ കെജ്രിവാളിനും ആംആദ്മിക്കും ലഭിക്കുന്നത്. അടുത്തിടെ നടന്ന റാലിയിൽ ആയിരങ്ങളാണ് കെജ്രിവാളിന്റെ വാക്കുകൾ കേൾക്കാൻ എത്തിയത്. അവരുടെ ആവേശം ഉൾക്കൊണ്ടുതന്നെ ആകെയുള്ള 117 സീറ്റിൽ നൂറുസീറ്റും നേടി പഞ്ചാബിൽ ആംആദ്മി അധികാരത്തിലെത്തുമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. കോൺഗ്രസ്സാണെങ്കിൽ ഇവിടെ ആരെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്നുപോലും തീരുമാനിക്കാനാകാതെ കുഴങ്ങുകയാണ്.

ഈ സാഹചര്യത്തിലാണ് കെജ്രിവാളിനെ മോദിയും ബിജെപിയും പ്രധാന എതിരാളിയായി കാണുന്നതും. ആംആദ്മിയുടെ മുന്നേറ്റങ്ങൾക്ക് തടയിടാനായില്ലെങ്കിൽ പഞ്ചാബിലും ഗോവയിലും ഡൽഹി ആവർത്തിക്കപ്പെടുമെന്ന് ബിജെപി ഭയപ്പെടുന്നു. മോദി ഡൽഹിയിൽ അധികാരത്തിലേറിയ ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ഡൽഹിയിലെ പരാജയം കനത്ത പ്രഹരമായിരുന്നു. മോദിക്കും അത് വലിയ ക്ഷീണമായി. വീണ്ടും ആംആദ്മിയോട് എതിരിട്ട് പഞ്ചാബിലോ ഗോവയിലോ അത്തരത്തിൽ ഒരു തോൽവിയുണ്ടായാൽ ഭരണത്തുടർച്ചയെന്ന മോദിയുടെയും ബിജെപിയുടെയും ആഗ്രഹത്തിന് അത് വൻ തിരിച്ചടിയാകുമെന്നുറപ്പാണ്. ഡൽഹി ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് കേന്ദ്രം നിരവധി കടമ്പകളാണ് സർക്കാരിന് മുന്നിൽ തീർക്കുന്നത്.

ഉദ്യോഗസ്ഥരുടെ അറസ്റ്റും സ്ഥലംമാറ്റവും

കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാറിനെ സിബിഐ ഇപ്പോൾ അറസ്റ്റുചെയ്യുമ്പോൾ അത് കെജ്രിവാളിനൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നൽകുന്ന മുന്നറിയിപ്പാണെന്ന ചർച്ചകളാണ് ഇന്ദ്രപ്രസ്ഥത്തിൽ നിറയുന്നത്. ഇത് ആംആദ്മിക്കും കെജ്രിവാളിനുമെതിരെയുള്ള ശക്തമായ താക്കീതായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കോൺഗ്രസ് ഭരണകാലത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസെങ്കിലും കെജ്രിവാളിനെ അഴിമതിയുമായി ബന്ധപ്പെടുത്താനുള്ള പ്രചരണങ്ങളാണ് നടക്കുന്നത്.

മുൻപ് ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട രാജേന്ദ്രകുമാറിനെ ഇപ്പോൾ വീണ്ടും അറസ്റ്റുചെയ്തതിലൂടെ കേന്ദ്രം നൽകുന്നത് ഡൽഹി സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ശക്തമായ സന്ദേശമാണ്. കെജ്രിവാളിനൊപ്പം നിന്നാൽ ഒന്നുകിൽ ജയിലിൽപോകാം അല്ലെങ്കിൽ ട്രാൻസ്ഫർ വാങ്ങാമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്നു ചുരുക്കം. ഡൽഹി, ആൻഡമാൻ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകളിലായി ഓഫീസർമാരുടെ 300 പോസ്റ്റുകളാണുള്ളത്. 135 പോസ്റ്റുകൾ ഇപ്പോഴും ഒഴിച്ചിട്ടിരിക്കുന്നു. രാജേന്ദ്രകുമാറിനെ അറസ്റ്റുചെയ്ത അതേദിവസം 11 പേർക്കാണ് ട്രാൻസ്ഫർ ഉത്തരവ് ലഭിച്ചത്. മുഖ്യമന്ത്രി കെജ്രിവാളിന്റെ ഓഫീസിലെ അഞ്ച് സീനിയർ ഉദ്യോഗസ്ഥർ ഇപ്പോൾ അറസ്റ്റിലാണ്. മറ്റൊരാളെ ജൂലായ് നാലിന് സ്ഥലംമാറ്റി. മറ്റൊരാൾ സ്റ്റഡി ലീവിൽ. ചുരുക്കത്തിൽ കെജ്രിവാളിനെ സഹായിക്കാനുള്ള ത് ഒരാൾ മാത്രം. ഇതാണ് ഡൽഹി സംസ്ഥാന മുഖ്യമന്ത്രിക്ക് ഭരണം നടത്താൻ കേന്ദ്രം നൽകുന്ന 'സഹായം'.

ബില്ലുകൾ തടഞ്ഞുവച്ച് പീഡനം

ഡൽഹി അസംബൽ പാസാക്കിയ ഒമ്പതു ബില്ലുകളാണ് മാസങ്ങളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കാത്ത് കിടക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ പാസാക്കിയതാണ് അതിലൊരെണ്ണം. മിക്കവയും സുഗമമായി ആംആദ്മിയുടെ നയങ്ങൾ നടപ്പാക്കാനുദ്ദേശിച്ചുള്ള ബില്ലുകൾ. വിദ്യാഭ്യാസം, ലോക്പാൽ, മിനിമം കൂലി, സർക്കാർ സേവനങ്ങൾ യഥാസമയം ജനങ്ങളിലെത്തിക്കൽ എന്നിങ്ങനെ ജനങ്ങളെ നേരിട്ടു ബാധിക്കുന്നവ.

ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടേയും മുഖ്യമന്ത്രിയുടേയും അധികാരപരിധിയെ ചൊല്ലിയുള്ള തർക്കങ്ങളിൽ 11 കേസുകൾ കോടതിയിൽ കിടക്കുന്നു. 70 അംഗ നിയമസഭയിലെ 67 ആംആദ്മി എംഎൽഎമാരിൽ എട്ടുപേരെയെങ്കിലും ഇതിനകം ഡൽഹി പൊലീസ് കേസുകളിൽ പ്രതിയാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്തു. ഇതിനു പുറമെ ഒരാളെ പഞ്ചാബ് പൊലീസും ഒരാളെ ഈയാഴ്ച അറസ്റ്റുചെയ്തു. ആപ് നേതാവ് ആഷിഷ് ഖേതാനെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി അമൃത്സർ പൊലീസ് അറസ്റ്റുചെയ്തത്. പാർട്ടിയുടെ യുവാക്കളെപ്പറ്റിയുള്ള പ്രകടന പത്രികയെ സിഖ് മതഗ്രന്ഥത്തോട് ഉപമിച്ചെന്നു പറഞ്ഞായിരുന്നു ഇത്.

കീഴടങ്ങാതെ കെജ്രിവാൾ പൊരുതുന്നു

ആദ്യകാലത്ത് ആംആദ്മിയെ ചെറുതായി കണ്ട ബിജെപിക്കും മോദിക്കും വലിയ തിരിച്ചടിയായി ഡൽഹിയിൽ കെജ്രിവാളിന്റെ വിജയം. ഇപ്പോൾ ഇടയ്ക്കിടെ മോദിക്കെതിരെയും ബിജെപി മന്ത്രിമാർക്കെതിരെയും ഗോളുകളടിച്ച് മുന്നേറുന്ന കെജ്രിവാളിനുള്ള പ്രധാന നേട്ടം എല്ലാ മാദ്ധ്യമങ്ങളുടേയും സാന്നിധ്യമുള്ള രാജ്യ തലസ്ഥാനത്താണ് അദ്ദേഹത്തിന്റെ വികസനങ്ങൾ നടക്കുന്നത് എന്നതാണ്. അതിനാൽത്തന്നെ അവിടെ വരുന്ന ഏതൊരു മാറ്റവും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നു. മലിനീകരണം കുറയ്ക്കാൻ ജനുവരിഏപ്രിൽ കാലത്ത് നടത്തിയ ഒറ്റനമ്പർ വാഹന പരീക്ഷണം ഒരു ഉദാഹരണം മാത്രം.

പഞ്ചാബും ഗോവയും ഗുജറാത്തുമാണ് ആംആദ്മി അടുത്തതായി ലക്ഷ്യമിടുന്നത് എന്നതുതന്നെയാണ് മോദിക്കും കെജ്രിവാളിനുമിടയ്ക്ക് പുതിയ യുദ്ധമുഖങ്ങൾ തുറക്കുന്നതും. തിരഞ്ഞെടുപ്പിന് ഇനിയും കുറച്ചുകാലമുണ്ടെങ്കിലും ആംആദ്മി നീക്കങ്ങൾ സജീവമാക്കിക്കഴിഞ്ഞു. ഈ സംസ്ഥാനങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം കാടിളക്കിയുള്ള പ്രചരണമായിരിക്കും ആംആദ്മിയിൽ നിന്ന് ഉണ്ടാകുകയെന്നതിന്റെ സൂചനകളാണ് ഇപ്പോൾ രംഗത്തുവരുന്നത്. ഡൽഹിയിലെ ഭരണത്തിൽ ജനങ്ങൾക്കുള്ള സന്തോഷം തൊട്ടടുത്ത സംസ്ഥാനമായ പഞ്ചാബിലേക്ക് പകരാനായാൽ അത് വൻ നേട്ടമാകുമെന്ന് ആപ് പ്രവർത്തകർ കണക്കുകൂട്ടുന്നു. ബിജെപിയുടെ സഖ്യകക്ഷിയായി പഞ്ചാബിലുള്ള അകാലികളിനായിരിക്കും ആംആദ്മി വലിയ പരിക്കേൽപിക്കുകയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകൾ. കൂടെ കോൺഗ്രസ്സിനും. പഞ്ചാബിൽ കൂടി അധികാരം പിടിച്ചെടുത്താൽ പിന്നെ ആംആദ്മിയെ പിടിച്ചാൽ കിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്.

ഒരു സംസ്ഥാനം കൂടി ആംആദ്മി വിജയിച്ചാൽ...

ബിജെപി ഭരണത്തിലിരിക്കുന്ന കേന്ദ്രത്തിന്റെ സഹായങ്ങൾ തേടിയും അവരുടെ പൊലീസിന്റെ ദയവോടെ ക്രമസമാധാനം നടപ്പാക്കിയും വേണം ഡൽഹി ഭരിക്കാൻ. കൂടെ അതുപോലെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണമുള്ള നിരവധി കാര്യങ്ങൾ. എന്നിട്ടും ആംആദ്മിയുടെ ജനകീയഭരണത്തിന് നല്ല കൈയടി കിട്ടുന്നുണ്ട്. പക്ഷേ, പഞ്ചാബിലെ സ്ഥിതി അതല്ല. വിഭവസമൃദ്ധികൊണ്ടും സാമ്പത്തിക നിലവാരത്താലും മുന്നിലുള്ള സംസ്ഥാനമാണ് പഞ്ചാബ്. സ്വതന്ത്രമായി ഭരിക്കാനും പരിഷ്‌കാരങ്ങൾ നടപ്പാക്കാനും അവസരം ലഭിച്ചാൽ പിന്നെ ആംആദ്മിയെ പിടിച്ചാൽ കിട്ടില്ലെന്ന് മോദിയും ബിജെപിയും കോൺഗ്രസ്സും ഭയക്കുന്നു. രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഇത് രാജ്യംമുഴുവനും അവർക്ക് വളരാനുള്ള പ്രധാന ചവിട്ടുപടിയാകുമെന്ന് എല്ലാവരും കണക്കുകൂട്ടുന്നു. അതിനാൽത്തന്നെ ഇതിനെ എങ്ങനെയും തടഞ്ഞേതീരൂ എന്ന ശക്തമായ നിലപാടിലാണ് ബിജെപിയും മോദിയും. ബിജെപിയും കോൺഗ്രസ്സും ഇടതുപക്ഷവുമല്ലാത്ത മറ്റു പാർട്ടികളെല്ലാം ഇപ്പോൾ മിക്കവാറും ഒരു സംസ്ഥാനത്തിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. ഇടതുപക്ഷം രണ്ടു സംസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഒന്നിൽ നിന്ന് രണ്ടെന്നോ മൂന്നെന്നോ ഉള്ള നിലയിലേക്ക് ആംആദ്മി ജയിച്ചുകയറിയാൽ പിന്നെ ദേശീയതലത്തിൽ അവരുടെ വളർച്ച അതിവേഗമായിരിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. പഞ്ചാബിലോ ഗോവയിലോ അധികാരത്തിലെത്താനായില്ലെങ്കിലും മികച്ച പ്രകടനം നടത്താനായാൽപ്പോലും ഈ സാഹചര്യമുണ്ടാകുമെന്ന് ചുരുക്കം. ഇതുതന്നെയാണ് മോദി പേടിക്കുന്നതും.

ഡൽഹി മാത്രമാണ് ഭരിക്കുന്നതെങ്കിലും ഒരു ദേശീയ പാർട്ടിയുടെ കാഴ്ചപ്പാടുകളും നയങ്ങളുമാണ് ആംആദ്മി അവിടെ നടപ്പാക്കുന്നത്. അവരുടെ ആരാധകരും പ്രവർത്തകരും എണ്ണത്തിൽ കുറവാണെങ്കിൽപോലും രാജ്യത്തുടനീളം ഉണ്ട്. ഇന്ത്യയിൽ ബിജെപി കഴിഞ്ഞാൽ സോഷ്യൽമീഡിയയിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ രണ്ടാമതാണ് ആംആദ്മി. ഇക്കാരണങ്ങളെല്ലാം മോദിയും ബിജെപിയും ആംആദ്മിയെയും കെജ്രിവാളിനേയും കോൺഗ്രസിനേക്കാൾ വലിയ എതിരാളികളായി കാണാൻ പ്രേരിപ്പിക്കുന്ന വസ്തുതകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP